UPDATES

വിദേശം

ഈ നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ചങ്ങാതികളില്ല

Avatar

ലവ്ഡെ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തുളവീണ, അവിടിവിടെ പൊളിഞ്ഞ ബോട്ടുകളില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കെത്തിക്കുന്നു. അങ്ങാടിയിലേക്ക് വില്‍പ്പനയ്ക്കായി പഴങ്ങളും അതില്‍ത്തന്നെയാണ് എത്തുന്നത്. പാചകവാതകവും, മരുന്നും, ആയുധങ്ങളും അതില്‍ത്തന്നെ.

ടൈഗ്രിസ് നദിയുടെ ഒരു വളവില്‍ ഓറഞ്ച് മരങ്ങള്‍ക്കും, ഈന്തപ്പനകളുടെ തണലിനും ഇടയില്‍ ഒളിച്ചിരിക്കുന്നപോലെ ഈ പട്ടണം അതിന്റെ ദൈനംദിനവ്യവഹാരങ്ങള്‍ക്ക് ഏറെക്കാലമായി ആശ്രയിക്കുന്നത് ജലപാതകളെയാണ്. പക്ഷേ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തുലൂയായിലേക്കുള്ള അവസാന പാലവും തകര്‍ത്തതോടെ വെള്ളത്തിലൂടെയല്ലാതെ വഴിയില്ലാതായി. ഇവിടെ ബുദ്ധിമുട്ടിലായ പോരാളികള്‍ക്ക് സഹായമെത്തിക്കാനോ കൂടുതല്‍പേരെ കൊണ്ടുവരാനോ ആകാതെയായി.

ബാഗ്ദാദിന് 45 മൈല്‍ വടക്കുള്ള തുലൂയാ കഴിഞ്ഞ 3 മാസത്തിലേറെയായി സുന്നി തീവ്രവാദികളെ ചെറുത്തുനില്‍ക്കുകയാണ്. പക്ഷേ, പലപ്പോഴും സുന്നി-ഷിയാ സംഘര്‍ഷമായി എളുപ്പം വ്യാഖ്യാനിക്കപ്പെടുന്ന ഈ ആഭ്യന്തരകലാപത്തില്‍ ഇവിടെ തങ്ങളുടെ മതത്തിനുവേണ്ടി പോരാടുന്നു എന്നവകാശപ്പെടുന്ന സുന്നി തീവ്രവാദികളെ ചെറുക്കുന്നത് സുന്നി ഗോത്രവര്‍ഗക്കാരാണ്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം എങ്ങനെ ജയിക്കാമെന്നതിന്റെ തെളിവായാണ് ഗോത്ര നേതാക്കള്‍ പട്ടണത്തെ പ്രതിരോധിക്കുന്നത്. പൊതുശത്രുവിനെതിരെ യുദ്ധം അസാധാരണമായ വിധത്തില്‍ സഖ്യങ്ങള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ ചില സുന്നി ഭൂരിപക്ഷ പട്ടണങ്ങളില്‍ പ്രദേശവാസികള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ സ്വാഗതം ചെയ്തു. എന്നാല്‍ തുലൂയായിലെ മുന്‍നിരയില്‍ സുന്നി ഗോത്രവര്‍ഗക്കാരും, പോലീസും, സൈന്യവും ഇസ്ലാമിക് സ്റ്റേറ്റുകാര്‍ക്കെതിരെ ഒന്നിച്ച് പോരാടുകയാണ്. ഈയിടെയായി, പ്രതികാര കൊലകള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഷിയാ സംഘങ്ങളും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

“ഞങ്ങളവരോടു സഹായമാവശ്യപ്പെട്ടു. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചാണ് പോരാടുന്നത്,’ ഗോത്രനേതാവായ അബേദ് മുത്ലാക് ആല്‍-ജബൌരി പറയുന്നു. “ഇതൊരു പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. എല്ലാവരും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുകയാണ്. അതില്‍ സുന്നിയും ഷിയായും ഒന്നുമില്ല. ഞങ്ങളെല്ലാം ഇറാക്കിന്റെ മക്കളാണ്.”

തൂലുയായുടെ തെക്കന്‍ മുനമ്പ് ഇപ്പൊഴും ഒരു മരീചികപോലെ സുന്ദരമാണെങ്കിലും ഒരിക്കല്‍ തിരക്കുപിടിച്ചതായിരുന്ന അതിന്റെ പ്രധാന അങ്ങാടി പോരാട്ടത്തിന്റെ ക്ഷീണം പേറുന്നു. ആമത്തല പോലുള്ള മിനാരമുള്ള പ്രധാനപള്ളിയുടെ അടുത്തുള്ള വഴിയില്‍ കൂറ്റനൊരു കുഴി.  സ്ഫോടകവസ്തുക്കളും നിറച്ച വണ്ടിയുമായി വന്ന ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് 20 പേരാണിവിടെ കൊല്ലപ്പെട്ടത്. അതിനു തൊട്ടുമുമ്പ് ഈ സ്ഫോടനത്തിന് വഴിയൊരുക്കാന്‍ മറ്റൊന്ന്.

കിഴക്കന്‍ മുനമ്പിലുണ്ടായിരുന്ന ഒരു വിനോദോദ്യാനം ഇപ്പോള്‍ ഗോത്ര, പോലീസ്, സൈന്യ മുന്നണിയുടെ മുന്‍നിര സ്ഥാനമാണ്. ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള സ്ഥലത്തുനിന്നും വെറും നൂറു വാര അകലെ. ഒരിക്കല്‍ ചരക്ക് കൊണ്ടുവരുന്ന കടത്തുവഞ്ചി പോലൊന്നില്‍  മറഞ്ഞുവന്ന്  തീവ്രവാദികള്‍ ആക്രമണം നടത്തി. കഴിഞ്ഞദിവസം വീണ്ടും ആക്രമണമുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഹസേം അബ്ദെല്‍ റസാക് എന്ന  40-കാരനായ സൈനികന്‍ കഴിഞ്ഞ 100 ദിവസമായി ഇവിടെ യുദ്ധമുന്നണിയിലാണ്. ജലപാതക്കപ്പുറത്തുള്ള ബാലാദ് എന്ന ഷിയാ നഗരത്തില്‍ നിന്നാണ് അയാള്‍ വരുന്നത്. ഔദ്യോഗികമായല്ല സന്നദ്ധസേവകനായാണ് വന്നതെന്ന് അയാള്‍ പറയുന്നു. “ഞങ്ങളെല്ലാം ഒന്നാണ്,” തൊട്ടടുത്തുനിന്ന സുന്നി ഗോത്രവര്‍ഗ പോരാളി പറഞ്ഞു.

ഇത് തല്‍ക്കാലത്തെ സൌകര്യത്തിനുള്ള ഒരു സഖ്യമാണ്. എത്രകാലം നീളുമെന്നത് കണ്ടറിയണം.

കതൈബ് ഹെസ്ബോള്ളാ എന്ന നഗരത്തിലെ ഏറ്റവും വലിയ ഷിയാ പോരാളി സംഘത്തിലെ അബ്ബാസ് സദര്‍ എന്ന 18-കാരന്‍ പറയുന്നതു, അവര്‍ വിളിച്ചിട്ടാണ് ഞങ്ങള്‍ പോയതെന്നാണ്. “അവര്‍ ആദ്യം വേണ്ടെന്ന് പറഞ്ഞു. അവര്‍ ശരിക്കും കുരുങ്ങി.”

ഇപ്പോള്‍ തുലൂയായിലെ നാട്ടുകാര്‍ കൂടുതല്‍ കുരുക്കിലാണ്. അവസാന മരപ്പാലവും തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞു. നാലാമത്തെ ശ്രമത്തിലാണ് അവരത് സാധിച്ചെടുത്തത്.

ജബ്ബൌര്‍ പോലുള്ള ഗോത്രവര്‍ഗക്കാരെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ കൂട്ടുചേര്‍ക്കുകയാണ് യു.എസ്, ഇറാക് സര്‍ക്കാരുകളുടെ തന്ത്രം. 

സുന്നി തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍ ജബ്ബൌര്‍ ഗോത്രത്തിന് നീണ്ടകാലത്തെ ചരിത്രമുണ്ട്. എന്നിട്ടും ഒരുകാലത്ത് അല്‍- ക്വെയ്ദ വലിയ തോതില്‍ ആളെക്കൂട്ടിയിരുന്നത് ഇവിടുന്നായിരുന്നു. 2003-ല്‍ അമേരിക്കാന്‍ സേന ഈ നഗരത്തിലെ ഈന്തപ്പന തണലുകള്‍ക്കിടയിലൂടെയാണ് ആദ്യത്തെ ആഭ്യന്തരകലാപ വിരുദ്ധ ആക്രമണം നടത്തിയത്. സദ്ദാമിന്റെ ബാത്ത് കക്ഷിയുടെ ശക്തികേന്ദ്രവും അമേരിക്കന്‍ അധിനിവേശ വിരുദ്ധതയുടെ കേന്ദ്രവുമായിരുന്നു തൂലൂയ.

പക്ഷേ, അല്‍- ക്വെയ്ദ പ്രവര്‍ത്തകനും പുരോഹിതനുമായനദീം ഖാലില്‍ അല്‍ ജബ്ബൌരി നേതൃത്വവുമായി 2007-ല്‍ പിണങ്ങിയതോടെ കാര്യങ്ങള്‍ മാറിമാറിഞ്ഞെന്നു നാട്ടുകാര്‍ പറയുന്നു. പിന്നീട് യു എസ് സേനയോടുകൂടെ ചേര്‍ന്ന് അവര്‍ക്കെതിരെയായി അയാളുടെ പ്രവര്‍ത്തനം.

“തൂലുയായിലെ ഓരോ വീട്ടിലും അല്‍-ക്വെയ്ദ അവരോടു ചെയ്തതിന്റെ ഒരു കഥ കേള്‍ക്കാനുണ്ടാകും,” കരീം അബു മുതന്ന പറഞ്ഞു. 2008-ല്‍ അല്‍-ക്വെയ്ദ അയാളുടെ കൃഷിയിടത്തില്‍ വന്നു ഒരു മകനെ വെടിവെച്ചു കൊല്ലുകയും മറ്റൊരു മകനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത് അയാള്‍ക്കും ഒരു കഥയുണ്ടാക്കിക്കൊടുത്തു.

ഇസ്ലാമിക് സ്റ്റേറ്റും, അല്‍-ക്വെയ്ദയും തമ്മില്‍ ഒരു വ്യത്യാസവും നാട്ടുകാര്‍ കാണുന്നില്ല. അവര്‍ നഗരത്തില്‍ എത്തിയാല്‍ ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെ വരെ കൊല്ലുമെന്ന് ജനങ്ങള്‍ക്കുറപ്പാണ്.

പക്ഷേ ശത്രുവിന്റെ ശത്രുവുമായുള്ള ചങ്ങാത്തത്തിലും പ്രശ്നങ്ങളുണ്ട്. ഷിയാകളും സുന്നികളും തമ്മിലുള്ള അവിശ്വാസം ആഴത്തില്‍ വേരോടിയതാണ്.

നഗരത്തിന്റെ വടക്കുള്ള ഖസ്രാജി, ബുഫ്രാജി ഗോത്രക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റ് അവിടെ വന്നതോടെ അവര്‍ക്ക് കീഴടങ്ങിയെന്നാണ് തുലൂയക്കാര്‍ പറയുന്നത്.

“മൂന്നുമാസം മുമ്പ് ഞങ്ങളവിടെനിന്നും വിവാഹം കഴിക്കാറുണ്ടായിരുന്നു, സന്ദര്‍ശിക്കാറുണ്ടായിരുന്നു,” ബര്‍സാന്‍ അല്‍ ജബ്ബൌരി എന്ന പോരാളി പറഞ്ഞു. മൂന്നുമാസം മുമ്പ് അയാള്‍ ഒരു സര്‍വ്വകലാശാല അദ്ധ്യാപകനായിരുന്നു. “ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം കൊല്ലുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍