UPDATES

വിദേശം

കസാഖ്സ്ഥാന്‍: അടുത്ത ഉക്രെയിന്‍?

Avatar

മൈക്കല്‍ ബെന്‍ബൌം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അടിച്ചമര്‍ത്തലിന്റെ ഭീതി പ്രകടിപ്പിക്കുന്ന ഒരു റഷ്യന്‍ ന്യൂനപക്ഷം, ഉയരുന്ന റഷ്യന്‍ ദേശീയതാ വിരുദ്ധ വികാരം, റഷ്യന്‍ ഭാഷക്കെതിരായ സമ്മര്‍ദം: കസാഖ്സ്ഥാനില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകള്‍ക്ക് ഉക്രെയിനിലെ ആഭ്യന്തരപ്രശ്‌നങ്ങളുടെ അതേ ചേരുവയാണ്.  കഴിഞ്ഞ വര്‍ഷം ഈ സ്‌ഫോടനാത്മകമായ ചേരുവകള്‍ ഉപയോഗിച്ച് റഷ്യ ഉക്രെയിനിലെ ക്രിമിയ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്കില്‍ സമാധാനമായി നടന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് അസ്താന നഗരത്തിലെ പലരും കരുതുന്നു. റഷ്യയുമായുള്ള തര്‍ക്കത്തിന്റെ സാധ്യതകളും ഉയരുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് 98% വോട്ടും നേടിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അവസാന പ്രസിഡണ്ട് കാലാവധിയാകും ഇതെന്ന് പൊതുവേ കരുതുമ്പോഴും 74-കാരനായ നേതാവ് ഒരു പിന്‍ഗാമിയെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ നസര്‍ബയെവിന്റെ കാലം കഴിയുമ്പോള്‍ ഉയരാനിടയുള്ള തര്‍ക്കങ്ങള്‍ കസാഖുകളെയും റഷ്യക്കാരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നുണ്ട്.

കസാഖ്സ്ഥാനിലെ നാലിലൊന്ന് പേര്‍ റഷ്യന്‍ വംശജരാണ്. അവരില്‍ മിക്കവര്‍ക്കും ഉള്ള ആശങ്കകള്‍ ഉക്രെയിനിലെ റഷ്യന്‍ വംശജരുടേതിന് സമാനവും. ചിലര്‍ പറയുന്നതു അവരെ കസാഖ് ഭാഷ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ്. നേതൃപദവികളിലും വളരെക്കുറച്ച് റഷ്യക്കാരെ ഉള്ളൂ.

ഒരു പഴയ സോവിയറ്റ് നേതാവായ നസര്‍ബയേവിനുള്ള പിന്തുണ ആവര്‍ത്തിക്കുമ്പോഴും മുന്‍കൂട്ടിയുള്ള സമാധാനപരമായ സഹായം അയക്കാന്‍ അവര്‍ ക്രെംലിനോടു ഇപ്പോള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. വംശീയ വിദ്വേഷം മണക്കുന്ന ഏതു സാഹചര്യങ്ങളേയും അടിച്ചമര്‍ത്തുമെന്ന് കസാഖ് നേതാവ് പറയുന്നുണ്ട്.

‘ഏതുതരത്തിലുള്ള വംശീയ തീവ്രവാദത്തിനെതിരേയും ഞങ്ങള്‍ കര്‍ശന നടപടിയെടുക്കും, അത് ഏത് ഭാഗത്ത് നിന്നായാലും, വിവിധ വംശീയ വിഭാഗങ്ങളുടെ ഒരു ഐക്യ സമ്മേളനത്തില്‍ നസര്‍ബയേവ് പറഞ്ഞു. വിഘടനവാദത്തിനെതിരായ ശിക്ഷ കഴിഞ്ഞ വര്‍ഷം വര്‍ദ്ധിപ്പിച്ചിരുന്നു. റഷ്യക്കാര്‍ കൂടുതലായി താമസിക്കുന്ന, ഏതാണ്ട് പടിഞ്ഞാറന്‍ യൂറോപ്പിന്റെ വലിപ്പമുള്ള രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തേക്ക് കസാഖുകളെ പാര്‍പ്പിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഇരുതലമൂര്‍ച്ചയുള്ള ഒരു അഭിനന്ദനം നല്കി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിന്‍ നസര്‍ബയെവിന്റെ ആശങ്കകളെ ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. നസര്‍ബയേവ് ‘മികച്ച നേട്ടമാണുണ്ടാക്കിയത്,’ പുടിന്‍ പറഞ്ഞു. ‘ഒരിക്കലും ഒരു രാഷ്ട്രം ഇല്ലാതിരുന്ന പ്രദേശത്ത് അദ്ദേഹം ഒരു രാഷ്ട്രത്തെ സൃഷ്ടിച്ചു.’

നസര്‍ബയേവ് അധികാരമൊഴിഞ്ഞാല്‍ പുടിന്റെ നിലപാട് എന്താകുമെന്നതിനെക്കുറിച്ച് ഇത് സംശയം ഉയര്‍ത്തുന്നു എന്നാണ് പല കസാഖുകളുടേയും അഭിപ്രായം. റഷ്യയിലെ ദേശീയവാദികളായ രാഷ്ട്രീയക്കാരാകട്ടെ കസാഖ്സ്ഥാനെ റഷ്യയുമായി കൂട്ടിചേര്‍ക്കണമെന്ന പക്ഷക്കാരാണ്. ലോകത്തെങ്ങുമുള്ള റഷ്യന്‍ വംശജരെ സഹായിക്കുമെന്ന് പുടിനും പറയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉത്പാദകരാണ് കസാഖ്സ്ഥാന്‍. റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മദ്ധ്യേഷ്യയിലേക്ക് അതിവേഗം സ്വാധീനം വ്യാപിപ്പിക്കുന്ന ചൈനക്കെതിരെ ഒരു തടയണയായാണ് കസാഖ്സ്ഥാനെ റഷ്യ കാണുന്നത്.

‘നസര്‍ബയെവിന് ശേഷം ഒരു പരിവര്‍ത്തനകാലമാകും വരിക, വളരെ അപകടകരമായ ഒന്നാകുമത്. കസാഖ്സ്ഥാന്‍ റിസ്‌ക് അസെസ്‌മെന്റ് ഗ്രൂപ്പിന്റെ ഡയറക്ടറായ ഡോസിമ് സത്പയേവ് പറയുന്നു. റഷ്യന്‍ അനുകൂലികള്‍ കിഴക്കന്‍ പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ ഉക്രെയിനിലെ സാഹചര്യം ഇവിടെയും ആവര്‍ത്തിച്ചേക്കാം എന്നും സത്പയേവ് ഭയക്കുന്നുണ്ട്.

കസാഖ്സ്ഥാനിലെ വളരെ വ്യത്യസ്തങ്ങളായ വംശീയ വേര്‍തിരിവുകളാണുള്ളത്. രാഷ്ട്രീയ തടവുകാരെയും തങ്ങളോടു വേണ്ടത്ര വിധേയത്വം ഇല്ലെന്നു സര്‍ക്കാര്‍ സംശയിച്ച വംശീയ വിഭാഗങ്ങളെയും കൊണ്ടുതള്ളാനുള്ള സോവിയറ്റ് ഭരണകൂടത്തിന്റെ പുറമ്പോക്കായിരുന്നു കസാഖ്സ്ഥാനിലെ കാറ്റൊഴിയാത്ത ഈ താഴ്‌വാരങ്ങള്‍. 1991ല്‍ സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്നുവരെയും അധികാരം കയ്യാളുന്ന നസര്‍ബയേവ് വംശീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദവും, ബലപ്രയോഗവും, നയതന്ത്രജ്ഞതയും പലപ്പോഴും പ്രയോഗിച്ചു.

അസ്ഥിരതയും കടുത്ത ഭരണകൂട അടിച്ചമര്‍ത്തലുകളും സാധാരണമായ ഒരു ഭൂപ്രദേശത്ത് താരതമ്യേന സമ്പന്നമായ ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രം നസര്‍ബയേവ് സ്ഥാപിച്ചെടുത്തു. എതിരാളികളെ ഒതുക്കുന്നതില്‍ ആയാലും പിന്നിലായിരുന്നില്ല. അയല്‍പക്കത്തെ ഭീമന്‍മാരായ ചൈനയും റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തിയപ്പോഴും പടിഞ്ഞാറന്‍ രാജ്യങ്ങളോടും അദ്ദേഹം മുഖം തിരിച്ചില്ല. യു.എസ് എണ്ണ കമ്പനികള്‍ നൂറുകണക്കിനു കോടി ഡോളറാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ജനാധിപത്യ പരിഷ്‌കരണങ്ങള്‍ വിരളമായാണ് നടപ്പിലാക്കുന്നത്. ഇഷ്ടമുള്ള കാലത്തോളം ഭരിക്കാന്‍ നസര്‍ബയെവിനെ അനുവദിക്കുന്ന ഭരണഘടനയും.

രാജ്യത്ത് ഈ ഉരുക്ക് മുഷ്ടി മൂലം മറഞ്ഞിരിക്കുന്ന ചേരിതിരിവുകള്‍ പെട്ടെന്നാകും പൊട്ടിപ്പുറപ്പെടുക. തങ്ങളുടെ കൂടി സഹായത്തോടെ കണ്ടെത്തിയ എണ്ണ വരുമാനത്തിന്റെ കുറെക്കൂടി വലിയ പങ്ക് തങ്ങള്‍ക്ക് വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 17 തൊഴിലാളികളെയാണ് 2011 ഡിസംബറില്‍ പടിഞ്ഞാറന്‍ എണ്ണ മേഖലയില്‍ സുരക്ഷാ സേന വെടിവെച്ചു കൊന്നത്.

വംശീയ വിഭജനങ്ങളാണ് മറ്റൊരു അപകട മേഖല. ഇന്നത്തെ നിലക്ക് ചില തര്‍ക്കങ്ങള്‍ അനിവാര്യമായും സംഭവിക്കും. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ റഷ്യന്‍ വംശജര്‍ 38% ആയിരുന്നു. ഇപ്പോളവര്‍ 17 ദശലക്ഷം വരുന്ന ജനസംഖ്യയുടെ അഞ്ചിലൊന്നായി ചുരുങ്ങി. 66% വരുന്ന കസാഖുകളാകട്ടെ എണ്ണത്തില്‍ വിപുലമാവുകയും ചെയ്യുന്നു. പല റഷ്യന്‍ വംശജരും കുടിയേറി നാടുവിട്ടു. നാസര്‍ബയേവിനുശേഷം എന്തുചെയ്യണമെന്നത് ആലോചിച്ചു കൊണ്ടിരിക്കുകയാണ് തങ്ങളെന്ന് മറ്റു റഷ്യന്‍ വംശജര്‍ പറയുന്നു.

ഉക്രെയിനിലെ സംഘര്‍ഷം റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ വ്യാപകമായി കാണിച്ചതോടെ ഭയം പെരുകിയിരിക്കുന്നു. ഉക്രെയിനിലെ ദേശീയവാദി ഘടകങ്ങളെ രാജ്യനേതൃത്വമായാണ് ആ ചാനലുകള്‍ അവതരിപ്പിച്ചത്. റഷ്യന്‍ വംശജരെ കൊല്ലുന്ന രക്തദാഹികളാണ് കീവീലെന്ന് റഷ്യന്‍ ചാനലുകള്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞവര്‍ഷം കസാഖ്സ്ഥാനില്‍ റഷ്യന്‍ ചാനലുകള്‍ അത്ര താത്പര്യം കാണിച്ചിരുന്നില്ല. എന്നാലവിടെയുള്ള റഷ്യന്‍ വംശജരില്‍ ആശങ്ക പരത്താനും റഷ്യന്‍ ഭാഷാ സമൂഹത്തെ ഒന്നിപ്പിക്കാനും അവര്‍ക്കായിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കസാഖ് ഭാഷ രാജ്യത്ത് കൂടുതല്‍ വ്യാപകമായിട്ടുണ്ട്. ജനസംഖ്യ വ്യാപനവും നയങ്ങളും ഇതിന് സഹായിച്ചു. റഷ്യന്‍ ഇപ്പോഴും ഒരു ഔദ്യോഗിക ഭാഷയാണ്. നഗരങ്ങളില്‍ പൊതുഭാഷയും. പുതിയ തലമുറ കസാഖ്, റഷ്യന്‍, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളും പഠിക്കണമെന്നാണ് നസര്‍ബയേവ് പറയുന്നത്. റഷ്യന്‍ വംശജരായ നിയമനിര്‍മ്മാതാക്കള്‍ പോലും തുര്‍ക്കി ഭാഷയോടു സാമ്യമുള്ള കസാഖ് കൂടുതലായി പഠിക്കുന്നു. എന്നാലും ക്രിമിയന്‍ കൂട്ടിച്ചേര്‍ക്കലിന് ശേഷം വംശീയ വിദ്വേഷം ഉയരുന്നു എന്ന ആശങ്ക റഷ്യന്‍ വംശജര്‍ക്കുണ്ട്.

‘നമ്മള്‍ കസാഖിസ്താനിലാണ്. നമ്മള്‍ കസാഖ് ഭാഷ പഠിക്കണം’, പാര്‍ലമെന്റ് അംഗമായ സെറ്റ്‌ലാനാ റോമനോവ്‌സക്യ പറയുന്നു. തന്റെ ബിസിനസ് കാര്‍ഡുകള്‍ സെറ്റ്‌ലാനാ മൂന്ന് ഭാഷകളിലാണ് അച്ചടിച്ചിരിക്കുന്നത്.

ഗ്രാമങ്ങളിലും മറ്റുമുള്ള ധാരാളം യുവാക്കള്‍ നല്ല വിദ്യാഭ്യാസം ലഭിച്ചവരല്ല. അവരെ റഷ്യാക്കാര്‍ക്കെതിരെ തിരിക്കാന്‍ എളുപ്പമാണ്, റഷ്യന്‍ വംശജരുടെ നേതാവായ യൂറി ബുനക്കോവ് അഭിപ്രായപ്പെടുന്നു. ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ത്തതിനുശേഷം കസാഖ് ഓണ്‍ലൈനില്‍ റഷ്യന്‍ വിരുദ്ധ വികാരം വര്‍ദ്ധിക്കുന്നുമുണ്ട്. റഷ്യന്‍ അനുകൂല സാംസ്‌കാരിക പദ്ധതികള്‍ക്ക് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടു കൊണ്ട് റഷ്യന്‍ സമൂഹം ക്രെംലിനിലേക്ക് കത്തെഴുതിയതായി ബുനക്കോവ് പറയുന്നു.

ചൈനയും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാതിരിക്കാന്‍ റഷ്യന്‍ വംശജര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ ഒരു സമ്മര്‍ദ തന്ത്രമായി റഷ്യ ഉപയോഗിച്ചേക്കാമെന്ന് ചില വിദഗ്ദ്ധര്‍ പറയുന്നു. ജനുവരി 1നു റഷ്യ, ബെലാറസ്, അര്‍മീനിയ എന്നീ രാഷ്ട്രങ്ങള്‍ അടങ്ങിയ യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനില്‍ കസാഖ്സ്ഥാന്‍ അംഗമായി. എന്നാല്‍ കൂടുതല്‍ കെട്ടുപാടുകള്‍ക്കുള്ള, ഒരു പൊതുനാണയമടക്കം, ശ്രമങ്ങളെ നസര്‍ബയേവ് ശക്തിയായി എതിര്‍ക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവര്‍ അധിനിവേശം നടത്തില്ല. എന്നാല്‍ റഷ്യയെ ശുണ്ഠി പിടിപ്പിക്കുന്നത് എന്തെങ്കിലും ചെയ്താല്‍ അവര്‍ മാധ്യമങ്ങളെ നമുക്ക് എതിരെ തിരിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ടെന്ന് അല്‍മാട്ടിയിലെ കിമെപ് സര്‍വകലാശാലയിലെ മധ്യേഷ്യന്‍ പഠന കേന്ദ്രത്തിലെ ഡയറക്ടറായ നര്‍ഗീസ് കാസെനോവ പറയുന്നു. എന്നാല്‍ കിഴക്കന്‍ ഉക്രെയിനിലെ അത്ര താത്പര്യം വടക്കന്‍ കസാഖ്സ്ഥാനില്‍ റഷ്യക്കില്ലെന്ന് തോന്നുന്നെന്നും അവര്‍ പറയുന്നു.

നസര്‍ബയേവ് അധികാരമൊഴിഞ്ഞാലും വംശീയ സഹകരണത്തിന്റെ നയങ്ങളില്‍ മാറ്റം വരില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതൊരു നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ബഹുവംശീയതയുള്ള ഒരു രാഷ്ട്രവും വംശീയ സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമല്ല,’ വിദേശകാര്യ മന്ത്രി ഏര്‍ലാന്‍ ഇദ്രിസ്സോവ് പറയുന്നു. ‘ഒറ്റ കളി മതി കാര്യങ്ങള്‍ മാറ്റിമറിക്കാന്‍. 10 കൊല്ലം വിജയകരമായി പോയിരിക്കാം. പക്ഷേ പ്രശ്‌നത്തെ അവഗണിച്ചാല്‍ വലിയൊരു തീയായിരിക്കും ഫലം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍