UPDATES

ഇസ്ലാമിക് സ്‌റ്റേറ്റിലെ പട്ടിണിക്കാരും ചാട്ടയേന്തിയ കരംപിരിവുകാരും

Avatar

കെവിന്‍ സള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫത്തേന്‍ ഹുമയാദ് താമസിക്കുന്ന വടക്കന്‍ സിറിയയിലെ പട്ടണം രണ്ടു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്‌റ്റേറ്റ് കീഴടക്കും വരെ പാചകവാതകം നിറയ്ക്കാന്‍ ഏതാണ്ട് 50 സെന്റ് ആയിരുന്നു ചെലവ്. പക്ഷേ തീവ്രവാദികള്‍ വന്നതോടെ ചെലവ് 32 ഡോളറായി. അതോടെ 72കാരിയായ അമ്മൂമ്മ ഹുമയാദാ വീടിന് പിറകില്‍ തുറന്ന അടുപ്പില്‍ തീയിടാന്‍ തുടങ്ങി. 

‘അതൊരു സ്വര്‍ഗമായിരുന്നു,’ ജോര്‍ദാനിലെ അസ്രാക് അഭയാര്‍ത്ഥി താവളത്തില്‍ ഒരു തകരപ്പാട്ടയുടെ കുടിലില്‍ ഇരിക്കവെ യൂഫ്രട്ടീസ് നദിക്കാരയിലെ ജീവിതമോര്‍ത്തെടുത്ത് അവര്‍ പറഞ്ഞു. ആളെക്കടത്തുകാരുടെ സഹായത്തോടെ മെയ് മാസത്തിലാണ് അവരിവിടെ എത്തിയത്. 

അല്‍ ഖ്വയ്ദയോ മറ്റ് ജിഹാദി സംഘങ്ങളോ ഇതുവരെ ശ്രമിക്കാത്ത കാര്യം ചെയ്യാനാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തുനിയുന്നത്: സര്‍ക്കാര്‍ സ്ഥാപനങ്ങളും ചലിക്കുന്ന പ്രവര്‍ത്തനക്ഷമമായ സമ്പദ് വ്യവസ്ഥയും ചേര്‍ത്ത് ഒരു യഥാര്‍ത്ഥ ഭരണകൂടം സ്ഥാപിക്കുക. ഇക്കാര്യത്തില്‍ തീവ്രവാദികള്‍ അല്പമൊക്കെ വിജയിച്ചുവെങ്കിലും അവര്‍ക്ക് കീഴില്‍ കഴിയുന്ന ദശലക്ഷക്കണക്കിനാളുകള്‍ ഭക്ഷണവും ഇന്ധനവും മറ്റ് ദൈനംദിന വസ്തുക്കളും ലഭിക്കാതെ വലയുകയും എങ്ങനെയെങ്കിലും ലഭിക്കണമെങ്കില്‍ കൊള്ളവില നല്‍കേണ്ട അവസ്ഥയിലുമാണ്. 

ഇസ്ലാമിക് സ്‌റ്റേറ്റ് നിയന്ത്രിത പ്രദേശങ്ങളില്‍ നിന്നും ഓടിപ്പോന്ന നിരവധി പേരുമായി നടത്തിയ അഭിമുഖങ്ങള്‍ വ്യക്തമാക്കുന്നത് പ്രാദേശിക ജനത ഭക്ഷണത്തിനായി കഷ്ടപ്പെടുമ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റിലെ അധിനിവേശക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും വൈദ്യുതിയും ഇറക്കുമതി ചെയ്ത പാനീയങ്ങള്‍ വരെ ലഭിക്കുന്ന ഒരു ദ്വിതല സംവിധാനമാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്. 

പഴങ്ങളും പച്ചക്കറികളും ധാരളമുള്ളിടങ്ങളിലും കന്നുകാലികളെയും കോഴികളെയും വളര്‍ത്തുന്നിടത്തും ഭക്ഷണം കിട്ടാന്‍ എളുപ്പമാണെന്ന് ആളുകള്‍ പറഞ്ഞു. പക്ഷേ സാധനങ്ങള്‍ എത്തിക്കാനുള്ള പരമ്പരാഗത പാതകളെല്ലാം യുദ്ധം മൂലം അടഞ്ഞതിനാല്‍ പഞ്ചസാരയും കുട്ടികള്‍ക്കുള്ള ഭക്ഷണവും വരെ കള്ളക്കടത്തിലൂടെ കൊള്ളവില നല്‍കി വാങ്ങേണ്ടി വരികയാണ്. 

തൊഴിലില്ലായ്മ വറുതിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉടമസ്ഥര്‍ ഓടിപ്പോയതും അസംസ്‌കൃതവസ്തുക്കള്‍ക്ക് തീവിലയായതിനാലും പണിശാലകളും കടകളും അടഞ്ഞുകിടക്കുകയാണ്. 

‘പയറും അരിയും മാത്രമേ ഞാന്‍ ഉണ്ടാക്കിയിരുന്നുള്ളൂ, അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ,’കുടുംബത്തോടൊപ്പം സിറിയന്‍ നഗരമായ റക്കയില്‍ നിന്നും പലായനം ചെയ്തു ജോര്‍ദാനിലെ അമ്മാനില്‍ നിന്നും 40 മൈല്‍ അകലെ മരുഭൂമിയിലുള്ള അസ്രാക് താവളത്തിലെ 20,000 അഭയാര്‍ത്ഥികളില്‍ ഒരാളായ ആമിന മുസ്തഫ ഹുമൈദി, 40, പറഞ്ഞു. 

ആമിനയുടെ ഭര്‍ത്താവിനെ കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. അയാള്‍ മരിച്ചത്തിന് ശേഷം അയാളുടെ കുടുംബത്തിന് അവര്‍ ഇലക്ട്രിക് കുക്കര്‍ നല്‍കി. പക്ഷേ ദിവസത്തില്‍ ഒരു മണിക്കൂറെ വൈദ്യുതിയുള്ളൂ. 

‘വൈദ്യുതി വന്നാല്‍ ഞാന്‍ ഭക്ഷണമുണ്ടാക്കാന്‍ ഓടുമായിരുന്നു. ആ മണിക്കൂര്‍ തെറ്റിപ്പോയാല്‍ പിന്നെ കുട്ടികള്‍ പട്ടിണിയാണ്.’

ഇസ്ലാമിക് സ്‌റ്റേറ്റ് സര്‍വത്ര അലങ്കോലമാണ് ഉണ്ടാക്കിയത്.’

പുറംലോകത്തുനിന്നുള്ള സഹായങ്ങളെയും ഇസ്ലാമിക് സ്‌റ്റേറ്റ് എതിര്‍ക്കുന്നു.സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ ഇരകള്‍ക്കായി യു.എസില്‍ നിന്നും കോഴിയിറച്ചിയുമായി വന്ന രണ്ടു 18 ചക്ര വണ്ടികള്‍ ഐ എസ് കത്തിക്കുന്ന ചിത്രം ഏപ്രിലില്‍ പുറത്തുവന്നിരുന്നു. 

ചികിത്സ സൌകര്യങ്ങളും മരുന്നും ദുര്‍ലഭമാണ്. പല ആശുപത്രികളിലും നല്ല ചികിത്സയും മരുന്നും ഇസ്ലാമിക് സ്‌റ്റേറ്റ് അംഗങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് വന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ മിക്കവരും നാടുവിട്ടു. ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അധീന പ്രദേശങ്ങള്‍ക്ക് പുറത്തുപോകാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി കിട്ടണമെങ്കില്‍ അവര്‍ മടങ്ങി വരുമെന്നു 5 പേര്‍ ഉറപ്പ് നല്‍കണം. മടങ്ങിവന്നില്ലെങ്കില്‍ ജാമ്യക്കാരോ കുടുംബങ്ങളോ കൊല്ലപ്പെടുകവരെ ചെയ്യും. 

‘നിങ്ങള്‍ക്ക് ചിന്തിക്കാവുന്ന എല്ലാ ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്കിവിടെയുണ്ട്,’ഒരു ദശലക്ഷത്തിലേറെ ആളുകള്‍ കഴിയുന്ന മൊസൂളിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള ശാസ്ത്രക്രിയ മാത്രമേ ഇപ്പോള്‍ അവിടെ നടത്തുന്നുള്ളൂ. വൈദ്യുതിക്ഷാമമുള്ളതിനാല്‍ ജനറേറ്ററാണ് ഉപയോഗിക്കുന്നത്. അതിനുള്ള ഇന്ധനവുമില്ല. വെള്ളം എത്തിക്കാന്‍ കഴിയുന്നില്ല. 

‘വെള്ളമില്ലാത്ത ആശുപത്രിയെക്കുറിച്ച് ചിന്തിച്ച് നോക്കൂ. 18ആം നൂറ്റാണ്ടിലെ പോലെയാണ് ഞങ്ങള്‍ കഴിയുന്നത്.’

തങ്ങളുടെ നിയന്ത്രണ പ്രദേശങ്ങളിലെ ജനങ്ങളെ നിയന്ത്രിക്കാന്‍ കെട്ടിട നിര്‍മ്മാണവും മീന്‍ പിടിത്തവുമടക്കം എല്ലാം നിയന്ത്രിക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അവ മെച്ചപ്പെടുത്തിയെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. 

താന്‍ തീവ്രവാദികള്‍ക്ക് എതിരാണെങ്കിലും അവര്‍ കാര്യക്ഷമമായ ഒരു ഭരണമുണ്ടാക്കി എന്നാണ് ഫലൂജയില്‍ നിന്നും പേര് വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ ടെലിഫോണില്‍ സംസാരിച്ച ഒരു മതപുരോഹിതന്‍ പറഞ്ഞത്. 

വിവാഹ സാക്ഷ്യപത്രങ്ങളും തിരിച്ചറിയല്‍ രേഖകളും നല്‍കുന്ന കേന്ദ്രങ്ങള്‍ അവരുണ്ടാക്കി എന്ന് അയാള്‍ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റ് ശമ്പളം നല്‍കുന്ന ജോലിക്കാര്‍ തെരുവുകള്‍ വൃത്തിയാക്കുകയും ചില തെരുവുകളില്‍ വെളിച്ചം നല്‍കാന്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇസ്ലാമിക ശരിയാ കോടതിയും ഇസ്ലാമിക് പോലീസ് എന്നു വിളിക്കാവുന്ന ഹിസ്ബാ കാര്യാലയവും അവര്‍ സ്ഥാപിച്ചു. 

‘അവര്‍ വിലകള്‍ നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വലിയ തോതില്‍ വില കൂട്ടിയാല്‍ ശിക്ഷിക്കപ്പെടും.’

മുന്‍ സിറിയന്‍, ഇറാക്കി സര്‍ക്കാരുകള്‍ അഴിമതിക്കാര്യത്തില്‍ കുപ്രസിദ്ധരായിരുന്നു എന്നു നിരവധി ആളുകള്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അഴിമതി തടയാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

മൊസൂളില്‍ സന്ധ്യാ പ്രാര്‍ത്ഥനക്ക് ശേഷം തങ്ങളുടെ മാലിന്യ സഞ്ചികള്‍ അവയെടുക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടുവെക്കാന്‍ ജനങ്ങളോടാവശ്യപ്പെടുന്ന വിശദമായ കുറിപ്പുകള്‍ തീവ്രവാദികള്‍ പതിച്ചു.

‘കാര്യങ്ങള്‍ നന്നായി നിയന്ത്രിക്കുന്നു,’ സ്‌കൈപ് വഴി അഭിമുഖം നടത്തിയ റക്കായിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വന്ന എഞ്ചിനീയര്‍മാരും, ആര്‍കിടെക്റ്റുകളും മറ്റ് വിദഗ്ദ്ധരും സേവനങ്ങള്‍ മെച്ചമാക്കിയെന്നും അയാള്‍ സമ്മതിക്കുന്നു.

‘മുമ്പത്തെ പോലെ ചവറ് ചിതറിക്കിടക്കുന്നത് ഇപ്പോള്‍ കാണുന്നില്ല.’

പക്ഷേ സാധാരണക്കാരുടെ ദൈനംദിന ജീവിതം മെച്ചമാക്കുന്നതിനെക്കാള്‍ യുദ്ധത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റിന് താത്പര്യമെന്ന് അഭിമുഖം തന്ന മറ്റ് പലരും പറയുന്നു.

എണ്ണക്കടത്തും, ബാങ്കുകള്‍ കൊള്ളയടിച്ചും, ഭീഷണിയും തട്ടിക്കൊണ്ടുപോകലും, കരിഞ്ചന്തയില്‍ പുരാവസ്തുക്കള്‍ വില്‍ക്കലും പിന്നെ സാധാരണക്കാരില്‍ നിന്നും നികുതി പിരിക്കലുമൊക്കെയാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വരുമാന മാര്‍ഗങ്ങള്‍. തങ്ങളുടെ വരുമാനത്തിന്റെ 2.5 മുതല്‍ 10 ശതമാനം വരെ പാവങ്ങള്‍ക്കായി സക്കാത്തായി നല്‍കേണ്ടി വരാറുണ്ടെന്ന് പലരും പറഞ്ഞു. എന്നാല്‍ ഐ എസ് ഇപ്പോള്‍ ഇത് നേരിട്ടു തങ്ങള്‍ക്ക് നല്‍കാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്.
ഇങ്ങനെ പിരിച്ചെടുക്കുന്ന പണം മുഖ്യമായും ഉപയോഗിക്കുന്നത് വിദേശത്തു നിന്നും എത്തുന്ന പോരാളികള്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത് എന്നു പരക്കെ കരുതുന്നു. വിദേശികള്‍ നികുതി നല്കുന്നുമില്ല.

പാവങ്ങള്‍ക്കാണെന്ന് പറഞ്ഞു തീവ്രവാദികള്‍ തന്റെ ഗോതമ്പ് വിളവിന്റെ 10% എടുത്തുകൊണ്ടുപോയതായി ഹുമൈദ പറഞ്ഞു.

കൊല്ലത്തിലൊരിക്കല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രാമത്തിലേക്ക് ധാന്യങ്ങളെത്തിക്കും. അതിനായി ആളുകള്‍ തിക്കും തിരക്കുമാണ്.

‘ഞങ്ങളെ അവരെപ്പോലെ ആക്കാനാണ് അവര്‍ ശ്രമിക്കുന്നത്,’ ഹുമൈദ പറഞ്ഞു. ‘പക്ഷേ അവരുടെ നികുതിയടയ്ക്കാത്തതിന് പാവങ്ങളെ ചാട്ടയ്ക്കടിക്കുകയും ചെയ്യുന്നു.’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍