UPDATES

വിദേശം

എന്താണ് ആക്ഷേപഹാസ്യം? ഇസ്ലാമും ഷാര്‍ലി ഹെബ്ദോയും വിമര്‍ശിക്കപ്പെടുമ്പോള്‍

Avatar

മര്യ ഹനൂന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മുസ്ലീങ്ങളുടെ വികാരം ഇത്ര എളുപ്പം വ്രണപ്പെടുന്നതെന്താണെന്ന് ഷാര്‍ളി ഹെബ്ദോ ആക്രമണങ്ങള്‍ നടന്ന് ആഴ്ചകള്‍ക്ക് ശേഷവും സുഹൃത്തുക്കള്‍ എന്നോട് ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടേയിരിക്കുന്നു. അവരൊന്നും തന്നെ ഇസ്ലാമിന്റെ പേരില്‍ ആക്രമണം നടത്തിയവരെക്കുറിച്ചല്ല പരാമര്‍ശിക്കുന്നത്. മറിച്ച്, ഈജിപ്തില്‍ ജനിച്ച വിദ്യാഭ്യാസ വിചക്ഷണനായ താരിഖ് റമദാനെ പോലെ ആക്രമണങ്ങളെയും അതിന് പ്രേരകമായ ബിംബങ്ങളെയും ഒരേ പോലെ എതിര്‍ക്കുന്നവരെക്കുറിച്ചാണ് അവര്‍ ചോദിക്കുന്നത്. ഒരു തമാശ ആസ്വദിക്കാന്‍ പോലും ആളുകളെ അശക്തരാക്കുന്ന തരത്തില്‍ എന്താണ് ഇസ്ലാമില്‍ ഉള്ളത് എന്നവര്‍ അത്ഭുതം കൂറുന്നു.

എന്നാല്‍ ഈ ചോദ്യം ഉന്നയിക്കുന്നവര്‍ ചില അടിസ്ഥാനപ്രശ്‌നങ്ങള്‍ വിസ്മരിക്കുന്നു. ആക്ഷേപഹാസ്യത്തിനോടുള്ള ഈ അസഹിഷ്ണുത ഇസ്ലാമിക സംസ്‌കാരത്തില്‍ രൂഢമൂലമായ ഒന്നല്ല എന്നതാണ് ആ പ്രശ്‌നം. മതബിംബങ്ങളെക്കുറിച്ച് ആദരവ് പുലര്‍ത്താത്ത നിരവധി കൃതികള്‍ സൃഷ്ടിക്കപ്പെട്ട പാരമ്പര്യം ഇസ്ലാമിക ചരിത്രത്തില്‍ തന്നെ കണ്ടെത്താനാവും. എല്ലാ കാലത്തും ഏറ്റവും സ്വാധീനം ചെലുത്തുകയും കൊണ്ടാടപ്പെടുകയും ചെയ്ത (വിവാദപരമായ രീതിയിലാണെങ്കില്‍ പോലും) അറബ് കവിയായ അബു നുവാസ് തന്നെ, ലൈംഗിക ചുവയുള്ളതും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതുമായ ദൈവനിന്ദപരമായ ബിംബങ്ങള്‍, തന്റെ ‘ഇസ്ലാമിക ആക്ഷേപഹാസ്യങ്ങളില്‍’ സ്ഥിരമായി ഉപയോഗിച്ചിരുന്നു എന്നു മാത്രമല്ല, അവ ഇപ്പോഴും പ്രചരിക്കുകയും ചെയ്യുന്നു.

എട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം മുതല്‍ 13-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ നിലനിന്നിരുന്ന ഇസ്ലാമിക സാമ്രാജ്യമായ അബ്ബാസിദ് കാലഘട്ടത്തിന്റെ സുവര്‍ണനാളുകളില്‍ ബാഗ്ദാദില്‍ ജീവിച്ചിരുന്ന അബു നുവാസ്, ഖലീഫയുടെ പരമാധികാരത്തെ ഇടിച്ചുതാഴ്ത്തുകയും രാജസഭയുടെ അമിതാധികാരങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന തരത്തില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് വിരുദ്ധവും പ്രകോപനപരവുമായ ബിംബങ്ങള്‍ ചിത്രീകരിച്ചു.

ഇസ്ലാം എന്ന സ്ഥാപനത്തെ നേരിട്ടാക്രമിക്കുന്നതായിരുന്നു മിക്കപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍. ഉദാഹരണത്തിന്, ഒരു വര്‍ണാഭമായ കാവ്യശകലത്തില്‍, സ്വവര്‍ഗ ലൈംഗികതയെ ‘യഥാര്‍ത്ഥ ജിഹാദ്’ എന്ന് അദ്ദേഹം വിളിച്ചു. ‘ഇസ്ലാം’ എന്ന വാക്കിന്റെ സമര്‍പ്പണം (ദൈവത്തില്‍) എന്ന അര്‍ത്ഥത്തെ ചില ലൈംഗികാര്‍ത്ഥത്തില്‍ പ്രയോഗിച്ചുകൊണ്ട് ലൈംഗികബന്ധത്തിലൂടെ ‘സമര്‍പ്പിക്കുന്നതിനായി’ മുസ്ലീങ്ങള്‍ക്ക് അമുസ്ലീങ്ങളെ ആവശ്യമായി വരുമെന്ന് അദ്ദേഹം പരിഹസിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മറ്റൊരു കവിതയില്‍, രണ്ട് യുവാക്കള്‍ പ്രണയത്തില്‍ വീഴുകയും, ദിവസത്തില്‍ അഞ്ച് നേരം നിസ്‌കരിക്കാനായി അവരെ വിളിക്കുമ്പോഴൊക്കെ അവര്‍ കൃത്യമായി വ്യഭിചരിക്കുകയും ചെയ്യുന്നു. മതബിംബങ്ങളുടെ മേലുള്ള ഇത്തരം പരിഹാസം, ഷാര്‍ളി ഹെബ്ദോയില്‍ വന്ന കാര്‍ട്ടൂണുകളേക്കാള്‍ ഏതുതരത്തിലുള്ള താരതമ്യത്തിലും രൂക്ഷമാണെന്ന് കാണാം.

കുറച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം, അബു നുവാസിന്റെ അനുയായിയും ആന്‍ഡ്യുലീഷ്യന്‍ കവിയുമായ ഇബന്‍ സഹാല്‍, താന്‍ ജൂദായിസത്തില്‍ നിന്നും ഇസ്ലാമിലേക്ക് മതംമാറിയത് ഒരു പുതിയ കമിതാവിനെ തിരഞ്ഞെടുക്കുന്നതിനാണെന്ന് വിവരിക്കുന്ന ഒരു ഗാനം രചിക്കുകയുണ്ടായി. പ്രവാചകനെ നിന്ദാപരമായി പരാമര്‍ശിച്ചുകൊണ്ട് പവിത്രത നശിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇങ്ങനെ എഴുതുന്നു, ‘മുഹമ്മദിനെ പ്രേമിക്കുന്നതിനായി മോശയുടെ സ്‌നേഹം ഞാന്‍ ഉപേക്ഷിച്ചു’.
പ്രവാചകനെ കാമുകനായി ചിത്രീകരിക്കുന്ന ഈ പരാമര്‍ശത്തെക്കാള്‍ പ്രകോപനപരമാണോ ‘അവര്‍ ചിരിച്ചു മരിച്ചില്ലെങ്കില്‍ 100 ചാട്ടവാറടി’ എന്ന വായനക്കാര്‍ക്ക് വാഗ്ദാനം നല്‍കുന്ന കാര്‍ട്ടൂണ്‍? അല്ലെങ്കില്‍ പിന്‍ഭാഗത്തുനിന്നും തള്ളി നില്‍ക്കുന്ന ബുര്‍ക്കയുമായി ഓടുന്ന നഗ്നസ്ത്രീയുടെ ചിത്രം? നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ വരച്ചുകാട്ടുന്നതിനായി രണ്ടിലും മതചിഹ്നങ്ങളെ ആദരവില്ലാതെയും നിന്ദാപരമായും ചിത്രീകരിച്ചിരിക്കുന്നു.

എന്നാല്‍ ഇസ്ലാമിക ബിംബങ്ങളെ ഉപയോഗിക്കുമ്പോഴും ഈ രണ്ട് കവികളും മതവിശ്വാസത്തെയല്ല മറിച്ച് രാഷ്ട്രീയ, സാമൂഹിക സ്ഥാപനങ്ങളെയാണ് ആക്രമിക്കുന്നതെന്ന് കാണാം. അതിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് ഇസ്ലാമിനെ ഉപയോഗിക്കുമ്പോഴും സുഖഭോഗങ്ങളുടെ അത്യാര്‍ഭാടം നിറഞ്ഞ ഒരു അബ്ബോസിദ് രാജസദസിലായിരുന്നു അബു നുവാസ് പാര്‍ത്തിരുന്നത്. പിതൃരൂപങ്ങളെ ആക്രമിച്ചുകൊണ്ട് ഈ കാപട്യത്തെ പുറത്തുകൊണ്ടുവരാനും അധികാരത്തോട് സത്യത്തെ കുറിച്ച് സംസാരിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ഈ വികാരം ഷാര്‍ളി ഹെബ്ദോയുടെ വേരുകളില്‍ കിടക്കുന്ന ഒരു ഫ്രഞ്ച് രാഷ്ട്രീയ ആക്ഷേപഹാസ്യ കാര്‍ട്ടൂണിലാണ്, അല്ലാതെ ഇപ്പോള്‍ മാസികയെ ആകര്‍ഷകമാക്കുന്ന രീതിയില്‍ ഇസ്ലാമിനെ അധിഷേപിക്കുന്ന കാര്‍ട്ടൂണുകളല്ല കാണാന്‍ സാധിക്കുക. ഫ്രഞ്ച് വിപ്ലവത്തിന്റെ തലേദിവസം മേരി അന്റോയിനെറ്റിനെ നിന്ദിച്ചുകൊണ്ടിറക്കിയ പ്രശസ്തമായ കാര്‍ട്ടൂണായിരുന്നു അത്.

തങ്ങളുടെ പരിഹാസത്തിന്റെ ഉന്നമായി ഷാര്‍ളി ഹെബ്ദോ ഇസ്ലാമിക ബിംബങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ പിന്നില്‍ വളരെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളത്. ജനങ്ങള്‍ വിശ്വസിക്കുന്നതെങ്കിലും, പ്രശ്‌നാത്മകമായ യാഥാസ്ഥിതികത്വം എന്ന് തങ്ങള്‍ വീക്ഷിക്കുന്നതിനെ ഏതിര്‍ക്കുകയും പ്രകോപിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ അധികാരത്തെയല്ല ലക്ഷ്യമിടുന്നത്. മറിച്ച്, കഴിഞ്ഞ ഒരു ദശകമായി വര്‍ദ്ധിച്ചുവരുന്ന വിദേശവിദ്വേഷത്തിന്റെയും രാഷ്ട്രീയ വിവേചനത്തിന്റെയും ഇരയായ ഫ്രാന്‍സിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെയാണ്.

കഴിഞ്ഞ മാസം പാരീസില്‍ നടന്നതിന് എന്തെങ്കിലും ന്യായീകരണമുണ്ടെന്നോ, പ്രകോപനപരമാണ് എന്ന ഒറ്റക്കാരണത്താല്‍ ബിംബങ്ങള്‍ നിരോധിക്കണമെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ഞാന്‍ പൂര്‍ണമായും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തത്വങ്ങളില്‍ വിശ്വസിക്കുമ്പോഴും, അഭിപ്രായ സ്വാതന്ത്ര്യത്തെ നമ്മള്‍, വായനക്കാര്‍ വിവേകബുദ്ധിയോടെ സമീപിക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ചില നിശ്ചിത സാഹചര്യങ്ങളില്‍ അത് ആസ്വദിക്കുന്നവരെയും തങ്ങളുടെ ലക്ഷ്യങ്ങളായി അത് പ്രചരിപ്പിക്കുന്നവരെയും സംബന്ധിച്ചിടത്തോളം എന്താണ് ആക്ഷേപഹാസ്യം എന്ന് ചോദ്യമാണ് അത് ഇസ്ലാമിന് എന്താണ് എന്നതിനേക്കാള്‍ സാംഗത്യമുള്ള ചോദ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍