UPDATES

വിദേശം

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പുതിയ ജിഹാദി; പാതി ഭീകരവാദി, പാതി കൊള്ളക്കാരന്‍

Avatar

ആന്തണി ഫയോല, സൗദ് മെഖ്‌നേറ്റ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അടുത്തിടെ നടന്ന പാരീസ് ഭീകരാക്രമണം ഒരു പുതിയ തരം ജിഹാദികളുടെ വരവിനെ വെളിപ്പെടുത്തുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഇസ്ലാമിക തീവ്രവാദത്തിനുമിടയിലെ അതിര്‍വരമ്പുകളെ നേര്‍പ്പിച്ചുകളയുന്ന, നിയമലംഘനത്തിലെ ശേഷികള്‍ അക്രമാസക്ത തീവ്രവാദ ആശയങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍. 

യൂറോപ്പില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് തെരഞ്ഞെടുക്കുന്ന വിശ്വസ്ത അനുയായികളില്‍ തെരുവ് ഗുണ്ടകളും മുന്‍ ഗുണ്ടാ സംഘത്തലവന്‍മാരും ഏറിവരികയാണ്. ഖിലാഫത്തിന്റെ കാലത്തെ തീവ്രവാദത്തിന്റെ സ്വഭാവമാണത്. തങ്ങളുടെ മുന്‍കാല കുറ്റകൃത്യ ജീവിതം അവര്‍ ഉപേക്ഷിക്കുന്നില്ല. പകരം നിയമലംഘന ശേഷികള്‍ ആളുകളെ കൂട്ടത്തിലെടുക്കാനുള്ള പണം കണ്ടെത്താനും വിദേശ പോരാളികള്‍ക്ക് യാത്രാ ചെലവ് സംഘടിപ്പിക്കാനും അവരുപയോഗിക്കുന്നു. അവരുടെ ഭൂതകാലം പണവും ആയുധങ്ങളും സംഘടിപ്പിക്കുന്നത് എളുപ്പവുമാക്കുന്നു. യൂറോപ്യന്‍ അധികാരികളുടെ പുതിയ തലവേദനയാണിത്.

പാരീസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാവുന്നതിന് മുമ്പ് 28കാരനായ അബ്ദല്‍ ഹമീദ് അബൗദ് സാന്റാക്ലോസ് എന്നു വിളിപ്പേരുള്ള ഒരാളുടെ നേതൃത്വത്തിലുള്ള തീവ്രവാദ സ്വഭാവമുള്ള കള്ളന്മാരുടെ സംഘത്തിലായിരുന്നു.

പിന്നീട് സിറിയയിലും ഇറാഖിലുമായി പോരാടാനായി പോയ ചെറുപ്പക്കാര്‍ ഉണ്ടായിരുന്ന സംഘം വിനോദസഞ്ചാരികളെ കൊള്ളയടിക്കുകയും കടകളില്‍ നിന്നും മോഷണം നടത്തുകയും അടക്കം ഇസ്ലാമിക് സ്‌റ്റേറ്റിനായി ഒരു ചെറുകിട കുറ്റകൃത്യ സേവനം നടത്തിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. 

തീവ്ര മതവിശ്വാസികളേയും സമ്പന്നരായ വിദേശപ്രായോജകരേയും ആദ്യവര്‍ഷങ്ങളില്‍ വളര്‍ച്ചക്കായി ആശ്രയിച്ചിരുന്ന അല്‍ ഖ്വയ്ദയില്‍ നിന്നും വ്യത്യസ്തമാണ് യൂറോപ്പിലെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ രീതി. തെരുവ് ഗുണ്ടകളും മുന്‍ തട്ടിപ്പുകാരുമൊക്കെയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ യൂറോപ്യന്‍ പദ്ധതിയില്‍ ഉള്ളത്. 

മൊറോക്കന്‍ കുടിയേറ്റക്കാരുടെ മകനായ അബൗദ് 16 വയസില്‍ വീട്ടില്‍ നിന്നും പുറത്തായി. ആവര്‍ത്തിച്ച കുറ്റകൃത്യങ്ങളുടെ ചരിത്രം. തീവ്രവാദിയായ അയാള്‍ 2013ല്‍ സിറിയയിലേക്ക് പോരാടാനായി പോയി. ആ വര്‍ഷം അവസാനം കുറച്ചുകാലം ബല്‍ജിയത്തിലേക്ക് തിരികെ വന്നപ്പോഴും അയാള്‍ ചെറുകിട മോഷണങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. ഇതില്‍നിന്നും കിട്ടിയ പണമുപയോഗിച്ചാണ് ജനുവരി 2014നു സിറിയയിലേക്കുള്ള രണ്ടാം യാത്ര ഏര്‍പ്പാടാക്കിയത്. അത്തവണ കൂടെ 13കാരനായ സഹോദരന്‍ യൂനീസും ഉണ്ടായിരുന്നു. 

ബ്രസല്‍സിലെ ചെറുകിട കുറ്റകൃത്യ സംഘത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു അബൗദിന്റെ പാരീസ് ശൃംഖല. യൂറോപ്പില്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് പകരം പോരാളികളെ കണ്ടെത്തുകയും മദ്ധ്യേഷ്യയിലേക്കുള്ള അവരുടെ യാത്രചെലവ് നല്‍കുകയുമായിരുന്നു അവര്‍ ചെയ്തത്. പക്ഷേ പാരീസ് ആക്രമണത്തില്‍ ഉള്‍പ്പെട്ട പലര്‍ക്കും കുറ്റകൃത്യപശ്ചാത്തലം ഉണ്ടായിരുന്നു. ഇതില്‍ രണ്ടുപേര്‍-നവംബര്‍ 13നു ചാവേറായി പൊട്ടിത്തെറിച്ച ബ്രാഹിം അബ്ദ്‌സലേം, ഇപ്പോഴും പിടിയിലാകാത്ത അയാളുടെ സഹോദരന്‍ കൂടിയായ സലാ അബ്ദ്‌സലേം- മയക്കുമരുന്നു ഇടപാടുകളുടെ പേരില്‍ ഈയടുത്ത് അടച്ചുപൂട്ടിയ ഒരു ചായക്കട ബ്രസല്‍സില്‍ നടത്തിയിരുന്നു. 

ഇസ്ലാമില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, കൊല്ലപ്പെട്ട പല തീവ്രവാദികളുടെയും അരികില്‍നിന്നും മയക്കുമരുന്നിന്റെ മിശ്രിതം ഫോറെന്‍സിക് പരിശോധകര്‍ കണ്ടെത്തിയെന്ന് പാരീസ് ആക്രമണ അന്വേഷണ സംഘത്തിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 

‘ഇത്തരത്തില്‍ കുറ്റവാളികളുടെ ലോകവുമായുള്ള ബന്ധം ഒസാമ ബിന്‍ ലാദനില്‍ നിങ്ങള്‍ക്ക് കാണാനാകില്ല,’Geneva Cetnre for Securtiy Policy ഡെപ്യൂടി ഡയറക്ടര്‍ മൊഹമ്മദ് മഹമൂദ് ഔള്‍ദ് മൊഹമ്മദ്യൂ പറയുന്നു. ‘ഭീകരവാദത്തില്‍ നിങ്ങള്‍ക്ക് ചില യാഥാസ്ഥിതികത്വം ഉണ്ടായിരുന്നു.’

യൂറോപ്പിലെ തടവറകള്‍ വര്‍ഷങ്ങളായി ഇസ്‌ളാമിക തീവ്രവാദികളുടെ സൃഷ്ടികേന്ദ്രങ്ങളാണ്; പ്രത്യേകിച്ചും ബല്‍ജിയവും ഫ്രാന്‍സും. പക്ഷേ ഈയടുത്തായി കുറ്റകൃത്യലോകവും തീവ്രവാദവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഇഴചേര്‍ന്നിരിക്കുന്നു. തീവ്രവാദ ഇസ്ലാമിന്റെ ‘വെളിച്ചം’ ലഭിച്ചിട്ടും പുതിയ പോരാളികള്‍ അവരുടെ കുറ്റകൃത്യ സ്വഭാവങ്ങള്‍ ഉപേക്ഷിക്കുന്നില്ല. 

‘അവരില്‍ പലരും സാമൂഹ്യവിരുദ്ധരായാണ് ജീവിക്കുന്നത്, പിന്നെയവര്‍ക്ക് വെളിപ്പാടുണ്ടാകുന്നു, മതാത്മകതയിലേക്ക് തിരിയുന്നു, പക്ഷേ കുറ്റകൃത്യങ്ങളുമായുള്ള ബന്ധം അപ്രത്യക്ഷമാകുന്നില്ല,’ ലണ്ടനിലെ കിങ്‌സ് കോളേജിലെ തീവ്രവാദ വിദഗ്ധന്‍ പീറ്റര്‍ ന്യൂമാന്‍ പറഞ്ഞു. ‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഒരു പ്രവര്‍ത്തനപരിപാടിയായാണ് ഞാന്‍ ഇതിനെ കാണുന്നത്.’

ഈ പുതിയ പ്രവണതയുടെ ഭാഗമായി, സിറിയയിലെ ഇസ്ലാമിക് പോരാളികള്‍ക്ക് പണം ശേഖരിക്കാന്‍ ഓഗസ്റ്റ് 2011നും നവംബര്‍ 2014നും ഇടക്ക് പള്ളികളും വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിച്ച എട്ടു പേരെ ജര്‍മ്മനിയിലെ കൊളോണിലെ ഒരു കോടതി വിചാരണ ചെയ്യുകയാണ്. ഒരു പള്ളിയില്‍നിന്നും മാത്രമായി ഏതാണ്ട് 10,000 യൂറോ വിലമതിക്കുന്ന വസ്തുക്കളാണ് അവര്‍ മോഷ്ടിച്ചത്. ഏത് സംഘടനയെയാണ് അവര്‍ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായി തെളിഞ്ഞില്ലെങ്കിലും എല്ലാ ടെലിവുകളും സൂചിപ്പിക്കുന്നത് ഇസ്ലാമിക് സ്‌റ്റേറ്റിലേക്കാണെന്ന് കോടതി വക്താവ് പറഞ്ഞു. 

മറ്റ് ചില സംഭവങ്ങള്‍ ബ്രസല്‍സ് സംഘത്തിനേക്കാളേറെ, തീവ്രവാദവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള 42കാരന്‍ മൊറോക്കന്‍ വംശജനായ ഖാലിദ് സെര്‍കാനിയുടെ നേതൃത്വത്തിലുണ്ടെന്ന് പറയുന്ന സംഘം ഇതിന് തെളിവാണ്. 

കൂടെയുള്ളവര്‍ക്ക് സാന്റാക്ലോസ് ആണ് സെര്‍കാനി. കള്ളന്മാരും ഭാവിയിലെ പോരാളികളുമായി എടുക്കുന്ന യുവാക്കള്‍ക്ക് അയാള്‍ കാശും സമ്മാനങ്ങളും നല്‍കുന്നു. തീവണ്ടി സ്‌റ്റേഷനുകള്‍, വിനോദസഞ്ചാരികള്‍ എന്നിവരെ ലക്ഷ്യം വെക്കും, പെട്ടി തട്ടിയെടുക്കും, കടകളില്‍ നിന്നും മോഷ്ടിക്കും. ഇതില്‍നിന്നുള്ള ലാഭം യൂറോപ്പില്‍ നിന്നുമുള്ള പോരാളികളെ മദ്ധ്യേഷ്യയിലെ പോരാട്ടഭൂമിയിലേക്ക് അയക്കാനുള്ള ചെലവിലേക്ക് നല്‍കും. 

മോഷണം ഇസ്ലാമില്‍ നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ തങ്ങള്‍ അവിശ്വാസികളെയാണ് ലക്ഷ്യമിടുന്നതെന്നും അടവിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്നും പറഞ്ഞ് ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികള്‍ ഇതിനെ ന്യായീകരിക്കുന്നു. 

സെര്‍കാനിയുടെ ശൃംഖല, യൂറോപ്യന്‍ വംശജരായ ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളുടെ ആളുകളെ ചേര്‍ക്കുന്നതിന്റെയും ധനസമാഹാരണത്തിന്റെയും അടവുകളിലേക്ക് വെളിച്ചം വീശുന്നുവെന്ന് അധികൃതര്‍ പറയുന്നു. ബല്‍ജിയത്തില്‍ നിന്നും സിറിയയിലേക്കും ഇറാഖിലെക്കും പോയ 30-40 പേരെങ്കിലും സെര്‍കാനി വഴിയാണെന്ന് അവര്‍ പറഞ്ഞു. 

‘ഇസ്ലാമിക ലക്ഷ്യത്തിന്’ പണം കണ്ടെത്താന്‍ തീവണ്ടി സ്‌റ്റേഷനുകളില്‍ നിന്നും പെട്ടികള്‍ മോഷ്ടിക്കാന്‍ സെര്‍കാണി തന്നോടു പറഞ്ഞതായി അയാള്‍ കൂട്ടത്തില്‍ ചേര്‍ത്ത 21കാരന്‍ യൂസഫ് ബൗമാര്‍ അധികൃതരോട് പറഞ്ഞു. 

ചെറുകിട കുറ്റകൃത്യ പശ്ചാത്തലമുള്ളവരെയാണ് അയാള്‍ ലക്ഷ്യമിടുന്നത്. ബ്രസല്‍സില്‍ വടക്കേ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ധാരാളമുള്ള മോളെന്‍ബീകിലെ ഒരു അനൗദ്യോഗിക പള്ളി്ക്കടുത്തുള്ള തെരുവുകളിലും ചായക്കടകളിലുമാണ് അയാള്‍ പുതിയ ആളുകളെ കണ്ടെത്താന്‍ പോകുന്നത്. തെറ്റായ ഒരു ലക്ഷ്യത്തിന്നായി, അല്ലെങ്കില്‍ സ്വന്തം കാര്യസാധ്യത്തിന്നായി, ചെറുപ്പക്കാരെയും, അധോമുഖരായ ആളുകളെയും ആകര്‍ഷിക്കുന്ന ഒരു തട്ടിപ്പുകാരന്നായിരുന്നു,’ സെര്‍കാനി എന്നാണ് സിറിയയില്‍ പോരാടാന്‍ തെരഞ്ഞെടുത്ത ഒരാളുടെ സഹോദരനായ മൊഹമ്മദ് കരീം ഹദാദ് പറഞ്ഞത്. 

ഫെബ്രുവരി 2014നു ബല്‍ജിയം അധികൃതര്‍ സെര്‍കാനിയെ പിടികൂടി. ഭീകരസംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ കുറ്റം ചുമത്തി. ഈ വര്‍ഷം അയാളെ 12 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വിധിക്കെതിരെ അയാള്‍ അപ്പീല്‍ നല്‍കുന്നുണ്ട്. 

സാന്റക്ലോസിന്റെ ലോകവുമായി അബൗദിന് അടുത്ത് പരിചയമുണ്ട്. സെര്‍കാനിയും കൂട്ടരും അവിടെ സജീവമായിരുന്ന കാലത്ത് അയാളും കുടുംബവും മോളെന്‍ബീകില്‍ താമസിച്ചിരുന്നു. സെര്‍കാനിയെ ശിക്ഷിച്ച അതേ വിചാരണയില്‍ അബൗദിനെയും അയാളുടെ അഭാവത്തില്‍ കോടതി ശിക്ഷിച്ചു. രണ്ടുപേരും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞിട്ടില്ല. പക്ഷേ സെര്‍കാനിയുടെ ഒരു സെല്‍ഫോണില്‍ കണ്ട സന്ദേശത്തില്‍ അബൗദിന്റെ സിറിയയിലെ വിളിപ്പേര് പരാമര്‍ശിച്ചിരുന്നു, അബു ഒമര്‍ സൗസി. 

അബൗദിന്റെ ഇളയ സഹോദരന്മാരില്‍ ഒരാളായ യാസീന്‍ അബൌദ് പറഞ്ഞത്, സെര്‍കാനിയെയും കൂട്ടരെയും ഒഴിവാക്കാന്‍ തന്റെ അമ്മ അബൗദിനോടു ഒരിക്കല്‍ കെഞ്ചിയിട്ടുണ്ടെന്നാണ്. 

‘ഈ കുഴപ്പങ്ങളെല്ലാം കാരണം അമ്മക്ക് അവരെ ഭയമായിരുന്നു. അമ്മ അവരെ ‘താടിക്കാര്‍’ എന്നാണ് വിളിച്ചിരുന്നത്.’

പുതിയ ജിഹാദി സംഘങ്ങള്‍ മതയാഥാസ്ഥിതികത്വത്തില്‍ കടുംപിടിത്തം പുലര്‍ത്തിയിരുന്ന അല്‍ഖ്വയ്ദ പോലുള്ള സംഘങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. തങ്ങളുടെ പകിട്ടാര്‍ന്ന ഇന്റര്‍നെറ്റ് പ്രചാരണത്തില്‍ ഒരു സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന അവര്‍, യുദ്ധത്തിന്റെ സാഹസികതകളെ പുല്‍കാന്‍ നിരാശരായ യുവാക്കളെ ആകര്‍ഷിക്കുന്നു. 

‘ഇത് നിലവാരം കുറഞ്ഞ ഭീകരവാദികളാണ്,’ ഒരു മുതിര്‍ന്ന യൂറോപ്യന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

അതിന്റെയര്‍ത്ഥം അവര്‍ അപകടകാരികള്‍ അല്ലെന്നല്ല. കുറ്റവാളി ബന്ധങ്ങള്‍ യൂറോപ്പില്‍ ആയുധങ്ങളും പണവും ലഭിക്കാന്‍ പുതിയ സംഘത്തിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുന്നു. 

ഇവരുടെ ചെറുകിട കുറ്റകൃത്യ ബന്ധങ്ങളാകാം ഈ ഭീഷണിയെ കുറച്ചുകാണാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 

സെര്‍കാനി തെരഞ്ഞെടുത്ത, കുറ്റകൃത്യ ചരിത്രമുള്ള യോനി മയെന്‍ 2013 ആദ്യം സിറിയയിലേക്ക് പോയി എന്ന്! അയാളുടെ 68കാരിയായ അമ്മ പറഞ്ഞു. കുറച്ചു ആഴ്ച്ചകള്‍ക്ക് ശേഷം അയാള്‍ വീട്ടില്‍ തിരിച്ചെത്തി. 

തന്റെ മകന്‍ മദ്ധ്യേഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയണമെന്ന് അവര്‍ അധികൃതരോറ്റ് ആവശ്യപ്പെട്ടു. തങ്ങള്‍ അയാളെ പിന്തുടരുന്നുണ്ടെന്ന് അവര്‍ ഉറപ്പുകൊടുത്തു. 

‘പക്ഷേ അവന്‍ പിന്നേയും പോയി, അവര്‍ ഒന്നും ചെയ്തില്ല.’

നിയമപരമായി തങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു എന്നു അധികൃതര്‍ പറയുന്നു. പക്ഷേ വിമര്‍ശകര്‍ പറയുന്നത്, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന മുസ്ലിം ചെറുപ്പക്കാരുടെ പ്രശ്‌നനം ഇങ്ങനെ കയറ്റുമതിചെയ്തു തീര്‍ക്കാം എന്ന്! അധികൃതര്‍ കരുതി എന്നാണ്. ജനുവരി 2014നു മയെന്‍ സിറിയയിലേക്ക് തിരികെ പോയപ്പോള്‍ കൂടെ അബൗദും അയാളുടെ 13കാരനായ സഹോദരനും ഉണ്ടായിരുന്നു. കോടതി രേഖകള്‍ കാണിക്കുന്നത് ഇസ്ലാമിക് സ്‌റ്റേറ്റിനായുള്ള പോരാട്ടത്തില്‍ മയെന്‍ മാര്‍ച്ച് 2014നു കൊല്ലപ്പെട്ടു എന്നാണ്. 

പാരീസ് ആക്രമണസംഘത്തിന്റെ തലവനും സെര്‍കാനിയുടെ പ്രധാന സംഘവും തമ്മില്‍ മറ്റ് ബന്ധങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 2014ല്‍ നടന്ന ഒരു പോലീസ് പരിശോധനയില്‍ അബൗദിന്റെ കാലാവധി കഴിഞ്ഞ മൊറോക്കന്‍ പാസ്‌പോര്‍ട് ബ്രസല്‍സിലെ ഒരു സര്‍കാനി സംഘാംഗത്തിന്റെ വീട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. 

കുറ്റകൃത്യ പശ്ചാത്തലമുള്ള യുവാക്കളെ നോട്ടമിടുന്നതിന്റെ പ്രധാനകാരണം അവരെ എളുപ്പം ആകര്‍ഷിക്കാവുന്നത്തിനാലാണ് എന്ന് അധികൃതരും മുസ്ലിം നേതാക്കളും പറയുന്നു. അബൗദിന്റെ സുഹൃത്തായിരുന്ന, പാരീസ് ആക്രമണത്തെക്കുറിച്ച് കേട്ടപ്പോള്‍ സന്തോഷം തോന്നി എന്ന് പറഞ്ഞ ഫരീദ് എന്ന ചെറുപ്പക്കാരനെപ്പോലെ അവര്‍ ക്ഷുഭിതരും അന്യവത്കരിക്കപ്പെട്ടവരുമാണ്. 

കൗമാരപ്രായത്തില്‍ത്തന്നെ ജയിലില്‍ പോക്ക് പതിവായെന്ന് മൊറോക്കന്‍ കുടിയേറ്റക്കാരുടെ മകനായ ഫരീദ് പറഞ്ഞു. മോളെന്‍ബീകിലെ ഒരു ഭക്ഷണശാലയില്‍ വെച്ചു സംസാരിക്കുമ്പോള്‍ അയാളുടെ കയ്യില്‍ കൈത്തോക്കും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ചതെന്ന് പറഞ്ഞ ഒരുകെട്ട് യൂറോയും ഉണ്ടായിരുന്നു. 

ഈ ജില്ലയില്‍ ചെറുപ്പക്കാരനായ ഒരു മുസ്ലിമിന്റെ ജീവിതം ഒരു പ്രതീക്ഷയുമില്ലാത്തതാണെന്ന് ഫരീദ് പറയുന്നു. പലര്‍ക്കും തോന്നുന്നത് തങ്ങള്‍ രാഷ്ട്രമില്ലാത്തവരാണെന്നാണ്. ദേശീയ ശരാശരിയെക്കാളും കൂടിയ തൊഴിലില്ലായ്മ. തന്റെ മിക്ക സുഹൃത്തുക്കളും ജയിലില്‍ പോയിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. 

അയാളും അയാളുടെ പല സുഹൃത്തുക്കളും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഫരീദ് പറയുന്നു. തന്നെപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് സ്വന്തമെന്ന് പറയാനാവുന്ന ഒരു ഇടം ഉണ്ടാക്കുന്നതിനാലാണ് അവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിനോട് ആകര്‍ഷണം തോന്നുന്നത്. 

‘ഞങ്ങളെ ഒരിക്കലും ബല്‍ജിയന്‍കാരായി അംഗീകരിക്കാത്ത ഈ സമൂഹത്തിനും ഭരണകൂടത്തിനും എതിരായാണ് ഞങ്ങള്‍ കലാപം നടത്തുന്നത്. ഞങ്ങളുടെ മാതാപിതാക്കള്‍ക്കും ഞങ്ങളുടെ ജന്‍മദേശങ്ങള്‍ക്കുമെതിരെയാണ് ഞങ്ങളുടെ കലാപം. എനിക്കു ബല്‍ജിയന്‍ എന്ന തോന്നലില്ല. മൊറോക്കോക്കാരന്‍ എന്നും തോന്നുന്നില്ല. അബ്ദല്‍ഹമീദ് സ്വയം കണ്ടിരുന്നപ്പോലെ ഒരു മുസ്ലിമായാണ് ഞാന്‍ എന്നെ കാണുന്നത്.’

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍