UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതം എത്രത്തോളം നിങ്ങളെ നന്മയുള്ളവരാക്കും?

Avatar

റിയാന്‍ മക്കെയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ധര്‍മിഷ്ഠരായിരിക്കാന്‍ നമുക്ക് മതത്തിന്റെ ആവശ്യമുണ്ടോ? ‘മതം കൂടാതെ ധര്‍മനിഷ്ഠ പുലര്‍ത്താമെന്ന വിശ്വാസത്തിനെതിരെ’ ജോര്‍ജ് വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നിപ്പോള്‍ പകുതിയിലേറെ അമേരിക്കക്കാരും ദൈവവിശ്വാസം കൂടാതെ ധര്‍മിഷ്ഠരാകാന്‍ സാധ്യമല്ലെന്ന അഭിപ്രായക്കാരാണ്. 

ഈ ആശയം വ്യാപകമാണെന്ന് മാത്രമല്ല ആഴത്തില്‍ പതിഞ്ഞതുമാണ്. കൊലപാതക പരമ്പരകളോ അഗമ്യഗമനമോ പോലുള്ള കുറ്റകൃത്യങ്ങളോ മതവിശ്വാസികളെക്കാളേറെ അവിശ്വാസികളാണ് ചെയ്യുന്നതെന്നാണ് പരസ്യമായി അവിശ്വാസികള്‍ എന്നു പറയുന്നവര്‍ പോലും കരുതുന്നത് എന്ന് മനശാസ്ത്രജ്ഞന്‍ വില്‍ ഗെര്‍വേയ്‌സ് പറയുന്നു. എന്നാല്‍ മതവിശ്വാസികള്‍ക്ക് നല്ല പെരുമാറ്റത്തിനുമേല്‍ എന്തെങ്കിലും പ്രത്യേക അവകാശമുണ്ടെന്ന സൂചനകളെ പ്രമുഖരായ നാസ്തികര്‍ തള്ളിക്കളയുന്നു.

റിച്ചാഡ് ഡോകിന്‍സ് ‘The God Delusion’ല്‍ എഴുതുന്നു: ‘വിശ്വാസം വളരെ വളരെ അപകടകരമാകാം. നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ മനസിലേക്ക് ബോധപൂര്‍വ്വം അതിനെ പ്രതിഷ്ഠിക്കുന്നത് കടുത്ത തെറ്റാണ്.’പാകിസ്താനില്‍ ഒരു വിദ്യാലയത്തില്‍ 132 കുട്ടികളെ വെടിവെച്ചുതള്ളവേ അക്രമികള്‍ ‘അള്ളാഹു അക്ബര്‍’ എന്നു വിളിച്ചിട്ട് അധികം നാളാകാത്തതിനാല്‍ ഈ വീക്ഷണം ശരിയാണെന്ന് തോന്നാം. പക്ഷേ എന്താണ് ശാസ്ത്രീയമായ തെളിവുകള്‍ കാണിക്കുന്നത്? മതം നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ടോ?ഒരു പുതിയ പ്രബന്ധത്തില്‍ ഞാനും ഹാര്‍വി വൈറ്റ്‌ഹൌസും ഈ വിഷയം പരിശോധിച്ചു.

എന്താണ് മതം,എന്താണ് ധാര്‍മികത?
ആദ്യത്തെ പ്രശ്‌നം മതത്തെയും ധാര്‍മികതയെയും എങ്ങനെ നിര്‍വചിക്കും എന്നതാണ്. ഇത് വെറുമൊരു പാണ്ഡിത്യപ്രശ്‌നമല്ല. മതത്തെ നോക്കൂ; മതാത്മകമാകുക എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? സാധാരണ ഭൗതിക നിയമങ്ങളെ ഉല്ലംഘിക്കുന്ന ശക്തികളിലും മധ്യസ്ഥരിലും വിശ്വസിക്കുന്നതാണോ? ഉദാഹരണത്തിന്,ദൈവം,പൂര്‍വപിതാക്കള്‍,കര്‍മം? അല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രത്യേക സമുദായമോ, സമ്പ്രദായമോ ആയി ഒരാള്‍ ഒത്തുചേരുന്നതോ ഉദാഹരണത്തിന് റോമന്‍ കാത്തലിക്കോ, സുന്നി മുസ്ലീമോ, ബുദ്ധമത വിശ്വാസിയോ? അല്ലെങ്കില്‍ ഏതെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കുന്നതോ അതോ ആചാരനിബദ്ധമായ സ്വഭാവങ്ങളോ? ഇത്തരത്തിലുള്ള എല്ലാ നിര്‍വചനങ്ങളിലും മതാത്മകം എന്നു പറയാന്‍ കഴിയാത്ത ചില പ്രതിഭാസങ്ങളും ഉള്‍പ്പെടും. സാന്തക്ലോസിലുള്ള വിശ്വാസം, അല്ലെങ്കില്‍ ദേശീയമോ, കായികമോ ആയ പ്രതിബദ്ധത, സൈനിക ചിട്ടവട്ടങ്ങളിലെ ചടങ്ങുകള്‍. എന്തിനേറെ, ഈ പ്രവണതകളില്‍ ഓരോന്നും വ്യത്യസ്തമായ മാനസിക പ്രക്രിയകളാലും, സവിശേഷ സ്വഭാവങ്ങളില്‍ വ്യത്യസ്ത സ്വാധീനം ഉണ്ടാക്കുന്നതുമാണ്.

ധാര്‍മികതയുടെ കാര്യത്തിലായാല്‍ അല്‍പ്പം കഷ്ടമാണ് സാഹചര്യം. ഇപ്പോള്‍ പ്രചാരത്തിലുള്ള ധാര്‍മിക അടിത്തറ സിദ്ധാന്തമനുസരിച്ച് ഏക ധാര്‍മികതയല്ല. മറിച്ചു പരസ്പര വിരുദ്ധമായ ഒന്നിലേറെ ധാര്‍മികതകളാണ്. ഉദാഹരണത്തിന് ന്യായത്തെക്കുറിച്ചുള്ള ധാര്‍മികാടിത്തറ നീതിയെയും അവകാശങ്ങളെയും കുറിച്ചുള്ള ആശയങ്ങള്‍ ജനിപ്പിക്കുന്നു. ദ്വിമാര്‍ഗ പങ്കാളിത്തത്തിന്റെ ഗുണങ്ങള്‍ എങ്ങനെ നേടാം എന്നതിന്റെ തര്‍ക്കം പരിഹരിക്കാന്‍ ഉരുത്തിരിഞ്ഞത് എന്നും പറയാം. വ്യക്തിപരമായ ധാര്‍മികമാനദണ്ഡങ്ങള്‍ നിങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലമോ, രാഷ്ട്രീയാനുഭാവമോ അനുസരിച്ച് ഈ ധാര്‍മികാടിത്തറകളുടെ ഒരു പ്രത്യേക ഉപഗണത്തിന് മുകളില്‍ കെട്ടിയുയര്‍ത്തുന്നു. അപ്പോള്‍, ചിലരെ സംബന്ധിച്ചു പ്രാഥമിക ധാര്‍മികപ്രാധാന്യം ശരിയായ ലൈംഗിക പെരുമാറ്റങ്ങളാണെങ്കില്‍ (‘പവിത്രത’ അടിത്തറ), മറ്റ് ചിലര്‍ക്ക് അത് താഴെതട്ടിലുള്ളവരോടുള്ള സഹാനുഭൂതിയാണ് (‘പരിഗണന’ അടിത്തറ).

ചെയ്യുന്നത് കാണിക്കുക
മതാത്മകതയും ധാര്‍മികതയും എന്താണെന്ന് അറിയാമെന്നു നാമെല്ലാവരും സമ്മതിച്ചാലും അവ തമ്മിലുള്ള ബന്ധത്തെ നാമെങ്ങിനെ അന്വേഷിക്കും? ആളുകളുടെ വിശ്വാസത്തെയും പെരുമാറ്റത്തെയും കുറിച്ച് ചോദിക്കുക എന്നതാണ് ഒരു പൊതുരീതി. ഉദാഹരണത്തിന് കൂടുതല്‍ മതബദ്ധരായ ആളുകള്‍ പ്രാര്‍ത്ഥന മുടക്കാത്തവരെ പോലെ കൂടുതല്‍ ദാനം നല്‍കുന്നതായി കാണുന്നു.

ഇതിനര്‍ത്ഥം മതം ഉദാരതയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണോ? മതബദ്ധരായ വ്യക്തികള്‍ തങ്ങളുടെ ധാര്‍മിക കീര്‍ത്തി പരിരക്ഷിക്കാന്‍, മതരഹിതരേക്കാള്‍ ഉത്സുകരാണ്. അതുകൊണ്ടുതന്നെയാകാം അവര്‍ തങ്ങളുടെ ഉദാരസേവനങ്ങള്‍ കൂടുതലായി അറിയിക്കാന്‍ തത്പരരാകുന്നത്. ഈ നിഗമനത്തിലെത്താന്‍ ഇനിയും തടസമുണ്ട്. സമുദായ പ്രേരണകള്‍ കൂടുതലുള്ളവര്‍ മതത്തോട് കൂടുതല്‍ അടുക്കാനും ഉദാരത പ്രകടിപ്പിക്കാനും സാധ്യതയുണ്ട്,കാരണം അത്തരം സാമൂഹ്യ പ്രേരണകള്‍ തന്നെ.

മതാത്മക ബാലപാഠങ്ങള്‍ 
ഇത്തരം കുഴപ്പങ്ങളെ മറികടക്കാന്‍ പല പഠനങ്ങളും, മതാത്മക ആശയങ്ങളും ധാര്‍മികമായി പ്രസക്തമായ പെരുമാറ്റങ്ങളും തമ്മിലുള്ള സാധാരണ ബന്ധം സ്ഥാപിക്കാന്‍ ‘തയ്യാറാക്കല്‍’ രീതികള്‍ അവലംബിക്കും. ഇത്തരം പഠനങ്ങളില്‍ (അസിം ഷരീഫ്, അരാ നൊറെന്‍സയാന്‍)മതത്തെ വെറുതെ അളക്കുകയല്ല, മറിച്ച് പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ‘പരീക്ഷണാര്‍ത്ഥം നല്‍കുക’യാണ്.

ഉദാഹരണമായി, മാര്‍ക് അവേയാഡ് 88 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തിരക്കുപിടിച്ച തെരുവിലെ ശബ്ദങ്ങള്‍ കേള്‍പ്പിച്ചു. എണീറ്റവരോടു എത്ര വാഹനങ്ങളുടെ കാഹളം കേട്ടെന്നു എണ്ണാന്‍ ആവശ്യപ്പെട്ടു. ബാങ്കുവിളി കേട്ടിരിക്കണമെന്നായിരുന്നു ഒരു ഉപാധി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ മേല്‍നോട്ടക്കാരില്ലാതെ കണക്ക് പരീക്ഷയ്ക്കിരുത്തി. കള്ളത്തരം സാധ്യമായിരുന്നു. ബാങ്കുവിളി കേട്ടവരില്‍ കളവ് കാട്ടിയവര്‍ കുറവായിരുന്നു. ഇത് ഇത്തരത്തിലുള്ള മറ്റ് തയ്യാറാക്കല്‍ പഠനങ്ങളുടെ ഫലങ്ങളുമായി ഒത്തുപോകുന്നു. മത ബാലപാഠങ്ങള്‍ സഹകരണവും ഉദാരതയും കൂട്ടുന്നു എന്നാണ് അവ കണ്ടെത്തിയത്. 

അപ്പോള്‍, മതം നിങ്ങളുടെ അയല്‍ക്കാരനോടുള്ള മമത (ചുരുങ്ങിയത് അയല്‍പക്ക മര്യാദയെങ്കിലും) കൂട്ടിയേക്കാം, പക്ഷേ അയല്‍പക്കം എത്ര വലുതാണ്? മേല്‍പ്പറഞ്ഞ പഠനങ്ങളിലെ അനുകൂല നിലപാടുകള്‍ക്ക് മറ്റ് ചില പഠനഫലങ്ങള്‍ എതിര്‍ നില്‍ക്കുന്നു. മതാത്മകമായ ഒരുക്കിയെടുക്കല്‍, മുന്‍വിധി നിറഞ്ഞ ആക്രമണോത്സുകവുമായ പെരുമാറ്റത്തിനും ഇടവരുത്തുന്നു എന്നാണ് നിരീക്ഷണങ്ങള്‍. അക്രമാസക്തമായ തിരിച്ചടിക്കുള്ള അനുമതിയുള്ള ദൈവവചനങ്ങള്‍ വായിച്ചവര്‍, തുടര്‍ന്ന് ചെയ്ത ജോലിയില്‍ അതേ ഭാഗം ദൈവാനുമതി മാറ്റിനിര്‍ത്തി വായിച്ചവരെക്കാള്‍ കൂടുതല്‍ അക്രമാസക്തകരായാണ് ചെയ്തതെന്ന് ബ്രാഡ് ബുഷ്മാന്‍ നിരീക്ഷിക്കുന്നു. ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍ വളര്‍ത്തിയെടുത്തവര്‍ ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍ക്ക് നേരെ വംശീയ മുന്‍വിധിയും നിഷേധാത്മക സമീപനവും കൈക്കൊള്ളുന്നുവെന്ന് മേഗന്‍ ജോണ്‍സനും കൂട്ടരും നിരീക്ഷിക്കുന്നു. ജോവാന ബ്ലോഗോവ്‌സ്‌ക നടത്തിയ പഠനത്തില്‍ കാണുന്നത് സ്വയം വെളിപ്പെടുത്തിയ മതാത്മക ഉദാരതകളുള്ളവര്‍ അത് സ്വന്തം കൂട്ടത്തില്‍ കാണിക്കുകയും അതിന്റെ സദാചാര വേലിക്കപ്പുറത്തുള്ളവരോട് (സ്വവര്‍ഗാനുരാഗികള്‍) ശാരീരികമായ ഹിംസ പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. 

അപ്പോള്‍, മതം നന്‍മയുടെ ശക്തിയാണോ? അന്തിമമായി മതവും ധാര്‍മികതയും തമ്മില്‍ അങ്ങനെ എളുപ്പം കാണിക്കാവുന്ന ബന്ധമൊന്നും കാണില്ല. എന്നാല്‍ ഒരു ബഹുസ്വര സമീപനത്തിലൂടെ അവയെ ചെറു ഭാഗങ്ങളാക്കിയാല്‍, കൂടുതല്‍ അടിസ്ഥാന ഘടകങ്ങളുടെ വ്യത്യസ്ത ബന്ധങ്ങളുള്ള മൂശയിലായിരിക്കും അവ ചേരുക. അതായത് മതത്തിന്റെ ചില ഘടകങ്ങള്‍ ധാര്‍മികതയുടെ ചില ഘടകങ്ങളെ പ്രോത്സാഹിപ്പിക്കാം. ചിലത്, അല്ലെങ്കില്‍ ഇതേ ഘടകങ്ങള്‍ തന്നെ മറ്റ് ചില ധാര്‍മിക ഘടകങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്‌തേക്കാം. 

ചുരുക്കത്തില്‍ മതവും നന്മയും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുമ്പോള്‍, മതവും നന്മയും എന്താണെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. നിഗമങ്ങളിലേക്ക് എടുത്തുചാടും മുമ്പായി ഇത്തരമൊരു സൂക്ഷ്മ സമീപനം നല്ലതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍