UPDATES

ബജറ്റ് ചോര്‍ച്ച ഐസക്കിന് മാത്രമല്ല, ചെന്നിത്തലയ്ക്കും പാരയായേക്കും

രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറാതെ, ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് സഭ ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം വിളിക്കുകയും സമാന്തര ബജറ്റ് അവതരണം പോലൊന്ന് സഭയ്ക്ക് പുറത്ത് നടത്തുകയുമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.

ബജറ്റ് ചോര്‍ന്നു എന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനേയും അദ്ദേഹത്തിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട മനോജ് പുതിയവിളയേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.

അതേസമയം പേഴ്‌സണല്‍ സ്റ്റാഫിന്റെ ജാഗ്രതക്കുറവ് കൊണ്ട് സംഭവിച്ച ചെറിയ തെറ്റാണിതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഹൈലൈറ്റ്‌സ് ആണെന്നും ബജറ്റ് ചോര്‍ന്നിട്ടില്ലെന്നുമാണ് സിപിഎമ്മിന്റെയും സിപിഐ അടക്കമുള്ള ഘടകക്ഷികളുടേയും നിലപാട്. എന്നാല്‍ വലിയ പിഴവ് തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നും ഓദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണ് ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്നും പല നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ചെറുതല്ലാത്ത പ്രതിസന്ധിയിലാണ് തോമസ് ഐസക് എത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

ആദ്യ ബജറ്റ് തന്നെ ചോര്‍ന്ന ചരിത്രമാണ് കേരളത്തിനുള്ളത്. 1957ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയായിരുന്ന സി അച്യുത മേനോനാണ്. നികുതി നിര്‍ദ്ദേശങ്ങളടക്കം ബജറ്റിന്റെ പൂര്‍ണ രൂപം ചോര്‍ന്നു. ഗവണ്‍മെന്റ് പ്രസിലെ പരിശോധനകളെ മറികടന്ന് കമ്പോസിറ്ററായ പിസി പിള്ളയാണ് ബജറ്റ് ചോര്‍ത്തി കെ ബാലകൃഷ്ണന്‍ പത്രാധിപരായിരുന്ന കൗമുദി പത്രത്തിന് കൊടുത്തത് എന്നാണ് പറയുന്നത്. പ്രസിലെ ജീവനക്കാരെ പരിശോധനയ്ക്ക് ശേഷം മാത്രമേ പുറത്തുവിടാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ യൂണിയന്‍ നേതാവായ പിസി പിള്ളയെ പരിശോധനയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പറയുന്നത്. ഇത് എത്രത്തോളം വിശ്വാസയോഗ്യമാണ് എന്ന് സംശയിക്കാം. ആര്‍എസ്പിക്കാരനായ താന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള വിരോധം കാരണമാണ് അത് ചെയ്തതെന്ന് പിസി പിള്ള പിന്നീട് പറഞ്ഞു.

സംഭവം വലിയ വിവാദമായി. പൊലീസ് അന്വേഷണം നടന്നെങ്കിലും വലിയ കാര്യമൊന്നുമുണ്ടായില്ല. കെ ബാലകൃഷ്ണനും പിസി പിള്ളയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജി വേണുഗോപാലും പത്രത്തിന്റെ എഡിറ്റര്‍ കൈനിക്കര പത്മനാഭ പിള്ളയും കേസില്‍ പ്രതികളായി. എന്നാല്‍ കോടതി 45 രൂപ പിഴ മാത്രം ഈടാക്കി പ്രതികളെ വെറുതെ വിടുകയായിരുന്നു. കെഎം മാണി ധനമന്ത്രിയായിരിക്കെ പലപ്പോഴും ബജറ്റ് ചോര്‍ന്നതായും ബജറ്റ് വിറ്റതായും വരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമാവുകയും സാങ്കേതികമായി ബജറ്റിന്റെ ആമുഖം വായിച്ച് ബജറ്റ് അവതരിപ്പിച്ചതായി ഭരണപക്ഷം സംതൃപ്തി അടയുകയും ചെയ്ത ബജറ്റിലും ഈ ആരോപണം വന്നു. ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലെ പ്രധാനരേഖ ചോര്‍ന്നതായും ആരോപണമുയര്‍ന്നിരുന്നു.

തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി 48 മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രധാന വിവരങ്ങള്‍ പുറത്തായിരുന്നു. ഹൈലൈറ്റ്‌സ് എന്ന് പറയുന്ന, ബജറ്റ് സംബന്ധിച്ച് 15 പേജുള്ള കുറിപ്പ് 9.48ന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് 31 പേര്‍ക്ക് ഇ മെയില്‍ ആയി അയച്ചു. ആ സമയത്ത് ബജറ്റ് പ്രസംഗത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗമേ ആയിരുന്നുള്ളൂ. തുടര്‍ന്ന് 10.26-ന് ധനമന്ത്രിയുടെ ഓഫീസിന്റെ മെയില്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ഇത് ഇ മെയിലില്‍ ആയി ലഭിച്ചു. ആദ്യം അയച്ചവര്‍ക്കും വീണ്ടും അയച്ചു. ഇതിന് പിന്നാലെ ബജറ്റിന്റെ ഉള്ളടക്കം വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. എപിഎസ് പിആര്‍ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് ആദ്യ മെയില്‍ പോയത്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയുടെ മെയില്‍ ഐഡിയില്‍ നിന്നായിരുന്നു 10.26-നുള്ള മെയില്‍.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എങ്ങനെ ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്ന ചോദ്യമുണ്ട്. ഇത് നിയമപരമായി തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ധനമന്ത്രിക്ക് പുറമെ ധനവകുപ്പ് സെക്രട്ടറി, സെക്രട്ടറിയേറ്റില്‍ ബജറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമേ ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അത് കാണാന്‍ പാടുള്ളു എന്നാണ് നിയമം. മന്ത്രിയെക്കൂടാതെ, ബജറ്റ് രേഖ പുറത്തുപോയതിന് ഉത്തരവാദിയെന്ന് പറയുന്ന മനോജ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ഔദ്യോഗിക രഹസ്യനിയമം (1923) പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 5 (2) പ്രകാരവും കോടതിയില്‍ പരാതി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പ്രോസിക്യൂഷനൊപ്പം ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ബജറ്റ് രേഖകള്‍ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ലാത്ത ആളായിട്ടും മനോജിനെ ഇത് ഏല്‍പിച്ച ഉദ്യോഗസ്ഥരേയും കണ്ടുപിടിക്കണം. ബജറ്റ് രേഖകള്‍ ധനമന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കെ അദ്ദേഹത്തിന് ചോര്‍ച്ചയിലുള്ള പങ്കും അന്വേഷിക്കണം എന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ രേഖ പുറത്ത് പോയെന്ന് വ്യക്തമായ സാഹചര്യത്തില്‍ സംഭവം നിസാരവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുമ്പ് യുഡിഎഫ് ഭരണകാലത്ത് ബജറ്റ് രേഖകള്‍ പുറത്ത് വന്നിരുന്നതായും അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ചെന്നും ഭരണപക്ഷം ന്യായം പറയുന്നു. ഈ ന്യായീകരണം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് നല്‍കിയവര്‍ മറുപടി പറയേണ്ടി വരും. ബജറ്റ് ഹൈലൈറ്റ്സ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സദുദ്ദേശപരമായിരിക്കും. എന്നാല്‍ സാങ്കേതികമായി തെറ്റ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തോടെ ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഹൈലൈറ്റ്സ് തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനെ പറ്റി സര്‍ക്കാര്‍ പുനരാലോചന നടത്താനിടയുണ്ട്.

ബജറ്റ് രേഖകള്‍, സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചോര്‍ത്തുന്നത് ഔദ്യോഗിക രഹസ്യനിയമം, ഐപിസി 5 (2), 5 (1) (b), 120 (B) വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. കെ ബാലകൃഷ്ണനുമായുള്ള കേസില്‍, ബജറ്റ് രേഖ, ഔദ്യോഗിക രഹസ്യത്തിന്റെ പരിധിയില്‍ വരുമെന്നും അവതരണത്തിന് മുമ്പ് പ്രസിദ്ധീകരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നന്ദലാല്‍ മോറും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളും തമ്മിലുള്ള കേസിന്റെ വിധിയിലും പാര്‍ലമെന്റിലോ, നിയമസഭയിലോ അവതരിപ്പിക്കുന്നത് വരെ ബജറ്റ് നിര്‍ദ്ദേശം പുറത്തു പോകരുതെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ പരിധിയില്‍ സംസ്ഥാന ബജറ്റ് വരുമോ എന്ന സംശയവും ചില നിയമ വിദഗ്ധര്‍ക്കുണ്ട്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഔദ്യോഗിക രഹസ്യ നിയമത്തില്‍ (Official Secrets Act (1923)) സ്റ്റേറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നാഷന്‍ എന്നാണ്. ഇന്ത്യ ഗവണ്‍മെന്‍റ് അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്ന വാദവുമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമുണ്ട്.

മനോജ് കെ പുതിയവിള

ബജറ്റിന്റെ sanctity (പവിത്രത) നഷ്ടപ്പെട്ടു എന്നാണ് പ്രതിപക്ഷ നേതാവ് വിലപിച്ചത്. അതില്‍ വലിയ കാര്യമുണ്ടോ എന്ന് സംശയം. അതിന് മാത്രം പവിത്രതയൊന്നും അതിന് അവകാശപ്പെടാനില്ല. അത് നമ്മുടെ ബജറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. അത്തരത്തിലുള്ള ധാരണകളൊക്കെ മാറേണ്ട കാലവുമായിരിക്കുന്നു. പവിത്രതയല്ല, വിശ്വാസ്യതയാണ് അതിന് വേണ്ടത്. അത് ചോര്‍ന്ന് പോയിട്ടുണ്ടോ എന്ന കാര്യം മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. ധനമന്ത്രിയോ സര്‍ക്കാരോ ബജറ്റ് വില്‍ക്കുകയോ ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തുകയോ ഇവിടെ ഉണ്ടായില്ല. മന്ത്രിയുടെ സ്റ്റാഫിന്റെ ജാഗ്രതയില്ലായ്മയുടെ പ്രശ്‌നം മാധ്യമപ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്തു എന്നതാണ് പ്രശ്‌നം. മാധ്യമങ്ങള്‍ക്ക് സഹായത്തിനായി കൊടുത്ത ഹൈലൈറ്റ്‌സിലൂടെ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പോ തലേ ദിവസമോ ഒന്നുമല്ല ഇത് സംഭവിച്ചിരിക്കുന്നത്. ബജറ്റ് അവതരണം തുടങ്ങി മിനുട്ടുകള്‍ക്ക് ശേഷമാണ്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ കിട്ടിയ ഒരു ആയുധം ഉപയോഗിച്ചു എന്ന് മാത്രം. അവരുടെ പണി അവര്‍ ചെയ്തു. അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ പ്രതിപക്ഷ നേതാവിനോ മറ്റാര്‍ക്കെങ്കിലുമോ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ വേണ്ടി മന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടുന്ന വിവരം വച്ച് വിവാദമുണ്ടാക്കിയത് ഒട്ടും ഉചിതമായില്ല എന്ന് പറയേണ്ടി വരും.

അതേസമയം ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വെട്ടിലായേക്കും എന്ന സൂചനകളുമുണ്ട്. ബജറ്റ് ചോര്‍ന്നു എന്നാരോപിച്ച് തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന 5 (2) വകുപ്പ് പ്രതിപക്ഷ നേതാവിന് തന്നെ തിരിച്ചടിയായേക്കും. ചോര്‍ന്നത് ബജറ്റ് രേഖകളാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരുന്നത് സ്പീക്കറായിരുന്നു. സഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത രേഖകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് കൈമാറാതെ, ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് സഭ ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം വിളിക്കുകയും സമാന്തര ബജറ്റ് അവതരണം പോലൊന്ന് സഭയ്ക്ക് പുറത്ത് നടത്തുകയുമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ബജറ്റ് ചോര്‍ന്നെന്ന വിവരം കിട്ടിയാല്‍ അത് പ്രതിപക്ഷ നേതാവിന് സ്പീക്കറെ അറിയിക്കാം. ബജറ്റ് ചോര്‍ന്നെന്നും അത് സംബന്ധിച്ച വിവരമോ രേഖയോ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന് സഭയില്‍ പറയാം. എന്നാല്‍ അദ്ദേഹം അതിന് പകരം ചോര്‍ന്നുവെന്ന് പറയുന്ന ഭാഗങ്ങള്‍ സഭയില്‍ വായിക്കുകയാണ് ചെയ്തത്.

രാവിലെ 11.46നാണ് ബജറ്റ് അവതരണം നിയമസഭയില്‍ പൂര്‍ത്തിയായത്. അതേസമയം 11.43ന് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം മീഡിയ റൂമില്‍ തുടങ്ങിയിരുന്നു. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ, രാവിലെ 11.15നാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ബജറ്റിന്റെ ചോര്‍ന്ന ഭാഗങ്ങളെന്ന് ആരോപിച്ച് ഏതാനും കടലാസുകള്‍ ഉയര്‍ത്തിക്കാട്ടിയത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് ബജറ്റ് രേഖകളായിരുന്നോ എന്ന് കാര്യം നിയമസഭയ്ക്ക് ഇനി പരിശോധിക്കാന്‍ കഴിയില്ല. കാരണം, അവ സഭയുടെ മേശപ്പുറത്തില്ല. ബജറ്റ് അവതരണം സഭയില്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതാണ് വിവാദമാകുന്നത്. ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് മാത്രമായാണ് വിവരങ്ങള്‍ ലഭിച്ചതെങ്കില്‍ ബജറ്റ് അവതരണം തീരുന്നതിന് മുമ്പ് തന്നെ ആ വിവരങ്ങള്‍ വാര്‍ത്താസമ്മേളനം വഴി ചോര്‍ത്തുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ സ്റ്റാഫ് ചെയ്ത അതേ കുറ്റം പ്രതിപക്ഷ നേതാവിനും ബാധകമാണെന്ന വിമര്‍ശനം പ്രസക്തമാകുന്നത്.

ഈ വാദമായിരിക്കും ബജറ്റ് അവലോകന ചര്‍ച്ചയില്‍ ഭരണപക്ഷത്തിന്റെ ശക്തമായ പ്രതിരോധം. ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുപോയത് വാര്‍ത്താക്കുറിപ്പാണെന്ന വാദത്തില്‍ ഭരണപക്ഷം ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്നാല്‍ ബജറ്റ് അവതരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് എങ്ങനെ അത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ്‌ നല്‍കുമെന്ന ചോദ്യം നിലനില്‍ക്കും. തനിക്ക് ചോര്‍ന്നുകിട്ടിയത് ബജറ്റ് രേഖയാണ് എന്ന വാദത്തില്‍ പ്രതിപക്ഷനേതാവ് ഉറച്ചു നിന്നാല്‍ 5 (2) വകുപ്പ് പ്രകാരമുള്ള നടപടികള്‍ അദ്ദേഹത്തിനെതിരെയും സ്വീകരിക്കണമെന്ന ആവശ്യം ഭരണപക്ഷത്ത് നിന്നുയര്‍ന്നേക്കാം. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതായി ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം നേടിയ മേല്‍ക്കൈ, വാര്‍ത്താസമ്മേളനത്തിലൂടെ നഷ്ടമാക്കിയെന്ന് വിലയിരുത്തേണ്ടി വരുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍