UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ങനെയൊക്കെ ലോകകപ്പ് ഫുട്ബോള്‍ നടത്തേണ്ടതുണ്ടോ?

Avatar

മൈക്കേല്‍ ഇ മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ മാസത്തിന്റെ തുടക്കത്തിലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സഞ്ചരിക്കുകയായിരുന്ന ബി.ബി.സി മാധ്യമ പ്രവര്‍ത്തകരെ കാറില്‍ പിന്തുടര്‍ന്നെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തിയത്. ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുക്കുകയും തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വേണ്ടി രണ്ടു ദിവസം തടവിലാക്കുകയും ചെയ്തു. ഇതിനിടയില്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പെടുത്ത ഫോട്ടോകള്‍ കാണിച്ചപ്പോള്‍ രാജ്യത്ത് കാലുകുത്തിയ നിമിഷം മുതല്‍ തങ്ങള്‍ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നുവെന്നു ഈ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയുകയായിരുന്നു. ‘ഇത് ഡിസ്‌നിലാന്റല്ല, കണ്ടയിടത്തെല്ലാം നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍ ഈ രാജ്യത്ത് സാധിക്കില്ല,’ എന്ന് ചോദ്യം ചെയ്യുന്നവരില്‍ ഒരാള്‍ പരുഷമായ ശബ്ദത്തില്‍ താക്കീത് നല്‍കിയെന്ന് ബി.ബി.സിയുടെ മാര്‍ക്ക് ലൊബല്‍ പറയുന്നു.

ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് അന്താരാഷ്ട്ര സമൂഹത്തിന്റെ രോഷത്തിനിരയായിട്ടുണ്ട്. ഡിസ്‌നി ലാന്റല്ലെങ്കിലും താലിബാനുപോലും തലസ്ഥാനത്ത് തന്നെ ഓഫീസുള്ള ഈ രാജ്യം ഒരു ചെറിയ മായാലോകം തന്നെയാണ്. പ്രതിശീര്‍ഷ ജി.ഡി.പി പ്രകാരം ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ ഖത്തര്‍ കൂറ്റന്‍ വ്യാപാര സമുച്ചയങ്ങളാലും, ആഡംബര മ്യൂസിയങ്ങളാലും നടക്കാന്‍ പോകുന്ന ലോക കപ്പിനാലും ലോക ശ്രദ്ധയാര്‍ജിച്ചിരിക്കുകയാണ്.

2022-ല്‍ നടക്കാനിരിക്കുന്ന ലോക കപ്പിന്റെ ഒരുക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഖത്തറിലെത്തിയതായിരുന്നു ബി.ബി.സി ടീം. 2010-ല്‍ ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം ലഭിച്ചത് മുതല്‍ രാജ്യം അഴിമതിയുടേയും പ്രവാസി ജോലിക്കാര്‍ക്കെതിരേയുള്ള മനുഷ്യത്വരഹിതമായ നടപടിയുടേയും പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകരെ തടവിലിട്ട ഈ സംഭവം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടു വരികയും വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്തു.

പക്ഷെ ഖത്തറിന്റെ പല കഠിന പ്രശ്‌നങ്ങളും അന്താരാഷ്ട്ര കാല്‍പന്തുകളിയെന്ന വലിയ പ്രശ്‌നത്തിന്റെ സൂചകം മാത്രമാണ്.

ലോകകപ്പിന്റെ കാര്യം വരുമ്പോള്‍ ഒരു പ്രവണത ഉരുത്തിരിഞ്ഞിരിക്കുന്നു. കാല്‍പന്തുകളിയുടെ അന്താരാഷ്ട്ര ഭരണ കര്‍ത്താക്കളായ ഫിഫ ആദ്യം കളി നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലാത്ത ഒരു രാജ്യത്തിനു ടൂര്‍ണമെന്റിന്റെ നടത്തിപ്പിനുള്ള അവകാശം നല്‍കും. പിന്നെ ആ രാജ്യം സാമൂഹ്യ ക്ഷേമത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വേണ്ടി മാറ്റിവെച്ചതും നികുതിദായകന്റേതുമായ ആയിരക്കണക്കിന് കോടി രൂപ കൂറ്റന്‍ സറ്റേഡിയങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ പണിയാന്‍ ചെലവഴിക്കും. ഒടുവില്‍ വിനോദ സഞ്ചാരികളുടേയും ഫുട്‌ബോളിന്റേയും അലയൊതുങ്ങുമ്പോള്‍ ഈ സറ്റേഡിയങ്ങള്‍ തലയില്ലാത്ത തെങ്ങ് പോലെ ആകാശം നോക്കി ഭൂതകാലം അയവിറക്കും.

 

ഈ പ്രവണതയും ഫിഫയുടെയുള്ളില്‍ നിന്നും ചീഞ്ഞു നാറുന്ന അഴിമതിയുടെ ചിത്രവും പണ്ട് സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്: ഈ ലോകകപ്പെന്ന സംഭവം ഇതൊക്കെ അര്‍ഹിക്കുന്നുണ്ടോ? കാല്‍പന്തുകളി സാമാന്യജനങ്ങളുടെ കളിയായിരിക്കാം, പക്ഷെ മനുഷ്യ ജീവനേക്കാള്‍ മൂല്യമുള്ളതായി വെറുമൊരു വിനോദോപാധിയെ കണക്കാക്കാന്‍ നമുക്ക് സാധിക്കുമോ?

ലോകകപ്പിനെതിരായി വര്‍ദ്ധിച്ചു വരുന്ന വിമര്‍ശനം ഒരു പിടി വിവാദങ്ങളില്‍ നിന്നാണ് ഉയരുന്നത്. ചിലത് അടുത്തകാലത്തേതും മറ്റുള്ളവ ദശാബ്ദങ്ങളായി ഉള്ളവയും.

1930-ല്‍ ഉറുഗ്വയില്‍ ആരംഭിച്ച ലോക കപ്പ് മത്സരം യൂറോപ്പിലും അമേരിക്കയിലുമാണ് സാധാരണ മാറി മാറി നടന്നു കൊണ്ടിരുന്നത്. പക്ഷെ 1994-ല്‍ യു.എസില്‍ നടന്ന ടൂര്‍ണമെന്റിന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1996-ല്‍ ഫിഫ 2002-ലെ മത്സരം നടത്താനുള്ള അവകാശം ജപ്പാനും ഉത്തര കൊറിയക്കും നല്‍കുകയാണെന്ന പ്രഖ്യാപനം നടത്തി.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കളിയുടെ അന്താരാഷ്ട്ര മുഖത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ തീരുമാനം. പരീക്ഷണം വിജയിച്ചതോടെ ഫിഫ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ കളി നടത്തി. 2006-ലെ ജര്‍മ്മനി ലോകകപ്പിനുശേഷം 2010-ല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യത്തെ മത്സരം ദക്ഷിണാഫ്രിക്കയില്‍ നടന്നു. കഴിഞ്ഞ വര്‍ഷം ബ്രസീലിലും. 64 വര്‍ഷങ്ങള്‍ ശേഷമാണ് ലോകകപ്പ് ബ്രസീലില്‍ തിരികെയെത്തിയത്. 

ദക്ഷിണാഫ്രിക്കയേയും ബ്രസീലിനേയും സാമ്പത്തിക, സാംസ്‌കാരിക ശക്തികളായ് മാറ്റേണ്ടുന്ന ലോക കപ്പ് ഇരു രാജ്യങ്ങള്‍ക്കും വര്‍ഷങ്ങളോളം നീണ്ടു നിന്ന സാമ്പത്തിക മാന്ദ്യം മാത്രമാണ് സമ്മാനിച്ചത്.

ലോകകപ്പ് നടത്താന്‍ വേണ്ടി നാല് ബില്ല്യന്‍ ഡോളര്‍ ചെലവഴിച്ച ദക്ഷിണാഫ്രിക്ക മുന്നൊരുക്കങ്ങള്‍ക്കായി പാവങ്ങളെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കുകയും ആദ്യ ഘട്ടത്തില്‍ തന്നെ കളിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പുറത്താകുന്ന ആതിഥേയ രാഷ്ട്രം എന്ന പദവിക്ക് അര്‍ഹരാകുകയും ചെയ്തു ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ സമയത്ത് സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞുവെന്ന ആക്ഷേപത്തിനു പുറമേ പൊതു ജനങ്ങളുടെ വെറുപ്പേറ്റുവാങ്ങുന്ന ചില്ലു കൊട്ടാരങ്ങളായ് പളപളാ മിന്നുന്ന സ്റ്റേഡിയങ്ങള്‍ മാറി.

താരതമ്യേനെ ഗുണനിലവാരമുള്ള സൗകര്യങ്ങളുണ്ടായിട്ടും 1.8 ബില്ല്യന്‍ ഡോളര്‍ ചെലവഴിച്ച് ഒരു സ്റ്റേഡിയം പുതുക്കുകയും അഞ്ചു പുതിയ സ്റ്റേഡിയങ്ങള്‍ പണിയുകയും ചെയ്തു. എല്ലാ സ്റ്റേഡിയങ്ങളും പൊതു ഉടമസ്ഥതയില്‍ ആയിരുന്നതിനാല്‍ ഖജനാവിലെ പണം എല്ലാറ്റിനുംവേണ്ടി ഉപയോഗിക്കേണ്ടി വന്നു. അന്താരാഷ്ട്ര കാണികളുടെ കൂട്ടം തിരികെ പോയപ്പോള്‍ ദക്ഷിണാഫ്രിക്ക ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 55,000 കാണികള്‍ക്ക് വേണ്ടി പണിത ഗാലറികളിലിപ്പോള്‍ വെറും ആയിരത്തോളം ആഭ്യന്തര കായിക പ്രേമികള്‍ മാത്രമിരുന്നാണ് കളി കാണുന്നത്. കേപ് ടൗണില്‍ 600 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പണിത സ്റ്റേഡിയം ഇപ്പോള്‍ വര്‍ഷം തോറും ആറ് മുതല്‍ 10 മില്ല്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാക്കുന്നുവെന്ന് ഗ്ലോബ് ആന്റ് മെയില്‍ പറയുന്നു.

ഫിഫയും കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാരും നല്ല ലാഭം കൊയ്തുവെങ്കിലും പ്രാദേശിക കച്ചവടക്കാരും രാജ്യവും പ്രതിസന്ധിയില്‍പ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ഒക്കെ മികച്ചതാണ്. പക്ഷേ പണം ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ കടം വാങ്ങിയതിന്റെ നാലുമടങ്ങ് ഇന്ന് തിരിച്ചടക്കേണ്ട ഗതി വരില്ലായിരുന്നു. ടൂര്‍ണമെന്റിനു വേണ്ടി നിര്‍മിച്ച ഗതാഗത സൗകര്യമുള്‍പ്പടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനുള്ള സാമ്പത്തിക ത്രാണി ഭൂരിഭാഗം പൗരന്മാര്‍ക്കുമില്ലെന്നിരിക്കേ ആര്‍ക്കും ഉപകാരമില്ലാതെ പാഴാവുകയാണ് ലോക കപ്പ് രാജ്യത്തിനു നല്‍കിയ സമ്മാനങ്ങള്‍’- ഗവേഷകനായ ഡേല്‍ മക്കിന്‍ലി പറഞ്ഞു. 

ബ്രസീലിന്റെ കഥയിലും വലിയ വ്യത്യാസമൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിനു മുന്നോടിയായ് 15 ബില്ല്യന്‍ ഡോളര്‍ പൊടിച്ച രാജ്യത്തിന് ലോകകപ്പില്‍ ജര്‍മനിയോട് തോറ്റ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബില്ല്യന്‍ ഡോളറുകള്‍ കൊണ്ട് നിര്‍മിച്ച സ്റ്റേഡിയങ്ങള്‍ ദക്ഷിണാഫ്രിക്കയെ പോലെ വേണ്ടരീതിയിലല്ല ബ്രസീലിലും ഉപയോഗിക്കപ്പെടുന്നത്. തലസ്ഥാനമായ ബ്രസീലിയയില്‍ 550 മില്ല്യന്‍ ഡോളര്‍ ചെലവിട്ട് നിര്‍മിച്ച സ്റ്റേഡിയമിപ്പോള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കുയാബാ നഗരത്തില്‍ 215 മില്ല്യന്‍ ഡോളര്‍ പൊടിച്ച് പണിത സ്റ്റേഡിയമാവട്ടെ നിര്‍മ്മാണത്തിലുള്ള അപാകതകള്‍ കാരണം ലോക കപ്പിനു ശേഷം അടച്ചിട്ടിരിക്കുകയാണ്. ഒരേയൊരു ഗുണമെന്നു പറയുന്നത് വീടില്ലാത്ത പാവങ്ങള്‍ ലോക്കര്‍ റൂമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി എന്നുള്ളതാണ്.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കായിക മാമാങ്കത്തിനു വേണ്ടി പണം പൊടിച്ച സര്‍ക്കാരിനെതിരെ തിരിഞ്ഞു. പക്ഷെ ജനുവരിയില്‍ ഫിഫയുടെ ജനറല്‍ സെക്രട്ടറി ജെറോം വാക്ക് കുതിച്ചെത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി രാജ്യവും ലോകകപ്പും തമ്മിലുള്ള രക്ത ബന്ധത്തെക്കുറിച്ച് ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം തന്നെ നടത്തി.

‘ചില സ്റ്റേഡിയങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന വസ്തുതയെ വിമര്‍ശിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. പക്ഷെ അവ നിര്‍മ്മിക്കാന്‍ വേണ്ടി ചെലവഴിച്ച ഓരോ ഡോളറും ബ്രസീലിലേക്ക് വിനോദസഞ്ചാരത്തിന്റെ രൂപത്തില്‍ തിരികെ വരും,’ അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡില്‍ ജെയിംസ് യുങ്ങ് ചൂണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന അതേ സമയത്താണ് ഫിഫാ ജനറല്‍ സെക്രട്ടറി പ്രസംഗം നടത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതോടെ രാജ്യത്തെ പൊതുജനാരോഗ്യസംരക്ഷണ സംമ്പ്രദായം മുഴുവനായ് തകര്‍ന്നിരിക്കുകയാണ്.

‘വേണ്ടത്ര ജോലിക്കാരില്ലാത്തതിനാല്‍ മരണ സാധ്യതയുള്ള രോഗികളെ മാത്രമേ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ’ ഒരാശുപത്രിയുടെ മുന്നില്‍ തൂക്കിയിരിക്കുന്ന ബോര്‍ഡിലെ മുന്നറിയിപ്പാണിത്.

2018-ല്‍ റഷ്യനടത്താന്‍ തീരുമാനിച്ചിരിക്കുന്ന ലോകകപ്പ് വ്‌ലാഡിമിര്‍ പുടിനൊരു വിലകൂടിയ പ്രദര്‍ശനമായ് മാറുമെന്നാണ് കണക്കാക്കുന്നത്. 

ലോക കപ്പ് നടത്താന്‍ ഏഴു വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും ഖത്തര്‍ ഇതിനകം തന്നെ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. എണ്ണപ്പണത്തിന്റെ ഹുങ്കില്‍ ഈ ചെറിയ രാജ്യം വേനല്‍ക്കാലത്തെ 105 ഡിഗ്രി ചൂടില്‍ നിന്നും കളിക്കാരെ രക്ഷിക്കാന്‍ വേണ്ടി മുഴുവനായ് ശീതീകരിച്ച 12 ആധുനിക സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ മണിമാളികകള്‍ പണിയുന്ന പ്രവാസി ജോലിക്കാരുടെ ദയനീയമായ ജോലി സൗകര്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര വിമര്‍ശനം എറ്റു വാങ്ങിയിരിക്കയാണ് ഖത്തര്‍. 2014-ലെ കണക്കു പ്രകാരം 2012-13 കാലയളവില്‍ ആയിരത്തോളം പ്രവാസി കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് ഖത്തറില്‍ കൊല്ലപ്പെട്ടത്. ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണയിടങ്ങളില്‍ രണ്ടു ദിവസത്തില്‍ ഒരാള്‍ വീതം മോശം ജോലി സാഹചര്യങ്ങളാല്‍ മരിക്കുന്നുണ്ട്. 

ജോലിക്കാരുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം നടത്തുമ്പോഴാണ് ബി.ബി.സി സംഘം അറസ്റ്റ് ചെയ്യപ്പെട്ടത്. അതേ ദിവസം തന്നെ ബിബി സി മാര്‍ക് ലോബലിന്റെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ അനേകം തൊഴിലാളി അവകാശ സംഘടനകള്‍ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളുടെ പേരില്‍ ഖത്തര്‍ സര്‍ക്കാറിനെതിരേയും ലോക കപ്പ് സ്‌പോണ്‍സര്‍മാര്‍ക്കെതിരേയും ആഞ്ഞടിച്ചു.

‘ഖത്തറൊരു അടിമ രാഷ്ട്രമാണെന്ന് സ്‌പോണ്‍സര്‍മാര്‍ക്കറിയാം. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രത്തിനു ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ട യാതൊരാവശ്യവുമില്ല. ഇത്തരത്തില്‍ കളി അപമാനിക്കപ്പെടുന്നതിന് ആരാധകര്‍ താല്‍പര്യപ്പെടുന്നില്ല,’അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്റെ ഷാരണ്‍ ബറൊ പറഞ്ഞു. വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ച നുണയാണെന്ന് മറുപടി പറഞ്ഞ ഖത്തര്‍ ഭരണകൂടം ‘തെറ്റു കുറ്റങ്ങള്‍ ‘ പരിഹരിക്കുമെന്ന വാഗ്ദാനവും നല്‍കി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷെ അന്താരാഷ്ട്ര കാല്‍പന്തു കളിയുടെ ഏറ്റവും നാണം കെട്ട മുഖം അതിന്റെ ഭരണം കൈയാളുന്ന ഫിഫയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ അനേകം അഴിമതി ആക്ഷേപങ്ങള്‍ സംഘടനക്കു നേരെ ഉയര്‍ന്നിട്ടുണ്ട്. 2011 തന്നെ ഫിഫയുടെ പ്രസിഡന്റായ് തിരഞ്ഞെടുക്കാന്‍ വേണ്ടി മുഹമ്മദ് ബിന്‍ ഹമ്മാം കരീബിയന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ക്ക് പണം കൈമാറിയെന്ന ആരോപണം ഉയര്‍ന്നെങ്കിലും ഫിഫയുടെ ദീര്‍ഘ കാല പ്രസിഡന്റ്റായ സെപ് ബ്ലാറ്റര്‍ക്ക് പണമിടപാടിനെകുറിച്ച് ധാരണയുണ്ടായിരുന്നുവെന്ന കാരണത്താല്‍ ഹമ്മാം തടിയൂരുകയായിരുന്നു.

അധികം താമസിയാതെയാണ് ഫിഫയുടെ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനായ ചക് ബ്ലേസറുടെ പേരില്‍ അഴിമതിയാരോപണമുയര്‍ന്നത്. അദ്ദേഹമിത് നിഷേധിച്ചെങ്കിലും ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ലോക കപ്പിന്റെ വേദികള്‍ പണം കൊടുത്ത് വാങ്ങാവുന്ന ചരക്കാണെന്ന നിഗമനത്തില്‍ നിരീക്ഷകരെ എത്തിക്കുകയായിരുന്നു. ഖത്തര്‍ പൗരനായ ബിന്‍ ഹമ്മാം തന്റെ രാജ്യത്തിലേക്ക് മത്സരത്തെ കൊണ്ടുവരാന്‍ അഞ്ച് മില്ല്യന്‍ ഡോളര്‍ കൈകൂലി കൊടുത്തെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം സണ്‍ഡേ ടൈംസ് പുറത്തു വിട്ടതോടെ ഫിഫ ഹമ്മമിനെ ജീവിതകാല വിലക്ക് കല്‍പ്പിച്ചു.

ബി.ബി.സി മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാമെന്ന് ഫിഫ വാഗ്ദാനം നല്‍കിയെങ്കിലും ഫിഫയിലും നാലു വര്‍ഷത്തിലൊരിക്കലവര്‍ അണിയിച്ചൊരുക്കുന്ന കാല്‍പന്തുകളി മാമാങ്കത്തിലുമുള്ള വിശ്വാസം മങ്ങിപ്പോയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍