UPDATES

മതം ഒരു ഭീകര ജീവിയാകുമ്പോള്‍

ഒരു ജീവിയേയും കൊന്നു ഭക്ഷണമാക്കുന്നതിനെ ഇഷ്ടപ്പെടാന്‍ സാധിക്കാത്തത് ഉള്ളില്‍ നിന്ന് അന്‍പും അനുകമ്പയും ഉണ്ടാവുമ്പോഴാണ്. തീര്‍ച്ചയായും ഒരു വെജിറ്റേറിയന്‍ ആയതില്‍, ഒരു അഹിംസാവാദിയായതില്‍ ലോകത്തിലെ മറ്റെന്തിനെക്കാളും ആനന്ദിക്കാന്‍ സാധിക്കുന്നൊരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ മാംസാഹാരികളെ പരമാവധി ഒഴിവാക്കിയും മാംസാഹാരം ഭക്ഷിക്കുന്നവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കേണ്ട വേളകള്‍ മൊത്തം ജീവിതത്തില്‍ തന്നെ വളരെ കുറച്ച് മാത്രം സംഭവിക്കുന്നത് കൊണ്ടും (പ്രത്യേകിച്ചും മലയാളികളുമായി ബന്ധപ്പെടുമ്പോള്‍) ഉത്തരേന്ത്യയില്‍ ജീവിക്കുന്നൊരാളെന്ന നിലയില്‍ സന്തോഷവാനാണ് ഈയുള്ളവനും. ഇതിത്രയും എഴുതിയത് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നതിന്റെ വളരെ ദൂരത്തിലല്ലാതെ ഉത്തര്‍പ്രദേശില്‍ ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു പ്രദേശത്ത് ഒരു മനുഷ്യനെ പശു മാംസം ഭക്ഷിച്ചു എന്ന പേരില്‍ ഇഷ്ടികയ്ക്കും മറ്റും ഇടിച്ചു കൊന്നു എന്ന് വിവിധ ദേശീയ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്. ഒരു പക്ഷേ ശരാശരി മലയാളി നവമാധ്യമ മതേതരവാദികള്‍ ഇതൊരാഘോഷമാക്കും എന്നുള്ളത് ഉറപ്പാണ്.

1998 ല്‍ ഡല്‍ഹിയ്ക്കടുത്ത് ഉത്തര്‍പ്രദേശില്‍ മിലിട്ടറിയിലെ ഉന്നത ഉദ്യോഗത്തിലിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരു മലയാളി നായര്‍ യുവതിയുടെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ കൃസ്ത്യന്‍ കുടുംബം കൊണ്ടുവന്ന ബീഫ് കറിയുടെ ബാക്കി എടുത്ത് ഫ്രിഡ്ജില്‍ വെയ്ക്കുവാന്‍ വീട്ടുജോലിക്കെത്തിയ സ്ത്രീയോട് ആതിഥേയ ആവശ്യപ്പെട്ടു. എന്ത് ഇറച്ചിയാണ് ഇതെന്നു ജോലിക്കാരി സംശയം ചോദിച്ചപ്പോള്‍ പശുവാണെന്നു മറുപടി പറഞ്ഞു. ഇതുകേട്ട ജോലിക്കാരി പുറത്തേക്കോടി. പിന്നെ സംഭവിച്ചത് അവിശ്വസനീയമായിരുന്നെന്ന് വിജിലന്‍സില്‍ ജോലിയുണ്ടായിരുന്ന അച്ഛന്‍ നായര്‍ അല്‍പ്പം വിറയലോടെ എന്നോട് ഹരിദ്വാറിലിരുന്നു പറയുമ്പോള്‍ ഭയം തീര്‍ന്നിട്ടില്ലായിരുന്നു. ഭാഗ്യം കൊണ്ട് മോള്‍ അന്ന് ആക്രമിക്കപ്പെട്ടില്ല. നായരാണെന്നും ഹിന്ദുവാണെന്നും ഒക്കെ അവിടെ വിസ്മരിക്കപ്പെട്ടു. ശ്രീപദ്മനാഭന്റെ വില്ലേന്തുന്നവനാണെന്ന അഭിമാനമൊക്കെയുള്ള നായര്‍ കുടുംബത്തിലെ ഇളമുറക്കാരി ഗോമാതവിന്റെ മാംസം കഴിച്ച ഒരു ഹീനജാതിക്കാരിയായ് ഒറ്റ ദിവസം കൊണ്ട് ചിത്രീകരിക്കപ്പെട്ടു. ആള്‍ക്കൂട്ടം ആക്രമിക്കും എന്ന സാഹചര്യത്തില്‍ പട്ടാളത്തിന്റെ സുരക്ഷയുണ്ടായിട്ടു പോലും ആ സ്ത്രീക്ക് ഉന്നതരുടെ ഒത്താശയോടെ ഉടന്‍ തന്നെ സ്ഥലം മാറിപോകേണ്ടി വന്നു. ഇതു പറഞ്ഞതെന്തിനാണെന്ന് വെച്ചാല്‍; ഉത്തരേന്ത്യയിലെ പല ഭാഗത്തും ഗോം മാംസം കഴിക്കുന്നത് മരണത്തെ ക്ഷണിച്ച് വരുത്തല്‍ തന്നെയാകും, തന്റെ മാത്രമല്ല ഒപ്പമുള്ളവരുടെയും.

ഇനി ഇതിന്റെ ന്യായാന്യായങ്ങള്‍ നോക്കാം; 

എന്റെ സസ്യാഹാരത്തിന്റെ മഹിമയും ലോകം മുഴുവന്‍ സസ്യാഹാരികളാവാന്‍ കൊതിക്കുന്നതിന്റെ സ്വപ്‌നവുമൊക്കെ അറിഞ്ഞ, ഡല്‍ഹിയില്‍ കേന്ദ്രഗവണ്‍മെന്റിലെ ഉന്നത ഉദ്യോഗത്തിലിരിക്കുന്ന, ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയൊക്കെ അരിയിട്ട് വാഴിക്കുന്ന നമ്പൂതിരിപ്പാടുമാരിലൊരാള്‍ തന്റെ ലോക പരിചയം കൊണ്ട് പുച്ഛത്തോടെ തന്നെ ചോദിച്ചു; സ്വാമിജിക്കെന്താ വട്ടുണ്ടോ? ലോകത്തിലെ എല്ലാവരും വെജിറ്റേറിയനായാല്‍ മാക്‌സിമം മൂന്ന് ദിവസത്തേക്ക് ഭക്ഷിക്കാനുള്ള പച്ചക്കറികളില്ല. കൃഷിചെയ്യാവുന്ന സ്ഥലങ്ങള്‍ക്ക് പരിമിതികളുണ്ട്. ജലത്തിന്റെ മണ്ണിന്റെ അങ്ങനെ പലവിധ പരിമിതികളുണ്ട്. ഇന്ത്യ പോലെയല്ല യൂറോപ്പ്, അതുപോലെയല്ല അമേരിക്കന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍. ഇവിടെയൊക്കെയുള്ള എല്ലാ ജനങ്ങളും വെജിറ്റേറിയനായാല്‍ അവര്‍ക്ക് കഴിക്കാനുള്ള സസ്യാഹാരങ്ങള്‍ വിളയിക്കാന്‍ ഇപ്പോഴുള്ള ഭൂമിയുടെ അവസ്ഥയില്‍ കഴിയില്ല. അദ്ദേഹം ഇക്കാര്യങ്ങള്‍ പറയും വരേക്കും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച എനിക്ക് പോലും ഊഹിക്കാന്‍ സാധിച്ചില്ല അത്തരം ഒരു യാഥാര്‍ത്ഥ്യം. അതെ ഞാന്‍ ഒരു സസ്യാഹാരിയാണ് പക്ഷെ എല്ലാവരും സസ്യാഹാരിയായാല്‍ നിലനില്‍ക്കുന്നതല്ല ലോകം.

ഇനി ഭാരതത്തിന്റെ അവസ്ഥ നോക്കാം;

പശു എന്നു മുതലാണ് ഗോമാതാവാകുന്നത്?

വേദങ്ങളിലും പുരാണങ്ങളിലും ഒക്കെ മൃഗങ്ങളെ വിശേഷിച്ച് ലോകത്തില്‍ ഒരു രക്ഷയുമില്ലാത്ത ജീവിയെന്ന നിലയില്‍ ആടിനെ കുരുതി കൊടുക്കുന്നുണ്ട്. പശു എന്നവാക്കില്‍ വിവക്ഷിക്കുന്ന അല്ലെങ്കില്‍ പശുബലി എന്നു പറഞ്ഞാല്‍ ആടിനെ കുരുതികൊടുക്കുക എന്നത് തന്നെയാണ്. പശു എന്നാല്‍ മൃഗം എന്നാണ് വിവക്ഷ. എങ്കിലും വിശേഷിച്ച് പശുബലി എന്ന് പറഞ്ഞാല്‍ ആള്ളാഹുവിനു വേണ്ടിയും യേശുവിനു വേണ്ടിയും ദേവന്മാര്‍ക്ക് വേണ്ടിയും ജീവന്‍ നഷ്ടപ്പെടുന്ന ഒരു പാവം ജീവി എന്നെ അര്‍ത്ഥമുള്ളു. ആതാരാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ആട് എന്ന് പറയാം. കാര്‍ഷിക വൃത്തി പ്രഥമമായ് വന്ന ശേഷമാണ് പശുവിനെ ആരാധിക്കുന്ന ഒരു സമൂഹമായ് ഭാരതീയര്‍ മാറിയത് എന്നു കാണാം. പശു നിലനില്പിന്റെ ആധാരമായത് കൊണ്ടാണ് ഗോമാതാവായ് മാറിയതെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് തിരിച്ചറിയാം. വേദങ്ങളും പുരാണങ്ങളും ഒന്നും മൃഗങ്ങളെക്കുറിച്ച് മിണ്ടുന്നില്ലേ ? ഉണ്ടല്ലോ. തീര്‍ച്ചയായും ബലി എന്നു പറഞ്ഞത് ജീവികളെ കൊല്ലല്‍ തന്നെയാണ്. അതിനെ ജന്തുഹിംസ ഹിന്ദുമതത്തിന്റെതല്ല എന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന ഹിന്ദു ബുദ്ധിജീവികള്‍ മറച്ച് വെയ്ക്കുന്ന ഒരു കാര്യം ഉണ്ട്, ബുദ്ധന് ശേഷമാണ് അത്തരം ഒരു അഹിംസ സിദ്ധാന്തത്തെ സനാതനര്‍ പിന്തുടരുന്നത്. അത് അതിന്റെ പരകാഷ്ഠയിലെത്തുന്നത് ആര്യസമാജ സ്ഥാപനം പോലുള്ള വേദം ദൈവമായി കരുതുന്ന അഭിനവ ഹിന്ദുധര്‍മ്മ പ്രചാരകര്‍ എത്തിയ ശേഷമാണ്. രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ അന്തസായി മാംസത്തെക്കുറിച്ചും മദ്യത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. അഞ്ചാം വേദം എന്നറിയപ്പെടുന്ന ആയുര്‍വേദത്തിലും മാംസത്തെ ഉപയോഗിച്ചു മരുന്നുകള്‍ ഉണ്ടാക്കുന്നുണ്ട്. മദ്യത്തെപറ്റിയും ആയുര്‍വേദം നല്ലപുകഴ്ത്തല്‍ പുകഴ്ത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ഇരിക്കെ വര്‍ത്തമാനകാല സാഹചര്യത്തില്‍ മതം മനുഷ്യ ജീവികളോട് പെരുമാറുന്ന രീതി നാള്‍ക്ക് നാള്‍ കടുത്തതും നീതിരഹിതമായും അപരവിദ്വേഷത്തിലും വരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗൗതം ബുദ്ധ നഗറില്‍ ഉണ്ടായിരിക്കുന്നത്. 

ഭാരതത്തിന്റെ സംസ്‌കാരമനുസരിച്ചാണെങ്കില്‍, വിശിഷ്യ സനാതന സംസ്‌കാരം അനുസരിച്ചാണെങ്കില്‍ പശുവിനെപ്പോലെ തന്നെ വിശുദ്ധിയുണ്ട് എരുമയ്ക്കും ആടിനും പൂച്ചയ്ക്കും പട്ടിക്കുമൊക്കെ. സത്യം എന്ന വാക്കിന്റെ അര്‍ത്ഥം പോലും സര്‍വ്വ ഭൂതേഷു ഹിതാ യഥ തദ് സത്യം (സമസ്ത ജീവജാലങ്ങള്‍ക്കും ഹിതകരമായത് ഏതൊന്നൊ അതാണ് സത്യം) എന്നാണ്. അതില്‍ ആനയും ഉറുമ്പിനും ഉള്ള അതേ പ്രാധാന്യം മാത്രമെയുള്ളു പശുവിന്. ഒരു ജീവിയേയും കൊല്ലുവാന്‍ പാടില്ല എന്നു പറയുന്ന ന്യായത്തില്‍ നിന്ന് ഞങ്ങളുടെ വിശുദ്ധ മൃഗത്തെ കൊല്ലരുത്, ഭക്ഷിക്കരുത്, ഞങ്ങള്‍ നിങ്ങളോട് പന്നിയെ തിന്നാന്‍ പറയുന്നില്ലല്ലോ എന്ന ന്യായത്തിലേക്കാണ് ലോകത്തിന്റെ പോക്ക്. ഇവിടെയാണ് മതം എന്നത് ഭീകരമാകുന്നത്.

ഉത്തരേന്ത്യയിലെ ഗോസംരക്ഷകരുടെ ഗ്രൂപ്പുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനു ബിജെപിയെക്കാളും പഴക്കമുണ്ട്. അതിന്റെ കനം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നതായ് തോന്നുന്നത് മീഡിയക്കാലമായത് കൊണ്ടും നെഗറ്റീവ് ന്യൂസുകള്‍ പലവയും മോദിയെക്കരുതിയും ഹിന്ദുത്വത്തെക്കരുതിയും പൊലിപ്പിക്കുന്ന കാലമായതുകൂടി കൊണ്ടാണ്. ദൈവമുണ്ടെന്ന് പറഞ്ഞ ആറ് ദര്‍ശനങ്ങളും ദൈവത്തെ നിഷേധിച്ച ആറ് ദര്‍ശനങ്ങളും പിറവികൊണ്ട ഈ മണ്ണില്‍, പ്രത്യക്ഷമേവ പ്രമാണം (കാണുന്നത് മാത്രം വിശ്വസിക്കുക, കാണാത്ത ദൈവം ഇല്ല) എന്നു പറഞ്ഞിട്ടും ജീവന്‍ പോകാത്ത ചാര്‍വ്വാകന് പരിക്ക് പറ്റാത്ത മണ്ണില്‍, ദൈവത്തെക്കുറിച്ച് അന്ധവിശ്വാസത്തെക്കുറിച്ച് പറഞ്ഞവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണ്. ഭക്ഷണം കഴിച്ചവനെ വിശുദ്ധപശുവിനെ തിന്നെന്ന പേരില്‍ ഇഷ്ടികക്കിടിച്ച് കൊല്ലുകയാണ്. ഇത് നിയന്ത്രിക്കണം. കപടമതങ്ങളെയും അവയുടെ കൊല്ലുന്ന ദൈവങ്ങളെയും മനുഷ്യരാശിയുടെ നന്മയെക്കരുതി നിയന്ത്രിച്ചേ മതിയാവു…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍