UPDATES

വിദേശം

ഭീകരരോ വിശുദ്ധരോ? ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള അഞ്ച് മിഥ്യകള്‍

Avatar

ടീം അഴിമുഖം

1.അവരെക്കുറിച്ച് നാം കരുതുന്നത്ര യുക്തിയില്ലാത്തവരല്ല ഇസ്ലാമിക് സ്റ്റേറ്റ്

ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് അഥവാ ഐ എസ് ഐ എസ് / ഇപ്പോള്‍ ഐ എസ് മനസിലാക്കണമെങ്കില്‍ ആദ്യം അറിയേണ്ടത് അവര്‍ കിറുക്കന്‍മാരല്ല എന്നതാണ്. അക്രമാസക്തമായ ഒരു മധ്യകാല പ്രത്യയശാസ്ത്രത്തിന്റെ പൈശാചികരായ പിന്തുടര്‍ച്ചക്കാരാണവര്‍. പക്ഷേ ഭ്രാന്തന്‍മാരല്ല. 2000മാണ്ടുകളുടെ പകുതി മുതല്‍ ഇന്നുവരെ ഐ എസ് ഐ എസിനും അവരുടെ മാതൃസംഘടനയായിരുന്ന ഇറാക്കിലെ അല്‍ ഖ്വയ്ദക്കും ഒരൊറ്റ ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഒരു ഖിലാഫത് സൃഷ്ടിക്കുക. ആ ലക്ഷ്യം നേടുന്നതിന് ഐ എസ് ഐ എസ് തന്ത്രങ്ങള്‍ രൂപപ്പെടുത്തി. ഉദാഹരണത്തിന്, ഷിയാ ആധിപത്യ സര്‍ക്കാരിനോടുള്ള തീവ്രവാദികളല്ലാത്ത ഇറാക്കിലെ സുന്നികളുടെ അസംതൃപ്തി മുതലെടുക്കുക. പല സമയത്തായുള്ള സൈനിക പരാജായങ്ങളുടെ പശ്ചാത്തലത്തിലും (2008ല്‍ ഇറാക്) പുതിയ സാധ്യതകളുടെ വെളിച്ചത്തിലുമാണ് (സിറിയയിലെ ആഭ്യന്തര യുദ്ധം) അവരുടെ തന്ത്രങ്ങള്‍ രൂപപ്പെട്ടത്. തന്ത്രങ്ങളുടെ മാത്രം കാര്യമെടുത്താല്‍ ലോകത്തെ വിപ്ലവ തീവ്രവാദി സംഘടനകളുടെ മാതൃകയിലാണ് ഐ എസ് ഐ എസ് പ്രവര്‍ത്തിക്കുന്നത്. കിറുക്കന്മാരെപ്പോലെയോ, അല്ലെങ്കില്‍ പടിഞ്ഞാറന്‍മാര്‍ ധരിച്ചുവെച്ചപോലെ ‘ഇസ്ലാമിക’ രീതിയനുസരിച്ചോ ഒന്നുമല്ലെന്നര്‍ത്ഥം.

2.ഇസ്ലാമിക് സ്റ്റേറ്റിനുള്ള പിന്തുണ അധികവും തീവ്ര അനുഭാവികളില്‍ നിന്നുമാണ്

ചില ഇറാക്കി, സിറിയന്‍ സുന്നി മുസ്ലീംങ്ങള്‍ക്കിടയില്‍ ഐഎസ് നു കുറച്ചു ജനപിന്തുണയുണ്ടെന്നത് വാസ്തവമാണ്. അതില്ലെങ്കില്‍ ആ സംഘം തകര്‍ന്നടിയുമായിരുന്നു. ഇത് ഇസ്ലാമിനെക്കുറിച്ച് ചിലതെല്ലാം ബോധ്യപ്പെടുത്തുന്നു എന്നു ചിലപ്പോള്‍ ആളുകള്‍ ധരിക്കുന്നു. അതായത് ആ മതം സങ്കീര്‍ണമായ വിധത്തില്‍ ഹിംസാത്മകമാണ്. അല്ലെങ്കില്‍ സുന്നികള്‍ ഈ സംഘത്തെ പിന്തുണക്കുന്നത് അവര്‍ ഖുറാനെ വളരെ തീവ്രനിലപാടില്‍ വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് എന്നൊക്കെയാണ് അത്. മണ്ടന്മാരാവല്ലേ! ഏതാണ്ട് എല്ലാ മുസ്ലീങ്ങളും വിശ്വാസത്തെക്കുറിച്ചുള്ള ഐ എസ് കാഴ്ച്ചപ്പാടിനെ തള്ളിക്കളയുന്നു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഇസ്ലാമിക തീവ്രവാദം, പ്രത്യേകിച്ചു ആല്‍ ഖ്വയ്ദ ഒട്ടും ജനപ്രിയമല്ല എന്നതാണ് ഓരോ അഭിപ്രായ കണക്കെടുപ്പും കാണിക്കുന്നത്. ഐ എസിന്റെ ഇരകളില്‍ ബഹുഭൂരിപക്ഷവും മുസ്ലീംങ്ങളാണ്. അവരില്‍ പലരും സുന്നികള്‍ (ഐഎസ് തന്നെ സുന്നികളാണ്). ഏതാണ്ട് 2006ല്‍ ഇറാക്കിലെ സുന്നികള്‍ക്കിടയിലുണ്ടായ ഒരു ജനകീയ കലാപമാണ് ഐ എസിന്റെ പൂര്‍വ്വസൂരികളായ ഇറാക്കിലെ അല്‍ ഖ്വയ്ദയുടെ പരാജയത്തിലേക്ക് നയിച്ചത്. വിയോജിപ്പുള്ള മുസ്ലീംങ്ങളുടെ മേലും തങ്ങളുടെ ഇസ്ലാം വ്യാഖ്യാനം അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശ്രമമാണ് അന്നത്തെ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

 

3.ഐ എസ് അല്‍ ക്വയ്ദയുടെ ശാഖയാണ്

ഐ എസിനെയും അല്‍ ഖ്വയ്ദയെയും കുറിച്ചു മനസ്സിലാക്കേണ്ട പ്രധാനകാര്യം അവര്‍ സഖ്യകക്ഷികളല്ല, എതിരാളികളാണ് എന്നതാണ്. ഒരു വലിയ സംഘത്തിന്റെ ഭാഗങ്ങളുമല്ല. ഇറാക് അല്‍ ഖ്വയ്ദയുടെ ഭാഗമായിരുന്നു ഐ എസ്. പക്ഷേ, അല്‍ ഖ്വയ്ദ ഉന്നതനേതൃത്വത്തില്‍ നിന്നും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ കുറക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ അവര്‍ പിളര്‍ന്നുമാറി. (ശരിയാണ്; അല്‍ ഖ്വയ്ദക്ക് പോലും ഐ എസ് അക്രമം കൂടുതലായിരുന്നു) ഈ വേര്‍പിരിയല്‍ കൂടിയാണ് ഐ എസ് ഹിംസയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തത്തിന്റെ ഒരു കാരണം. എന്നിട്ടും പലരും ഇരുസംഘങ്ങളെയും ഒന്നിച്ചാണ് കണക്കാക്കുന്നത്. വര്‍ഷങ്ങളായി ആഗോള ജിഹാദി മുന്നേറ്റത്തിന്റെ നേതൃസ്ഥാനത്താണ് അല്‍ ഖ്വയ്ദ. തീവ്രവാദി സംഘങ്ങളുടെ അയഞ്ഞ ശൃംഖലകള്‍, ഇന്റര്‍നെറ്റ് സംഘങ്ങള്‍, ഒറ്റയാന്‍മാര്‍ അങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നത്. അല്‍ ഖ്വയ്ദയോട് കൂറ് പ്രഖ്യാപിക്കുകയും ഏതെങ്കിലും തരത്തില്‍ ചെറുപങ്കാളിയെന്ന പ്രവര്‍ത്തിബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് അവരൊക്കെ. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണമായ വളര്‍ച്ചയ്ക്ക് പിന്നില്‍
കുരിശ് യുദ്ധമെന്ന് ഇസ്ളാമിക് സ്റ്റേറ്റ്; മതയുദ്ധമല്ലെന്ന് ഒബാമ- ഇഷാന്‍ തരൂര്‍ എഴുതുന്നു
ഇസ്ലാമിക് സ്റ്റേറ്റും മറ്റ് രാഷ്ട്രങ്ങളും: ചില താരതമ്യങ്ങള്‍
തല വെട്ടല്‍ കാടത്തം; സൌദിയെ കണ്ടില്ലെന്ന് നടിക്കുന്ന അമേരിക്ക
ഐ എസ് ഐ എസ് കൊല ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിനെ ഇഷാന്‍ തരൂര്‍ ഓര്‍മ്മിക്കുന്നു

 4.ഐഎസിന് വനിതാ പോരാളികളെ ഭയമാണ്.

സ്ത്രീകള്‍ മാത്രമുള്ള കുര്‍ദ് സൈനിക വിഭാഗങ്ങളോട് പോരാടാന്‍ ഐ എസിന് ഭയമാണെന്ന് ഒരു സിദ്ധാന്തം ഈയിടെയായി പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയാല്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പോകാന്‍ കഴിയില്ലെന്ന് ഐ എസ് പോരാളികള്‍ വിശ്വസിക്കുന്നു എന്നാണ് പറയുന്നത്. സത്യത്തില്‍ സ്ത്രീകളോടുള്ള ഐ എസ് നിലപാട് ഇസ്ലാമിക തീവ്രവാദികളെ കുറിച്ചുള്ള പടിഞ്ഞാറന്‍ സാമ്പ്രദായിക ധാരണയെക്കാള്‍ കൂടുതല്‍ സങ്കീര്‍ണവും ആശങ്കാജനകവുമാണ്. ഐ എസിന് സ്വന്തം വനിതാ പോര്‍വിഭാഗമുണ്ട്. തങ്ങളുടെ സ്ത്രീവിരുദ്ധ സിദ്ധാന്തം നടപ്പാക്കാന്‍ അവരതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. നമുക്ക് അറിയാവുന്ന ഐ എസിന്റെ സ്ത്രീകളോടുള്ള നിലപാട്, എന്തായാലും മറ്റൊരു ചിത്രമാണ് നല്‍കുന്നത്. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ‘അല്‍ഖന്‍സാ’, ‘ഉം അല്‍റയാന്‍’ എന്നീ സ്ത്രീകള്‍ മാത്രമുള്ള പോര്‍വിഭാഗങ്ങള്‍ അവര്‍ക്കുണ്ട്. കയ്യില്‍ തോക്കേന്തുന്ന ഐ എസ് വനിതാ പോരാളികള്‍ ബുര്‍ഖാ ധാരിണികളാണ്; ഐ എസിന്റെ ശരിയത്ത് നിയമവ്യാഖ്യാനം മറ്റുള്ള സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവരെ ഉപയോഗിക്കുന്നത്.

 

 

5.അമേരിക്കക്കാര്‍ക്ക് ഐ എസിനെ എളുപ്പത്തില്‍ തകര്‍ക്കാനാകും.
അമേരിക്കയും സഖ്യകക്ഷികളും ഇറാക്കിലും സിറിയയിലുമുള്ള ബോംബാക്രമണം ശക്തിപ്പെടുത്തുകയോ മിതവാദി സിറിയന്‍ വിമതര്‍ക്ക് കൂടുതല്‍ സഹായം നല്‍കുകയോ ചെയ്താല്‍ ഐഎസിനെ തകര്‍ക്കാം എന്നൊരു ധാരണ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കുണ്ട്. സെപ്റ്റംബര്‍ 10നു പ്രഖ്യാപിച്ച പുതിയ നടപടി പ്രകാരം സിറിയയിലും ഇറാക്കിലും ആക്രമണം ശക്തമാക്കി. എന്നാല്‍ യാഥാര്‍ത്ഥ്യം നിരാശാജനകമായിരുന്നു. ഐഎസ് പ്രശ്‌നത്തെ തീര്‍ക്കാന്‍ കഴിയുന്ന ഒരു മാന്ത്രിക അമേരിക്കന്‍ വെടിയുണ്ടയും ഉണ്ടായിരുന്നില്ല. ദശാബ്ദങ്ങള്‍ നീളുന്ന രൂക്ഷമായ കരയുദ്ധം; അങ്ങനെയൊന്ന് ഇപ്പോള്‍ രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ ഇല്ലെങ്കിലും പ്രശ്‌നം വഷളാക്കാനെ ഇടയുള്ളൂ. കാരണം, ഇറാക്കിലെയും, സിറിയയിലെയും ഐഎസിന്റെ സാന്നിധ്യം സൈനികം എന്നതിനെക്കാളേറെ ഒരു രാഷ്ട്രീയപ്രശ്‌നമാണ് എന്നതുതന്നെ. തുറന്ന ലക്ഷ്യങ്ങളെ ആക്രമിക്കുന്നതില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വിജയമായിരിക്കും, പാതകളിലും, മരുഭൂമിയിലും പോലെ. അങ്ങനെയാണ് ഓഗസ്ത് പകുതിയോടെ മൊസൂള്‍ അണക്കെട്ട് തിരിച്ചുപിടിക്കാന്‍ കുര്‍ദ്, ഇറാക് സേനകള്‍ക്ക് കഴിഞ്ഞത്. എന്നാല്‍ കനത്ത ആള്‍നാശമുണ്ടാക്കിയേക്കാവുന്ന, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രദേശങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം ഫലപ്രദമല്ല. അമേരിക്ക തങ്ങളുടെ വ്യോമാക്രമണം കൂട്ടുന്തോറും ഐഎസ് നഗരകേന്ദ്രങ്ങളില്‍ താവളങ്ങള്‍ ശക്തമാക്കും. അത് രക്തരൂക്ഷിതമായ തെരുവുയുദ്ധം നടത്താന്‍ കുര്‍ദ്, ഇറാക് സേനകളെ നിര്‍ബന്ധിതമാക്കും. ചരിത്രപരമായി ഇത്തരം യുദ്ധങ്ങളില്‍ ഇറാക് സേന ഒട്ടും മികവ് തെളിയിച്ചിട്ടില്ല. ബാഗ്ദാദിനടുത്തുള്ള ഫലൂജയില്‍ നിന്നും ഐഎസിനെ പുറത്താക്കാന്‍ 2014ല്‍ അവര്‍ ഏറെ ശ്രമിച്ചു. അതില്‍ വിജയിച്ചില്ലെന്ന് മാത്രമല്ല, ആ ശ്രമത്തില്‍ സാധാരണക്കാരായ നിരവധി സുന്നികള്‍ കൊല്ലപ്പെടുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍