UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റിന് ആളെക്കൂട്ടിയതിന് പിന്നില്‍ ടുണീഷ്യയുടെ അറബ് വസന്തവും

Avatar

കെവിന്‍ സുള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിറിയന്‍ യുദ്ധ ഭൂമിയില്‍ വച്ച് കൊല്ലപ്പെട്ട ടുണിഷ്യയില്‍ നിന്നുള്ള പേസ്ട്രി ഷെഫായ സ്ലിം ഗാസ്മി ഒരു ഹാഷ്ടാഗ് വഴി മഹത്വവല്‍ക്കരിക്കപ്പെട്ടു: #martyrdomofaduqatada  (#അബുഖ്വാറ്റാഡയുടെ രക്തസാക്ഷിത്വം).

ടുണീസിലെ തൊഴിലാളിവര്‍ഗ കോളനിയില്‍ ജീവിക്കുകയായിരുന്ന 28 കാരനായ ഗാസ്മി തനിക്കും തന്റെ പുതിയ കാമുകിക്കുമായി പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സഹമുറിയനായിരുന്നു ഒരു ഇസ്ലാമിസ്റ്റ് അനുഭാവി സിറിയയിലേക്ക് പോകാനും അവിടുത്തെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. താന്‍ ജനിച്ച പട്ടണത്തില്‍ നിന്നും 1500 മൈലുകള്‍ അകലെ വച്ച് കൊല്ലപ്പെടുമ്പോള്‍, നീണ്ട താടിയും അബു ഖ്വറ്റാഡ എന്ന അപരനാമവും ഉള്‍പ്പെടെയുള്ള ഒരു സമ്പൂര്‍ണ പോരാളിയായി ഗാസ്മി പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണം ജിഹാദി അനുകൂല ട്വീറ്റില്‍ ആഘോഷിക്കപ്പെടുകയും ചെയ്തു.

ടുണീഷ്യന്‍ സര്‍ക്കാരിന്റെ സ്വകാര്യ നിരീക്ഷകരുടെയും കണക്കുകള്‍ പ്രകാരം സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റിലും മറ്റ് തീവ്രവാദ സംഘങ്ങളിലും ചേരുന്ന വിദേശ പോരാളികളുടെ ഏറ്റവും വലിയ സ്രോതസ് 11 മില്യണ്‍ മാത്രം ജനസംഖ്യയുള്ള ടുണീഷ്യ എന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ്.

ഭൂരിപക്ഷവും 30 വയസില്‍ താഴെ വരുന്ന പുരുഷന്മാര്‍ അടങ്ങുന്ന മൂവായിരത്തോളം ടുണീഷ്യക്കാരാണ് പോരാട്ടത്തില്‍ പങ്കാളികളായിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി പോരാടുന്ന 15,000 ത്തോളം വിദേശ പൗരന്മാരുടെ മാതൃരാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ സൗദി അറേബ്യയെയും ജോര്‍ദാനേയും പോലും പിന്നിലാക്കുന്നതാണ് ഈ പ്രസിദ്ധ മെഡിറ്ററേനിയന്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പങ്കാളിത്തം.

പ്രദേശത്താകെ ജനകീയ വിപ്ലവത്തിന് തുടക്കം കുറിച്ചു കൊണ്ട് ദീര്‍ഘകാല സ്വേച്ഛാധിപതിയായിരുന്ന സിനെ എല്‍-അബിദീന്‍ ബെന്‍ അലിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ 2011ലെ അറബ് വസന്ത ഉയിര്‍പ്പിന്, ഇപ്പോഴത്തെ പോരാട്ടത്തിലേക്ക് ടുണീഷ്യക്കാര്‍ ഒഴുകുന്നതിന് പിന്നില്‍ ബോധപൂര്‍വമല്ലാത്ത പങ്കുണ്ടെന്നാണ് വിലിയിരുത്തപ്പെടുന്നത്.

സ്ത്രീകളുടെ പര്‍ദ്ദ ഉള്‍പ്പെടെയുള്ള എല്ലാ മതചിഹ്നങ്ങളും നിരോധിക്കുകയും ഇസ്ലാമിക വിശ്വാസം മുറുകെ പിടിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ ആയിരങ്ങളെ ജയിലലടച്ചുകൊണ്ടും അരനൂറ്റാണ്ടിലേറെയായി അടിച്ചേല്‍പ്പിച്ചിരുന്ന തീവ്രമായ മതേതരത്വത്തിന് പകരമായി പുതിയ മത സ്വാതന്ത്ര്യം അനുവദിക്കാന്‍ വിപ്ലവത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക നേതൃത്വത്തിലുള്ള മിതവാദി സര്‍ക്കാര്‍ തയ്യാറായിരുന്നു.

രണ്ട് രാഷ്ട്രീയ നേതാക്കളെയും 25 പോലീസ് ഉദ്യോഗസ്ഥരെയും വധിക്കുകയും സിറിയയിലും ഇറാഖിലുമുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് ശക്തികേന്ദ്രങ്ങിലേക്ക് ഇപ്പോള്‍ എത്തുന്ന തരത്തില്‍ അന്ന് ഉയര്‍ന്ന് വന്ന കലാപങ്ങള്‍ക്ക് അഗ്നി പകരുന്നതിനായി പുതുതായി സ്വതന്ത്രമാക്കപ്പെട്ട പള്ളികളെ ദുരുപയോഗം ചെയ്യുകയും ചെയ്തുകൊണ്ട് ഇസ്ലാമിക് തീവ്രവാദികള്‍ പുതുതായി അനുവദിക്കപ്പെട്ട മതസ്വാതന്ത്ര്യത്തെ അതിവേഗം ചൂഷണം ചെയ്തു.

കലാപബാധിത ലിബിയയ്ക്കും അള്‍ജീരിയയ്ക്കും മധ്യ യൂറോപ്യന്‍ മാതൃകയിലുള്ള മരുപ്പച്ച അതിര്‍ത്തി കാക്കുന്ന, താരതമ്യേന ദീര്‍ഘകാലം ശാന്തി വിളയാടിയിരുന്ന രാജ്യത്ത് പെട്ടെന്നുണ്ടായ രക്തച്ചൊരിച്ചിലിനടിയില്‍ മതസ്വാതന്ത്ര്യവും പൗരന്മാരുടെ സുരക്ഷയും തമ്മിലുള്ള സന്തുലനം നിലനിറുത്തുന്നതില്‍ വിപ്ലാവനന്തര സര്‍ക്കാര്‍ പരാജയപ്പെട്ടു.

സര്‍ക്കാര്‍ സുരക്ഷയ്ക്ക് അമിത പ്രാധാന്യം നല്‍കിയെന്നും, അടിച്ചമര്‍ത്തലിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചെന്നും ഇത് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോരാളികളായി ചേരുന്ന വിധത്തിലുള്ള രോഷത്തിന് കാരണമായെന്നും മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.

‘ഇവിടെ തുടരുകയും ജയിലലടയ്ക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിലും ഭേദമാണ് സിറിയയില്‍ സംഭവിക്കുന്ന മരണമെന്ന് ഈ യുവാക്കളില്‍ പലരും കരുതുന്നു,’ നിരവധി ഇസ്ലാമിക കക്ഷികള്‍ക്ക് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ അഭിഭാഷകനായ മാര്‍വെന്‍ ജെദ്ദ ചൂണ്ടിക്കാട്ടുന്നു.

99 ശതമാനം മുസ്ലീങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്ത്, സര്‍ക്കാര്‍ 150 മുസ്ലീം പൗര സംഘടനകളെ നിരോധിക്കുകയും ഒരു റേഡിയോ നിലയം അടച്ചുപൂട്ടുകയും തീവ്രവാദ കുറ്റം ചുമത്തി 2000 യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1987 മുതല്‍ 2011 വരെ രാജ്യം ഭരിച്ച ബെന്‍ അലിയുടെ നിഷ്ഠൂര ഭരണത്തിന്‍ കീഴില്‍ നടപ്പാക്കിയിരുന്ന ഏകപക്ഷീയ അറസ്റ്റുകളും ചിട്ടയായുള്ള പീഢിപ്പിയ്ക്കലും തന്നെയാണ് ഈ സര്‍ക്കാരും പിന്തുടരുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷ സേനകള്‍ വ്യാപകമായ പീഢനങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്ത  നിഷേധിക്കുമ്പോഴും പുതിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന തീവ്രവാദികള്‍ക്കെതിരെ തങ്ങള്‍ ശക്തമായ നിലപാടെടുക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

‘ഞങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള പ്രാണവായു നല്‍കി, എന്നാല്‍ ആ പ്രാണവായുവില്‍ ഞങ്ങള്‍ ഇപ്പോള്‍ ശ്വാസംമുട്ടുകയാണ്,’ ടുണീഷ്യയുടെ സുരക്ഷയുടെ കൂടി ചുമതലയുള്ള ആഭ്യന്തരമന്ത്രി ലോട്ട്ഫി ബെന്‍ ജെദ്ദാഫു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഗാസ, അഫ്ഗാനിസ്ഥാന്‍, ചെച്‌നിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളില്‍ പോരാടുന്നതിനായി ‘വിശുദ്ധ പോരാളികളെ’ അയച്ചതിന്റെ ഒരു ദീര്‍ഘ പാരമ്പര്യം ടുണീഷ്യയ്ക്കുണ്ട്. ചോലമരങ്ങളും നിറഞ്ഞ നടപ്പാതകളും മനോഹരമായ കഫേകളുമുള്ള ടൂണിസില്‍ നിന്നും പരമാവധി അകലെ, അവര്‍ തങ്ങളുടെ കലാപം അഴിച്ചുവിടട്ടെ എന്ന ചിന്തയില്‍, വര്‍ഷങ്ങളായി ബെന്‍ അലി വിദേശത്തേക്ക് കലാപകാരികള്‍ പോകുന്നതിനെ തന്ത്രപരമായി പ്രോത്സാഹിപ്പിച്ചിരുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ അടുത്ത കാലത്ത് രണ്ട് യുഎസ് മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് ബ്രിട്ടീഷ് തൊഴിലാളികളുടെയും ശിരഛേദം നടത്തിയ നിഷ്ഠൂരരായ ഇസ്ലാമിക് സ്റ്റേറ്റിലേക്കും സിറിയയിലേക്കുമുള്ള ഇപ്പോഴത്തെ ഈ ഒഴുക്ക് ടുണീഷ്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലുതാണ്.

ടുണീഷ്യയുടെ പരമ്പരാഗത മിതവാദി ഇസ്ലാമിനെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായി സര്‍ക്കാര്‍ പരസ്യ പ്രചാരണം നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. ഒരു പ്രചാരണ ബോര്‍ഡില്‍ ഇങ്ങനെ വായിക്കാം: ‘ഭീകരവാദം നമ്മുടേതല്ല.’

‘വെള്ളിയാഴ്ച പ്രാര്‍ത്ഥനകളിലെല്ലാം ഇക്കാര്യം ഞാന്‍ ഊന്നി പറയാറുണ്ട്,’ ടുണീസിലെ സിദി യൂസെഫ് ഡേ മോസ്‌കിലെ ഇമാം അര്‍ബി സിറ്റൗണ്‍ പറയുന്നു. ‘സിറിയയിലേക്ക് പോകുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് ഞാന്‍ ആളുകളോട് പറയാറുണ്ട്. അത് ടുണീഷ്യയിലെ ഇസ്ലാം അല്ലെന്നും.’

ടുണീഷ്യയിലെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്ക് ശമ്പളം നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് മോശം സാമ്പത്തിക അവസ്ഥയാണ് പലരെയും പോരാട്ടത്തിനായി സിറിയയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് അവരുടെ കുടുംബാംഗങ്ങള്‍ ചില അഭിമുഖങ്ങളില്‍ വിശദീകരിക്കുന്നു. എന്നാല്‍ വിപ്ലവത്തിന് ശേഷവും ടുണീഷ്യന്‍ സര്‍ക്കാര്‍ മുസ്ലീം ജനവിഭാഗത്തോട് അസഹിഷ്ണുത പുലര്‍ത്തുന്നതാണ് പ്രധാന പ്രചോദനമെന്ന് അവര്‍ ഊന്നി പറയുന്നു. അസംതൃപ്തരായ യുവാക്കളെ, പള്ളികളിലൂടെയും ഇന്റര്‍നെറ്റിലൂടെയും സൗദി അറേബ്യ, ഖത്തര്‍, മറ്റ് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രഭാഷകരും സംഘടനയില്‍ ആളെ ചേര്‍ക്കുന്നവരോ അല്ലെങ്കില്‍ അവര്‍ക്ക് ധനസഹായം നല്‍കുന്നവരോ ഒക്കെ ചേര്‍ന്ന് തീവ്രവാദത്തിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്.

‘യുവാക്കള്‍ മതത്തിന് വേണ്ടി ദാഹിക്കുന്നവരും അവരുടെ വ്യക്തിത്വവും അവരുടെ ജീവിതത്തിന്റെ അര്‍ത്ഥവും കണ്ടെത്താന്‍ ശ്രമിക്കുന്നവരുമാണ്. പെട്ടെന്നൊരാള്‍ പ്രത്യക്ഷപ്പെടുകയും അത് വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍ ആ വ്യക്തിയില്‍ അവര്‍ ആകൃഷ്ടരാവുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും,’ ഇലക്ട്രീഷ്യന്‍ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രണ്ട് വര്‍ഷം മുമ്പ് സിറിയയില്‍ പോരാടാനായി പോയ 21 കാരനായ പുത്രന്റെ അച്ഛനായ മഹ്‌ഫൊദി ബാള്‍ട്ടി പറയുന്നു.

‘ടുണീഷ്യയിലെ മത അസ്വാതന്ത്ര്യമാണ് എന്റെ മകനെ സ്വാധീനിച്ചത്, കാരണം നിങ്ങള്‍ ഒരു പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ അവര്‍ നിങ്ങളെ തീവ്രവാദിയായി മുദ്രകുത്തും,’ ബാള്‍ട്ടി പറയുന്നു. ‘ഈ യുവാക്കളെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാത്തത് വഴി അവരെ മറ്റ് വഴികളിലേക്ക് തള്ളിവിടുകയാണ്.’

എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍, പേര് വെളിപ്പെടുത്താന്‍ ബാള്‍ട്ടി തയ്യാറായില്ല, സിറിയയില്‍ എത്തിയതോടെ പ്രസിഡന്റ് ബാഷര്‍ ആസാദിന്റെ സേനയ്‌ക്കെതിരെ പോരാടുന്നതിന് പകരം പരസ്പരം കലഹിക്കുന്ന മുസ്ലീം ഗ്രൂപ്പുകളെ കണ്ട് നിരാശനാവുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഒരു ഗ്രൂപ്പിന് വേണ്ടിയും പോരാടാതെ സിറിയയിലെ അലെപ്പോയില്‍ ഒളിവില്‍ കഴിയുകയാണെന്ന് ബാള്‍ട്ടി പറയുന്നു. കാരണം അയാള്‍ ടുണീഷ്യയിലേക്ക് മടങ്ങിയെത്തിയാല്‍ തീവ്രവാദത്തിന്റെ പേരില്‍ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പാണ്.

450 മുതല്‍ 500 വരെ ടുണീഷ്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെന്നും ഇവരില്‍ മൂന്നിലൊന്ന് പേരും ഇപ്പോള്‍ ജയിലിലാണെന്നും ആഭ്യന്തരമന്ത്രി ജെദ്ദാഫു പറയുന്നു. യുവാക്കളെ തീവ്രവാദികളാക്കുകയും അവരെ പോരാട്ടത്തിന് അയയ്ക്കുകയും ചെയ്യുന്ന സംഘങ്ങളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന പ്രതീക്ഷയില്‍ മറ്റുള്ളവരെ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.

തനിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ സ്‌കൂളില്‍ പര്‍ദ ധരിച്ചെത്തിയതിന് തന്നെ ജയിലില്‍ അടച്ചതായി 43 കാരിയായ ടൂണിസ് അഭിഭാഷക മോണിയ ബൗആലി പറയുന്നു. പൊതു സ്‌കൂളില്‍ നിന്നും അവരെ പുറത്താക്കി എന്ന് മാത്രമല്ല ബെന്‍ ആലി ഭരണകൂടം അവരെ മെഡിക്കല്‍ സ്‌കൂളില്‍ ചേരുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇതേ രീതി തന്നെയാണ് വിപ്ലാവനന്തര ജനാധിപത്യ ഭരണകൂടവും പിന്തുടരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇതുവരെ സുരക്ഷ തലത്തില്‍ മാത്രമാണ് ഈ യുവാക്കളുമായി സര്‍ക്കാര്‍ ഇടപെടുന്നത്. ഇത് വലിയ അബദ്ധമാണ്,’ അവര്‍ പറയുന്നു. ‘ഇതൊരു മുസ്ലീം സമൂഹമായതിനാല്‍ തന്നെ മുസ്ലീം ആവുന്നതില്‍ നിന്നും അവരെ നിങ്ങള്‍ക്ക് തടയാനാവില്ല. സ്വയം പ്രകാശിപ്പിക്കാന്‍ അവരെ അനുവദിക്കുകയും പൗര സമൂഹ സംഘടനകളില്‍ പങ്കാളികളാകാന്‍ അവരെ സജ്ജരാക്കുകയുമാണ് ചെയ്യേണ്ടത്.’

‘നിങ്ങള്‍ മതത്തെ അടിച്ചമര്‍ത്തുമ്പോള്‍, അത് മറ്റൊരു രൂപത്തില്‍ പുനരവതരിക്കും,’  അവര്‍ പറഞ്ഞു.

2011 ഒക്ടോബറില്‍ ടുണീഷ്യ, എന്നാഹ്ദ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള അതിന്റെ ആദ്യത്തെ വിപ്ലാവാനന്തര സര്‍ക്കാരിനെ തിരഞ്ഞെടുത്തു. പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിലുള്ള അതിന്റെ കഴിവില്ലായ്മയും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതിന്റെ കടുത്ത ആരാധകരെ നിയന്ത്രിക്കുന്നതില്‍ പരാജപ്പെട്ടു എന്ന ആരോപണങ്ങളും മൂലം അടുത്ത ജനുവരിയില്‍ ആ സര്‍ക്കാര്‍ രാജി വച്ചു.

തുടര്‍ന്ന് ഒരു കാവല്‍ മന്ത്രിസഭ അധികാരമേറ്റെടുക്കുകയും ഭരണഘടന നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ഞായറാഴ്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ മതേതര കക്ഷിയായ നിഢാ ടൗണസ് പാര്‍ട്ടിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനെ എന്നാഹ്ദ പാര്‍ട്ടിക്ക് സാധിച്ചുള്ളു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും.

തുടക്കത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സംഘടിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും അവസരം നല്‍കാന്‍ എന്നാഹ്ദ പാര്‍ട്ടി ശ്രമിച്ചതായി ജെദ്ദാഫു വിശദീകരിക്കുന്നു. വിപ്ലവത്തിന് തൊട്ടുപിന്നാലെ ടുണീഷ്യന്‍ ജയിലുകളില്‍ നിന്നും മോചിതരായ 3000 പേര്‍ ചേര്‍ന്ന് രൂപീകരിച്ച ഇസ്ലാമിക് പാര്‍ട്ടിയായ അന്‍സര്‍ അല്‍ ഷെരിയയ്ക്ക് പൊതുയോഗങ്ങള്‍ നടത്താനും ദരിദ്ര വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്താനും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പക്ഷെ 2012 അവസാനത്തോടെ ‘അവര്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുത്തതായി,’ അദ്ദേഹം പറയുന്നു.

മറ്റ് കലാപ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 2012ല്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ വധിച്ചതിനും അതേ വര്‍ഷം സെപ്തംബറില്‍ യുഎസ് എംബസിയിലും ഒരു അമേരിക്കന്‍ സ്‌കൂളിലും ആക്രമണം നടത്തിയതിനും അദ്ദേഹം അന്‍സര്‍ അല്‍ ഷെരിയയെ കുറ്റപ്പെടുത്തുന്നു.

അന്‍സര്‍ അല്‍-ഷെരിയയെ ഒരു ഭീകരസംഘടനയായി യുഎസ് മുദ്രകുത്തിയിട്ടുണ്ട്. ജയിലില്‍ നിന്നും മോചിതനായ അബു അയാദ് എന്ന പേരില്‍ അറിയപ്പെടുന്ന സെയ്ഫ് അല്ലാഹ് ബിന്‍ ഹുസൈനാണ് അതിന്റെ സ്ഥാപകന്‍. ഒസാമ ബിന്‍ ലാദനൊപ്പം അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്ത മുതിര്‍ന്ന ജിഹാദിയാണ് ഇദ്ദേഹം.

സര്‍ക്കാര്‍ 2013ല്‍ സംഘടനയെ നിരോധിക്കുകയും അതില്‍ അംഗത്വം എടുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംഘടന ഒളി പ്രവര്‍ത്തനം ആരംഭിച്ചതോടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും നിരവധി ആളുകളുടെ മരണത്തിന് കാരണമായ ജെഹാഫുവിന്റെ വീടാക്രമണം പോലെയുള്ള സംഭവങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ചില ആളുകളെ സുരക്ഷ സൈനികര്‍ പീഢിപ്പിച്ചിട്ടുണ്ടാവാം എന്നും എന്നാല്‍ അത് ചില വ്യക്തികളുടെ വീഴ്ച മാത്രമാണെന്നും ഒരു പൊതുനയമല്ലെന്നും ജെദ്ദാഫു പറയുന്നു. ബെന്‍ അലി സര്‍ക്കാരിന്റെ കീഴില്‍ രാഷ്ട്രീയ ശത്രുക്കളെ വളരെ ആസൂത്രിതമായ രീതിയില്‍ പീഢിപ്പിച്ചിരുന്നതായും പുതിയ പീഢനമുറകള്‍ കണ്ടെത്തുന്നതിനായി ഡോക്ടര്‍മാരുടെ സഹായം തേടിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ മന്ത്രിസഭ പീഢനങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും, എന്നാല്‍, ‘തങ്ങളിപ്പോഴും ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണെന്നും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2560 ടുണീഷ്യക്കാര്‍ സിറിയയില്‍ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 80 ശതമാനവും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പമാണന്നും തന്റെ സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ 3000 ത്തിന് അടുപ്പിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 450 പേര്‍ കൊല്ലപ്പെട്ടെന്നും 60 പേരെ ആസാദ് സര്‍ക്കാര്‍ തുറങ്കലില്‍ അടച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂണിസ് വിമാനത്താവളത്തില്‍ വച്ചോ അല്ലെങ്കില്‍ ലിബിയയുടെയോ അള്‍ജീരിയയുടേയോ അതിര്‍ത്തി വച്ചോ പിടിക്കുക വഴി ടുണീഷ്യന്‍ സര്‍ക്കാര്‍ 9000 ത്തില്‍ അധികം പേരെ സിറിയയിലേക്ക് പോകുന്നതില്‍ നിന്നും തടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ പോകുന്നവരില്‍ ചെറിയ ഒരു ശതമാനം വിദ്യാസമ്പന്നരാണെന്നും ജെദ്ദാഫു പറഞ്ഞു. എന്നാല്‍ ബഹുഭൂരിപക്ഷവും, ‘പരിമിത വിദ്യാഭ്യാസമുള്ളവരും സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായ അപരിഷ്‌കൃതരായ ആളുകള്‍,’ ആണെന്ന് അദ്ദേഹം പറയുന്നു.

‘സ്റ്റാര്‍ വാര്‍’ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച തെക്കന്‍ താതാഉനി മരുഭൂമിയിലുള്ള പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന സ്ലിം ഗാസ്മി പിന്നീട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ടൂണിസിലേക്ക് കൂടിയേറി.

പെയ്സ്ട്രീ ഷെഫായുള്ള തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് ശേഷവും ജോലി ഒന്നും ലഭിക്കാതിരുന്നപ്പോള്‍ അദ്ദേഹം തൊഴില്‍ തേടി ലിബിയയിലേക്ക് പോയി. അവിടെയുള്ള ബന്ധുക്കളുടെ സഹായത്തോടെ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ ഒരു ഭക്ഷ്യ മൊത്തക്കച്ചവടക്കാരന്റെ കീഴില്‍ ജോലി ലഭിച്ചു. തന്റെ വിവാഹത്തിന് വേണ്ടി പണം സമ്പാദിച്ചുകൊണ്ടിരുന്ന അദ്ദേഹം ടൂണിസിലുള്ള തന്റെ കാമുകിയെ കാണുന്നതിനായി ആഴ്ചകള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരുന്നു.

2013 ജൂണിലെ ഒരു സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തിന്റെ സഹോദരി ലത്തീഫയാണ് സ്ലിമ്മിലുള്ള ചില മാറ്റങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചത്. കടുത്ത മതാനുയായി അല്ലായിരുന്ന അദ്ദേഹം താടി വളര്‍ത്തുകയും ‘സിറിയയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്, അവരെ നമ്മള്‍ സഹായിക്കേണ്ടിയിരിക്കുന്നു,’ എന്ന കാരണത്താല്‍ പോരാട്ടത്തിനായി സിറിയയിലേക്ക് പോയാലോ എന്നാലോചിക്കുകയാണെന്നും അദ്ദേഹം സഹോദരിയോട് പറഞ്ഞു.

ലിബിയയിലെ ഗാസ്മിയുടെ സഹമുറിയനും കടുത്ത മതാനുയായിയും ആയ മറ്റൊരു ടുണീഷ്യക്കാരന്റെ സ്വാധീനമാണ് ഈ മനംമാറ്റത്തിന്റെ പിന്നിലെന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. ലിബിയയില്‍ വച്ച് അദ്ദേഹം സൗദി അറേബ്യയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നോ ഉള്ള സ്വമതത്യാഗികളെ കണ്ടുമുട്ടുകയും അവര്‍ അദ്ദേഹത്തെ സിറിയയില്‍ പോരാടുന്നതിനായി കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്തിരിക്കാമെന്നും അവര്‍ ഭയപ്പെട്ടു.

ഫോണില്‍ അദ്ദേഹം ആവര്‍ത്തിച്ചിരുന്ന ഒരു വാചകം അദ്ദേഹത്തിന്റെ സ്വഭാവത്തിന് കടകവിരുദ്ധമായിരുന്നു എന്ന് മാത്രമല്ല കുടുംബത്തെ ആകെ ഭീതിയിലാഴ്ത്തുകയും ചെയ്തു: ‘ലെവാന്തിന്റെ മണ്ണ് ജിഹാദിന്റെ മണ്ണാണ്.’

താന്‍ അദ്ദേഹത്തോട് അപേക്ഷിച്ചതായി ലത്തീഫ പറയുന്നു: ‘നിനക്ക് ഒരു നല്ല മനുഷ്യനാവണമെങ്കില്‍ ഒരിക്കലും ആളുകളെ കൊല്ലരുത്. നീ നാട്ടിലേക്ക് തിരിച്ചുവരികയും ആളുകളെ ഖുറാന്‍ പഠിപ്പിക്കുകയും ചെയ്താല്‍ അതും ജിഹാദാണ്. ജിഹാദിന് വേണ്ടി നീ സിറിയയില്‍ പോവുകയും ആളുകളെ കൊല്ലുകയും ചെയ്യേണ്ട ആവശ്യമില്ല.’

താന്‍ തുര്‍ക്കിയില്‍ ആണെന്നും സിറിയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണെന്നും അറിയിച്ചു കൊണ്ട് 2013 പുതുവര്‍ഷത്തിന്റെ തലേദിവസം വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നു. പോകരുതെന്ന് ലത്തീഫ കണ്ണീരോടെ അപേക്ഷിച്ചെങ്കിലും വിഷമിക്കേണ്ട എന്നായിരുന്നു മറുപടി.

താന്‍ സിറിയയില്‍ അലെപ്പോയ്ക്ക് സമീപമുള്ള ഒരു ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിലാണ് എന്ന് അറിയിക്കുന്ന ഒരു ഫോണ്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തിജാനിക്ക് ഒരു മാസത്തിന് ശേഷം ലഭിച്ചു. തിജാനി കരയുകയും വീട്ടിലേക്ക് വരാന്‍ സ്ലിമ്മിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗാസ്മിയും കരഞ്ഞു. വീട്ടിലേക്ക് മടങ്ങാന്‍ താനും ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ പാസ്‌പോര്‍ട്ട് തീവ്രവാദികള്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും മടങ്ങാന്‍ അവര്‍ സമ്മതിക്കില്ലെന്നുമായിരുന്നു മറുപടി.

സിറിയയിലെ ഇസ്ലാമിക ശക്തികള്‍ തമ്മിലുള്ള രക്തരൂക്ഷിതമായ ആഭ്യന്തര മത്സരം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം സഹോദരനോട് പറഞ്ഞു.

‘ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ആളുകളെ കൊല്ലാനല്ല, അവരെ സഹായിക്കാനാണ്,’ സ്ലിം പറഞ്ഞു.

മാര്‍ച്ച് അവസാനം കാമുകിയെ ഫേസ്ബുക്കില്‍ ബന്ധപ്പെടുന്നത് വരെ അയാളെ കുറിച്ച് കുടുംബത്തിന് വിവരം ഒന്നും ഉണ്ടായിരുന്നില്ല. അയാള്‍ ആകെ നിരാശനായിരുന്നു; അയാളുടെ സന്ദേശം നിഗൂഢമായിരുന്നു: ‘എനിക്ക് നിന്നോട് ഒന്നും പറയാനാവില്ല,’ അയാള്‍ പറഞ്ഞു. ‘എനിക്ക് സംസാരിക്കണമെന്നുണ്ട് പക്ഷെ സാധിക്കില്ല.’ ഒരു ദുഃഖിത മുഖത്തിന്റെ വികാരം പ്രതിഫലിപ്പിച്ചുകൊണ്ടാണ് അയാള്‍ സന്ദേശം അവസാനിപ്പിച്ചത്.

അയാള്‍ അവസാനം വിളിച്ച നമ്പറിലേക്ക് ഗാസ്മിയുടെ അമ്മാവി ഏപ്രില്‍ ഒന്നിന് ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരാള്‍ മറുപടി പറയുകയും സ്ലിമ്മിനോട് സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

‘ആദ്യമായി അദ്ദേഹത്തിന്റെ പേര് സ്ലിം എന്നല്ല,’ ആ മനുഷ്യന്‍ പറഞ്ഞു. ‘അബു ഖ്വാറ്റാഡ എന്നാണ്. അബു ഖ്വാറ്റാഡ ഇന്ന് രക്തസാക്ഷിയായി. ഞങ്ങള്‍ ഇതിനകം തന്നെ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുകയും അടക്കം ചെയ്യുകയും ചെയ്തു.’

അടുത്ത ദിവസം, ജബാത്ത് അല്‍-നുസ്ര എന്ന ഒരു അല്‍-ഖ്വയ്ദ അനുബന്ധ സംഘടന ട്വിറ്ററില്‍ രക്തസാക്ഷിത്വ ഹാഷ് റ്റാഗോടു കൂടിയ ഗാസ്മിയയുടെ ശവശരീരത്തിന്റെ പടം പോസ്റ്റ് ചെയ്തു. സ്‌ട്രെച്ചറില്‍ കിടത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് ഉണങ്ങിയ രക്തം വരകള്‍ തീര്‍ത്തിരുന്നു. കണ്ണുകളും വായയും പകുതി തുറന്നിരുന്നു.

സംഘം പരിപാലിക്കുന്ന ഒരു ഫേസ്ബുക്ക് പേജിലും ചിത്രം പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്നും ഗാസ്മി രക്ഷപ്പെട്ടെന്നും എന്നാല്‍ ജബാത്ത് അല്‍-നുസ്രയുടെ ചെക്ക്‌പോയിന്റില്‍ അദ്ദേഹത്തെ തടഞ്ഞു നിറുത്തിയെന്നും ഒരു കമാണ്ടര്‍ പറയുന്നു. അവിടെ കസ്റ്റഡിയിലായ അദ്ദേഹത്തെ ഗ്രൂപ്പില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പോരാട്ടത്തിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും വിശദീകരണമുണ്ട്.

‘അവന്‍ നിഷ്‌കളങ്കനായിരുന്നു. അവിടെ അവന്‍ എന്താണ് ചെയ്യുന്നതെന്ന് അവന് അറിയില്ലായിരുന്നു,’ സ്ലിമ്മിന്റെ അമ്മാവന്‍ അഹമ്മദ് ലാഹ്മാര്‍ പറയുന്നു. ‘ടൂണീഷ്യന്‍ പുരുഷന്മാരെ ആടുകളെ പോലെ വില്‍ക്കുകയാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍