UPDATES

വിദേശം

ഐ എസ് ജിഹാദ് വീട്ടുമുറ്റത്തെത്തുമ്പോള്‍; അടുത്ത തലമുറയുടെ ബിന്‍ ലാദന്‍ ഇവരില്‍ നിന്നാകുമോ?

Avatar

ടീം അഴിമുഖം

ഇസ്ലാമിക് സ്‌റ്റേറ്റിനായി പോരാടാന്‍ പോയ മുംബൈക്കാരനായ വിദ്യാര്‍ത്ഥി അരീബ് മജീദ് വെള്ളിയാഴ്ച്ച ഇന്ത്യയില്‍ മടങ്ങിയെത്തി. ഒപ്പം കൊണ്ടുവന്നത് നമ്മുടെ കുഴഞ്ഞുമറിഞ്ഞ പുതിയ ലോകത്തിന്റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയാണ്. ഇവിടെ സംസ്‌കാരങ്ങളുടെ സംഘട്ടനം ആഗോളീകൃതമാണെങ്കിലും അവയുടെ പ്രത്യാഘാതങ്ങള്‍ പ്രാദേശികമാണ്.

ദേശീയ അന്വേഷണ ഏജന്‍സിയും (NIA), രഹസ്യാന്വേഷണ സംഘവും, മഹാരാഷ്ട്ര പോലീസും അരീബിനെ കസ്റ്റഡിയിലെടുത്ത് മുംബൈയില്‍ ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച്ച വൈകീട്ട് NIA, ഐ എസ് ഐ എസിനെതിരെ ഒരു FIR രേഖപ്പെടുത്തി. അരീബിനെ പോലെ ഐ എസ് ഐ എസിന്റെ യുദ്ധമുഖത്തുനിന്നും തിരിച്ചുവരുന്നവരെ ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ ഗണത്തില്‍പ്പെടുത്തുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. ഏതാണ്ട് പത്ത് ഇന്ത്യക്കാരെങ്കിലും ഐ എസ് ഐ എസിന് വേണ്ടി പോരാടുന്നെണ്ടെന്നാണ് പുതിയ അനുമാനം. അരീബിനെ പോലെ കല്യാണില്‍ നിന്നുള്ള അയാളുടെ മൂന്നു സുഹൃത്തുക്കളും നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഐ എസ് ഐ എസ് പോരാളികളെ ഭീകരവാദികളുടെ ഗണത്തില്‍പ്പെടുത്താന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടില്ല. കാരണം വളരെക്കുറച്ച് ഇന്ത്യക്കാരെ ആ പട്ടികയില്‍ വരുന്നുള്ളൂ. ഭീകരവാദമാകട്ടെ നാം ദൈനംദിനം നേരിടുന്ന ഒരു പ്രതിഭാസവും. ഐ ഐ ഐ എസിനുവേണ്ടി പോരാടാന്‍ നൂറുകണക്കിനാളുകള്‍ പുറപ്പെട്ടുപോയ യൂറോപ്പും യു.എസുമൊക്കെ എന്തു ചെയ്യേണ്ടിവരും?

തങ്ങളുടെ പൗരന്‍മാര്‍ പലരും ഐ എസ് ഐ എസിനായി പോരാടുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ചര്‍ച്ച ചെയ്യുകയാണ് ബ്രിട്ടനും, ഫ്രാന്‍സും, യു എസും പോലുള്ള രാജ്യങ്ങള്‍. ബ്രിട്ടനില്‍നിന്നും ഏതാണ്ട് 700 ഓളം പേരാണ് സിറിയയിലും ഇറാക്കിലും പോരാടുന്നത്. ഫ്രാന്‍സില്‍ നിന്നും നൂറുകണക്കിനാളുകളുണ്ട്. ഫ്രാന്‍സിലെ ഐ എസ് ഐ എസ് അനുഭാവികളുടെ എണ്ണം ആയിരങ്ങള്‍ത്തന്നെ വരും. യു എസില്‍ നിന്നും നൂറിലേറെപ്പേര്‍ ഐ എസ് ഐ എസില്‍ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയി എന്നാണ് കരുതുന്നത്.

 

‘ആഗോള’ പ്രശനങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ അന്താരാഷ്ട്ര യുദ്ധമുഖങ്ങളിലേക്ക് വിവിധ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ പോകുന്നത് ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല. 1970-കളുടെ ഒടുക്കം അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദ്ദീന്‍ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ബ്രിട്ടനിലും, യു എസിലും പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മുസ്ലീംങ്ങള്‍ അവിടെയെത്തി. ബോസ്‌നിയയിലും കൊസോവയിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴും ഇതായിരുന്നു സംഭവിച്ചത്.

കഴിഞ്ഞകാലങ്ങളിലെല്ലാം ഇത്തരം പോരാട്ടഭൂമികളില്‍ വിദേശ പോരാളികളുടെ ഭൂരിഭാഗവും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോരാളികളായിപ്പോയ ആയിരങ്ങള്‍ വരുന്ന ബ്രിട്ടീഷുകാരില്‍ 80 ശതമാനവും അവിടെവെച്ച് കൊല്ലപ്പെട്ടെന്നാണ് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഈയിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. മറ്റ് പോരാട്ടമേഖലകളിലും മരണനിരക്ക് ഈ നിലയില്‍ത്തന്നെ.

സിറിയയിലേക്കും ഇറാക്കിലേക്കും മുസ്ലീംങ്ങള്‍ ധാരാളമായി പോരാടാന്‍ പോയ രാജ്യങ്ങള്‍ക്കുള്ള മികച്ച പ്രതീക്ഷ അതായിരിക്കും. അല്ലെങ്കില്‍ ഐ എസ് ഐ എസ് പോരാളികളാകാന്‍ പൗരന്‍മാര്‍ ഒഴുകിപ്പോയ രാജ്യങ്ങളെ സ്വന്തം നാട്ടില്‍ കാത്തിരിക്കുന്നത് ഭീതിതമായ ദിനങ്ങളാണ്. ഐ എസ് ഐ എസിന്റെ ഹിംസാത്മകമായ പ്രത്യയശാസ്ത്രം പല രൂപങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിക്കാമെന്നുള്ള ആശങ്കാജനകമായ യാഥാര്‍ത്ഥ്യവും ബാക്കിയാണ്.

അത്രയകലെയല്ലാത്ത ഒരു ദിവസം ഇറാക്കിലെയും സിറിയയിലെയും പോരാട്ടം അവസാനിക്കും. അല്ലെങ്കില്‍ ചില വിദേശ പോരാളികള്‍ യുദ്ധക്ലേശങ്ങളില്‍ ക്ഷീണിക്കും. മറ്റ് ചിലര്‍ ഗൃഹാതുരരാകും. എല്ലാവരും കൊല്ലപ്പെടില്ല. അപ്പോള്‍ ജീവിച്ചിരിക്കുന്ന പലരും നാട്ടിലേക്കു മടങ്ങും . യൂറോപ്പും യു എസും മറ്റ് രാജ്യങ്ങളുമെല്ലാം വെല്ലുവിളി നിറഞ്ഞ ആ ദിനങ്ങളെയാണ് കാത്തിരിക്കുന്നത്.

മുജാഹിദ്ദീന്‍ പോരാട്ടത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട മാതൃകയായ അഫ്ഗാനിസ്ഥാന്റെ ചരിത്രം നോക്കിയാല്‍, ഇറാക്കിലോ സിറിയയിലോ പോരാട്ടഭൂമിയിലുള്ള ഒരു ചെറുപ്പക്കാരനാകും അടുത്ത തലമുറയുടെ ബിന്‍ ലാദന്‍. 1980-കളില്‍ അഫ്ഗാനിസ്ഥാനിലെത്തുമ്പോള്‍ സൗദിയില്‍ നിന്നും വന്ന മതഭക്തനായ, മടുപ്പ് ബാധിച്ച ഒരു യുവാവായിരുന്നു അയാള്‍. അഫ്ഗാനിസ്ഥാനിലെ പോരാട്ടം തീര്‍ന്നപ്പോള്‍ അയാള്‍ക്കറിയാവുന്ന ഏക പണി പോരാടുക എന്നതായിരുന്നു. ശേഷം, ഒസാമ ബിന്‍ ലാദന്‍ ഒരു ആഗോള ഭീകരവാദിയായി മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍