UPDATES

അന്‍സാര്‍ ഉള്‍ ഖിലാഫ്; ഐഎസിന്റെ കേരള ഘടകം

അഴിമുഖം പ്രതിനിധി

കനകമലയില്‍ നിന്നും പിടികൂടിയവര്‍ ഐഎസ് കേരള ഘടകമായി അന്‍സാര്‍ ഉള്‍ ഖിലാഫ് അംഗങ്ങളാണെന്നു എന്‍ ഐ എ. കൊച്ചിയില്‍ നടന്ന ജമാ അത്തെ ഇസ്ലാമിയുടെ സമ്മേളന വേദിയിലേക്ക് ലോറി ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതും അന്‍സാര്‍ ഉള്‍ ഖിലാഫിലുള്ളവരാണെന്നും എന്‍ ഐ എ പറയുന്നു.

ഇവര്‍ ചര്‍ച്ചകള്‍ക്കായി ടെലഗ്രാമില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകളായിരുന്നു ഇതില്‍ നടന്നിരുന്നത്. ഇതുവഴിയാണ് തങ്ങളുടെ ഗ്രൂപ്പിലേക്ക് കൂടുതല്‍പേരെ ഇവര്‍ ചേര്‍ത്തിരുന്നത്. കണ്ണൂര്‍ അണിയാറത്ത് മദീനമഹലില്‍ മന്‍സീദ് എന്നയാളാണ് സംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്നത്. ഇയാളും ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇത്തരമൊരു ഗ്രൂപ്പിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞതോടെ വ്യാജവിലാസത്തില്‍ ഇന്റലിജന്റസ് ഉദ്യോഗസ്ഥര്‍ ഇതിനകത്ത് അംഗമായി. അതോടെയാണ് ഗ്രൂപ്പിലെ ചര്‍ച്ചകളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ജമാ അത്തെയുടെ സമ്മേളനത്തില്‍ അപകടം ഉണ്ടാക്കാനുള്ള ചര്‍ച്ചയൊക്കെ എന്‍ ഐ എ അറിയുന്നത് അങ്ങനെയാണ്.

എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പ് പെട്ടെന്നൊരു ദിവസം നിശ്ചലമാവുകയായിരുന്നു. എന്നാല്‍ ഇവരെ പിന്തുടരാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. ഫോണ്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു രഹസ്യമായ നീക്കം. മധ്യപ്രദേശില്‍ നിന്നും ഇവരെ പിന്തുടരാന്‍ തുടങ്ങിയെന്നാണു വിവരം. പക്ഷെ കുടുക്കാന്‍ സാധിച്ചില്ല. പിന്നീടിവര്‍ എറണാകുളത്ത് തങ്ങിയെന്നും അവിടെ നിന്നും വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കു നീങ്ങിയെന്നും അറിയാന്‍ കഴിഞ്ഞു. ആ അന്വേഷണത്തിലാണ് സംഘം കനകമലയില്‍ താവളം തേടിയെന്ന വിവരം കിട്ടുന്നത്. ഇതോടെ എന്‍ ഐ എ സംഘം കനകമല വളയുകയായിരുന്നു. ഇരുപതോളം ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ ഉണ്ടായിരുന്നത്. എന്‍ ഐ എ ടീമിനെ കണ്ടതോടെ തീവ്രവാദി സംഘത്തിലുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അഞ്ചുപേരെ പിടികൂടുകയും മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തു. കണ്ണൂര്‍ അണിയാറം മദീനാമഹലില്‍ മന്‍സില്‍, കോയമ്പത്തൂര്‍ സൗത്ത് ഉക്കടം മസ്ജിദ് സ്ട്രീറ്റില്‍ അബുബഷീര്‍, കുറ്റിയാടി മങ്ങീലം കണ്ടി വീട്ടില്‍ ജാസിം എം കെ, തിരൂര്‍ പൊന്‍മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ സസ്വാന്‍, തൃശൂര്‍ വെങ്ങാനല്ലൂര്‍ അമ്പലത്ത് സ്വാലിഷ് മുഹമ്മദ് എന്നിവരാണ് പിടിയിലായവര്‍. രക്ഷപെട്ടവരെ കുറിച്ച് വിവരങ്ങള്‍ അന്വേഷണസംഘത്തിനു കിട്ടിയിട്ടുണ്ടെന്നറിയുന്നു.

തങ്ങളെത്തുമ്പോള്‍ തീവ്രവാദികള്‍ ആയുധപരിശീലനം നടത്തുകയായിരുന്നുവെന്നാണ് എന്‍ ഐ എ പറയുന്നത്. പി എന്‍ ഉണ്ണിരാജ, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരെയും ചില ഹൈക്കോടതി ജഡ്ജിമാരെയും വധിക്കാന്‍ ഈ സംഘത്തിനു പദ്ധതിയുണ്ടായിരുന്നതായി എന്‍ ഐ എ വ്യക്തമാക്കുന്നു. കൊയിലാണ്ടി അരിക്കുളത്തുള്ള റൂറല്‍ എ ആര്‍ ക്യാമ്പില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍