UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പതിവായിട്ടുള്ള ഓട്ടം കാല്‍മുട്ടുകള്‍ക്ക് നല്ലതോ ചീത്തയോ?

ബ്രിഘം യങ് സര്‍വകലാശാല ഗവേഷകര്‍ 18നും 35 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ളവരിലാണ് പഠനം നടത്തിയത്

സഹന ബിജു

സഹന ബിജു

പതിവായി ഓടുന്നവര്‍ ശ്രദ്ധിക്കാന്‍- പതിവായുള്ള ഓട്ടം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാല്‍ മുട്ടിന് തേയ്മാനം വരുത്തുമെന്നും അത് സന്ധിവേദന, സന്ധിവാതം മറ്റ് പരിക്കുകള്‍ ഇവയിലേക്ക് നയിക്കുമെന്നുമാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ അര മണിക്കൂര്‍ ഓടുന്നത് കാല്‍ മുട്ടിലെ സന്ധികളുടെ വീക്കം കുറയ്ക്കുമെന്ന് പഠനം.

ബ്രിഘം യങ് സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. 18നും 35 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 15പേരിലാണ് പഠനം നടത്തിയത്. ഇവര്‍ ഒരു ട്രെഡ്മില്‍ ഉപയോഗിച്ചു അര മണിക്കൂര്‍ ഓടുന്നതിനു മുന്‍പും ഓടിയ ശേഷവും അവരുടെ കാല്‍ മുട്ടിലെ സന്ധികളിലെ ഫ്‌ളൂയിഡും രക്തവും പരിശോധനയ്ക്കായെടുത്തു. അവര്‍ വെറുതെ ഇരുന്നപ്പോഴും ഇതേ സാമ്പിളുകള്‍ പരിശോധിച്ചു.

ഓടിയതിനു ശേഷം ഇവരുടെ കാല്‍ മുട്ടിലെ ഫ്‌ളൂയിഡില്‍ വീക്കത്തിന്റെ തന്മാത്രകള്‍ ഗവേഷകര്‍ പ്രതീക്ഷിച്ചപോലെ കൂടിയില്ല എന്ന് മാത്രമല്ല വീക്കം ഉണ്ടായേക്കാവുന്നതിന്റെ സൂചകങ്ങള്‍ കുറഞ്ഞതായും കണ്ടു. ഭാവിയില്‍ കൂടുതല്‍ ആളുകളില്‍ ഇതേ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ മാറ്റ് സീലെ പറഞ്ഞു.

ഓട്ടം സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു എന്നും കുറച്ച് പേരിലാണ് പഠനം നടത്തിയതെങ്കിലും പഠനഫലം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓട്ടം കാല്‍മുട്ടുകളെ പരിക്കില്‍ നിന്നും സന്ധിവാതത്തില്‍ നിന്നും രക്ഷിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ലെന്ന് പഠനത്തില്‍ പങ്കെടുക്കാത്ത ചില വിദഗ്ധര്‍ പറയുന്നു.

പതിവായി ഓടുന്ന ചില ആളുകളില്‍ കാല്‍ മുട്ടിന് ഒരു പ്രശ്‌നവും ഇല്ലാത്തവര്‍ ഉണ്ട്. എന്നാല്‍ മറ്റ് ചിലര്‍ക്കാവട്ടെ താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ സന്ധിവാതം ഉണ്ടാകുകയും ചെയ്യുമെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ആയ ബ്രിയാന്‍ ഫീലെ പറയുന്നത്. മിക്ക ഓട്ടക്കാര്‍ക്കും അര മണിക്കൂര്‍ എന്നത് വളരെ ചെറിയ സമയം ആണ്.

ദീര്‍ഘ ദൂര ഓട്ടം സുരക്ഷിതമാണെന്ന് പഠനം പറയുന്നില്ല എന്നും ഫീലെ പറഞ്ഞു മാരത്തോണ്‍ ഓട്ടക്കാരില്‍ നടത്തിയ മറ്റ് പഠനങ്ങളില്‍, കാര്‍ട്ടിലേജിനു മാറ്റം സംഭവിച്ചതായും ഒരു ദീര്‍ഘദൂര ഓട്ടത്തിന് ശേഷം മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിക്ക് പറ്റുന്നതായും കണ്ടു. ഈ രണ്ട് പഠനങ്ങളും എടുത്താല്‍ ചെറിയ ദൂരം ഓടുന്നത് വീക്കം കുറച്ച് തകരാറുകളില്‍ നിന്നു കാര്‍ട്ടിലേജിനെ ശരീരം സംരക്ഷിക്കുന്നതായി കരുതാം.

എന്നാല്‍ ദീര്‍ഘദൂരം ഓടുമ്പോള്‍ വീക്കം കുറയ്ക്കാനുള്ള മുട്ടിന്റെ കഴിവ് ഇല്ലാതാകുന്ന അവസ്ഥക്ക് കാരണമായേക്കാം എന്നും ഫീലെ പറയുന്നു. ഓടാതിരിക്കുന്നതിനേക്കാള്‍ ചെറിയ തോതിലുള്ള ഓട്ടം ഗുണം ചെയ്യും എന്ന് രണ്ട് ഗവേഷകരും സമ്മതിക്കുന്നു. ഒരു വ്യക്തിക്ക് ഓടുന്നത് മൂലം സന്ധിവാതമോ മറ്റ് പരിക്കുകളോ വരുന്നതിന് ശരീരഭാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങളും കാരണമാകാം.

ഗുണങ്ങളും ദോഷങ്ങളും മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ചെറിയ ദൂരം ഓടുന്നത് കാല്‍മുട്ടിന്റെ വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും എന്ന ഈ പഠനം, യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍