UPDATES

വിദേശം

സിറിയയിലേക്ക് കരസേന; സൌദിയും തുര്‍ക്കിയും പിന്നീട് തീരുമാനിക്കും

Avatar

ലവ്‌ഡേ മൊറിസ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)      

സിറിയയിലേക്ക് കരസേനയെ അയക്കുമെന്ന പ്രസ്താവനയില്‍ നിന്ന് സൗദി അറേബ്യയും തുര്‍ക്കിയും പിന്നോട്ട്. ഇരു രാജ്യങ്ങളും നിലപാട് മയപ്പെടുത്തി. മുന്‍കൂട്ടി തീരുമാനിച്ച വെടിനിര്‍ത്തല്‍ നടപ്പാകുമോ എന്നും യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ അനുമതിക്കായും കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയിലേക്ക് കരസേനയെ അയക്കുന്ന കാര്യം സൗദിയുടെ ഗൗരവ പരിഗണനയിലാണെന്നും എന്നാല്‍ യുഎസും റഷ്യയും അംഗീകരിച്ച വെടിനിര്‍ത്തല്‍ നടപ്പിലാകുമോ എന്ന് വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു സൗദി നയതന്ത്രജ്ഞന്‍ പറഞ്ഞു. കരസേനയെ അയക്കുന്ന കാര്യം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദല്‍ അല്‍ ജുബൈര്‍ പറയുന്നു. സമയം തങ്ങളല്ല നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരസേനയെ അയക്കുന്ന കാര്യം തുര്‍ക്കിയും പരിഗണിക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത സൗദി നയതന്ത്രന്‍ പറയുന്നു. പ്രത്യേക സേനാ വിഭാഗങ്ങളില്‍ നിന്നുള്ള സൈനികരെ ആയിരിക്കും സൗദി അയക്കുകയെന്നും എന്നാല്‍ വിശദമായ പദ്ധതി തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ ആഴ്ചയോടെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ലോക ശക്തികള്‍ ആവശ്യപ്പെടുമ്പോള്‍ നേരത്തെ തന്നെ നൂലാമാലകള്‍ നിറഞ്ഞ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇറാന്‍, ഇറാഖ് സൈനികര്‍ ഉള്‍പ്പെടുന്ന സിറിയയുടെ സര്‍ക്കാര്‍ സേനയുടെ മുന്നേറ്റം ആലെപ്പോ നഗരത്തോടടുക്കുമ്പോള്‍ റഷ്യ വ്യോമാക്രണം നടക്കിക്കൊണ്ടിരിക്കുകയാണ്. യുഎസ്, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയുള്ള വിമത ഗ്രൂപ്പുകള്‍ വലിയ തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇതാണ് സൗദിയെ പുതിയ നീക്കത്തിന് പ്രേരിപ്പച്ചതെന്നും നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും സൗദിയിലെ ഇറാന്റെ സ്വാധീനവും ചെറുക്കുകയാണ് ലക്ഷ്യം. സമയം അതിക്രമിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ‘സമാധാന നടപടികള്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. അതു പരാജയപ്പെടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ സാഹചര്യങ്ങള്‍ അപ്പാടെ മാറും,’ അദ്ദേഹം പറഞ്ഞു.

സൗദിയും തുര്‍ക്കിയും ഏതാണ്ട് ഒരേ നിലപാടിലാണെങ്കിലും തുര്‍ക്കി സിറിയയിലെ കുര്‍ദിഷ് സേനകളെ നേരിടുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘തുര്‍ക്കി സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദാഇഷ് (ഇസ്ലാമിക് സ്റ്റേറ്റ്) ഒരു ഭീഷണിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കുര്‍ദിഷ് ഗ്രൂപ്പുകളെ ഇല്ലാതാക്കാനും അവര്‍ ഇതോടൊപ്പം ശ്രമിക്കുന്നു,’ നയതന്ത്രജ്ഞന്‍ പറഞ്ഞു.

വടക്കന്‍ സിറിയയിലെ ഒരു വ്യോമസേനാ താവളം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കുര്‍ദിഷ് സേനകള്‍ക്കു നേരെ തുര്‍ക്കി ഷെല്ലാക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പോര് രൂക്ഷമാക്കരുതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ തുര്‍ക്കിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുഎന്‍ രക്ഷാ സമിതിയില്‍ സിറിയ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി സേന സിറിയയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്മത് യില്‍മാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നൂറോളം തോക്കുധാരികളായ തുര്‍ക്കി സൈനികര്‍ രാജ്യത്തു പ്രവേശിച്ചതായി ശനിയാഴ്ച സിറിയ ആരോപിച്ചിരുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വാദം യില്‍മസ് നിഷേധിച്ചിട്ടുണ്ട്. തുര്‍ക്കി സേന സിറിയയില്‍ പ്രവേശിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഈ പ്രസ്താവന സൗദി നയതന്ത്രജ്ഞന്റെ വാക്കുകളോട് പൊരുത്തപ്പെടുന്നില്ല. സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നകാര്യം ഈയിടെ ത്രിദിന സൗദി സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി പ്രധാനമന്ത്രി അഹ്മത് ദവുതൊഗ്ലുവമായി സൗദി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ‘തുര്‍ക്കി കരസേനാ മുന്നേറ്റത്തിന് ഏതിരല്ല. സമാധാന നടപടികള്‍ക്ക് ഒരു അവസരം നല്‍കണമെന്നു പറയാനാണ് അവര്‍ ആഗ്രഹിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലേക്ക് അയക്കുന്ന സേനയില്‍ പ്രത്യേക സേനാംഗങ്ങള്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂവെന്നും സേനയുടെ വലിപ്പം എത്രത്തോളമായിരിക്കുമെന്നത് തീരുമാനിക്കാനിരിക്കുന്നതെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലെ ഇന്‍സിര്‍ലിക് വ്യോമസേനാ കേന്ദ്രത്തിലേക്ക് നാല് എഫ്-16 പോര്‍വിമാനങ്ങള്‍ എത്തിക്കാനുള്ള തീരുമാനം സൗദി അറിയിച്ചിട്ടുണ്ടെന്നും യില്‍മാസ് സ്ഥിരീകരിച്ചു. ‘തുര്‍ക്കിയിലെ വ്യോമ താവളത്തില്‍ സൗദി പോര്‍ വിമാനങ്ങളെത്തിക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമായാണ്,’ വിദേശകാര്യ മന്ത്രി ജുബൈര്‍ കഴിഞ്ഞ ദിവസം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സിറിയയില്‍ കരയുദ്ധം നടത്തുന്നതിനായി പ്രത്യേക സേനയെ അയക്കാനുള്ള സൗദിയുടെ സന്നദ്ധതയ്ക്ക് ദാഇഷിനെതിരെ കരയുദ്ധത്തില്‍ പങ്കെടുക്കണമെന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തീരുമാനവുമായി ബന്ധമുണ്ട്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍