UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ അമേരിക്കന്‍ സഹോദരങ്ങള്‍ പിടിയില്‍

Avatar

കെവിന്‍ സള്ളിവന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ചിക്കാഗോയിലെ തന്റെ വീടിനടുത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍  ഒക്ടോബര്‍ 4-നു തന്റെ വാപ്പയോടും,16-കാരനായ സഹോദരനുമൊപ്പം പോകാന്‍ മൊഹമ്മദ് ഹംസ ഖാന്‍,19, അതിരാവിലെ എഴുന്നേറ്റു.

പള്ളിയില്‍നിന്നും തിരിച്ചെത്തിയ വാപ്പ ഒന്നുകൂടെ ഉറങ്ങാന്‍ കിടന്നു. പക്ഷേ ഖാന്‍ സഹോദരന്മാര്‍ മാസങ്ങളായി അവര്‍ രൂപം കൊടുത്ത പദ്ധതി നടപ്പാക്കാനൊരുങ്ങി; ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വീടും നാടും വിട്ടു സിറിയയിലേക്ക് പോവുക.

മൂന്നു പുതിയ യു എസ് പാസ്പോര്‍ടുകളും തുര്‍ക്കിയിലേക്കുള്ള 2,600 ഡോളറിന്റെ വിമാനടിക്കറ്റുമായി മൊഹമ്മദ് ഹംസ ഖാനും സഹോദരനും 17-കാരിയായ സഹോദരിയും ഒഹേര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ടാക്സി പിടിച്ചു. 

രാവിലെ 6.30നു ജോലിക്കു പോകുന്ന തന്നെ വീട്ടുകാര്‍ അന്വേഷിക്കില്ലെന്ന് ഖാനറിയാം. താഴെയുള്ളവരാകട്ടെ പുതപ്പിനടിയില്‍ തുണിയും മറ്റും ചുരുട്ടിയിട്ടു ഉറങ്ങുന്നെന്ന് തോന്നിക്കും വിധമാണ് പോന്നത്.

ഇസ്താംബൂള്‍ വഴി സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരലായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യക്കാരായ കുടിയേറ്റ മാതാപിതാക്കളുടെ മക്കളായ ഖാന്‍ സഹോദരങ്ങള്‍ ഓരോരുത്തരും ഓരോ കത്തും ഉമ്മക്കും വാപ്പക്കുമായി എഴുതിവെച്ചിരുന്നു.

“ഇസ്ലാമിക് രാഷ്ട്രം സ്ഥാപിച്ചിരിക്കുന്നു. അവിടെക്കു കുടിയേറുക എന്നത്  ശേഷിയുള്ള ഓരോ മുസ്ലീമിന്റെയും കടമയാണ്,” ഖാന്‍ എഴുതി. “ മുസ്ലീംങ്ങളെ ഏറെനാളായി അടിച്ചമര്‍ത്തിയിരിക്കുകയായിരുന്നു. ഈ രാജ്യം ഇസ്ലാമിനും മുസ്ലീംങ്ങള്‍ക്കും എതിരാണ്… ഇതുപോലെ വൃത്തികെട്ടൊരു അന്തരീക്ഷത്തില്‍ എന്റെ ഭാവിതലമുറയെ വളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

അയാളുടെ പെങ്ങളെഴുതി: “മരണം അനിവാര്യമാണ്. നമ്മള്‍ ആനന്ദിച്ച നിമിഷങ്ങള്‍ മരണക്കിടക്കയില്‍ കണക്കാക്കുന്നില്ല. മരണം ഒരു കൂടിക്കാഴ്ചയാണ്. അതിനെ നീട്ടിവെക്കാനോ, മാറ്റിവെക്കാനോ പറ്റില്ല. മരണത്തിനായി എങ്ങനെ തയ്യാറെടുക്കുന്നു എന്നതാണ് കാര്യം.”

ബാസ്കറ്റ്ബോള്‍ കളിച്ചും ബാറ്റ്മാന്‍ കണ്ടും വളര്‍ന്ന ആ കുട്ടികള്‍ തങ്ങള്‍ ഉമ്മയെയും വാപ്പയേയും എത്രകണ്ട് സ്നേഹിക്കുന്നെന്നും എഴുതിയിരുന്നു. ഒരുപക്ഷേ സിറിയയില്‍ കാണാമെന്നും, ഇല്ലെങ്കില്‍ പരലോകത്തില്‍ വെച്ചും. പോലീസിനെ വിളിക്കരുതെന്നും അവര്‍ അപേക്ഷിച്ചു.

ഉച്ചകഴിഞ്ഞപ്പോള്‍ തെരച്ചില്‍ വാറന്‍റുമായി FBI-ക്കാര്‍ ഖാന്റെ വാതിലില്‍ മുട്ടി.

“എന്തിന്” ഞെട്ടലോടെ അവരുടെ വാപ്പ ഷാഫി ഖാന്‍ ചോദിച്ചു.

“തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിച്ച നിങ്ങളുടെ മക്കളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിട്ടുണ്ട്,” പോലീസുകാരന്‍ പറഞ്ഞു.

“ഞങ്ങള്‍ ഞെട്ടിത്തരിച്ചു,” അവരുടെ ഉമ്മ സറീന്‍ ഖാന്‍ പറഞ്ഞു.”ആകെ മരവിച്ചുപോയി. മരവിപ്പ് മാത്രം.”

ചതുരഭാഷണങ്ങള്‍
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയോ അല്ലെങ്കില്‍ സിറിയയിലേക്കോ, ഇറാക്കിലെക്കൊ  യാത്ര ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്ന നിരവധി അമേരിക്കന്‍ ചെറുപ്പക്കാരുടെ ഗണത്തില്‍പ്പെടുന്നു ഈ ഖാന്‍ സഹോദരങ്ങളും.

ഈ വര്‍ഷം മാത്രം ഇങ്ങനെ 15 പേരെ അധികൃതര്‍ തടഞ്ഞുവെച്ചു-അതില്‍ 9 പേര്‍ സ്ത്രീകളാണ്. ഇവരെല്ലാം, കൌമാരക്കാരോ 20-കളുടെ തുടക്കത്തിലെത്തിയവരോ ആയ മുസ്ലീങ്ങളാണ്. മിക്കവാറും എല്ലാവരെയും വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഇന്ത്യക്കാരന്റെ പണി കക്കൂസ് കഴുകല്‍-ഇഷാന്‍ തരൂര്‍ എഴുതുന്നു
ഐ എസ് ജിഹാദ് വീട്ടുമുറ്റത്തെത്തുമ്പോള്‍; അടുത്ത തലമുറയുടെ ബിന്‍ ലാദന്‍ ഇവരില്‍ നിന്നാകുമോ?
ഈ നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ചങ്ങാതികളില്ല
പാഠപുസ്തകത്തില്‍ നിന്നും ചാവേറിലേക്ക്; ഒരു കൗമാരക്കാരന്റെ ജീവിതം
ഇസ്ലാമിക് സ്റ്റേറ്റിന് ആളെക്കൂട്ടിയതിന് പിന്നില്‍ ടുണീഷ്യയുടെ അറബ് വസന്തവും

കൂടുതല്‍ പേരെ ഇനിയും പിടികൂടുമെന്നാണ് അധികൃതര്‍ കരുതുന്നത്. നവ സാമൂഹ്യമാധ്യമങ്ങളിലൂടെ 14 വയസുകാരെ വരെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രപ്രചാരണത്തിലാണ്. അതിനാല്‍ ഇവയെല്ലാം നിരീക്ഷണത്തിലും.

ഖാന്‍ സഹോദരങ്ങള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ അവരെ കാത്ത് FBI അധികൃതര്‍ ഉണ്ടായിരുന്നു.ഇവരിലൊരാളുടെ ഫേസ്ബുക് വിനിമയങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. അതെങ്ങനെ തുടങ്ങി എന്നത് FBI വെളിപ്പെടുത്തിയിട്ടില്ല.

ഭീകരവാദി സംഘത്തിന് ഒത്താശയും സഹായവും ചെയ്ത കുറ്റം ചുമത്തിയ ഹംസാ ഖാന് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കഴിഞ്ഞ മാസം അയാള്‍ക്ക് ജാമ്യം ലഭിച്ചില്ല. സമൂഹത്തിനു ഭീഷണിയാണെന്ന് ന്യായാധിപന്‍ നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ സഹോദരങ്ങളെ മാതാപിതാക്കളുടെ കയ്യിലേല്‍പ്പിച്ചു. എന്നാല്‍ ഇവരും അന്വേഷണത്തിന് കീഴിലാണ്. കുറ്റം ചുമത്തപ്പെടാം.

പ്രായപൂര്‍ത്തിയാകാത്തവരെ വിചാരണ ചെയ്യാന്‍ നീതിന്യായവകുപ്പിന് താത്പര്യമില്ല .എന്നാല്‍ കൂടുതല്‍ ചെറുപ്പക്കാരുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും കേസുകള്‍ ഭാവിയില്‍ വരാന്‍ ഇടയുണ്ടെന്നും അവര്‍ കരുതുന്നു.

ഇത് ഖാന്‍ സഹോദരങ്ങള്‍ വളരെ ആലോചിച്ചെടുത്ത തീരുമാനങ്ങളാണെന്നും അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച, യു എസ് പൌരന്മാരെ കൊന്ന, വംശഹത്യയില്‍ വിശ്വസിക്കുന്ന ഒരു സംഘടനയില്‍ ചേരാനാണ് അവര്‍ പോയതെന്നും പ്രോസിക്യൂട്ടര്‍ മാത്യൂ ഹില്ലാര്‍ കോടതിയില്‍ ആരോപിച്ചു.

എന്നാല്‍ അമേരിക്കയെ ഉപേക്ഷിച്ച് ഇസ്ളാമിക രാജ്യത്തെ പിന്തുണച്ച ‘ആലോചനാ കുറ്റത്തിനാണ്’ സര്‍ക്കാര്‍ ഖാനെ വിചാരണ ചെയ്യുന്നതെന്നാണ് ഖാന്റെ അഭിഭാഷകന്‍ തോമസ് ആന്തണി ഡര്‍കിന്‍ വാദിച്ചത്. ആ മാതൃഭൂമിയില്‍ ജീവിക്കാനാണ് അവര്‍ പോകാന്‍ തുനിഞ്ഞതെന്നും പോരാളികളാകാനല്ലെന്നും വാദിച്ച ഡര്‍കിന്‍ വഴിതെറ്റിയ കുട്ടികളാണെന്നും കുറ്റവാളികളല്ലെന്നും കൂടി വാദിച്ചു.

“ആളുകളെ എന്നത്തേക്കും തടവിലിട്ട് നമുക്കീ പ്രശ്നം പരിഹരിക്കാനാകില്ല. പരിഹാരം കണ്ടെത്തിയെ തീരൂ. കാരണം ഇവര്‍ അമേരിക്കന്‍ കുട്ടികളാണ്. പ്രാകൃതരല്ല. ഇവര്‍ നമ്മുടെ കുട്ടികളാണ്.”

ഇത് നമ്മുടെ പാഠങ്ങളല്ല
മക്കള്‍ കാണിച്ചതില്‍ തങ്ങള്‍ ആകെ അമ്പരന്നിരിക്കുകയാണെന്ന്  ഖാന്‍ ദമ്പതികള്‍ പറഞ്ഞു.

“അവരാ കത്തില്‍ എഴുതിയതൊന്നും ഞങ്ങളില്‍നിന്നും കിട്ടിയതല്ല,” കണ്ണുകള്‍ മാത്രം തുറന്നുകാണുന്ന നിറപ്പകിട്ടുള്ള ഒരു മുഖാവരണത്തിന്റെ പിറകില്‍നിന്നും സറീനയുടെ ശബ്ദമുയര്‍ന്നു. “ഇതിലല്ല ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇത് ഞങ്ങളുടെ കുടുംബത്തിലോ, സുഹൃത്തുക്കളിലോ, അയല്‍ക്കാരിലൊ-ആരില്‍നിന്നും കിട്ടിയതല്ല.”

“നല്ല മാതാപിതാക്കളാകാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത്രയേ എനിക്കു പറയാനാകൂ. അവര്‍ നല്ല കുട്ടികളാണ്. ഇതെങ്ങിനെ സംഭവിച്ചു എന്നാണ് ഇപ്പൊഴും ഞങ്ങള്‍ ചിന്തിക്കുന്നത്.”

പ്രസിഡന്റിന്റെ കായികക്ഷമതാ പുരസ്കാരം ലഭിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഹംസാ ഖാന്‍. അടുത്തുള്ള പള്ളിയില്‍ സന്നദ്ധസേവനം നടത്തിയ അയാള്‍ ദേശീയ മാതൃകാ ഐക്യരാഷ്ട്ര സഭയില്‍ അര്‍ജന്‍റീനയെ പ്രതിനിധീകരിച്ചു.

ഒരു പ്രാദേശിക ഇസ്ലാമിക് വിദ്യാലയത്തില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം തന്റെ വീട്ടില്‍ നിന്നും 10 മൈല്‍ അകലെയുള്ള ഒരു റോമന്‍ കാത്തലിക് സ്ഥാപനമായ ബെനഡിക്ടിന്‍ സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സും എഞ്ചിനീയറിംഗും പഠിക്കാന്‍ ചേര്‍ന്നു.

ഷാഫി ഖാന്‍ ഇന്ത്യയില്‍ നിന്നും യു എസില്‍ എത്തിയിട്ടു മുപ്പതു വര്‍ഷമായി. സറീനഖാന്‍ ഭര്‍ത്താവിനൊപ്പം ഇവിടെ വന്ന് 20 കൊല്ലവും. വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയ ആലഭാരങ്ങളില്ലാത്ത ‘ശരാശരി’ മുസ്ലീംങ്ങളായാണ് അവര്‍ സ്വയം കാണുന്നത്. ദിവസവും അഞ്ചു നേരം നിസ്കരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും നടക്കാറില്ല. ഷാഫി ഖാന്‍ ചെറിയൊരു താടിയും തലയില്‍ തൊപ്പിയും വച്ചിരിക്കുന്നു. സറീന്‍ ഖാന്‍ മുഖവും ശിരസും മറക്കുന്നു, അത് മാന്യതയാണ് വിശ്വാസതീവ്രതയല്ല എന്നും അവര്‍ പറഞ്ഞു.

ദശലക്ഷക്കണക്കിന് അമേരിക്കന്‍ മുസ്ലീംങ്ങളെപ്പോലെ രാജ്യത്തെയും മതത്തെയും ഒരുപോലെ സ്നേഹിക്കാനാണ് അവര്‍ മക്കളെ പഠിപ്പിച്ചത്.

ഇല്ലിനോയിസ് സര്‍വ്വകലാശാലയില്‍ നിന്നും പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദമെടുത്ത 48-കാരനായ ഷാഫിഖാന്‍ ഒരു മനുഷ്യകാരുണ്യ സംഘടനയുടെ കൂടെ കുറെ നാള്‍ പ്രവര്‍ത്തിച്ചു. ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ ജനിതകശാസ്ത്രവും, മൈക്രോബയോളജിയും പഠിക്കുകയായിരുന്ന സറീന്‍ ഭര്‍ത്താവിനൊപ്പം ചിക്കാഗോവില്‍ വരാനാണ് പഠനം ഉപേക്ഷിച്ചത്.

നാല് കുട്ടികളുണ്ട് ഖാന്‍ ദമ്പതികള്‍ക്ക്. പിടികൂടിയ 3 പേര്‍ക്കു പുറമെ 3 വയസുള്ള ഒരു പെണ്‍കുട്ടിയും. അടുത്തുള്ളോരു ഇസ്ളാമിക വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു സറീന്‍ ഖാന്‍ വര്‍ഷങ്ങളോളം.

കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ അവര്‍ ഏറെ ശ്രദ്ധിച്ചു. വീട്ടില്‍ ടി വി ഉണ്ടായിരുന്നെങ്കിലും കേബിള്‍ ബന്ധം ഇല്ലായിരുന്നു. ഡി വി ഡി കാണാന്‍ മാത്രം.

ഇന്‍റര്‍നെറ്റ് എടുത്തതോടെ, ഹംസാ ഖാന് 8 വയസുള്ളപ്പോള്‍, ടി വി ഉപേക്ഷിച്ചു. കാര്‍ട്ടൂണ്‍ കാണാനും വാര്‍ത്തകള്‍ വായിക്കാനും മാത്രമേ കുട്ടികളെ അനുവദിച്ചുള്ളൂ.

സാധാരണ പാഠങ്ങള്‍ക്കൊപ്പം ഇസ്ലാമിനെക്കുറിച്ചും പഠിപ്പിച്ചിരുന്ന പ്രാദേശിക ഇസ്ളാമിക വിദ്യാലയത്തിലാണ് കുട്ടികള്‍ പഠിച്ചത്. പിടികൂടപ്പെട്ടതിന് തൊട്ടുപിറകെ  18 തികഞ്ഞ, ഖാന്റെ സഹോദരിയെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചത്. കാരണം ഹൈസ്കൂള്‍ കഴിഞ്ഞാല്‍ അവള്‍ക്ക് വൈദ്യപഠനം തുടങ്ങാനായിരുന്നു അത്.

മൂന്നു ഖാന്‍ സഹോദരങ്ങളും ഹാഫിസ് ആയി. അതായത് അറബിയില്‍ ഖുറാന്‍ മന:പാഠമാക്കി. രണ്ടരക്കൊല്ലം കടുത്ത കാണാപ്പാഠം പഠിക്കല്‍. വൈകീട്ട് സാധാരണ പഠനം.

എന്നാലിത് മുസ്ലീംങ്ങള്‍ക്കിടയിലെ സാധാരണ കാര്യമാണെന്നും തീവ്രവാദമൊന്നുമല്ലെന്നും ഖാന്‍ പഠിച്ച ഇസ്ലാമിക് വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ഹബീബ് ക്വാദ്രി പറഞ്ഞു.

“മറ്റേതൊരു സാധാരണ അമേരിക്കന്‍ കുടുംബത്തെയും പോലെയാണ്’ തങ്ങള്‍ പെരുമാറിയിരുന്നതെന്ന് സറീന്‍ ഖാന്‍ പറയുന്നു.

ചുറ്റുമുള്ള സംസ്കാരത്തില്‍ നിന്നും മക്കളെ പരിരക്ഷിക്കാന്‍ പല മുസ്ലീം കുടുംബങ്ങളും ശ്രമിക്കുന്നുണ്ടെന്ന് ചിക്കാഗോ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഒമര്‍ മുസാഫിര്‍ പറയുന്നു.

1991-ലെ ഗള്‍ഫ് യുദ്ധവും 2001,9/11-ലെ ആക്രമണവും യു എസിലെ മുസ്ലീംങ്ങളെ അരക്ഷിതരാക്കിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. “പ്രതിരോധത്തിലായപോലെയാണ്. മക്കളെ എല്ലാത്തില്‍ നിന്നും പിന്‍വലിക്കാന്‍ അവര്‍ ശ്രമിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒറ്റപ്പെട്ട പലരും മക്കളെ ഒറ്റതിരിക്കാനാണ് ശ്രമിക്കുന്നത്.”

“അമേരിക്കന്‍ എന്നത് അധാര്‍മികമാണെന്നും അവര്‍ കരുതുന്നു. കൂടുതല്‍ കര്‍ക്കശക്കാരായാല്‍ കൂടുതല്‍ മതബോധമുള്ളവരാകും എന്നും തെറ്റിദ്ധാരണയുണ്ട്.”

അമേരിക്കയിലെ മുസ്ലീം കുട്ടികള്‍ രണ്ടു ലോകങ്ങള്‍ക്കിടയില്‍പ്പെടുന്നു എന്നാണ് ഇതിന്റെ ഫലം. അവര്‍ അമേരിക്കക്കാരാണ്. എന്നാല്‍ മാതാപിതാക്കളും മതനേതാക്കളും അമേരിക്കന്‍ സംസ്കാരത്തില്‍ നിന്നും അവരെ അകറ്റാനാണ് ശ്രമിക്കുന്നതും.

അതവരെ മതത്തിനുവേണ്ടി ആഘോഷിക്കപ്പെടുന്നവരാക്കി മാറ്റുന്ന, കൂടുതല്‍ മെച്ചപ്പെട്ട ഒരു സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി യുവാക്കളെ ആകര്‍ഷിക്കുന്നതും ഈ രൂപത്തിലാണ്. ക്വാദ്രി അവരെ വിളിക്കുന്നത് ‘ഷെയ്ഖ് ഗൂഗിള്‍’ എന്നാണ്.

വാചകമടിയുടെ കത്തുകള്‍
ഷാഫി, സറീന്‍ ദമ്പതികള്‍ പറഞ്ഞതും കോടതി രേഖകളും നോക്കിയാല്‍ ഖാന്‍ സഹോദരങ്ങളുടെ ഷെയ്ഖ് ഗൂഗിള്‍ അബു ക്വാപ്പ എന്ന പേരില്‍ ട്വിറ്ററിലാണ് എത്തിയത്.

ഹംസാ ഖാനും സഹോദരിക്കും ട്വിറ്റര്‍ എക്കൌണ്ടുണ്ടായിരുന്നു. വീട്ടില്‍ ഇന്‍റര്‍നെറ്റ് ഉമ്മയുടെയും വാപ്പയുടെയും മേല്‍നോട്ടത്തിലായതിനാല്‍ അവരത് മൊബൈല്‍ ഫോണ്‍ വഴി ഉപയോഗിച്ചു.

അബു ക്വാപ്പയോടൊപ്പം തുര്‍ക്കിയില്‍നിന്നും സിറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. വീട്ടില്‍നിന്നും കിട്ടിയ രേഖകള്‍ നോക്കിയാല്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രമായ റാഖായിലേക്ക് പോകാനായിരുന്നു ഉദ്ദേശം. ഖാന്റെ സഹോദരിക്ക് ട്വിറ്ററില്‍ ‘ഉം ബാര’ എന്ന പേരിലാണ് എക്കൌണ്ട്. @deathisvnear എന്ന പേരിലാണ് ട്വീറ്റുകള്‍ അയച്ചത്. മെയ് മാസത്തില്‍ തലവെട്ടലുകളും മറ്റ് ഭീകര അക്രമവും കാണിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ ദൃശ്യങ്ങള്‍ കണ്ടതായും അവള്‍ പറയുന്നുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

അത് കണ്ടതിനുശേഷം സന്തോഷം പ്രകടിപ്പിച്ചാണ് അവള്‍ ട്വീറ്റ് ചെയ്തത് എന്നത് ഖാന്‍ സഹോദരങ്ങള്‍ ഇസ്ളാമിക തീവ്രവാദികളെ പിന്തുണച്ചതിനും അവര്‍ക്കുവേണ്ടി പോരാടാന്‍ ഉദ്ദേശിച്ചതിനും തെളിവാണെന്ന് ഹില്ലര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ “ഒരാള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ അയാള്‍ സമൂഹത്തിനു അപകടകാരിയാണെന്ന് പറയുന്നത് അസംബന്ധമാണ്” എന്നു ഡര്‍കിന്‍ വാദിക്കുന്നു. ഖിലാഫത്തില്‍ തന്റെ പങ്ക് ഒരു പോരാളിയെ വിവാഹം കഴിക്കലായിരിക്കുമെന്നാണ് അവള്‍ എഴുതിയതെന്നും പോരാളിയാവുക എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ആ കത്തുകള്‍ നിറയെ വാചകമടികളാണ്. അതവരുടെ സ്വഭാവമേ അല്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

“ഞാന്‍ യു എസ് സര്‍ക്കാരിന് നികുതി കൊടുക്കാന്‍ ബാധ്യസ്ഥനാണ്. അത് എന്റെ മുസ്ലീം സഹോദരങ്ങളെ കൊല്ലാന്‍ ഉപയോഗിക്കും. എന്റെ പണംകൊണ്ട് അവരെ കൊല്ലുന്നത് കയ്യുംകെട്ടി നോക്കിയിരിക്കാന്‍ എനിക്കാവില്ല. എന്റെ വിശ്വാസങ്ങള്‍ പറയാന്‍ ഭയപ്പെടേണ്ട ഒരു നിയമത്തിന്‍ കീഴില്‍ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. ശരിയാ നിയമമാണെന്നെ ഭരിക്കേണ്ടത്.” ഹംസയുടെ കത്തിലെ വരികളാണ്.

“പടിഞ്ഞാറന്‍ സമൂഹം ദിനംപ്രതി അധാര്‍മികമാവുകയാണ്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഞാനെന്റെ കുടുംബത്തെ ക്ഷണിക്കുന്നു. ശരിയാണ്, അവിടെ ബോംബാക്രമണമാണ്. പക്ഷേ നാമീ ലോകത്ത് സുഖിക്കാനല്ല വന്നതെന്ന് നാം മറക്കരുത്.”

എങ്ങനെ തങ്ങളുടെ മക്കള്‍ ഇങ്ങനെ എഴുതിയെന്ന് മനസിലാകുന്നില്ലെന്ന് ഡര്‍കിന്‍റെ മുറിയിലിരുന്ന് ഷാഫിയും സറീനും പിന്നേയും പറഞ്ഞുകൊണ്ടിരുന്നു. അവരുടെ മറ്റ് രണ്ടു കൂട്ടികളും അപ്പുറത്തെ മുറിയില്‍ പഠിക്കുന്നുണ്ടായിരുന്നു. അവരുടെ അഭിമുഖം നടത്താന്‍ ഡര്‍കിന്‍ അനുവദിച്ചില്ല.

മൂന്നു സഹോദരങ്ങളും എന്നെന്നേക്കുമായി പറന്നകലാന്‍  നിശ്ചയിച്ച ദിവസം ഈദ് പെരുന്നാളിന് മുന്നോടിയായി താനും മോളും പരസ്പരം മുടിയില്‍ മൈലാഞ്ചിയിട്ടെന്ന് സറീന്‍ ഖാന്‍ ഓര്‍മ്മിച്ചു.

“ഓണ്‍ലൈനില്‍ വായിച്ചതൊക്കെ അവരെ അടിമുടി സ്വാധീനിച്ചു എന്നാണെനിക്ക് തോന്നുന്നത്,” സറീന്‍ ഖാന്‍ പറഞ്ഞു. “ഞങ്ങള്‍ അനുഭവിക്കുന്നതൊന്നും ഒരു ഉമ്മയും വാപ്പയും അനുഭവിക്കാന്‍ ഇടവരരുത്. ഇതൊരു പേടിസ്വപ്നമാണ്. ഞങ്ങളുടെ കുട്ടികള്‍ അവിടെയല്ലല്ലോ, അവര്‍  ഇവിടെ ഞങ്ങള്‍ക്കൊപ്പമുള്ളതിന് ദൈവത്തിന്  നന്ദി.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍