UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചിനോ അതോ ഗാംഗുലിയോ? ഫുട്ബോള്‍ ലോകം ചോദിക്കുന്നു

Avatar

അജിത്ത് ജി നായര്‍

സച്ചിനോ അതോ ഗാംഗുലിയോ? കേരളമോ അതോ ബംഗാളോ? മുബൈയിലെ  ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ  ഈ ചോദ്യങ്ങൾക്കെല്ലാം ഇന്ന് വൈകിട്ട് 9 മണിയോടെ ഉത്തരം കിട്ടും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻറെ ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്റ്റേര്‍സും  സൗരവ്  ഗാംഗുലിയുടെ  അത്ലെറ്റിക്കോ ഡി കൊൽക്കത്തയും തമ്മിലുള്ള  കലാശ പോരാട്ടത്തിന് ഇന്ത്യന്‍ ഫുട്ബോള്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു.

നിലവിലെ സ്ഥിതി അനുസരിച്ച് രണ്ടു ടീമുകൾക്കും തുല്യ സാധ്യതയാണ് ഉള്ളത്. മുന്നേറ്റ   നിരയിൽ പരുക്കിന്‍റെ പിടിയിലായ ഫിക്രു  ടഫേര  ഇന്ന് കളിക്കില്ല എന്നത് കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. ഫിക്രുവിന്റെ അഭാവത്തിൽ മലയാളിയായ മുഹമ്മദ് റാഫി മുന്നേറ്റ നിരയിൽ കളിക്കും.  മുഹമ്മദ് റാഫിക്ക് കൂട്ടായി ബൽജീത് സാഹ്നിയും ഉണ്ടാവും . മധ്യ നിരയിൽ ബോർഹാ ഫെർണണ്ടെസ്സും, ജോഫ്രിയും  ലൂയിസ് ഗാർഷ്യയും യാക്കുബ് പോടാനിയും ആദ്യ ഇലവനിൽ കാണും. ഡെൻസിൽ ഫ്രാങ്കോയും അർനാബ് മോണ്ടാലും മോഹൻരാജും പ്രതിരോധം കാക്കും . സുഭാഷിഷ്  റോയ് ചൌധരി തന്നെയാവും വലകാക്കുക.

കേരളാ നിരയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയില്ല കഴിഞ്ഞ  മത്സരത്തിൽ ചുവപ്പ്  കാർഡ് കണ്ട ജാമി മാക്അലിസ്റ്റെറിന് പകരം സെഡ്രിക് ഹിംഗ്ബെര്‍ട്  കളിച്ചേക്കും. കോളിൻ ഫാൽവിയും  സന്ദേശ് ജിങ്കനും നിർമൽ ഛേത്രിയും ഒപ്പമുണ്ടാവും. മധ്യ നിരയിൽ കളി മെനയാൻ സ്റ്റീഫൻ പിയേര്‍സനും കാണും.  ഒപ്പം  പെഡ്രോ ഗുസ്മാവോയും. ക്യാപ്റ്റൻ  പെൻ ഓർജി പകരക്കാരന്റെ റോളിലാവും. ഇയാൻ ഹ്യും നയിക്കുന്ന മുന്നേറ്റ നിര ചെന്നെയ്ക്കെതിരായ ആദ്യ പാദസെമിയിലെ പ്രകടനം പുറത്തെടുത്താൽ കേരളത്തിന് ഭയപ്പെടാനൊന്നുമില്ല . ഗോളി ആര് എന്ന കാര്യത്തിൽ മാത്രമാണ് അർദ്ധ ശങ്കയ്ക്ക് വകയുള്ളത്.

ഇതേവരെയുള്ള കണക്കെടുത്ത് നോക്കിയാൽ കേരളത്തിന്റെതാണ് ഏറ്റവും ശക്തമായ പ്രതിരോധ നിര . ടൂർണമെന്റിൽ ഏറ്റവും കുറവ്  ഗോൾ വഴങ്ങിയ ടീമുകളാണ് കേരളവും കൊല്‍ക്കത്തയും.  14 ഗോൾ വീതം വഴങ്ങി. കേരളം 13 ഗോൾ നേടിയപ്പോൾ കൊല്‍ക്കത്ത 16 ഗോൾ നേടി . എന്നാൽ കേരളത്തിന്റെ മുന്നേറ്റ നിരക്കാരൻ ഇയാൻ ഹ്യും 5 ഗോളുകൾ നേടിയപ്പോൾ. കൊല്‍ക്കത്തയുടെ മുഖ്യ താരം ഫിക്രു നേടിയതാവട്ടെ 4 ഗോളുകൾ മാത്രം .

അലക്സാന്‍ഡ്രോ ദെൽപിയറോയെ  പോലെയുള്ള  ഇതിഹാസ താരങ്ങള്‍ക്കൊപ്പം  കളിക്കുന്നത്  ഇന്ത്യൻ കളിക്കാരെ കൂടുതൽ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കി എന്നതാണ് ഐ എസ് എല്ലിന്റെ പ്രാധാന്യം. വിവാദ നായകൻ ഇറ്റലിയുടെ മാർക്കോസ്  മറ്റരാസിയും ഫ്രഞ്ച് താരം നിക്കോളാസ് അനൽക്കയെയും പോലുള്ള താരങ്ങൾ  ലീഗിന് കൊഴുപ്പേകി. ബ്രസീലിയൻ ഇതിഹാസം സീക്കൊയെപ്പോലുള്ള പരിശീലകർ ഇന്ത്യയിൽ പ്രൊഫെഷണൽ ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു . റോമിയോ ഫെർണാണ്ടസ്, സന്ദേശ്  ജിങ്കൻ , ധനചന്ദ്ര സിംഗ് , കാവിൻ ലൊബെ തുടങ്ങിയ താരങ്ങൾ ഈ ലീഗിന്റെ കണ്ടെത്തലുകളാണ് .  2017 ലെ യൂത്ത് ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നത് വളരെയധികം പ്രതീക്ഷകളാണ് സെപ്റ്റ് പോലുള്ള ഫുട്ബോൾ അക്കാദമികളിലൂടെ  കളിച്ചു വളർന്ന കളിക്കാര്‍ക്ക് നല്കുന്നത്. 

എന്തായാലും അവസാന വിസിൽ മുഴങ്ങുമ്പോൾ  ആദ്യ ഐ എസ് എല്‍  ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടും എന്നു തീർച്ച .  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍