UPDATES

വിദേശം

പല്ലുകൊഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ്

Avatar

ലിസ് സ്ലൈ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക സ്‌റ്റേറ്റ് ആഭ്യന്തര പ്രശ്‌നങ്ങളാല്‍ കുഴഞ്ഞു തുടങ്ങുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. വിയോജിപ്പുകള്‍, വിട്ടുപോക്കുകള്‍, പോരാട്ടങ്ങളിലേല്‍ക്കുന്ന തിരിച്ചടി എന്നിവയെല്ലാം സംഘത്തിന്റെ ശക്തി കുറക്കുകയും, അവരുടെ സ്വേച്ഛാധിപത്യത്തിനു കീഴില്‍ കഴിയുന്നവര്‍ക്കിടക്ക് അവരുടെ അജയ്യതയെക്കുറിച്ചുള്ള ധാരണ ഒന്നു കുറയ്ക്കുകയും ചെയ്തിരിക്കുന്നു. 

വിദേശ, പ്രാദേശിക പോരാളികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലെ വര്‍ദ്ധന, പ്രാദേശിക പൌരന്മാരെ മുന്നണിയില്‍ വിന്യസിക്കുന്നതിനുള്ള ശ്രമത്തില്‍ നേരിടുന്ന പരാജയം, ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഒളിപ്പോര്‍ ആക്രമണം എന്നിവയെല്ലാം ഒരു ഇസ്ലാമിക് ഭരണമെന്ന കാല്‍പനിക സ്വപ്നത്തിന് കീഴില്‍ എല്ലാ മുസ്ലീംങ്ങളെയും ഒന്നിപ്പിക്കാനായി അവര്‍ വളരെ ശ്രദ്ധയോടെ വളര്‍ത്തിയെടുക്കുന്ന പ്രതിച്ഛായയുടെ ദൗര്‍ബ്ബല്ല്യമാണ് കാണിക്കുന്നത്. 

കിഴക്കന്‍ സിറിയയിലും പടിഞ്ഞാറന്‍ ജര്‍മ്മനിയിലും ഉള്ള സ്വയം പ്രഖ്യാപിത ഖിലാഫത്തടങ്ങുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങള്‍ നിലവില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നില്ല എന്നാണ് ആ പ്രദേശത്തുനിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ അധീനപ്രദേശങ്ങളുടെ അതിരുകളിലാണ് അവര്‍ക്കേറ്റ തിരിച്ചടികളിലേറെയും. വിശ്വാസ്യതയുള്ള ബദലുകള്‍ ഇല്ലാതിരിക്കുകയും ഭീകരമായ തിരിച്ചടിയെ കുറിച്ചുള്ള ഭയം തീവ്രമായിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് സംഘടിതമായ പ്രതിപക്ഷത്തിന് സാധ്യതയില്ല എന്നു തന്നെയാണ് മിക്ക നിരീക്ഷകരുടെയും അഭിപ്രായം. 

തിരിച്ചടികള്‍ 
വിമതസ്വരങ്ങളും, വിട്ടുപോകലും, പോര്‍ക്കളത്തിലെ തിരിച്ചടികളുമെല്ലാം സൂചിപ്പിക്കുന്നത് സംഘം ആഭ്യന്തരമായി വെല്ലുവിളികള്‍ നേരിടുന്നു എന്നുതന്നെയാണ്. 

‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അടിസ്ഥാനപരമായ പ്രധാന തത്വത്തിലെ പരാജയമാണ് നാം കാണുന്നത്. ഖിലാഫത്തിന് കീഴില്‍ വിവിധ തരക്കാരായ ആളുകളെ ഒന്നിപ്പിക്കുക എന്ന തത്വം. ഇത് പ്രയോഗത്തില്‍ വരുത്താനാകുന്നില്ല. ഇത് ഭരണത്തിലെ കാര്യക്ഷമത കുറക്കാനും സൈനിക നീക്കങ്ങള്‍ ദുര്‍ബ്ബലമാകാനും ഇടവരുത്തുന്നു,’ ബെയ്‌റൂട്ടിലെ പശ്ചിമേഷ്യന്‍ കേന്ദ്രം മേധാവി ലിന ഖാതീബ് പറഞ്ഞു. 

ഇസ്ലാമിക രാഷ്ട്രനിര്‍മ്മാണമെന്ന പരീക്ഷണത്തില്‍ ആകൃഷ്ടരായി വന്ന വിദേശ പോരാളികളും പ്രാദേശിക പോരാളികളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് കനത്തു നില്‍ക്കുന്ന മറ്റൊരു പ്രശ്‌നം. വിദേശീയര്‍ക്ക് ശമ്പളത്തിലും ജീവിത സാഹചര്യങ്ങളിലുമെല്ലാം നല്‍കുന്ന മുന്‍ഗണനയില്‍ മറ്റുള്ളവര്‍ രോഷാകുലരാണ്. 

സാധാരണക്കാര്‍ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്കയാല്‍ സഖ്യസേന വ്യോമാക്രമണം താരതമ്യേന അപൂര്‍വമായി നടത്തുന്ന നഗരങ്ങളിലാണ് വിദേശ പോരാളികള്‍ താമസിക്കുന്നത്. എന്നാല്‍ സിറിയന്‍ പോരാളികള്‍ ആക്രമണങ്ങള്‍ അടിക്കടി ഉണ്ടാകുന്ന ഗ്രാമപ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളിലും. 

ഇരുകൂട്ടരും തമ്മില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുണ്ടാവുക സാധാരണമാണെന്ന് സിറിയ-ഇറാക്ക് അതിര്‍ത്തിയിലെ അബു കമാല്‍ പട്ടണത്തില്‍ കഴിയുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് വിരുദ്ധനായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു. ഇറാക്കിലെ യുദ്ധമുന്നണിയിലേക്ക് പോകാനുള്ള ഒരു കുവൈത്ത് കമാണ്ടറുടെ ആജ്ഞയെ ചൊല്ലി കഴിഞ്ഞയാഴ്ചയും വിദേശപോരാളികളും സിറിയക്കാരും തമ്മില്‍ വെടിവെപ്പുണ്ടായി. മുന്‍ സ്വതന്ത്ര സിറിയ സേന നേതാവ് സദ്ദാം ജമാലിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ വിഭാഗം കുവൈത്തി കമാണ്ടറുടെ വിഭാഗവുമായി ഒരകലം പാലിച്ച് ഇപ്പൊഴും നഗരത്തിലുണ്ട്. 

ഇറാക്കിലെ റമാദിയില്‍ ജനുവരിയില്‍ പ്രദേശവാസികളും ചെചന്‍ പോരാളികളും ഏറ്റുമുട്ടി. ചെചന്‍ പോരാളികള്‍ സിറിയയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോളായിരുന്നു ഇത്. 

വിദേശ പോരാളികള്‍ പലരും മോഹഭംഗം വന്നു അതിര്‍ത്തി വഴി തുര്‍ക്കിയിലേക്ക് രക്ഷപ്പെടാനായി പ്രദേശവാസികളുടെ സഹായം തേടിയ നിരവധി സംഭവങ്ങള്‍ സിറിയയിലെ പ്രവിശ്യകളായ ദൈര്‍ അല്‍സോര്‍, റാക്ക എന്നിവടങ്ങളില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. തബ്ക്കയിലെ റക്ക നഗരത്തില്‍ നിന്നും ഏഷ്യക്കാരെന്നു തോന്നിക്കുന്ന 3040 പോരാളികളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ മാസം കണ്ടെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടികൂടപ്പെട്ട ജിഹാദികളാണ് ഇവരെന്നു കരുതുന്നു. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു. അനുവാദമില്ലാതെ ആളുകളെ കൊണ്ടുപോകുന്നതില്‍ നിന്നും ട്രക്ക് ഡ്രൈവര്‍മാര്‍ക്കും വിലക്കുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുഖമുദ്രയായ പരസ്യ വധശിക്ഷകളില്‍ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി വധിച്ചവരില്‍ 120 പേര്‍ അവരുടെ സ്വന്തം അംഗങ്ങളാണ്. 

ചാരപ്പണിക്കും, പുകവലിച്ചതിനും വധശിക്ഷ ലഭിച്ചവരാണ് ചിലര്‍. എന്നാല്‍ മിക്കവരും വധിക്കപ്പെട്ടത് ഓടിപ്പോകാന്‍ ശ്രമിച്ച കുറ്റത്തിനാണ്. 

അതേസമയം ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിറിയയിലും ഇറാക്കിലും ഭൂപ്രദേശങ്ങള്‍ കയ്യടക്കിയ സംഘം ഇപ്പോള്‍ വടക്കന്‍ സിറിയയിലും ഇറാക്കിലും സംഭവിച്ച അധീനപ്രദേശങ്ങളുടെ നഷ്ടത്തോടെ പ്രതിരോധത്തിലായിരിക്കുന്നു എന്നുമാത്രമല്ല തങ്ങള്‍ക്കെതിരെ വരുന്ന വിവിധ ശക്തികളെ എങ്ങനെ ചെറുക്കണം എന്നതിന് സമഗ്രമായ ഒരു തന്ത്രമാവിഷ്‌കരിക്കാന്‍ കഴിയാതെ വലയുകയുമാണ്. 

മൂന്ന് മുന്നണികളില്‍ നിന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണം നേരിടുന്നത്‌വടക്കന്‍ സിറിയയിലും വടക്കന്‍ ഇറാക്കിലും കുര്‍ദ് സേന, മധ്യ ഇറാക്ക് നഗരമായ തിക്രിത്തില്‍ ഇറാക്കി സേനയുടെയും ഷിയാ പോരാളികളുടെയും സംയുക്ത മുന്നേറ്റവും. കിഴക്കന്‍ സിറിയയിലെ പ്രവിശ്യകളായ ഹോംസിലും, ദമാസ്കസിലും ഇസ്ലാമിക് സ്‌റ്റേറ്റ് ചില മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ കണ്ണഞ്ചിപ്പിക്കുന്ന കീഴടക്കലുകള്‍ പോലെ വരുന്നില്ല. 

സുന്നി ന്യൂനപക്ഷ പ്രദേശങ്ങളിലാണ് തിരിച്ചടികളേറെയും. കുര്‍ദിഷ് ഭൂരിപക്ഷമുള്ള കൊബേനും കിഴക്കന്‍ ഇറാക്കിലെ ദിയാലയും പോലുള്ള പ്രദേശങ്ങള്‍. 

സദ്ദാം ഹുസൈന്റെ ജന്മനാടായ സുന്നി ഭൂരിപക്ഷ നഗരം തിക്രിത്തിന്റെ ആധിപത്യത്തിനായി നടക്കുന്ന പോരാട്ടമാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സൈനിക ശേഷിയെ ഇനി നിശ്ചയിക്കാന്‍ പോകുന്നത്. സിറിയയിലും ഇറാക്കിലും നിയന്ത്രണത്തിനായി പോരാട്ടം കനക്കുമ്പോള്‍ സുന്നി ഇതര സംഘങ്ങളുടെ ശക്തി സ്ഥാപിക്കാന്‍ ഒരു ഷിയാ ഭൂരിപക്ഷമുള്ള സേനാസംഘങ്ങളുടെ വിജയം അവര്‍ക്കും ഏറെ അത്യാവശ്യമായി വന്നിരിക്കുന്നു. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആള്‍നാശവും സിറിയയിലെ കുര്‍ദ് നഗരമായ കൊബെനിന് അടുത്ത് നൂറുകണക്കിന് ഗ്രാമങ്ങള്‍, വടക്കന്‍ ഇറാക്കിലെ നഗരമായ സിഞ്ചാരിനും, കിഴക്കന്‍ ഇറാക്ക് പ്രവിശ്യയായ ദിയാലക്കും അടുത്തുള്ള നിരവധി ഗ്രാമങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിയന്ത്രണം നഷ്ടമായതും പ്രധാനമാണ്.

ഏതാണ്ട് 20,000 വിദേശികളും എണ്ണം കണക്കാക്കാത്ത ഇറാക്കി, സിറിയ പൗരന്മാരും അടങ്ങുന്ന സംഘത്തിന്റെ ആള്‍ബലത്തിലും കാര്യമായ ആഘാതമേറ്റിട്ടുണ്ട്. സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ ഏതാണ്ട് 8,500 പോരാളികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പെന്റഗന്‍ പറയുന്നത്. 

കുറച്ചു മാസങ്ങള്‍ക്ക് മുമ്പുവരെ ശമ്പളം ലഭിക്കാവുന്ന ലഭ്യമായ ഏകജോലി എന്ന നിലക്ക് പോരാളികളായി ചേരാന്‍ തിക്കും തിരക്കും കൂട്ടിയിരുന്ന സിറിയക്കാരെ ഈ രക്തചൊരിച്ചില്‍ പിന്തിരിപ്പിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. 

കുട്ടികളെയും കൗമാരക്കാരെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഇപ്പോള്‍ ധാരാളമായി സേനയിലേക്കെടുക്കുന്നു. സംഘത്തിന്റെ പ്രചാരണത്തില്‍ ഇവര്‍ എളുപ്പം വീണുപോകുന്നുണ്ട് എന്നാണ് മുന്നണിയില്‍ കൊല്ലപ്പെട്ട ഒരു 15കാരന്റെ വീട്ടില്‍പ്പോയി മടങ്ങവേ റക്കയിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞത്. 

അവന്‍ യുദ്ധമുന്നണിയിലേക്കാന് പോയതെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. അവന്റെ മരണം അവര്‍ അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം അയല്‍ക്കാരന്‍ പറഞ്ഞാണ്. മറ്റ് പലരെയും സുരക്ഷാഭീതിയാല്‍ പേര് വെളിപ്പെടുത്തരുതെന്ന് അയാളും ആവശ്യപ്പെട്ടു. 

യുദ്ധമുന്നണിയിലേക്ക് പോകാനായി സിറിയക്കാരെ പ്രേരിപ്പിക്കാന്‍ പ്രതിമാസം 800 ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് DZGraph എന്ന പ്രതിപക്ഷ സംഘം വിപുലമാക്കാനായി സിറിയന്‍ നഗരമായ ദേയിര്‍ അല്‍ സോറില്‍ നിന്നും തുര്‍ക്കിയിലെത്തിയ അഹമ്മദ് മ്ഹിദി പറഞ്ഞത്. 

ഇറാക്ക് അതിര്‍ത്തിയിലെ ദേയിര്‍ അല്‍സോറിലാണ് ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പ്രതിപക്ഷം ഏറ്റവും ശക്തമാകുന്നത്. 

തുര്‍ക്കി അതിര്‍ത്തി വഴി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലസ്ഥാനമെന്ന് കരുതാവുന്ന റക്കയിലേക്ക് പോരാളികളാകാനായി വിദേശികള്‍ ഇപ്പൊഴും എത്തുന്നു എന്നു പ്രദേശവാസികള്‍ പറയുന്നു. നഗരത്തിലെ താമസക്കാരില്‍ യൂറോപ്യന്മാരും, ഏഷ്യക്കാരും, അറബുകളും ആഫ്രിക്കക്കാരുമൊക്കെ നിറയുകയാണ്. എത്തിയാലുടന്‍ കാറുകളും പാര്‍പ്പിടങ്ങളും ലഭിക്കുന്ന അവര്‍ നഗരത്തിലെ ഭക്ഷണശാലകളിലും അങ്ങാടികളിലും പോവുകയും വിദേശികള്‍ അപൂര്‍വമായിരുന്ന നഗരത്തിന് ഒരു ബഹുതരക്കാരുടെ നഗരത്തിന്റെ ഛായ നല്‍കുകയും ചെയ്യുന്നു എന്നാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ അബു ഇബ്രാഹിം അല്‍രാക്വീ എന്ന കള്ളപ്പേരില്‍ താമസിക്കുന്ന റക്കയിലെ പ്രതിപക്ഷപ്രവര്‍ത്തകന്‍ പറഞ്ഞത്. 

മുന്നണിയിലേക്ക് പോകാന്‍ മിക്ക വിദേശികള്‍ക്കും താത്പര്യമില്ല എന്നദ്ദേഹം പറയുന്നു. ‘അവര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ താമസിക്കാന്‍ വന്നവരാണ്. അവര്‍ പോരാടാന്‍ വന്നവരല്ല. ‘വേണ്ടത്ര വിദ്യാഭ്യാസമോ, ശേഷികളോ ഇല്ലാത്ത പ്രാന്തവത്കരിക്കപ്പെട്ട ആളുകളെയാണ് അവര്‍ ഇപ്പൊഴും ആകര്‍ഷിക്കുന്നത്. അതാകട്ടെ അവരുടെ സൈനികശേഷിയെ ശക്തിപ്പെടുത്തുന്നുമില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍