UPDATES

വിദേശം

പ്രതികാരത്തിന്‍റെ രാഷ്ട്രീയം; ഒരു മധ്യേഷ്യന്‍ മാതൃക

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അതൊരു പ്രതികാര നടപടിയായിരുന്നു. പിടികൂടപ്പെട്ട ജോര്‍ദ്ദാന്‍ പൈലറ്റ് ലഫ്. മുവാത് അല്‍-കാസെസ്ബയെ ഇസ്ലാമിക് സ്റ്റേറ്റ് ജീവനോടെ ചുട്ടുകൊന്നു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം, ജോര്‍ദ്ദാന്‍ സര്‍ക്കാര്‍ രണ്ടുപേരെ തൂക്കിക്കൊന്നു. 

ജോര്‍ദ്ദാന്‍ ജയിലില്‍ കഴിയുന്ന കുറ്റംതെളിയിക്കപ്പെട്ട ഭീകരരാണ് സാജിദ അല്‍-റിഷാവിയും സിയാദ് അല്‍-കാര്‍ബൗളിയും. ഇവരെ മോചിപ്പിക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടിരുന്നു. കാസെസ്ബയെയും നേരത്തെ ഇസ്ലാമിക് സ്റ്റേറ്റുകാര്‍ തലയറുത്ത് കൊന്ന ഒരു ജാപ്പാനീസ് പത്രപ്രവര്‍ത്തകന്റെയും മോചനത്തിനായി അമ്മാന്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. 

വര്‍ത്തമാനകാലത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഈ വധങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്. കുറ്റകൃത്യങ്ങള്‍ നേരിടുന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന പൊതുജനാവശ്യം ശക്തമായതിന്റെ പശ്ചാത്തലത്തില്‍, എട്ട് വര്‍ഷമായി ജോര്‍ദ്ദാന്‍ വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ ഡിസംബറില്‍ പിന്‍വലിച്ചിരുന്നു. ഡിസംബര്‍ 21ന് കൊലപാതകകുറ്റം തെളിയിക്കപ്പെട്ട പതിനൊന്ന് പേരെ ജോര്‍ദ്ദാന്‍ അധികൃതര്‍ തൂക്കിലേറ്റിയിരുന്നു. 

ഇറാഖിലെ അല്‍-ക്വയ്ദ ഘടകവുമായി ബന്ധമുള്ള റിഷാവി, പരാജയപ്പെട്ട ഒരു ആത്മഹത്യബോംബ് കേസിലെ പ്രതിയാണ്. 2005 ല്‍ ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് അമ്മാനില്‍ നടന്ന മൂന്ന് സ്‌ഫോടനങ്ങള്‍ക്കിടയില്‍, ഇവരുടെ അരയില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചില്ല. അതിന് ശേഷം അവര്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലായിരുന്നു. കൈമാറ്റം ചെയ്യപ്പെടേണ്ട തടവുകാരില്‍ ഒരാളായി ഇസ്ലാമിക് സ്റ്റേറ്റ് അവരെ കണ്ടെത്തി എന്നതിനപ്പുറം, തങ്ങളുടെ കൈവശം ഉണ്ടായിരുന്നവരെ മൃഗീയമായി കൊലപ്പെടുത്താനുള്ള സംഘടനയുടെ തീരുമാനത്തിലോ അരുംകൊലകളുടെ ഭീതിജനകമായ വര്‍ഷത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഏര്‍പ്പെട്ട മറ്റെന്തെങ്കിലും പ്രവര്‍ത്തിയുമായോ ഇവര്‍ക്ക് നേരിട്ട് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തടവിലാക്കപ്പെട്ടിരുന്ന മറ്റൊരു അല്‍-ക്വയ്ദ പ്രവര്‍ത്തകനായ കാര്‍ബൗളിയുടെ കാര്യത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായിരുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റിന്റെ സമീപകാല പ്രകോപനങ്ങള്‍ക്കുള്ള ജോര്‍ദ്ദാന്റെ മറുപടി ഈ വധശിക്ഷകളില്‍ മാത്രം ഒതുങ്ങുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് രാജ്യത്തെ സൈന്യം പ്രതിജ്ഞ ചെയ്തിരിക്കുകയാണ്; അതിന്റെ സായുധസേനയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, രാജഭരണകൂടത്തിനുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചിട്ടുണ്ട്. തീവ്രവാദ സംഘത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് വധിക്കപ്പെട്ട വൈമാനികന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ ഈ രണ്ട് തടവുകാരെ വധിച്ചതിലൂടെ എന്ത് ലക്ഷ്യമാണ് നേടുന്നതെന്ന ചോദ്യം ബാക്കിയാവുന്നു. 

തങ്ങളുടെ ഉദ്ദേശത്തെ കുറിച്ചുള്ള അമ്മാന്റെ പ്രഖ്യാപനമാണോ ഇത്?  അതിന്റെ ഉരുക്ക് തീരുമാനത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഒരു രാജ്യനേതൃത്വത്തിന് മറ്റ് നിരവധി വഴികള്‍ ഉണ്ട്. മറ്റ് തീവ്രവാദ ഭീകരര്‍ക്കുള്ള ഒരു മുന്നറിയിപ്പ് അവര്‍ അത് കാര്യമായി എടുക്കാന്‍ സാധ്യതയില്ല. രോഷാകുലരായ പൊതുജനത്തിനുള്ള ഒരു താല്‍ക്കാലിക ആശ്വാസമാണോ? എന്നാല്‍, അത്തരം സഹജവാസനകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഒരു സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. 

‘എടുത്ത് ചാട്ടം അവസാനിപ്പിക്കുകയും സിറിയയില്‍ എമ്പാടും പാഞ്ഞുനടക്കുന്ന ഈ കുറ്റവാളികളും തങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസം ഉണ്ടെന്ന തെളിയിക്കുകയും ചെയ്യുന്നത് വഴിയാണ് ജോര്‍ദ്ദാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത്,’ എന്ന് മനുഷ്യാവകാശ സംഘടനയുടെ പ്രതിനിധിയായ ആഡം കൂഗിള്‍ അമ്മാനില്‍ ദ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ‘എന്നാല്‍ ഇപ്പോള്‍ അത്തരം ഒരു വാദം മുന്നോട്ട് വെക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം, ജനങ്ങള്‍ പ്രതികാരത്തിന് വേണ്ടി മുറവിളി കൂട്ടുന്നു.’

ഇതേ പ്രതികരണ സ്വഭാവം തന്നെയാണ് പാകിസ്ഥാനിലും കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ഡിസംബറില്‍ പെഷവാര്‍ നഗരത്തിലെ സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ മൃഗീയമായ ആക്രമണം നടത്തിയതിന് ശേഷം, പരിഭ്രാന്തരും യുദ്ധസന്നദ്ധരുമായ സര്‍ക്കാര്‍, രാജ്യത്തെ തടവറകളില്‍ കഴിയുന്ന തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവരെ ഉടനടി തൂക്കിക്കൊല്ലുകയാണ് ചെയ്തത്. അതുവഴി എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ഇനിയും വ്യക്തമല്ല. ഈ നടപടികള്‍ താലിബാനെ ഭയപ്പെടുത്തിയില്ല എന്ന് മാത്രമല്ല, തീരദേശ നഗരമായ കറാച്ചിയിലെ സ്‌കൂളില്‍ ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ ഗ്രെനേഡ് ആക്രമണം നടത്തുകയും ചെയ്തു. 

‘കൂട്ടമരണത്തിന്റെ ഉപാസകര്‍’ എന്ന് ചില നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ആഗ്രഹിക്കുന്ന പ്രവര്‍ത്തിയാണ് ജോര്‍ദ്ദാന്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങളെ ബീഭത്സമായ ഹിംസയിലൂടെ നിര്‍വചിക്കാനാണ് ജിഹാദികള്‍ ശ്രമിച്ചത്: തലയറുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വെളിയില്‍ വിട്ടും കല്ലേറുകളും കൂട്ടക്കുരുതിയും ചിത്രീകരിച്ചും അവര്‍ എല്ലാവരെയും ഞെട്ടിച്ചു. മാത്രമല്ല, ജോര്‍ദ്ദാനെ സഖ്യകക്ഷികളില്‍ ഒന്നാക്കിക്കൊണ്ട്, ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ബോംബാക്രമണം നടത്താന്‍ യുഎസ് നിര്‍ബന്ധിതമാവുകയും ചെയ്തു. 

ഇസ്ലാമിക സ്‌റ്റേറ്റിന്റെ കൊടുംക്രൂരതകള്‍, ‘ഇരുമ്പ് യുഗത്തിലെ കണ്ണാടിയിലൂടെ ലോകത്തെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു,’ എന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ ഫിലിപ് കെന്നിക്കോട്ട് യുക്തിഭദ്രമായി വാദിക്കുന്നു. അവരുടെ കാടത്തം പഴയ നിയമത്തിലെ തണുത്ത, സദാചാര ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. കെന്നിക്കോട്ട് പറയുന്നത് പോലെ: ‘ആധുനിക ലോകത്തില്‍ ബിബ്ളിക്കല്‍ അതിക്രമങ്ങള്‍ എന്ന് നാം വിളിക്കുന്ന ഭയാനകമായ അതിക്രമങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ, എല്ലാ പുരുഷന്മാരെയും ഭരിക്കുന്ന അടിസ്ഥാന സദാചാര സംഹിതകളിലേക്ക് മടങ്ങാനുള്ള ഒരു ക്ഷണമാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ മതബോധനങ്ങള്‍ക്ക് രക്തരൂക്ഷിതമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന എല്ലാ തരത്തിലുമുള്ള ഭ്രാതൃഹത്യകള്‍ക്കും ശിശുഹത്യകള്‍ക്കും വര്‍ഗനശീകരത്തിനും ജീവന്‍ തിരിച്ചു നല്‍കുന്ന കുടുംബ കൂട്ടായ്മയായി അത് പ്രവര്‍ത്തിക്കുന്നു. അങ്ങനെ ലോകത്തില്‍ ഇന്നുവരെ രൂപപ്പെട്ടതില്‍ ഏറ്റവും ബുദ്ധിശൂന്യവും ഭാവനാരഹിതവുമായ നിയമത്തിന് പുനസ്ഥാപനത്തിന് അത് വഴിയൊരുക്കുന്നു: കണ്ണിന് പകരം കണ്ണെന്ന ആ നിഷ്ഠൂര പ്രത്യശാസ്ത്രത്തിന്റെ പുനരുജ്ജീവനത്തിന്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍