UPDATES

വിദേശം

ഇന്ത്യക്കാരന്റെ കൊലപാതകം: ട്രംപിന്റെ പ്രസംഗങ്ങള്‍ വംശീയ അതിക്രമങ്ങള്‍ക്ക് കാരണമാകുമ്പോള്‍

അമേരിക്കക്കാരല്ലാത്ത പൗരന്മാര്‍ ആക്രമിക്കപ്പെടുന്നത് ഇന്ന് അമേരിക്കയില്‍ പതിവായിരിക്കുകയാണ്

എന്റെ രാജ്യത്ത് നിന്നും പുറത്തുപോകൂ എന്ന് ആവശ്യപ്പെട്ട് അമേരിക്കക്കാരന്‍ ആദം പുരിന്റോണ്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കുചിഭോടിയയെ വെടിവച്ച് കൊന്നത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം മാത്രമല്ല പ്രവാസി സമൂഹമൊന്നാകെ ഞെട്ടലോടെയാണ് കേട്ടത്. മറ്റൊരു ഇന്ത്യക്കാരനായ അലോക് മഡസാനിക്ക് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും ആശുപത്രി വിട്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

ഗാര്‍മിന്‍ കമ്പനിയുടെ ഏവിയേഷന്‍ വിഭാഗത്തില്‍ എന്‍ജിനിയര്‍മാരാണ് ഇവര്‍ രണ്ട് പേരും. ഇവരുടെ സഹപ്രവര്‍ത്തകനും അമേരിക്കക്കാരനുമായ ഇയാന്‍ ഗ്രില്ലോട്ടിനും ആക്രമണത്തില്‍ പരിക്കേറ്റു. കൂട്ട വെടിവയ്പ്പും അതുമൂലമുള്ള കൊലപാതകങ്ങളും അമേരിക്കയില്‍ ഒരു പുതുമയല്ല. രാജ്യത്തെ തോക്ക് നിയമം തന്നെയാണ് അതിന് മുഖ്യകാരണം. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇതിന് മാറ്റം വരുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും നിയമത്തിന്റെ പഴുതുകള്‍ ഇവിടുത്തെ ജനങ്ങള്‍ യഥേഷ്ടം തോക്ക് ഉപയോഗിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ ഈ കൊലപാതകത്തെ അത്തരത്തില്‍ ലഘൂകരിക്കാനാകില്ല. കാരണം എന്റെ രാജ്യത്തു നിന്നും പുറത്തുപോകണം എന്ന് ആശ്യപ്പെട്ടുകൊണ്ടാണ് പുരിന്റോണ്‍ വെടിയുതിര്‍ത്തത്. കൂടാതെ ക്ലിന്റണി മിസൗറിയില്‍ ഇയാള്‍ ഒളിവില്‍ താമസിച്ചപ്പോള്‍ രണ്ട് മധ്യേഷ്യക്കാരെ താന്‍ വധിച്ചതായി സുഹൃത്തിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ തന്നെ രാജ്യത്ത് വംശീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

ഇതിനിടെ ഒരു ജൂത മാധ്യമപ്രവര്‍ത്തകനോട് ട്രംപ് അപമര്യാദമായി പെരുമാറിയതും വിവാദമായി. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം വിവാദമായത് ട്രംപിന്റെ വിസനിയന്ത്രണം തന്നെയാണ്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കാനായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രചരണ കാലം മുതല്‍ കുടിയേറ്റക്കാരാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതെന്ന് ട്രംപ് ആരോപിക്കുന്നുണ്ട്. ഒട്ടനവധി പേര്‍ ട്രംപിന്റെ ഈ നിലപാടിനെതിരെ രംഗത്തുണ്ടെങ്കിലും ട്രംപിനെ അനുകൂലിക്കുന്നവരും ട്രംപ് ആഹ്വാനം ചെയ്യുന്ന വംശീയവിദ്വേഷ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊള്ളുന്നവരും കുറവല്ലെന്നതാണ് സമീപകാലത്തെ ചില അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കക്കാരല്ലാത്ത പൗരന്മാര്‍ ആക്രമിക്കപ്പെടുന്നത് ഇന്ന് അമേരിക്കയില്‍ പതിവായിരിക്കുകയാണ്. അമേരിക്കയിലെ ജൂത വിഭാഗങ്ങളുടെ മേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബാക്രമണ ഭീഷണി തന്നെ അത്തരത്തിലൊന്നായി വേണം വായിക്കാന്‍. ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം മാത്രം 1064 വംശീയ ആക്രമണങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ 13 എണ്ണം വംശീയ ആക്രമണങ്ങളല്ലെന്ന് പിന്നീട് തെളിഞ്ഞു.

ദേശീയ വാദം ഉയര്‍ത്തിപ്പിടിക്കുകയും കുടിയേറ്റക്കാര്‍ക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്യുന്ന ട്രംപിന്റെ പ്രസംഗങ്ങളാണ് ചെറുതെങ്കിലും ഒരു വിഭാഗത്തിന് ഇത്തരം ആക്രമണങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് വ്യക്തം. അമേരിക്കന്‍ പ്രസിഡന്റ് ഇത്തരം നിലപാടുകളില്‍ നിന്നും പിന്നോട്ട് മാറാന്‍ തയ്യാറായില്ലെങ്കില്‍ വിദേശികള്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഒരു രാജ്യമായി വരുംനാളുകളില്‍ അമേരിക്ക മാറുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍