UPDATES

വിദേശം

മണ്ണ് നഷ്ടമാകുമ്പോഴും ഓണ്‍ലൈന്‍ സാമ്രാജ്യം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്

ഒരു മൂര്‍ത്തമായ രാഷ്ട്രം എന്നതിലുപരി പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്തുന്ന ഒരു ഭീകര സംഘം എന്ന നിലയിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് മാറുകയാണ്

ഗ്രെഗ് മില്ലര്‍

ഇറാഖിലെ അല്‍ക്വായ്ദയുടെ പ്രധാന വിഭാഗം ഒരു പതിറ്റാണ്ടു മുമ്പ് യുഎസ്, ഇറാഖി സേനകളുടെ കയ്യില്‍ നിന്നും സര്‍വ്വനാശം ഒഴിവാക്കിയത് സൈനിക ഏറ്റുമുട്ടലുകളില്‍ നിന്നും പിന്‍മാറിയിട്ടും ശേഷിക്കുന്ന ശൃംഖലയെ ഒളിവില്‍ കൊണ്ടുപോയിട്ടുമാണ്. പിന്നീടവര്‍ ഇസ്ലാമിക് സ്റ്റേറ്റ് ആയി തിരികെ വന്നു.

ഇപ്പോള്‍ തോല്‍വി നേരിടുന്ന ഐഎസ് തങ്ങളുടെ നിലനില്‍പ്പ് തന്ത്രം ആവിഷ്കരിക്കുകയാണ്. ഇറാഖിലും സിറിയയിലുമുള്ള തങ്ങളുടെ ‘ഖിലാഫത്തിന്റെ’ നിയന്ത്രണം അടിയറവെച്ചാലും അതിന്റെ ഓണ്‍ലൈന്‍ പതിപ്പ് സൂക്ഷിക്കാനാണ് ശ്രമം.

നിയന്ത്രണത്തിലുള്ള ഭൂപ്രദേശം കുറഞ്ഞുവരുന്നതോടെയാണ് ഈ മാധ്യമ തന്ത്രം. ഒരു ‘ഇസ്ളാമിക സ്റ്റേറ്റ് ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇപ്പോള്‍’ ചര്‍ച്ച ചെയ്യുന്നത് അകാലത്തിലായിരിക്കും എന്നു കിംഗ്സ് കോളേജ് ലണ്ടന്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

“ഒരു ഡിജിറ്റല്‍ തന്ത്രപര സ്വാധീനം ഉണ്ടാക്കാനാണ് സംഘടന ശ്രമിച്ചത്,” എന്നു പഠനം അനുമാനിക്കുന്നു. ഒരു രാഷ്ട്രത്തിന് പിന്‍വാങ്ങാനും പ്രതിരോധിക്കാനും കഴിയുന്ന മലനിരകള്‍ നിറഞ്ഞ ഒരു മേഖലയെ പ്രതിനിധാനം ചെയ്യുന്ന ഒരു പദമാണ് ഇതിനായി ഉപയോഗിക്കുന്നത്.  “ഈ ശ്രമം കൊണ്ട് ഒരു മൂര്‍ത്ത രാഷ്ട്രം എന്ന നിലയ്ക്കപ്പുറവും ഖിലാഫത് ആശയം നിലനില്‍ക്കുന്നു.”

ഈ തന്ത്രത്തിന്റെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗം ഇപ്പോള്‍ത്തന്നെ തങ്ങളുടെ ശേഖരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ, ഒരു ആദര്‍ശ ഇസ്ളാമിക സമൂഹം എന്നത് പുന:സ്ഥാപിക്കപ്പെടേണ്ട അനിവാര്യതയാണ് എന്നു കാണിക്കാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

“നിര്‍ബന്ധിതരായാല്‍ സംഘത്തിന്റെ വിശ്വാസികള്‍ ഈ അയഥാര്‍ത്ഥ ലോകത്തിലേക്കു പിന്‍വാങ്ങുകയും ഈ ഗൃഹാതുരത്വം സജീവമായി നിലനിര്‍ത്താന്‍ ഇത്രയും കാലത്തെ പ്രചാരണ ശേഖരം ഉപയോഗിക്കുകയുമാണ്,” റിപ്പോര്‍ട്ട് പറയുന്നു.

ഇത് നിയന്ത്രണത്തിലുള്ള ഭൂപ്രദേശം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരന്തരം കൈവിട്ടുപോകുന്ന ഒരു ഭീകരവാദി സംഘടനയുടെ നിരാശയുടെ പ്രകടനം കൂടിയാണ്. പക്ഷേ ഇത് സാമൂഹ്യ മാധ്യമങ്ങളെയും ഇന്‍റര്‍നെറ്റിനെയും ഉപയോഗിക്കാനുള്ള അവരുടെ പുതിയ രീതികൂടിയാണ്-ആദ്യം ഇറാഖിലും സിറിയയിലും പോരാടാന്‍ ആളുകളെ ചേര്‍ക്കുക, പിന്നീട് പിരിഞ്ഞുപോയ അനുയായികളുടെ വിശ്വസ്തത നിലനിര്‍ത്തുക.

കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു പ്രാചാരണ മാര്‍ഗരേഖയില്‍ നിന്നാണ് കിംഗസ് കോളേജ് റിപ്പോര്‍ട്ട് അതിന്റെ പല നിഗമനങ്ങളിലും എത്തുന്നത്. “മാധ്യമ ദൌത്യം, നിങ്ങളും ഒരു മുജാഹിദ്ദീന്‍ ആണ്,” എന്നു പേരിട്ട ഈ മാര്‍ഗരേഖ പ്രചാരണ സംഘങ്ങളെ സായുധ വിഭാഗത്തോളം ശക്തമായിത്തന്നെ കാണുന്നു. മുഖ്യധാര മാധ്യമശ്രദ്ധയെ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കേണ്ടത് എങ്ങനെയെന്നും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

“മാധ്യമ ആയുധം വാസ്തവത്തില്‍ അണുബോംബിനെക്കാള്‍ ശക്തമാണ്,” അതിലെ ഒരു ഭാഗത്ത് പറയുന്നതായി കിംഗ്സ് കോളേജ് റിപ്പോര്‍ട്ട് പറയുന്നു.

ഈ മാസം ഐഎസ് പുറത്തിറക്കിയ ഒരു ദൃശ്യം ഇത്തരത്തിലുള്ളതാണ്. “കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു’ എന്ന പേരിലുള്ള ഈ വീഡിയോയില്‍ പോരാളികളുടെ പതിവ് ദൃശ്യങ്ങള്‍ക്കൊപ്പം തൊഴിലാളികള്‍ തെരുവുകള്‍ ഉണ്ടാക്കുന്നതും വണ്ടികള്‍ പോകുന്നതും ഒക്കെയായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു.

മുന്‍കൂട്ടി ഗൃഹാതുരത ഉണര്‍ത്താനുള്ള തന്ത്രതിന്റെ ഉദാഹരണം  എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ചാര്‍ലീ വിന്റര്‍ പറയുന്നത്. ഖിലാഫത്തിന്റെ ആ പഴയ  നല്ല നാളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ പൂര്‍ണമായും തോല്‍ക്കുന്നതിന് മുമ്പുതന്നെ നല്‍കുകയാണ്.

യുഎസ്, തുര്‍ക്കി, റഷ്യ, സിറിയ, ഇറാഖ് സേനകളുടെ ആക്രമണ സമ്മര്‍ദത്തില്‍ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതിന് മുമ്പു ഇസ്ലാമിക് സ്റ്റേറ്റിലേക്ക് വിദേശ പോരാളികളുടെ ഒഴുക്കുണ്ടായിരുന്നു-രണ്ട് വര്‍ഷം മുമ്പു മാസം 2,000 എന്ന നിലയില്‍ നിന്നും അടുത്തിടെ 50 എന്ന നിലയിലേക്ക് അത് ചുരുങ്ങി.

ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്ക് അനുയായികളെ സജ്ജരാക്കുകയാണ് സംഘം. യുദ്ധക്കളത്തിലെ തോല്‍വികള്‍ വിശുദ്ധ ബലികളായി കാണിക്കുന്ന സന്ദേശങ്ങളാണ് വരുന്നത്. മുമ്പു വിജയത്തിന്റെ ഭാഷയിലായിരുന്നു അവ.

ഈ മാധ്യമതന്ത്രം പല വെല്ലുവിളികളും നേരിടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ അനുഭാവികള്‍ ചുരുങ്ങിയിരിക്കുന്നു. അതെത്രമാത്രം എന്നു പറയാനാവില്ലെങ്കിലും ഫെയ്സ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യ മാധ്യമ കമ്പനികള്‍ ഐ എസ് അനുകൂലികളെയും അവരുടെ കുറിപ്പുകളെയും വലിയ തോതില്‍ നീക്കം ചെയ്തിരിരുന്നു.

എങ്കിലും, സിറിയ ആഭ്യന്തര യുദ്ധത്തിലേക്ക് വീണപ്പോള്‍ ഇവരുടെ മുന്‍ഗാമികള്‍ തിരിച്ചുവന്നതുപോലെ ഓണ്‍ലൈന്‍ അനുയായികളെ നിലനിര്‍ത്തുന്നത് തിരിച്ചുവരവിന്റെ സാധ്യത നല്കുന്നു എന്നു വിദഗ്ധര്‍ പറയുന്നു.

നിയന്ത്രണപ്രദേശങ്ങള്‍ കൈവിട്ടുപോയതിന് പകരമായി യൂറോപ്പിലും യുഎസിലും ഭീകരാക്രമണങ്ങള്‍ നടത്തി ഒരു ആഗോള ശക്തി എന്ന പ്രസക്തി പ്രകടിപ്പിക്കാനായിരിക്കും ഐഎസ് ശ്രമിക്കുക.

ഇറാഖിലും സിറിയയിലും അവര്‍ ഇപ്പോള്‍ത്തന്നെ പരമ്പരാഗത കലാപ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞുകഴിഞ്ഞു. മൊസൂളില്‍ ഈയിടെ ഒരു ഭക്ഷണശാലയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തു. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂപ്രദേശത്തു അസ്ഥിരത സൃഷ്ടിക്കാനാണ് ഇത്. ഒപ്പം പുതിയ പ്രചാരണ ഉള്ളടക്കവും.

“വിശാലാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു മൂര്‍ത്തമായ രാഷ്ട്രം  എന്നതിലുപരി പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്തുന്ന ഒരു ഭീകര സംഘം എന്ന നിലയിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് മാറുകയാണ്,” വിന്റര്‍ പറഞ്ഞു. “ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പഴയവ വീണ്ടും വിതരണം ചെയ്യാനും അവര്‍ ശ്രമിക്കും. അവരുടെ ഭാവനാത്മക ലോകത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഇനിയും പെരുപ്പിച്ചുകാട്ടും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍