UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റിനെ തടുക്കാനാവാതെ കുത്തഴിഞ്ഞ് ഇറാഖ് സൈന്യം

Avatar

ലവ്ഡെ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പടിഞ്ഞാറന്‍ ഇറാഖിലെ മറ്റൊരു നഗരംകൂടി ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെ പിടിയിലായി. മൂന്നാഴ്ചക്കുള്ളില്‍ തീവ്രവാദികള്‍ പിടിച്ചടക്കുന്ന മൂന്നാമത്തെ സൈനികത്താവളം. യു.എസും സഖ്യകക്ഷികളും നടത്തുന്ന വ്യോമാക്രമണം ഉണ്ടെങ്കില്‍പ്പോലും മേഖലയിലെ ഇറാഖി സേന തകര്‍ച്ചയുടെ വക്കിലാണ്.

ബാഗ്ദാദിന് 115 മൈല്‍ പടിഞ്ഞാറു മാറിയുള്ള  അന്‍ബര്‍ പ്രവിശ്യയിലെ ഹിത്തിനടുത്തുനിന്നും പിന്‍വലിഞ്ഞതിനെ ഒരു ‘അടവായാണ്’ ഇറാഖി അധികൃതര്‍ വിശേഷിപ്പിക്കുന്നത്. സേന, ആയുധങ്ങള്‍ മുഴുവന്‍ കൊണ്ടുപോന്നെന്നും, ഭക്ഷണശേഖരം കത്തിച്ചുകളഞ്ഞെന്നും, അതുകൊണ്ടുതന്നെ ഇസ്ലാമിക് സ്റ്റേറ്റിനു ഭക്ഷണ സാധനങ്ങളും ആയുധങ്ങളും ലഭിക്കില്ലെന്നും അവര്‍ പറയുന്നു. പ്രദേശത്ത് സഖ്യസേന വ്യോമാക്രമണം നടത്തി എന്നു യു.എസ് കേന്ദ്ര കമാണ്ട് അവകാശപ്പെട്ടതിന് മണിക്കൂറുകള്‍ക്കുളിലാണ് ഈ പിന്മാറ്റം.

കഴിഞ്ഞ 10 മാസമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അന്‍ബാര്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടുന്ന, ആകെ കുഴഞ്ഞുപോയ ഇറാഖി സേനക്ക് മറ്റൊരു മാനസികാഘാതം കൂടിയാണ് ഈ താവളത്തിന്റെ നഷ്ടം. താമസിയാതെ  പ്രവിശ്യ മുഴുവനായും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലാകും എന്നു ഭയക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാര്‍ കൂടുതല്‍ യു.എസ് പിന്തുണക്കായി അഭ്യര്‍ഥിക്കുകയാണ്; ചിലരൊക്കെ അമേരിക്കന്‍ സേന തിരിച്ചുവരണമെന്ന് കൂടി ആവശ്യപ്പെടുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ഈ പുതിയ നേട്ടത്തെ ബാഗ്ദാദിന് അടുത്തുള്ള പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ ഉപയോഗിക്കുമെന്നും ആശങ്കയുണ്ട്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേവലം 5 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയുള്ള സ്ഫോടനാത്മക സ്ഥിതിയുള്ള അബു ഗാരിബ് ജില്ലയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ നേരിട്ടുള്ള ആക്രമണ പരിധിക്കുള്ളില്‍ വരാതെ ബാഗ്ദാദ് പിടിച്ചുനിന്നു. തലസ്ഥാനത്ത് മോര്‍ട്ടാര്‍ ആക്രമണങ്ങളും ചാവേര്‍ സ്ഫോടനങ്ങളും അവര്‍ മുറക്ക് നടത്തുന്നുണ്ടെങ്കിലും.

യു.എസ് വ്യോമാക്രമണങ്ങളും, കുര്‍ദ് സേനയുടെ ചെറുത്തുനില്‍പ്പും ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്നേറ്റത്തെ ഒരു പരിധി വരെ തടഞ്ഞ വടക്കന്‍ ഇറാഖിലേതില്‍  നിന്നും വ്യത്യസ്തമാണ് അന്‍ബറിലെ സ്ഥിതി.

യു.എസിന് വ്യോമാക്രമണ പിന്തുണ നല്കാന്‍ കഴിയുമെങ്കിലും, യുദ്ധം ചെയ്യേണ്ടത് ഇറാഖ് തന്നെയാണെന്ന് പ്രസിഡണ്ട് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു.

പക്ഷേ, അത്തരമൊരു ദൌത്യം ഏറ്റെടുടുക്കാന്‍ പോരാട്ടശേഷിയുള്ളതാക്കി  ഇറാഖി സേനയെ മാറ്റുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. പോരാട്ടത്തില്‍ സുന്നി ഗോത്ര നേതാക്കളെയും പങ്കാളികളാക്കാന്‍, പ്രധാനമന്ത്രി ഹൈദര്‍-അല്‍-അബാദി അവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഷിയാ സര്‍ക്കാരില്‍ സുന്നികള്‍ക്ക് ഒട്ടും വിശ്വാസമില്ല എന്ന പ്രതിസന്ധിയുണ്ട്. സേനയാകട്ടെ, കൊഴിഞ്ഞുപോക്കും, അഴിമതിയും, തളര്‍ന്ന ആത്മവീര്യവുമായി അലങ്കോലപ്പെട്ടുകിടക്കുകയാണ്.

ഹിതിനടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാഹനവും, പോരാളികളെ കൊണ്ടുപോകുന്ന കവചിത വാഹനവും തകര്‍ത്തെന്ന് യു.എസ് സേന പറഞ്ഞെങ്കിലും സൈനിക താവളത്തിന് നേരെയുള്ള ആക്രമണം തടയാന്‍ ഇതിനൊന്നും കഴിഞ്ഞില്ല. പുലര്‍ച്ചെ 3 മണിയോടെ 400-ഓളം വരുന്ന ഇറാഖി സൈനികര്‍ താവളമുപേക്ഷിച്ച് പിന്‍വാങ്ങി.

ഇറാഖ് സേനയുടെ ഏഴാം ഡിവിഷന്‍ താവളം പിടിച്ചെടുത്തത് പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ഘോഷിച്ചത്. യൂഫ്രട്ടെസ് നദിയുടെ തീരത്തുള്ള ഹിത് ഒക്ടോബര്‍ 2-നു തീവ്രവാദികളുടെ നിയന്ത്രണത്തിലായി.

ഒബാമ വിജയിക്കില്ല

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇറാനെതിരെ സദ്ദാമിന്റെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അമേരിക്ക – റിപ്പോര്‍ട്ട്
ഭീകരരോ വിശുദ്ധരോ? ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള അഞ്ച് മിഥ്യകള്‍
സൈന്യത്തെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുന്ന അമേരിക്ക
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ എണ്ണക്കിണറിന് യു.എസ് അടപ്പിട്ടുവോ?
കുരിശ് യുദ്ധമെന്ന് ഇസ്ളാമിക് സ്റ്റേറ്റ്; മതയുദ്ധമല്ലെന്ന് ഒബാമ- ഇഷാന്‍ തരൂര്‍ എഴുതുന്നു

 

സിറിയയില്‍ അതിര്‍ത്തി നഗരമായ കൊബാനെയില്‍ നിന്നും തീവ്രവാദികളെ തുരത്താന്‍ അമേരിക്കന്‍ സേന നിരവധി തവണ വ്യോമാക്രമണം നടത്തിയെന്നാണ് അവര്‍ പറയുന്നത്.

കൊബാനേക്കായുള്ള പോരാട്ടം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ബഹുരാഷ്ട്ര പോരാട്ടം വിപുലപ്പെടുത്താനുള്ള വഴികള്‍ക്കായി യു.എസും നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയും തമ്മിലുള്ള സംഭാഷണങ്ങളുടെ സ്വരം മൂര്‍ച്ചിപ്പിച്ചിട്ടുണ്ട്. വടക്കന്‍ സിറിയയിലെ വ്യോമ നിരോധിത മേഖല, അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സൃഷ്ടിക്കല്‍ എന്നിവയടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുമ്പോഴും സഖ്യത്തിന് സൈനിക സഹായം നല്കാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തിന്  തെക്കന്‍ തുര്‍ക്കിയിലെ ഇന്‍സിര്‍ലിക് വ്യോമത്താവളം ഉപയോഗിക്കാന്‍ യു.എസിന് അനുമതി നല്‍കുന്ന ഒരു ‘പുതിയ ധാരണ’യില്‍ എത്തിയെന്ന വാര്‍ത്തയും തുര്‍ക്കി നിഷേധിച്ചിട്ടുണ്ട്.  അത്തരമൊരു ധാരണ ഉണ്ടാക്കി എന്നായിരുന്നു ഒബാമ ഭരണകൂടം നല്കിയ സൂചനകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍