UPDATES

വിദേശം

റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ തലയറുത്തു; ഭീകര ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്

ഇദ്ദേഹം കസാക്കിസ്ഥാനിലെയും വടക്കന്‍ കാക്കോസസിലെയും ഇസ്ലാമിക് സ്‌റ്റേറ്റില്‍ നുഴഞ്ഞുകയറിയെന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ഐഎസ് ആരോപിക്കുന്നത്

തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ തല ഐഎസ് അറുത്തു. തിങ്കളാഴ്ച ഇവര്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ യെവ്‌നി പെട്രെങ്കോയെന്ന 36കാരനെയാണ് തലയറുത്തത്. ഇദ്ദേഹം കസാക്കിസ്ഥാനിലെയും വടക്കന്‍ കാക്കോസസിലെയും ഇസ്ലാമിക് സ്‌റ്റേറ്റില്‍ നുഴഞ്ഞുകയറിയെന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ഐഎസ് ആരോപിക്കുന്നത്. കഴിഞ്ഞവര്‍ഷം സിറിയയില്‍ വച്ചാണ് ഇദ്ദേഹം ഐഎസിന്റെ പിടിയിലായത്.

ഭീകരവാദ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന സൈറ്റ് ഇന്‍ലിജന്‍സ് ഗ്രൂപ്പിനാണ് വീഡിയോ ലഭിച്ചത്. ഇത് ഇന്നലെ ഇവര്‍ സ്ഥിരീകരിച്ചു. പെട്രെങ്കോയുടെ അഭിമുഖ രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം റഷ്യന്‍ സര്‍ക്കാര്‍ തന്നെ ഉപേക്ഷിക്കുകയാണെന്ന് ആരോപിക്കുകയും റഷ്യ സിറിയയിലെ തങ്ങളുടെ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒമര്‍ അല്‍ ഷിഷാനിയുടെ സംഘത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താനാണ് താന്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ താന്‍ അറസ്റ്റിലായി.

2016ല്‍ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഷെഷാനി ഐഎസിന്റെ സിറിയന്‍ കമാന്‍ഡറാണ്. ഐഎസിന്റെ യുദ്ധ മന്ത്രി എന്നാണ് അമേരിക്ക ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. വടക്കന്‍ കക്കോസസ് മേഖലയില്‍ നിന്നും മധ്യേഷ്യയിലെ മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കുകളില്‍ നിന്നും റഷ്യന്‍ സംസാരിക്കാനറിയാവുന്ന നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്.

2015 സെപ്തംബറിലാണ് റഷ്യ സിറിയയില്‍ സൈനിക നീക്കം ആരംഭിച്ചത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെ വിമത നീക്കവും ഭീകര നീക്കവും ശക്തമായതോടെയാണ് റഷ്യന്‍ സൈന്യം സഹായത്തിനെത്തിയത്. 2015ല്‍ ഈജിപ്തില്‍ വച്ച് റഷ്യയുടെ ഒരു വിമാനം ഐഎസ് ബന്ധമുള്ള ഭീകര സംഘടന ബോംബ് വച്ച് തകര്‍ത്തിരുന്നു.

റഷ്യന്‍ സൈനികരെയോ ചാരന്മാരെയോ വധിക്കുന്ന വീഡിയോകള്‍ അപൂര്‍വമായാണ് ഐഎസ് പുറത്തുവിടാറ്. 2015ല്‍ രണ്ട് സൈനികരെ ഒരു കുട്ടി വെടിവച്ച് കൊല്ലുന്ന വീഡിയോയാണ് ഇവര്‍ അവസാനം പുറത്തുവിട്ടത്. സെര്‍ജി അഷിമോവ്, ജംബുലത് മമയേവ് എന്നിവരെയാണ് അന്ന് വധിച്ചത്.

കഴിഞ്ഞ വര്‍ഷവും പെട്രെങ്കോയുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിടിയിലായ ഒരു സൈനികന്റെ റഷ്യന്‍ പ്രസിഡന്റിനുള്ള സന്ദേശം എന്ന പേരിലാണ് ഇത് പുറത്തുവന്നത്. ആളുകളെ വധിക്കുന്ന വീഡിയോകള്‍ ലൈവായി പുറത്തുവിടുന്നത് ഇസ്ലാമിക് സ്റ്റേറ്റ് മാധ്യമങ്ങളുടെ പതിവാണ്. തങ്ങളെ എതിര്‍ക്കുന്ന സിറിയന്‍ സൈനികരെ വധിക്കുന്ന ദൃശ്യങ്ങളാണ് സാധരണ ഇത്തരത്തില്‍ പുറത്തുവിടാറ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍