UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മ അറിയാൻ…മരണം ജീവിതത്തോട് മാപ്പ് ചോദിച്ച നിമിഷം

Avatar

റിബിന്‍ കരീം

തുലാവർഷ മഴയിൽ പൊതിഞ്ഞ വേദന നിറഞ്ഞ ഒരു രാത്രി അനുഭവം. അന്നത്തെ മഗ്രീബ് നമസ്കാരത്തിന് ശേഷമുള്ള പ്രാർത്ഥനയിൽ ആദ്യമായിട്ടായിരിക്കണം ദൈവത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം ആ പതിനെട്ടുകാരന് വന്നുചേർന്നത്. ട്യൂഷൻ ക്ളാസ്സ് കഴിഞ്ഞു വീട്ടിലെത്തിയ സമയം ലാൻഡ്‌ ഫോൺ മന്ത്രിച്ചത് ഒരു കൂട്ടുകാരന്റെ മരണവാർത്ത അറിയിക്കാൻ ആയിരുന്നു. അതിനേക്കാളേറെ അതവന്റെ വീട്ടിൽ അറിയിക്കുക എന്നതുകൂടി എന്റെ ദൗത്യമായി മാറിയിടത്ത് ആണ് ദുരന്തം ആരംഭിക്കുന്നത്.

ചലനമറ്റ പ്രതിമ പോലെ കൂട്ടുകാരന്റെ ബൈക്കിൽ മരണ വാർത്ത അറിയിക്കാൻ പുറപ്പെടുമ്പോൾ സ്വയം ഒരു കാലൻ ആയി അനുഭവപ്പെട്ടു !! വീടിന്റെ ഗേറ്റിൽ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്ന സ്വതവേ ഗൌരവക്കാരനായ അവന്റെ അച്ഛനെ മറികടന്നു കൊണ്ട് അകത്തു കയറുമ്പോൾ ശുണ്ഠി പിടിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്. “അവൻ ഇന്നിങ്ങ്‌ വരട്ടെ , വൈകുമ്പോൾ വിളിച്ചു പറയണം അല്ലെങ്കിൽ പറഞ്ഞിട്ട് പോകണം എന്ന് നൂറു തവണ പറഞ്ഞിട്ടുണ്ട്. വൈകീട്ട് പഴംപൊരി വേണം എന്ന് പറഞ്ഞു പഴവും മേടിച്ചു തന്നിട്ട് പോയ ചെക്കനനാണ് “. എന്നെ കണ്ടതും എന്തോ ചോദിക്കാൻ മുതിര്‍ന്ന അമ്മയുടെ മുഖത്ത് നോക്കാൻ ത്രാണി ഇല്ലാതെ ഞാൻ ആ വീട് വിട്ടിറങ്ങി. കൂട്ടുകാരനോട് അവന്റെ ചെവിയില്‍ പറഞ്ഞു എനിക്കതിനു കഴിയില്ല, വേറെ ആരോടെങ്കിലും പറയൂ… 

8 വർഷങ്ങൾക്കിപ്പുറം ഇന്നും ഞാൻ ആ അമ്മയെ കാണാറുണ്ട്. ഇനിയും തോർന്നിട്ടില്ലാത്ത അവരുടെ കണ്ണുനീരും. ആ കുടുംബത്തിലെ മറ്റെല്ലാവരും അവന്റെ മരണത്തെ അതിജീവിച്ചപ്പോൾ അവര്‍ക്കത് സാധിച്ചില്ല. ത്യാഗത്തിന്റെ പര്യായമായി ചിത്രീകരിക്കുന്ന അമ്മമാരുടെ ഗ്ലോറിഫൈഡ് കഥകളോട് പലപ്പോഴും പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ. സ്വന്തം കുട്ടിയെ മുലയൂട്ടാനായി പാതിനെഞ്ചം കെട്ടിമറക്കരുതെന്നു പറയുന്ന ഒ.എന്‍.വി.യുടെ സങ്കല്‍പത്തിലെ അമ്മ മുതല്‍ സുനാമി തിരമാലകള്‍ വീട്ടിലെത്തിയപ്പോള്‍ സ്വയം വെള്ളത്തില്‍ മുങ്ങിയിട്ടും കുഞ്ഞിനെ മുകളില്‍ ഉയര്‍ത്തിപ്പിടിച്ച അമ്മമാര്‍ വരെ.. അങ്ങനെ അമ്മമാരുടെ എത്രയോ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ പക്ഷെ അമ്മമാരെ കുറിച്ച് ഓർക്കാൻ ഇടയായത് അതിര്‍ത്തി കടന്നു വന്ന ഒരു വാര്‍ത്തയാണ്.

ഭീകരവാദം ഉപേക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ഐസിസ് പ്രവർത്തകനായ മകൻ അമ്മയെ പരസ്യമായി വെടിവെച്ച് കൊന്നിരിക്കുന്നു. ഒരുപക്ഷെ മരണം ജീവിതത്തിനോട് മാപ്പ് പറഞ്ഞിട്ടുണ്ടാവണം ആ മകന്റെ വെടിയുണ്ട അമ്മയുടെ ജീവനെടുക്കുന്നതിനു മുന്‍പ്. സിറിയയിലെ രക്കയിൽ ഭീകര സംഘടനയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ലെന അൽ ഖാസിം ആണ് മകന്റെ വെടിയേറ്റ്‌ മരിച്ചത്. 

ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ ഇറക്കിക്കിടത്തിയ ഹരിയുടെ ശവശരീരം കണ്ട് സുഹൃത്ത് പറയുന്നുണ്ട്, എനിക്ക് പരിചയമുള്ള മുഖമാണ്, എന്നാല്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന്. പിന്നീട് നിരവധി ആളുകളിലൂടെയാണ് ആ തിരിച്ചറിയല്‍ പൂര്‍ണ്ണമാവുന്നത്. ഹരിയുടെ മരണ വിവരം അവന്റെ അമ്മയോട് പറയാനുള്ള യാത്രയില്‍ അവര്‍ നിരവധി സുഹൃത്തുക്കളുടെ വീടുകളില്‍ കയറുന്നുണ്ട്. എല്ലാ സ്ഥലത്തും അമ്മമാരോട് ഹരിയുടെ ആത്മഹത്യ വിവരം പറയുന്നു. എല്ലാവരും അമ്മമാരോട് യാത്ര പറഞ്ഞ് അവരോടൊപ്പം ചേരുന്നു.

വീടുവിട്ടിറങ്ങിപ്പോകുന്ന ഉണ്ണികളുടെ അമ്മമാരെയാണ് ‘അമ്മ അറിയാനില്‍’ നാം കാണുന്നത്. അവരിലേറെയും നിസ്സഹായരുമാണ്. അമ്മയെ വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നണിയിലേക്കു നീക്കി നിര്‍ത്തുന്ന രണ്ടു കൃതികള്‍ റിയലിസ്റ്റു സാഹിത്യ പ്രസ്ഥാനത്തിന്റെ ബാക്കിപത്രമായി നമ്മുടെ മുന്നിലുണ്ട്. മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’യും ചെറുകാടിന്റെ ‘മുത്തശ്ശി’യുമാണവ. രണ്ടു നോവലുകളിലും തങ്ങളുടെ യാഥാസ്ഥിതിക കുടുംബ സാമൂഹ്യ പശ്ചാത്തലത്തെ മുറിച്ചു കടന്നുകൊണ്ടാണ് ആ അമ്മമാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പമെത്തുന്നത്. കുടുംബത്തിലേക്കും അമ്മമാരിലേക്കും രാഷ്ട്രീയം ചെന്നെത്തുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് എല്ലാ സങ്കീര്‍ണ്ണതകളോടെയും ബോദ്ധ്യപ്പെടുത്തുന്ന നോവലുകളാണവ.

ഇവിടെ ലെന അൽ ഖാസിം ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെയും ഭാഗവാക്ക് ആകുന്നില്ല, വീട് വിട്ടിറങ്ങിയ ഉണ്ണിയെ തിരഞ്ഞു അലയുന്നില്ല. പക്ഷെ ഒരു ഭീകര പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ മകനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവർ സ്വന്തം ജീവൻ ത്യജിച്ചിരിക്കുന്നു. മകൻ കൊല്ലപ്പെടും എന്ന ഭയം. മനസ്സിലെ നന്മ ഇവയെല്ലാം ആയിരിക്കണം ഒരുപക്ഷെ അവരെക്കൊണ്ട് ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ചരിത്രത്തിലേക്ക് ഒന്ന് ചെവി ചേര്‍ത്ത് വെയ്ക്കുമ്പോൾ തൂവലുകള്‍ കൊണ്ട് ചരിത്രമെഴുതാന്‍ ശ്രമിച്ചു ചരിത്രത്തിന്റെ ഭാഗമായി മാറിയവര്‍ ശബ്ദമില്ലാതെ, ഭാഷയില്ലാതെ കരയുന്നത് കേൾക്കാം. ഹൃദയമില്ലാത്തവരാല്‍ ഒറ്റു കൊടുക്കപ്പെട്ടവർ, മറ്റുള്ളവരുടെ മുറിവുകളെ സ്വന്തം വേദന ആക്കിയവരാണവര്‍, അവരിലൊരാളാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ജീവിതത്തിൽ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ആ അമ്മ എന്റെ കൂടി വേദന ആവുകയാണ്. എന്റെ മാത്രം അല്ല, മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യന്റെയും. 

നീ എന്നെ മറന്നിരിക്കാം 
ഒരു വാതിലിന്റെ കരകരപ്പിലൂടെ അമ്മ പറഞ്ഞു
പക്ഷെ നിന്നെ ഒരു നിമിഷം പോലും ഞാന്‍ മറന്നിട്ടില്ല.
അഥവാ ഞാന്‍ മറന്നാല്‍… കരുതിയിരുന്നോളൂ.

ജോർജ് സിയെർതെഷിന്റെ വിസ്മരിക്കപ്പെട്ട അമ്മ എന്ന കവിതയിലെ വരികളാണ്.  ഒന്നോ രണ്ടോ ദിവസം നാട്ടിലേക്ക് വിളിക്കാൻ വൈകിയാൽ നീ എന്നെ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലെന്ന് പറയുന്ന ഒരമ്മ എനിക്കും ഉണ്ട്. അവരെ ഞാൻ എന്നും ഓർക്കാറുണ്ട്. ജീവിതത്തിൽ ആരുടെ എങ്കിലും വാക്കുകൾക്കു കീഴ്പ്പെട്ടിട്ടുണ്ടെങ്കിൽ അതവരുടേതാണ്. പക്ഷേ ഈ കഴിഞ്ഞ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയത് ലെന അൽ ഖാസിം എന്ന 45 കാരിയായ അമ്മ ആണ്.

അമ്മ അറിയാൻ ……

ചരിത്രത്തിൽ നമ്മുടെ സ്ഥാനം നിർണയിക്കുന്നത് നമ്മുടെ നിലപാടുകൾ ആണ്, തീരുമാനങ്ങൾ ആണ്. ഇരയുടെ കൂടെയാണോ വേട്ടക്കാരുടെ കൂടെയാണോ എന്ന് നിശ്ചയിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇപ്പോഴും അവശേഷിക്കുന്നു. ഇത് എന്റെ ഊഴം ആയി ഞാൻ കരുതുന്നു. സിറിയയിലെ രക്കിൽ ജീവിച്ചു മരിച്ച, ഇന്നലെ വരെ ഒരു അപരിചിത ആയിരുന്ന നിങ്ങൾ എനിക്കിന്ന് പരിചിതയാണ്. ഓര്‍മ്മയാണ്. വേദനയാണ്. നിങ്ങളുടെ രക്തസാക്ഷിത്വത്തിന്റെ വേദന മറികടക്കാൻ ഞാൻ ഇതുവരെ ആര്‍ജ്ജിച്ചെടുത്ത ഒരറിവിനും അനുഭവത്തിനും കഴിയുന്നില്ല. അതെന്റെ മാത്രം പരിമിതി ആയിരിക്കാം. മരിച്ചു പോയ ഒരു ജനതയുടെ ഇടയിൽ ആണ് അമ്മ ജീവിച്ചിരുന്നത്. അവര്‍ക്ക് നിങ്ങളെ ആവശ്യം ഇല്ല. മനുഷ്യരുടെ തലയോട്ടിയിലേക്ക് വെടി ഉതിര്‍ക്കാൻ മടി ഇല്ലാത്തവരെയാണ് ആവശ്യം. ‘ഈ ലോകത്തെ മുഴുവൻ അമ്മമാര്‍ക്കും ഒരുമിച്ചിരിക്കാൻ ഒരു ഇടം നൽകിയാൽ എല്ലാ യുദ്ധങ്ങളും അവസാനിക്കും’ എന്ന് ജെയിംസ് ഫോസ്റ്റർ. അങ്ങനെ ദിനം സമാഗതം ആയാൽ അമ്മയുടെ പേര് അവിടെ തങ്കലിപികളിൽ രേഖപ്പെടുത്തും. കാലവും ചരിത്രവും സാക്ഷിയാവും.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍