UPDATES

വിദേശം

ഐ എസ് പുറത്തുവിടുന്ന കഴുത്തറുക്കല്‍ ദൃശ്യങ്ങള്‍ വ്യാജമോ?

Avatar

ആഡം ടെയ്ലര്‍, സാറാ കപ്ലാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നാടകീയ രംഗാവതരണത്തിലുള്ള അവരുടെ എല്ലാ മിടുക്കും നിലനില്‍ക്കുമ്പോഴും, ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിടുന്ന കൊലപാതക വീഡിയോകളില്‍ എന്താണ് കാണിക്കുന്നതെന്ന കൃത്യമായ സാഹചര്യത്തെ കുറിച്ച് പലപ്പോഴും കാണികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് അവര്‍ പുറത്തുവിടുന്ന കഴുത്തറുക്കല്‍ ദൃശ്യങ്ങളില്‍, ആ പ്രവൃത്തി കൃത്യമായി കാണിക്കുന്നില്ല എന്നതിനാല്‍ തന്നെ അത് വ്യാജമാകാം എന്ന ഊഹം ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട്.

ക്യാമറയെ നോക്കി സംസാരിക്കുന്ന തടവുകാര്‍ വളരെ ശാന്തമായി പെരുമാറുന്നതാണ് ഇങ്ങനെ ഊഹിക്കുന്നവര്‍ക്ക് ധൈര്യം പകരുന്ന മറ്റൊരു വസ്തുത. തങ്ങുടെ മരണത്തിലാണ് അത് കലാശിക്കുന്നതെന്നറിയാമെങ്കില്‍ എന്തിനാണ് തടവുകാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചരണതന്ത്രങ്ങളോട് സഹകരിക്കുന്നത്? കുറച്ചുകൂടി മനുഷ്യത്വപരമായ ഒരു മരണത്തിന് വേണ്ടി അവരില്‍ ചിലരെങ്കിലും തങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരുമായി ചില ഒത്തുതീര്‍പ്പുകളില്‍ എത്തിയിരിക്കാം എന്നുവരെ ചിലര്‍ അനുമാനിക്കുന്നു.

എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു മുന്‍ പോരാളിയുമായി സ്‌കൈ ന്യൂസ് നടത്തിയ അഭിമുഖത്തില്‍ നിന്നും ഈ അനുമാനങ്ങള്‍ ഒന്നുമല്ല യാഥാര്‍ത്ഥ്യം എന്ന് തെളിയുന്നു. ഇതിന് മുമ്പും ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതുകൊണ്ടാണ് തടവിലാക്കപ്പെട്ടവര്‍ ശാന്തരായി പെരുമാറുന്നതെന്ന് അയാള്‍ വിശദീകരിക്കുന്നു. തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് അവര്‍ അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

തങ്ങള്‍ തടവിലാക്കിയവരെ ഇത്തരം വ്യാജ കൊലപാതക നാടകങ്ങള്‍ക്ക് ഭീകരര്‍ ഇടയ്ക്കിടെ വിധേയരാക്കാറുണ്ടെന്ന് ‘സലേഹ്’ എന്ന വ്യാജനാമമുള്ള മുന്‍ ഇസ്ലാമിക സ്റ്റേറ്റ് അംഗം ബ്രിട്ടീഷ് ടെലിവിഷന്‍ കമ്പനിയോട് പറഞ്ഞു. താന്‍ തന്നെ ഒരിക്കല്‍ തടവുകാരോട് പറഞ്ഞ,’ പേടിക്കേണ്ട, ഒരു പ്രശ്‌നവുമില്ല, നിങ്ങള്‍ക്ക് ഒരു അപകടവും ഉണ്ടാവില്ല,’ എന്ന വാചകം ഓര്‍ത്തുകൊണ്ട് തടവുകാരെ കൊല്ലില്ല എന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാറുണ്ട് എന്ന് സലേഹ് പറയുന്നു. തങ്ങളെ തടവിലാക്കിയവര്‍ എന്തെങ്കിലും തരത്തിലുള്ള ദയകാണിക്കുമ്പോള്‍, അന്തിമമായി തടവ് പുള്ളികളെ വധിക്കുക തന്നെയാണ് പദ്ധതിയെന്ന് സലേഹിന് അറിയാമായിരുന്നു എന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്തരത്തിലുള്ള വ്യാജ കൊലപാതക നാടകങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിട്ടുണ്ട്: കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജയിംസ് ഫോളി മര്‍ദ്ദനം, വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കല്‍ തുടങ്ങിയ പീഢനങ്ങള്‍ക്കും ഇരയായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീഡിയോകളില്‍ തടവുകാര്‍ ശാന്തരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യാജ കൊലപാതക നാടകങ്ങള്‍ വിശദീകരിക്കുന്നതായി തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ അടുത്ത കാലത്ത് എബിസി ന്യൂസിനോട് പറഞ്ഞിരുന്നു.

ഈ രീതിയെ കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ആരെങ്കിലും ആദ്യമായി സ്ഥിതീകരിക്കുന്നത് സലേഹയുടെ അഭിമുഖത്തിലൂടെയാണ്. സ്‌കൈ ന്യൂസിന്റെ പ്രത്യേക അഭിമുഖമായതിനാല്‍, സലേഹയുടെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ സലേഹ വിവരിക്കുന്നത് പോലുള്ള ‘മാനസിക യുദ്ധമുഖങ്ങള്‍’ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സ്വഭാവ സവിശേഷതയാണെന്ന് ബ്രിട്ടീഷ് സുരക്ഷ ബുദ്ധികേന്ദ്രമായ റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന റിസര്‍ച്ച് ഫെലോ ആയ ശശാങ്ക് ജോഷി ചൂണ്ടിക്കാണിക്കുന്നു.

‘അങ്ങനെയല്ലെങ്കില്‍ ഇത്തരം കൊലപാതങ്ങള്‍ നാടകീയമായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും,’ എന്ന് ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.

തങ്ങളുടെ മുന്‍ഗാമികളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തന്ത്രം പ്രയോഗിക്കാന്‍ ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരര്‍ തീരുമാനിച്ചത്. ഇറാക്കില്‍ നടന്ന ഇത്തരം കൊലപാതകങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍, തങ്ങള്‍ കൊല്ലപ്പെടാന്‍ പോവുകയാണെന്ന് തിരിച്ചറിയുന്ന തടവുകാര്‍, പ്രവചനാതീതമായി പെരുമാറുകയും തങ്ങളുടെ ജീവന് വേണ്ടി യാചിക്കുകയും ചെയ്തതായി കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ സിഐയുടെ തീവ്രവാദ വിരുദ്ധ വിശകലന വിദഗ്ധന്‍ അകി പെരിറ്റ്‌സ് ചൂണ്ടിക്കാണിച്ചിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ തെക്കന്‍ കൊറിയക്കാരനായ കിം സുണ്‍ ഇല്‍, തന്റെ ജീവന് വേണ്ടി മുറവിളി കൂട്ടുന്നുണ്ട്: ‘എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല,’ എന്ന് അദ്ദേഹം അലമുറയിടുന്നുണ്ടായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പൂര്‍വസൂരികള്‍ എന്ന് വിളിക്കാവുന്ന സംഘങ്ങളില്‍ ഒന്നായ ജമാഅത്ത് അല്‍-താഹിതാണ് അദ്ദേഹത്തെ തടവിലാക്കിയത്.

ഇത്തരം വ്യാജ കൊലപാതക നാടകങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍, എന്തുകൊണ്ടാണ് വീഡിയോയില്‍ കൊലപാതകങ്ങള്‍ നേരില്‍ കാണിക്കാത്തത് എന്ന ചോദ്യത്തിനും അത് വിശദീകരണം നല്‍കുന്നു. തങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തടവുകാര്‍ അവസാന നിമിഷത്തില്‍ തിരിച്ചറിഞ്ഞാല്‍ പോലും, അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും അത് വീഡിയോയുടെ പ്രചാരണ സ്വഭാവത്തെ നശിപ്പിക്കുകയും ചെയ്യും. ഒരു ദശാബ്ദം മുമ്പ് ഇറാക്കില്‍ ചിത്രീകരിച്ച ഒരു വീഡിയോയില്‍, ഇറ്റലിക്കാരനായ ഫാബ്രിസിയോ ക്വറ്ററോച്ചി അവസാന നിമിഷം തന്റെ മുഖംമൂടി വലിച്ചഴിച്ചതായി ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ‘എങ്ങനെയാണ് ഒരു ഇറ്റലിക്കാരന്‍ മരിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാം,’ എന്ന് അദ്ദേഹം അലറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍