UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഴവുകളില്ലാത്ത എതിര്‍ സിദ്ധാന്തമായിരുന്നു നദാല്‍; പക്ഷേ, ഇനി എത്ര നാള്‍?

Avatar

രാജേഷ് പരമേശ്വരന്‍

 

റഫേല്‍ നദാലിനെ ടെന്നീസ് ലോകം ശ്രദ്ധിക്കുന്നത് മാസ്റ്റേഴ്സില്‍ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിക്കുന്നതോടെയാണ്‌. പതിനാല് ഗ്രാന്റ്സ്ലാം നേടിയ നദാലിന്റെ ഗ്രാന്റ്സ്ലാം നേട്ടം ആരംഭിക്കുന്നത് 2005 ഫ്രഞ്ച് ഓപ്പണിലാണ്. അവിടെയും സെമിഫൈനലില്‍ ഫെഡററെ വീഴ്ത്തിയിരുന്നു സ്പാനിഷ് താരം. മുറിക്കയ്യന്‍ റ്റീ ഷര്‍ട്ടും മുട്ടോളമെത്തുന്ന ട്രൌസറുമായി, ടെന്നീസ് കോര്‍ട്ടുകള്‍ പരിചയിച്ചിട്ടില്ലാത്ത വേഷക്രമവുമായി എത്തിയ നദാലിന്റെ കരിയറിന് തിളക്കം നല്‍കുന്നത് 9 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഫെഡററുമായുള്ള മികച്ച ഹെഡ്-ടു-ഹെഡ് റെക്കോഡുമാണ്. ഫ്രഞ്ച്, വിംബിള്‍ഡണ്‍, ഓസ്ട്രേല്യന്‍ ഓപ്പണ്‍ ഫൈനലുകളില്‍ ഫെഡറര്‍ക്കെതിരെ മികച്ച വിജയം നേടിയിട്ടുണ്ട് ഈ ഇടങ്കയ്യന്‍.

 

പ്രതിരോധത്തിലൂന്നിയുള്ള ശൈലിയായതിനാല്‍ എതിരാളിയെക്കൊണ്ട് ഒരു ഷോട്ട് കൂടുതല്‍ കളിപ്പിക്കുക എന്നതായിരുന്നു നദാല്‍ ശൈലി. ഈ ശൈലി പരിക്കുകള്‍ക്ക് വഴിവെക്കുമെന്നും അധികകാലം നദാലിന് കളിക്കാനാവില്ലെന്നും കളി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 2014-ല്‍ ഒന്‍പതാം ഫ്രെഞ്ച് കിരീടം നേടിയ ശേഷമുള്ള നദാലിന്റെ പ്രകടനങ്ങള്‍ ഈ താരത്തിന്റെ കാലം കഴിഞ്ഞുവോ എന്ന സംശയം ബലപ്പെടുത്തുന്നു. 1986-ല്‍ ജനിച്ച നദാല്‍ മുപ്പത് വയസ്സ് പിന്നിടുമ്പോള്‍ അത്രയും, പതിനാലോ അതില്‍ കൂടുതലോ സ്ലാം നേടിയ മറ്റ് രണ്ട് താരങ്ങള്‍ – സാംപ്രസും ഫെഡററും – അതേ പ്രായത്തില്‍ നടത്തിയ പ്രകടനങ്ങളേക്കാള്‍ പിറകിലാണെന്ന് കാണാം. 2000-ലും 2001-ലും യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിച്ച സാംപ്രാസ് തന്റെ അവസാന യുഎസ് ഓപ്പണില്‍ കിരീടം നേടിയാണ്‌ മുപ്പത്തൊന്നാം വയസ്സില്‍ വിരമിച്ചത്.

 

മുപ്പത്തിയഞ്ചിലെത്തിയെ ഫെഡറര്‍ 2016-ല്‍ പരിക്കിന്റെ പിടിയിലാണെങ്കിലും കളിച്ച രണ്ട് സ്ലാമിലും സെമിഫൈനലില്‍ എത്തിയിരുന്നു. 2015-ല്‍ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഫൈനല്‍ കളിച്ച ഫെഡറര്‍ 2002-നു ശേഷം എല്ലാ വര്‍ഷവും ഒരു ഗ്രാന്റ്സ്ലാം സെമിഫൈനലെങ്കിലും കളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം നദാലിന്റെ സമീപകാല പ്രകടനങ്ങളെ വിലയിരുത്തേണ്ടത്.

 

തന്റെ ഒമ്പതാം ഫ്രഞ്ച് കിരീടത്തിന് ശേഷം നദാല്‍ ഒരു സ്ലാമിന്റെയും ക്വാര്‍ട്ടര്‍ കടമ്പ കടന്നിട്ടില്ല. കഴിഞ്ഞ ആറു സ്ലാമുകളില്‍ നാലാം റൌണ്ടിനപ്പുറവും. നദാലിന്റെ തോല്‍വികള്‍ പലതും താഴ്ന്ന റാങ്കിലുള്ള കളിക്കാരോടാണെന്നത് മറ്റൊരു വസ്തുത. വിംബിള്‍ഡണ്‍ വിട്ടു നില്‍ക്കുകയും ഫ്രഞ്ച് ഓപ്പണ്‍ പരിക്കുപറ്റി പിന്മാറുകയും ചെയ്ത നദാല്‍ ഓസ്ത്രേല്യന്‍ ഓപ്പണില്‍ വെര്‍ദാസ്കോയോടും യുഎസ് ഓപ്പണില്‍ ഇരുപത്തിനാലാം നമ്പര്‍ താരം ലൂക്കാ പുയിയോടും പരാജയപ്പെടുകയായിരുന്നു. ഫാബിയോ ഫോനിനി, ഡസ്ടിന്‍ ബ്രൌണ്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷം നദാലിനെ സ്ലാമുകളില്‍ തോല്‍പ്പിച്ചത്. ഫോനിനിക്കെതിരെ രണ്ട് സെറ്റുകള്‍ നേടിയ ശേഷമായിരുന്നു നദാലിന്റെ തോല്‍വിയെന്നതും ശ്രദ്ധിക്കേണ്ടതാണ്.

 

 

അവസരങ്ങള്‍ മുതലാക്കി ആക്രമിച്ചു കളിക്കാന്‍ തയ്യാറെടുക്കുന്ന കളിക്കാര്‍ നദാലിനെ സ്ഥിരമായി തോല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. വലങ്കയ്യന്മാരുടെ, പ്രത്യേകിച്ച് സിംഗിള്‍ ഹാന്‍ഡഡ് ബാക്ക് ഹാന്‍ഡ് കളിക്കുന്നവര്‍ക്ക് പേടിസ്വപ്നമായിരുന്ന നദാലിന്റെ ടോപ്‌ സ്പിന്‍ ഫോര്‍ഹാന്‍ഡുകള്‍ക്ക് പഴയ പ്രഹരശേഷി ഇന്നില്ല. അടിക്കടി വരുന്ന മുട്ടിലെ പരിക്ക് എന്തും ഒടിയെടുക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നു. പ്രധാനമായും റിട്രീവിംഗ് കഴിവിനെ കേന്ദ്രീകരിച്ച് ബലപ്പെടുത്തിയ ശൈലി ഇന്നു നദാലിന് വിജയങ്ങള്‍ സമ്മാനിക്കുന്നില്ല. നല്ല രീതിയില്‍ ആക്രമിച്ചു കളിക്കുന്ന പലരും നിരന്തരം നദാലിനെ പരാജയപ്പെടുത്തുന്നു. ഫോനിനി പല ടൂര്‍ണമെന്റുകളില്‍ നദാലിനെ തോല്‍പ്പിച്ചത് എടുത്തു പറയേണ്ട ഒന്നാണ്.

 

നദാലിന്റെ ശൈലിയുടെ പോരായ്മകളില്‍ ഒന്ന് വേണ്ടപ്പോള്‍ ആക്രമിച്ചു കളിക്കാനുള്ള പഴുത് നല്‍കുന്നില്ല എന്നതാണ്. 2012 മുതലിങ്ങോട്ട്‌ ആക്രമിച്ച് കളിക്കുകയും സര്‍വ് ആന്റ് വോളി ഗെയിം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്താണ് ഫെഡറര്‍ തന്റെ കരിയറിലെ രണ്ടാം ഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 2012-നു ശേഷമുള്ള കാലഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. (പരിക്ക് താല്‍ക്കാലികമായി അതിന് തടയിട്ടെങ്കിലും). ടോണി നദാലിനെ മാറ്റി പുതിയൊരു പരിശീലകനെ വെക്കണമെന്ന് വിമര്‍ശകര്‍ നദാലിനെ ഉപദേശിക്കുന്നു. എന്നാല്‍ നദാലിന് യോജിക്കുന്ന ഗെയിം തന്നെയാണ് ടോണി സ്വീകരിച്ചതെന്നും അത് ടെന്നീസ് കരിയറിന്റെ നീളം കുറയ്ക്കുമെന്ന് അറിഞ്ഞുതന്നെയാണ് അവര്‍ അതിനു മുതിര്‍ന്നതെന്നും തോന്നുന്നു.

 

ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച പോരാളികളിലോരാളായ നദാല്‍ ഒരുപക്ഷെ ഈ അവസ്ഥയോടും പോരാടിയേക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ ശരീരം ഇനിയൊരങ്കത്തിനായി പോരാടുന്ന മനസ്സിന് പിന്തുണ നല്‍കുമോ എന്ന് കണ്ടു തന്നെ അറിയണം. 2017-ലെ കളിമണ്‍ കോര്‍ട്ട് സീസണ്‍ നദാലിന് നിര്‍ണായകമാകും. നേട്ടങ്ങള്‍  കൈവരിക്കാനായില്ലെങ്കില്‍ വിനയത്തില്‍ പൊതിഞ്ഞ ആ പുഞ്ചിരി ടെന്നീസ് കോര്‍ട്ടുകളോട് എന്നെന്നേക്കുമായി വിട പറഞ്ഞേക്കാം. ഒരു അവസാന സ്ലാം കിരീടം കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് അപ്രാപ്യമെന്നുതന്നെ പറയാം.

 

എന്നാല്‍ നദാലിന്റെ റോളണ്ട് ഗാരോസ് നേട്ടങ്ങള്‍ ഒരു മുത്തശിക്കഥ പോലെ അവിശ്വസനീയമാണ്. അതിനാല്‍ തന്നെ ഒരു പത്താം ഫ്രഞ്ച് കിരീടം എന്ന സാധ്യത തള്ളിക്കളയാവുന്നതല്ല; നിലവിലെ ഫോമിലും നദാലിന്റെ കളിയിലും ഉള്ള വീഴ്ച്ചകളുടെ ചിത്രം മറ്റൊരു കഥയാണ് പറയുന്നതെങ്കിലും. നദാലും ഫെഡററും കളിയൊഴിയുമ്പോള്‍ ടെന്നീസ് ഒരുപാട് മാറിയിരിക്കും. പിഴവുകളില്ലാത്ത ദൈവസമാനമായ ഫെഡറര്‍ ഗെയിമിനെ ചെറുത്ത് തോല്‍പ്പിച്ച അത്ര തന്നെ പിഴവുകളില്ലാത്ത ഒരു വിപരീത സിദ്ധാന്തമായിരുന്നു നദാല്‍. ഫെഡറര്‍ ഓര്‍മിക്കപ്പെടുന്നത്രയും നദാലും ഓര്‍മിക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല. 

 

(ബെംഗളുരുവില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറാണ് രാജേഷ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍