UPDATES

വിദേശം

ഐ എസ് തടവില്‍ ജപ്പാന്‍ ബന്ദികള്‍; കൊല്ലുമെന്ന അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

Avatar

ലിന്‍ഡ്‌സേ ബിവര്‍, ബ്രയാന്‍ മര്‍ഫീ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

72 മണിക്കൂറിനുള്ളില്‍ 200 ദശലക്ഷം ഡോളര്‍ മോചനദ്രവ്യമായി കിട്ടിയില്ലെങ്കില്‍ ജപ്പാന്‍കാരായ രണ്ടു ബന്ദികളെ കൊല്ലുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി മുഴക്കിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. ഇതോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം പ്രതിസന്ധിപരിഹാര യാത്രയായി മാറി. 

തീവ്രവാദികളുടെ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ദൃശ്യത്തില്‍, കേഞ്ചി ഗോടോ ജോഗോ, ഹറുന്ന യുകാവ എന്ന രണ്ടു ബന്ദികളുടെ ഇടയില്‍ കത്തിയും പിടിച്ച് ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് അംഗം നില്‍ക്കുന്നതാണ് കാണുന്നത്. 

മാധ്യമപ്രവര്‍ത്തകനായ ഗോടോയെ ഒക്ടോബര്‍ മുതല്‍ കാണാനില്ലായിരുന്നു. ഒരു സൈനിക ഉപദേഷ്ടാവെന്ന നിലയില്‍ ജോലിക്കായി ശ്രമിക്കാനാണ് ആഗസ്റ്റ് മുതല്‍ കാണാതായ യുകാവ സിറിയയിലേക്ക് പോയതെന്ന് കരുതുന്നു. 

‘നിങ്ങളുടെ പൗരന്മാരെ രക്ഷിക്കാനായി 200 ദശലക്ഷം ഡോളര്‍ നല്‍കാന്‍ നിങ്ങളുടെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കിനി 72 മണിക്കൂറുണ്ട്, ‘മുഖംമൂടി ധരിച്ച തീവ്രവാദി ദൃശ്യത്തില്‍ പറഞ്ഞു. 

ഒരാഴ്ച നീണ്ട പശ്ചിമേഷ്യന്‍ സന്ദര്‍ശനം ഷിന്‍സെ ആബേ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇസ്രയേലുമായി ചേര്‍ന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആബേ ധാരണയിലെത്തിയിരുന്നു. ദൃശ്യം പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ആബേ നിരവധി യോഗങ്ങള്‍ റദ്ദാക്കി. പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായുള്ള സംഭാഷണങ്ങള്‍ മാറ്റിവെച്ചില്ല. ഒരു മുതിര്‍ന്ന ദൂതനെ, ഇസ്ലാമിക് സ്‌റ്റേറ്റിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ സംവിധാനമുള്ള ജോര്‍ദാനിലേക്ക് അയച്ചു.

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ യു എസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സൈനിക സഖ്യത്തില്‍ ജപ്പാന്‍ പങ്കാളിയല്ല. എന്നാല്‍ മേഖലയിലെ, ഇസ്ലാമിക് സ്‌റ്റേറ്റിനെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുള്ള സഹായമായി 2.5 ബില്ല്യണ്‍ ഡോളര്‍ നല്‍കുമെന്ന് ആബേ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിലെ രാഷ്ട്രങ്ങള്‍ക്ക് സൈനികേതര സഹായമായി 200 ദശലക്ഷം ഡോളറും ആബേ വാഗ്ദാനം ചെയ്തു.

പശിമേഷ്യന്‍ പ്രശ്‌നങ്ങളില്‍ സജീവമല്ലാത്ത രാജ്യങ്ങളെയും ബന്ദി പ്രതിസന്ധിയില്‍ ഉള്‍പ്പെടുത്തുകയും, ബന്ദികളുടെ ജീവനായുള്ള വിലപേശല്‍ പരസ്യമാക്കുകയും ചെയ്യുന്ന പുതിയ അടവാണ് ഐ എസ് ഐ എസ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

മാപ്പില്ലാത്തതാണിത്,’ ആബേ പറഞ്ഞു. ‘തീവ്രവാദവും ഇസ്ലാമും തികച്ചും വ്യത്യസ്തമായ രണ്ടു സംഗതികളാണ്.’

ബ്രിട്ടീഷ് ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന, ദൃശ്യത്തിലെ തീവ്രവാദി ഇസ്ലാമിക് സ്‌റ്റേറ്റിനെ എതിര്‍ക്കുന്നതിന് നഷ്ടപരിഹാരമായി പണം ആവശ്യപ്പെടുന്നത് ആബേയെ അഭിസംബോധന ചെയ്താണ്.

‘ജപ്പാന്റെ പ്രധാനമന്ത്രിക്ക്; ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നും 8,500 കിലോമീറ്ററിലേറെ അകലെയാണെങ്കിലും നിങ്ങള്‍ ഈ കുരിശുയുദ്ധത്തിലേക്ക് സ്വയംസന്നദ്ധമായി ഇറങ്ങിയിരിക്കുന്നു’, അയാള്‍ പറയുന്നു. ഞങ്ങളുടെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൊല്ലാനും, മുസ്ലീങ്ങളുടെ വീടുകള്‍ നശിപ്പിക്കാനുമായി നിങ്ങള്‍ അഭിമാനത്തോടെ 100 ദശലക്ഷം ഡോളര്‍ നല്‍കി’.

അല്‍ ഖ്വയ്ദയുടെ യെമന്‍ ഘടകമടക്കം പല തീവ്രവാദ സംഘങ്ങളും മുമ്പ് ബന്ദികളെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്‍ ദൃശ്യങ്ങളിലെല്ലാം പടിഞ്ഞാറന്‍ സഖ്യ ഇടപെടലും ഇസ്ലാമിക ഖിലാഫത് സ്ഥാപിക്കലുമൊക്കെയായിരുന്നു വിഷയങ്ങള്‍.

മോചനദ്രവ്യം നല്‍കുമോയെന് ജപ്പാന്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഒക്ടോബര്‍ 24 മുതല്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ഗോടോയെപ്പറ്റി വിവരമില്ലായിരുന്നു. തുര്‍കി, സിറിയ അതിര്‍ത്തിയിലെ ഒരു സംഘര്‍ഷ നഗരമായ കൊബെയ്‌നിലേക്ക് പോവുകയാണെന്ന് അയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷേ എവിടെവെച്ചാണ് അയാളെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല.

യുകാവയെ ആഗസ്റ്റ് മുതലാണ് കാണാതായത്.

‘അയാള്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയില്ല’, ഒരു ജപ്പാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഒരു സൈനിക കമ്പനി നടത്തുകയാണെന്ന് പറയുന്നു. എന്നാല്‍ ജപ്പാനില്‍ അത്തരം കമ്പനികളില്ല. ഞങ്ങള്‍ കരുതുന്നത് അയാള്‍ സൈനികോന്മാദം തലയ്ക്ക് പിടിച്ച ഒരാളാണെന്നാണ്. പക്ഷേ അയാള്‍ക്ക് ഔദ്യോഗികമായി സേനാ പരിചയമില്ല, പോരാളിയുമല്ല’.

‘ഔദ്യോഗികമായി ഞങ്ങള്‍ മോചനദ്രവ്യം കൊടുക്കാറില്ല. മുമ്പ് ചില അവസരങ്ങളില്‍ ചെയ്തിട്ടുണ്ടാകും. പക്ഷേ അത് പരസ്യമാക്കില്ല. ഇപ്പോള്‍ എന്തു സംഭവിക്കുമെന്നും അറിയില്ല’.

യുകാവയെ പിടികൂടുന്നത് സിറിയയില്‍ വെച്ചായിരുന്നു. അടുത്തിടെ അയാളുടെ ഭാര്യ ശ്വാസകോശാര്‍ബുദം വന്നു മരിച്ചിരുന്നു. സമ്പദ് രംഗം തളര്‍ന്നപ്പോള്‍ അയാളുടെ കച്ചവടവും പൊളിഞ്ഞു. വീട് കടബാധ്യതയില്‍ നഷ്ടമായി.

ഹറുണ എന്നു പേര് മാറ്റിയ അയാള്‍ ആത്മഹത്യക്കും ശ്രമിച്ചു. ‘എതിര്‍ലിംഗ വേഷം ധരിക്കുന്ന, രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനുവേണ്ടി ചാരപ്പണി ചെയ്ത മാഞ്ചു രാജകുമാരിയുടെ പുനഃരവതാരമാണ്’താനെന്ന് അയാള്‍ വിശ്വസിച്ചു. 2013 ല്‍ സംഘര്‍ഷ മേഖലയിലെ ജപ്പാന്‍ കമ്പനികള്‍ക്ക് ഉപദേഷ്ടാവായി ജോലി ചെയ്യാനായി യുകാവ സിറിയയിലേക്ക് വിമാനം കയറി. ഫ്രീ സഇരിയാണ്‍ ആര്‍മിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താത്പര്യം ഒരു ബ്ലോഗില്‍ അയാള്‍ എഴുതി. ‘മറ്റുള്ളവര്‍ക്കുവേണ്ടിയും, നിരവധിപേരെ രക്ഷിക്കാനുമാണ് ഞാന്‍ എന്റെ ബാക്കി ജീവിതം നീക്കിവെക്കുന്നത്. ചരിത്രത്തില്‍ ഒരിക്കല്‍ക്കൂടി എന്റെ സ്ഥാനം അടയാളപ്പെടുത്തണം’
ബ്രിട്ടീഷ് ശൈലിയില്‍ ഇംഗ്ലീഷ് പറയുന്ന തീവ്രവാദി, ഇതിന് മുമ്പ് അമേരിക്കന്‍ ബന്ദികള്‍ ജെയിംസ് ഫോളിയെയും സ്റ്റീവന്‍ സോട്‌ലോഫ്ഫിനെയും, ബ്രിട്ടീഷ് ബന്ദികളായ ഡേവിഡ് ഹെയ്‌നെസ് അലന്‍ ഹെന്നിങ് എന്നിവരെയും വധിക്കുന്ന ദൃശ്യങ്ങളില്‍ സംസാരിച്ചിരുന്നു. ഇതാദ്യമായാണ് സംഘം ജപ്പാന്‍ പൗരന്മാരെ ലക്ഷ്യമിടുന്നത്.

‘ഭീകരവാദത്തിനെതിരായ പോരാട്ടത്തിലേക്ക് സംഭാവന നല്‍കുകയെന്ന ഞങ്ങളുടെ രാജ്യത്തിന്റെ നിലപാടില്‍ മാറ്റമില്ല,’ സര്‍ക്കാര്‍ പ്രതിനിധി സുഗ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അപൂര്‍വമായി മാത്രമേ ജപ്പാന്‍ നേരിട്ടു ഉള്‍പ്പെടാറുള്ളൂ എങ്കിലും ഫിലിപ്പീന്‍സിലെ ഇസ്ലാമിക തീവ്രവാദി സംഘം അബു സയാഫ് ചില ജപ്പാന്‍കാരെ ബന്ദികളാക്കിയിരുന്നു. ഇറാഖിലെ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജപ്പാന്‍ സൈനികരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ചു ഷോസെയി കോഡ എന്ന ജപ്പാന്‍ സഞ്ചാരിയെ ജോര്‍ദാന്‍കാരനായ തീവ്രവാദി അബു മുസാബ് അല്‍സര്‍ക്കാവിയുടെ അനുയായികള്‍ തലവെട്ടി കൊന്നിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സൈദ്ധാന്തിക അടിത്തറയായി മാറിയത് സര്‍ക്കാവിയുടെ സംഘമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍