UPDATES

വിദേശം

ഐ എസിനെ തുരത്താന്‍ സൌദി സഖ്യത്തിന് ഒത്തൊരുമയും പിന്നെ ഇറാനും വേണം

Avatar

ടീം അഴിമുഖം

പ്രത്യക്ഷത്തില്‍ സദുദ്ദേശത്തില്‍ ചെയ്യുന്ന ഒരു സംഗതിയായിട്ടേ അത് തോന്നിക്കുകയുള്ളൂ. പക്ഷേ നല്ല ഉദ്ദേശങ്ങള്‍ ഉണ്ടായതുകൊണ്ടു മാത്രം കടുത്ത ലക്ഷ്യങ്ങള്‍ നേടാന്‍ അവ പ്രാപ്തമാകില്ല. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ സൌദി അറേബ്യ പ്രഖ്യാപിച്ച 34-രാഷ്ട്ര സഖ്യം നേരിടുന്ന വെല്ലുവിളി അതാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ വിവരങ്ങള്‍ കൈമാറുകയും ആവശ്യമെങ്കില്‍ സായുധസേനയെ പരിശീലിപ്പിക്കുകയും ആയുധം നല്കുകയും വിട്ടുനല്‍കുകയും  ചെയ്യുമെന്ന് പ്രഖ്യാപനം നടത്തിയ സൌദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍-ജുബൈര്‍ പറഞ്ഞു. സൌദി ഉപരാജകുമാരനും പ്രതിരോധ മന്ത്രിയുമായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ സൌദി തലസ്ഥാനത്ത് പറഞ്ഞത്,  ഇറാഖ്, സിറിയ, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ ഭീകരവാദം നേരിടാന്‍ പരുമുഖ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഏകോപിതശ്രമം വേണമെന്നാണ്. സൈനിക നടപടികളെ ഏകോപിപ്പിക്കാനും പിന്തുണ നല്‍കാനുമായി  റിയാദില്‍ ഒരു സംയുക്ത ദൌത്യ കേന്ദ്രം തുറക്കാനും നിര്‍ദേശമുണ്ട്.

എന്നാല്‍, ഇക്കൂട്ടത്തില്‍ നിന്നും ഇറാനെ ഒഴിവാക്കിയത് സഖ്യത്തെ മുഖ്യമായും സുന്നി രാഷ്ടങ്ങളുടെ ഒരു ഒത്തുചേരലാക്കി മാറ്റുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒട്ടും തെളിച്ചമുള്ള ചരിത്രമില്ലാത്ത ഇസ്ലാമാബാദ് ആരോപിക്കുന്നത് സഖ്യപ്രഖ്യാപനം നടത്തും മുമ്പ് സൌദി തങ്ങളുമായി കൂടിയാലോചിച്ചില്ല എന്നാണ്. സഖ്യത്തിലെ ഭിന്നതകള്‍ പരിഹരിക്കുകയും മൂര്‍ത്തമായ ഒരു ദൌത്യപദ്ധതി തയ്യാറാക്കുകയും വേണം.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒരു വിശാല സഖ്യം ഇപ്പോള്‍ പോരാടുന്നുണ്ടെങ്കിലും മുസ്ലീം സ്വത്വത്തിലൂന്നിയ സൌദി സഖ്യം ഗതിവിഗതികളെ മാറ്റിമറിച്ചേക്കാം. ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നു എന്ന ഭീകരസംഘടനയുടെ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ അത് സഹായിക്കും. എന്നാല്‍, കൃത്യമായ പരിപാടികളുടെ അഭാവത്തില്‍, ഭീകരവാദ സംഘങ്ങളെ എതിര്‍ക്കുന്നതിന് മുസ്ലീം സംഘടനകള്‍, പ്രത്യേകിച്ചും സൌദി അറേബ്യ, സാധ്യമായത്ര ശ്രമങ്ങള്‍ നടത്തുന്നില്ല എന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനത്തിന് തടയിടാനുള്ള ഒരു തട്ടിപ്പാണിതെന്ന വാദം പ്രബലമാകും.

ഭൂപ്രദേശങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കുക എന്നതായിരിക്കണം സഖ്യകക്ഷികളുടെ പ്രഥമ പരിഗണ എങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ രൂപവത്കരണത്തിനുള്ള ആഴത്തിലുള്ള കാരണങ്ങളെ നേരിടാനും അവര്‍ തയ്യാറാകണം. സാമൂഹ്യവും രാഷ്ട്രീയവുമായ പരിഷ്കരണങ്ങള്‍ക്കുള്ള ആവശ്യങ്ങളെ വേണ്ടരീതിയില്‍ അഭിമുഖീകരിക്കാന്‍ മദ്ധ്യേഷ്യയിലെ ഭരണകൂടങ്ങള്‍ തയ്യാറാകാതിരുന്നതാണ് മത തീവ്രവാദം ഉയര്‍ന്നുവരാന്‍ ഒരു പ്രധാന കാരണം. ഇതിനൊന്നും എളുപ്പത്തിലുള്ള പരിഹാരമില്ലെങ്കിലും ഈ സഖ്യം പ്രകടമാക്കുന്നപോലെ, കുറഞ്ഞത് പ്രതിസന്ധിയെ നേരിടാനുള്ള ചുമതലാബോധമെങ്കിലും ഈ മേഖല കാണിക്കണം. ലോകം അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍