UPDATES

വിദേശം

യസീദി സ്ത്രീകള്‍ക്ക് കുര്‍ദ്ദിസ്ഥാന്‍ വക കന്യകാത്വ പരിശോധന

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ജിഹാദികളുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിട്ടു പോലും ഇസ്ലാമിക് സ്റ്റേറ്റ് അടിമകളാക്കി വച്ചിരുന്ന ചില സ്ത്രീകള്‍ക്ക് കഠിനമായ നടപടികളിലൂടെ കടന്നു പോകേണ്ടി വന്നു.

‘ഹ്യൂമന്‍ റൈറ്റ്സ് വാച്ചി’ലെ ഒരു ഗവേഷക നല്‍കിയ വിവരപ്രകാരം ഐഎസിനാല്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന യസീദി വംശത്തിലെ അവിവാഹിതകളായ ചില സ്ത്രീകളില്‍ ഇറാക്കിലെ കുര്‍ദിസ്ഥാന്‍ പ്രാദേശിക ഗവണ്‍മെന്‍റിന്‍റെ ഉദ്യോഗസ്ഥര്‍ സ്വകാര്യതയെ മാനിക്കാതെ, അതിക്രമിച്ചുള്ള പരിശോധനകളാണ് നടത്തിയത്.

‘കുര്‍ദിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുവെങ്കിലും അവിവാഹിതരായ ചില സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘കന്യകാത്വ പരിശോധന’യ്ക്ക് വിധേയരാക്കി. അധിക്ഷേപിക്കുന്നതും ശരിയല്ലാത്ത രീതിയില്‍ ഉള്ളതുമായ ഈ നടപടി ബലാല്‍സംഗത്തിനു ശേഷമുള്ള പരിശോധനയുടെയും ഫോറെന്‍സിക് പരിശോധനയുടെയും ഭാഗമായായിരുന്നു,’ HRW (Human Rights Watch) യുടെ റോത്ന ബേഗം എഴുതുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വ്യവസ്ഥാപിത ബലാല്‍സംഗ പരിപാടിയുടെ ഇരകളായ നിരവധി സ്ത്രീകളെ റോത്ന ബേഗവും സഹപ്രവര്‍ത്തകരും ഇന്‍റര്‍വ്യു ചെയ്തിരുന്നു. “ഐസിസ് കുറ്റകൃത്യങ്ങളുടെ തെളിവ് ശേഖരിക്കുന്ന കമ്മറ്റിയുടെ തലവനായ ജഡ്ജി അയ്മന്‍ ബാമെര്‍നി പറയുന്നത് ഈ പരിശോധനകള്‍ ബലാല്‍സംഗ കുറ്റത്തിന്‍റെ തെളിവായാണ് ഇറാക്കി കോടതികള്‍ കാണുന്നത് എന്നാണ്,” ബേഗം പറയുന്നു.

“പരക്കെ വിശ്വസിക്കപ്പെടുന്നതും കൃത്യമല്ലാത്തതുമായ ഒരു കാര്യമാണ് കന്യകകളായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കന്യാചര്‍മം കുഴപ്പം പറ്റാതെ ഉണ്ടായിരിക്കുമെന്നും ആദ്യ സംഭോഗത്തില്‍ അവ മുറിഞ്ഞു ചോര വരും എന്നതും. ആ പരിശോധനകള്‍ ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നവയാണ്,” ബേഗം വിശദീകരിച്ചു. “ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു നിശ്ചയിക്കുന്നതിന് ഈ പരിശോധനകള്‍ ഒട്ടും ഫലവത്തല്ല.”

ഈയടുത്തായി കുര്‍ദിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ഈ പരിശോധനകള്‍ നിര്‍ത്തലാക്കിയെന്നും യുണൈറ്റഡ് നേഷന്‍സിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നതായി കാണുന്നുവെന്നും ബേഗം പിന്നീട് കൂട്ടിച്ചേര്‍ത്തു.

അടുത്ത കാലത്തെ ഒരു യു‌എന്‍ റിപ്പോര്‍ട് പ്രകാരം ഏകദേശം 3,500ഓളം ഇറാക്കികള്‍ ഐസിസ് ബന്ധനത്തിലുണ്ട്. ഇതില്‍ ഏറെപ്പേരും അവിശ്വാസികളായി കണക്കാക്കപ്പെടുന്ന യസീദി വംശത്തിലെ സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഈ കാരണത്താല്‍ ജിഹാദികള്‍ ഇവരെ നൂറുകണക്കില്‍ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍