UPDATES

രണ്ടാമത്തെ ജപ്പാന്‍ ബന്ദിയെയും ഐ എസ് വധിച്ചു; ജപ്പാന് ഇനി ദുഃസ്വപ്നത്തിന്റെ നാളുകളെന്ന് ഭീക്ഷണി

ടോക്യോ: ജപ്പാന്‍കാരനായ മാധ്യമ പ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോയുടെ തലയറുക്കുന്ന വീഡിയോ ഐ‌എസ് തീവ്രവാദികള്‍ പുറത്തുവിട്ടു. ശനിയാഴ്ചയാണ് വീഡിയോ പുറത്തു വിട്ടത്. ഐ‌എസ് തീവ്രവാദിയെ മോചിപ്പിക്കണമെന്നുള്ള വിലപേശലുകള്‍ എങ്ങുമെത്താതെ ആയതോടെയാണ് ഈ ആരുംകൊല.  കൊലപാതകത്തെ “ഭീകരതയുടെ നിഷ്ഠൂരത” എന്ന് പറഞ്ഞ് അപലപിച്ച ജപ്പാന്‍  ഈ കൊലപാതകത്തില്‍ രാജ്യം കടുത്ത പ്രതിഷേധത്തിലാണെന്നും പ്രസ്താവിച്ചു. 

ജപ്പാനും ജോര്‍ദാനും ദിവസങ്ങളായി തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് ഐ‌എസുമായി വിലപേശല്‍ നടത്തുകയായിരുന്നു. ഗോട്ടോയെ കൂടാതെ ജോര്‍ദാന്‍ പൈലറ്റ് മൂവത്-അല്‍-കസീബും ഐ‌എസ് തടങ്കലില്‍ ഉണ്ടായിരുന്നു. ജോര്‍ദാനിലെ അമ്മാനില്‍ 2005ല്‍ നടത്തിയ സ്ഫോടന പരമ്പരയിലൂടെ നിരവധി ആളുകളുടെ ജീവനെടുത്ത ഇറാഖി വനിതയെ മോചിപ്പിക്കണമെന്നായിരുന്നു പകരമായി ഐ‌എസ് ആവശ്യപ്പെട്ടത്.

ഇറാഖി വനിത, സാജിദ അല്‍ റിഷാവി, വ്യാഴാഴ്ച സൂര്യാസ്തമയത്തിന് മുന്പ് മോചിതയായില്ലെങ്കില്‍ ആദ്യം കൊല്ലുക കസീബിനെയായിരിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം സിറിയയില്‍ വച്ച് വിമാനം തകര്‍ന്നതോടെയാണ് കസീബ് പിടിയിലാകുന്നത്.

ആദ്യം നടന്ന വിലപേശല്‍ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ മുഖ്യ കാരണം പൈലറ്റിന്‍റെ കാര്യത്തില്‍ ജോര്‍ദാന്‍ കാണിച്ച പിടിവാശിയായിരുന്നു. തങ്ങള്‍ മരണപൂട്ടില്‍ അകപ്പെട്ടിരിക്കുകയായെന്നാണ് ജാപ്പനീസ് വിദേശകാര്യ സഹമന്ത്രി യസുഹീഡേ നകയാമ വെള്ളിയാഴ്ച വൈകുന്നേരം പറഞ്ഞത്.

ശനിയാഴ്ചത്തെ വീഡിയോ കസീബിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ല. ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചു ഗോട്ടോയെ ഒരു മരുഭൂമി പ്രദേശത്ത് മുട്ടുകുത്തി നിര്‍ത്തിയിരിക്കുകയാണ്. തൊട്ടടുത്ത് കറുത്ത വസ്ത്രം ധരിച്ച ‘ജിഹാദി ജോണ്‍’ എന്നറിയപ്പെടുന്ന കൊലയാളിയും. 

ജാപ്പനീസ് ഗവണ്‍മെന്‍റിനുള്ള മറുപടിയായി അവര്‍ പറയുന്നു. “നിങ്ങള്‍, സാത്താന്റെ സഖ്യത്തിലെ മറ്റുള്ളവരെ പോലെ, ഞങ്ങള്‍ ഇസ്ലാമിക് ഖാലിഫയുടെ അധികാരികളാണെന്ന് തിരിച്ചറിയുന്നില്ല എന്ന്  അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ സൈന്യം നിങ്ങളുടെ ചോരക്കായി ദാഹിക്കുകയാണ്.” 

“അബെ, ഒരിയ്ക്കലും ജയിക്കാനാവാത്ത യുദ്ധത്തില്‍ പങ്കെടുക്കാനുള്ള നിങ്ങളുടെ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങള്‍ കാരണം, കെന്‍ജി മാത്രമല്ല നിങ്ങളുടെ ആളുകളെ എവിടെ കണ്ടാലും വധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു”.  ജപ്പാന് ദുസ്വപ്നങ്ങളുടെ ദിനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും ആ മനുഷ്യന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍