സലഫിസവും ഉയിഗൂര്‍ തീവ്രവാദവും; ചൈന നേരിടുന്ന രീതി
ആലീസ് സു
മാ ക്സിന് സലഫി പള്ളി കണ്ടെത്താനായില്ല. വടക്കുപടിഞ്ഞാറന്‍ നഗരമായ ലാന്‍ഷോയിലെ ക്സിയവോ ക്സിഹു എന്ന പരമ്പരാഗതമായി മുസ്ലീങ്ങള്‍ കൂടുതലുള്ള പ്രദേശത്തു കൂടെ നടക്കുകയായിരുന്നു ഞങ്ങള്‍. 26-കാരനായ മാ സര്‍വകലാശാല പഠനം കഴിഞ്ഞു ഒരു ഹലാല്‍ പഴച്ചാര്‍ കമ്പനിയില്‍ ജോലി നോക്കുന്നു. സലഫി ധാരയിലെ ഒരു പള്ളി കാണിച്ചുതരാമെന്നാണ് എന്നോടു പറഞ്ഞത്. തിരക്കുപിടിച്ച ഒരു വാണിജ്യ തെരുവിന് പിറകില്‍ ‘പൊളിക്കാനുള്ള’ അടയാളം ഇപ്പൊഴും ചുവന്ന മഷിയില്‍ കാണുന്ന ഒരു പൊളിച്ചിട്ട കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടു.
അവിടെനിന്നും കുറച്ചടി ദൂരെയായി ഞങ്ങള്‍ പള്ളിയോട് ചേര്‍ന്നുള്ള മദ്രസയിലെ അറബിക് അദ്ധ്യാപകന്‍ മുസ്തഫയെ (38) കണ്ടു. മദ്രസ ചില താത്ക്കാലിക ട്രെയിലറുകളിലാണ് ഒരുക്കിയിരിക്കുന്നത്. വിശ്വാസികളാണ് പള്ളി പൊളിക്കാന്‍ തീരുമാനിച്ചത്. “പള്ളി ഇതിനകം മൂന്നുതവണ പുതുക്കിപ്പണിതു. സ്വകാര്യ സംഭാവനകള്‍ കൊണ്ടാണ് എല്ലാം ചെയ്യുന്നത്.” ഹുസൈന്‍ പറഞ്ഞു.
ഏതാണ്ട് 60 മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കുമായി പള്ളി വലുതാക്കി പുതുക്കിപ്പണിയുകയാണ്. ഹുസൈന്‍ റിയാദിലെ കിംഗ് സഊദ് സര്‍വകലാശാലയില്‍ രണ്ടു വര്‍ഷത്തെ അറബി പഠനം കഴിഞ്ഞ ഹുസൈന്‍ ഇപ്പോള്‍ ഹുയി കൌമാരക്കാരെ ഭാഷ പഠിപ്പിക്കുകയാണ്. ചൈനയിലെ ഏതാണ്ട് 23 ദശലക്ഷം വരുന്ന മുസ്ലീങ്ങളുടെ പകുതിയോളം വരുന്ന വംശ-മത ന്യൂനപക്ഷമാണ് ഹുയി വിഭാഗം. സലഫി ബന്ധം എന്തെങ്കിലും പ്രവര്‍ത്തന തടസം ഉണ്ടാക്കുന്നോ എന്ന ചോദ്യത്തിന് മറുപടിയായി ഹുസൈന്‍ പറഞ്ഞു, “സലഫികള്‍ തീവ്രവാദികളാണ് എന്നു വിദേശ മാധ്യമങ്ങള്‍ പ്രചാരണം നടത്തി കുഴപ്പമുണ്ടാക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാറില്ല.”
ഇസ്ലാമുമായുള്ള ബീജിങ്ങിന്റെ അസുഖകരമായ ചരിത്രം വെച്ചുനോക്കുമ്പോള്‍ ഹുസൈന്റെ മറുപടി അത്ഭുതമുണ്ടാക്കുന്നു. വംശീയ വിഭാഗീയത, അനാവശ്യമായ വിദേശ സ്വാധീനം, ആഭ്യന്തര കുഴപ്പങ്ങള്‍ എന്നിവയൊക്കെയുമായാണ് ചൈന മതത്തെ ബന്ധപ്പെടുത്തുന്നത്. 19-ആം നൂറ്റാണ്ടില്‍ വിഭാഗീയ ഇസ്ളാമിക സംഘര്‍ഷങ്ങളും വലിയ ക്രിസ്ത്യന്‍ കലാപവും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് ഇടവരുത്തിയത്. ഈയടുത്ത കാലത്തായി ലോകത്തെങ്ങുമുള്ള ജിഹാദി ആക്രമണങ്ങളും ചൈനയെ തങ്ങളുടെ നാട്ടിലെ ഭീകരവാദ ആക്രമണങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിക്കുന്നു. 2014-ല്‍ കുമ്മിങ് തീവണ്ടി സ്റ്റേഷനില്‍ നടന്ന കഠാര ആക്രമണം, 2015-ല്‍ അക്സ് കല്‍ക്കരി ഖനിയിലെ ആക്രമണം, കിര്‍ഗിസ്ഥാനിലെ ചൈന നയതന്ത്ര കാര്യാലയത്തില്‍ നടന്ന നടന്ന ബോംബാക്രമണം എന്നിവയൊക്കെ ഇതില്‍പ്പെടും.
ഏപ്രിലില്‍ ചൈനീസ് പ്രസിഡണ്ട് ക്സി ജീന്‍പിങ് ഒരു ദേശീയ സമ്മേളനത്തില്‍, മതസ്ഥാപനങ്ങള്‍ വിദേശ നുഴഞ്ഞുകയറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മിതവാദ ദൈവശാസ്ത്രത്തില്‍ ഊന്നി ചൈനയുടെ സംസ്കാരവുമായി മതമൂല്യങ്ങളെ ഒത്തുപോകുന്നവയാകണമെന്നും ആവശ്യപ്പെട്ടിരുന്നു. മതതീവ്രവാദം ചൈനയുടെ കിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ പ്രശ്നം ഉണ്ടാക്കുന്നതായി നവംബറിലെ 10-ആം ഇസ്ലാമിക് ദേശീയ സമ്മേളനത്തില്‍ മതകാര്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ വിഭാഗത്തിന്റെ തലവന്‍ വാങ് സുവോന്‍ പറഞ്ഞിരുന്നു. “മതതീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ ഇസ്ളാമിക പുരോഹിതന്മാര്‍ മുന്‍നിരയില്‍ നില്‍ക്കണം,” എന്നും വാങ് ആവശ്യപ്പെട്ടു. ആളുകളുടെ ‘മനഃസ്ഥിതി’ മാറ്റുന്നത് അക്രമവും ഭീകരവാദവും തടയുന്നതില്‍ പ്രധാനമാണെന്ന് വാങ് സൂചിപ്പിച്ചു.
എങ്കിലും, ചൈനയുടെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവ്രവാദവുമായി പൊതുവേ ബന്ധപ്പെടുത്തുന്ന തരം ആശയങ്ങള്‍ വളരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍-ക്വെയ്ദയെയും പോലുള്ള സംഘടനകള്‍ പൊക്കിപ്പിടിക്കുന്ന, പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തിലേക്ക് മടങ്ങിപ്പോകുന്ന തരത്തില്‍ കലര്‍പ്പില്ലാത്ത ഇസ്ലാം എന്ന ആശയമുള്ള തീവ്രയാഥാസ്ഥിതിക ഇസ്ളാമിക ധാരയായ സലഫിസം ആഗോളമായി ആശങ്കകള്‍ ഉണ്ടാക്കുന്നു. ചൈനയില്‍ മതപ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ആശയതലത്തില്‍ എന്നതിനെക്കാളേറെ വംശീയ, ഭൌമ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചൈനയുടെ ‘ഭീകരവാദവിരുദ്ധ’ നീക്കങ്ങളുടെ പ്രധാന ഊന്നല്‍ ചില ന്യൂനപക്ഷങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും മുകളിലുള്ള ആഭ്യന്തര നിയന്ത്രണമാണ്-മുഖ്യമായും ചൈനയിലെ പടിഞ്ഞാറന്‍ മേഖലയിലെ, പ്രത്യേകിച്ചും പ്രശ്നഭരിതമായ വലിയ അതിര്‍ത്തി പ്രദേശമായ ക്സിന്‍ജിയാങ് പ്രവിശ്യയിലെ ഇസ്ളാമിക വംശീയ ന്യൂനപക്ഷമായ ഉയ്ഗുര്‍ വിഭാഗത്തിനെതിരെ. ഇവിടെ നടക്കുന്ന കടുത്ത ഭരണകൂട അടിച്ചമര്‍ത്തല്‍, വംശീയ സംഘര്‍ഷങ്ങളും അക്രമാസക്തമായ ചെറുത്തുനില്‍പ്പും സൃഷ്ടിക്കുന്നു. ഉയ്ഗുറുകള്‍ക്കെതിരായ വംശീയ വിവേചനമുണ്ടെന്ന് സമ്മതിക്കാത്ത അധികൃതര്‍ ഭീകരവാദത്തെ ഒരു പ്രത്യയശാസ്ത്ര പ്രശ്നമായാണ് പറയുന്നതെങ്കിലും അതിനെ ഒരു വംശീയ പ്രശ്നമായാണ് നേരിടുന്നത്. അതുകൊണ്ടാണ് സജീവമായി മതപരിവര്‍ത്തനം നടത്തുന്ന ലാന്‍സൂവിലെ ഒരു ഹുയി സലഫി കഷ്ഗറിലെ ഒരു മതേതര ഉയ്ഗുറിനെക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. നയവും പ്രവര്‍ത്തിയും തമ്മിലുള്ള ഈ അന്തരം സ്വന്തം നിലനില്‍പ്പിനായി ഉയ്ഗുറുകളില്‍ നിന്നും അകന്നുനില്‍ക്കാനാഗ്രഹിക്കുന്ന ഹൂയികളും ഉയ്ഗുറുകളും തമ്മിലുള്ള അന്യത്വം വര്‍ദ്ധിപ്പിക്കുന്നു. വിവേചനം ഉയ്ഗുറുകളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നുമുണ്ട്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ക്സിന്‍ജിയാങ്ങിന് അടുത്തുള്ള പ്രവിശ്യയായ ഗന്‍സുവില്‍ ഹലാല്‍ ഇറച്ചിയുടെ ഭക്ഷണശാല നടത്തുന്ന സമ്പന്ന കുടുംബത്തില്‍പ്പെട്ട ഹുയി മുസ്ലീമായ അബ്ദെല്‍ഹലീമിനെ ഞാന്‍ കണ്ടിരുന്നു. വഹാബിസത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ഇബ്ന് അബ്ദ് അല്‍-വഹാബിന്റെ ജീവിതത്തെയും പാഠങ്ങളെയും കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങള്‍ പള്ളിക്കുള്ളില്‍ അയാള്‍ കാണിച്ചുതന്നു. “സൌദി അറേബ്യയില്‍ ഹജ്ജിന് പോയപ്പോഴാണ് എനിക്കിവ സൌജന്യമായി കിട്ടിയത്.” വായനശാലയില്‍ പിന്നെ ആകെയുള്ള സൌജന്യ പുസ്തകങ്ങള്‍ മാര്‍ക്സ്-ഏംഗല്‍സ് സമാഹൃതകൃതികളാണ്. “അത് സര്‍ക്കാര്‍ തന്നതാണ്. അത് ഞങ്ങള്‍ അലമാരയുടെ അടിയില്‍ വെക്കും.”
തെക്കന്‍ അതിര്‍ത്തി പ്രവിശ്യയായ യുന്നാനില്‍ 2014-ലെ “3.01” സംഭവം എന്നറിയപ്പെടുന്ന 8 കഠാര ധാരികളായ അക്രമികള്‍ കുന്‍മിങ് തീവണ്ടി സ്റ്റേഷനില്‍ 29 പേരെ കൊന്ന സംഭവത്തിന് ശേഷം മതസ്ഥാപനങ്ങളെ പ്രവിശ്യയിലാകെ അടിച്ചമര്‍ത്തി. അക്രമികള്‍ എട്ടു പേരും ഉയ്ഗുറുകള്‍ ആണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. അതിലൊരാള്‍ ഇപ്പോള്‍ മതസൌഹാര്‍ദത്തിന്റെ പാതയിലുള്ള എന്നാല്‍ ഇസ്ളാമിക പോരാട്ടത്തിന്റെ ചരിത്രമുള്ള ഷാദിയാനിലെ സലഫി മദ്രസയില്‍ ആറു മാസം പഠിച്ചിരുന്നു. അതിനുശേഷം കുറച്ചു മാസങ്ങള്‍ക്കുളില്‍ പ്രദേശവാസികളല്ലാത്തവര്‍ യുന്നാനില്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും അധികൃതര്‍ വിലക്കി ഇത്തരവിറക്കി.
പ്രാദേശിക പള്ളികളില്‍ നിന്നും എതിര്‍പ്പുയര്‍ന്നപ്പോള്‍ അധികൃതര്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായി. എല്ലാ വിദ്യാര്‍ത്ഥികളും ആദ്യം വീട്ടിലേക്ക് തിരിച്ചുപോണം. പിന്നെ പ്രാദേശിക, യുന്നാന്‍ സുരക്ഷാ, മതകാര്യ അധികൃതരില്‍ നിന്നും അനുമതി നേടിയെ വരാനാകൂ. എന്നാല്‍ ഇതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വല്ലാതെ കുറഞ്ഞു. ഷാദിയാന്‍ വലിയ പള്ളിയിലെ മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 450-ല്‍ നിന്നും 200-ആയി. പുറത്തുനിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ തിരിച്ചു വന്നു. പക്ഷേ ഉയ്ഗുറുകള്‍ മടങ്ങിവന്നില്ല.
തീവ്രവാദത്തിനോട് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ചൈന സര്‍ക്കാരിന്റെ നയസമീപനമാണ് ‘3.01’ ആക്രമണത്തോടുള്ള പ്രതികരണത്തില്‍ കണ്ടതെന്ന് ഹോങ്കോങ്ങിലെ ചൈനീസ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥിയും ഷാദിയാനില്‍ രണ്ടു വര്‍ഷം ജീവിച്ചയാളുമായ രൂസ്ലാന്‍ യൂസുപോവ് പറയുന്നു. ഷാദിയാനില്‍ പ്രാദേശിക പൊലീസല്ല, ക്സിന്‍ജിയാങ്ങില്‍ നിന്നുള്ള പോലീസാണ് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. “ഇത് ക്സിന്‍ജിയാങ്ങിലെ പ്രശ്നമാണ്, നമുക്കവരെ അങ്ങോട്ടയക്കാം എന്നാണ് സമീപനം. ഒരു ദേശീയ നയമില്ല”. ഇന്നിപ്പോള്‍ യുനാനില്‍ ഒരൊറ്റ ഉയ്ഗുര്‍ പോലും ഇല്ല.
ഏപ്രില്‍ മാസത്തില്‍ ഷാദിയാനില്‍ പോയപ്പോള്‍ ഒരു ഹാന്‍ പരിവര്‍ത്തിത മുസ്ലീം, താന്‍ വര്‍ഷങ്ങളായി നടത്തുന്ന ഒരു അനധികൃത മത പ്രസിദ്ധീകരണം എനിക്കു കാണിച്ചുതന്നു. ക്സിന്‍ജിയാങ്ങില്‍ ഇത് പ്രചാരം നേടിയപ്പോള്‍ അധികൃതര്‍ ഒരിക്കല്‍ ഇത് നിര്‍ത്തിച്ചു. അവിടെ വിതരണം ചെയ്യുന്നത് നിര്‍ത്തിയതോടെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. അതുപോലെ അനൌപചാരിക ഇസ്ളാമിക അധ്യാനം താന്‍ ലാന്‍ഷൂ സര്‍വകലാശാലയിലും ദേശീയതകള്‍ക്കുള്ള സര്‍വകലാശാലയിലും 5 വര്‍ഷത്തോളം നടത്തിയിട്ടുണ്ടെന്ന് സൌദി അറേബ്യയില്‍ നിന്നും പഠനം കഴിഞ്ഞുവന്ന ഒരു പ്രമുഖ ഇമാം പറഞ്ഞു. എന്നാല്‍ ചില ഉയ്ഗൂര്‍ വിദ്യാര്‍ത്ഥികള്‍ അയാളുടെ കീഴില്‍ വന്നതോടെ ക്സിന്‍ജിയാങ്ങില്‍ അയാളെ പിടികൂടി തടവിലാക്കി. ഗാന്‍ഷു അധികൃതര്‍ അയാളെ തിരികെ കൊണ്ടുവന്നെങ്കിലും അയാള്‍ ഇപ്പോള്‍ പഠിപ്പിക്കുന്നില്ല, ഉയ്ഗുറുകള്‍ ആരും അയാളുടെ പള്ളിയിലും വരാറില്ല.
ഹുയി വിഭാഗീയതയേക്കാള്‍ ഉയിഗൂര്‍ വിഘടനവാദത്തെ ബീജിങ്ങ് വലിയ ഭീഷണിയായി കാണുന്നതിന്റെ ഒരു കാരണം ക്സിന്‍ജിയാങ്ങിന്റെ സ്വാതന്ത്ര്യം യഥാര്‍ത്ഥ സാധ്യതയാണ് എന്നതാണ്-മുമ്പ് 1930-കളിലും 1940-കളിലും അത് അല്പകാലം ഉണ്ടായിട്ടുമുണ്ട്. ടുര്‍കിക് ഭാഷ സംസാരിക്കുന്ന ഉയ്ഗുറുകള്‍ വംശീയമായും ഭാഷാപരമായും ഹാന്‍ ചൈനക്കാരില്‍ നിന്നും വ്യത്യസ്തരാണ്. ചൈനയില്‍ നിന്നും വേറിട്ട ഒരു ദേശമാണെന്ന സ്വത്വബോധം അവര്‍ ശക്തമായി സൂക്ഷിക്കുന്നു. ക്സിന്‍ജിയാങ്ങില്‍ ബീജിങ്ങിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഹുയി, എന്നാല്‍ ഇത്തരം വിഘടന മോഹങ്ങള്‍ ഇല്ലാത്തവരാണ്. സൈദ്ധാന്തികമായി നോക്കിയാല്‍ ഹൂയി മുസ്ലീങ്ങള്‍ മദ്ധ്യേഷ്യന്‍, മദ്ധ്യ കിഴക്കന്‍ ഏഷ്യന്‍ വംശീയ വേരുകള്‍ ഉള്ളവരാണെങ്കിലും മിക്കവരും വലിയ തോതിലുള്ള മിശ്രവിവാഹങ്ങള്‍ വഴിയും മറ്റും ഭൂരിപക്ഷമായ ഹാന്‍ ചൈനക്കാരില്‍ നിന്നും തിരിച്ചറിയാന്‍ കഴിയാത്തവരായി മാറിയീക്കുന്നു. അവരെ കണ്ടാല്‍ ഒരുപോലിരിക്കുന്നു, ഒരേ ഭാഷ സംസാരിക്കുന്നു, മതവിശ്വാസത്തിന്റെ ഒരു അരാഷ്ട്രീയ രൂപം കൊണ്ടുനടക്കുന്നു. “ഞങ്ങളൊരു ന്യൂനപക്ഷമാണ്, ഒരു നിയമമോ രാജ്യമോ മതത്തിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല,” ഒരു സലഫി അറബി അദ്ധ്യാപകനായ ഹുസൈന്‍ പറഞ്ഞു. “രാഷ്ട്രീയത്തില്‍ മതത്തെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്ന പോലുമില്ല. അത് യാഥാര്‍ത്ഥ്യബോധമുള്ളതല്ല.”
ചിലര്‍ കരുതുന്നത് ഉയ്ഗൂര്‍ ഇതര മുസ്ലീം സംഘങ്ങള്‍ പിളരുന്നതിനെ, അല്പം അക്രമ സാധ്യതകള്‍ ഉള്ളവയായാല്‍ പോലും, ബീജിങ്ങ് അനുകൂലിക്കുന്നു എന്നാണ്. കാരണം രാജ്യത്തെ മുസ്ലീങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഹുയി മുസ്ലീങ്ങളും സൌദി സലഫികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഹോങ്കോങ്ങ് സര്‍വകലാശാലയിലെ മൊഹമ്മദ് അല്‍ സുദൈരി പറയുന്നത്, പല സ്കൂളുകളും വിദേശത്തുനിന്നുള്ള പുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ്. ഇവ സൌദിയില്‍ ഉപയോഗിച്ചിരുന്ന തരം പുസ്തകങ്ങളാണ്. “മദീന സര്‍വകലാശാലയില്‍ നിന്നും മടങ്ങിവന്ന ചൈനീസ് വിദ്യാര്‍ത്ഥികളായിരിക്കാം ഇവ പകര്‍ത്തിയത്.”
പക്ഷേ സലഫിസത്തിന്റെ വളര്‍ച്ച വാസ്തവത്തില്‍ ചൈനയിലെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അയാള്‍ പറഞ്ഞു. ഭരണകൂട നിയന്ത്രണത്തിനെതിരായ മതപരമായ വെല്ലുവിളിയെ അത് ദുര്‍ബ്ബലമാക്കുന്നു. “അത് സര്‍ക്കാരിന് ഇടപെടാനുള്ള കൂടുതല്‍ അവസരം നല്കുന്നു. ഒടുവില്‍ ചൈനയിലെ മുസ്ലീങ്ങള്‍ ചൈനയിലെ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോകുകയാണ്- വിഭാഗീയത, പാര്‍ട്ടി-ഭരണകൂടം, ആധികാരികതയ്ക്കുള്ള തെരച്ചില്‍, ഭൌതികതാവാദം- അവര്‍ വേണ്ടത് തെരഞ്ഞെടുക്കുന്നു. നിങ്ങള്‍ക്ക് സമഗ്രമായ ഒരു മുന്നേറ്റമില്ല,” സുദൈരി പറഞ്ഞു.
വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ നിരവധി സംഘങ്ങള്‍ സലഫിയും മറ്റുള്ളവയും തക്ഫിര്‍ രീതി പിന്തുടരുന്നു എന്നു ലിങ്ക്സിയയിലെ അറബിക് വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ഷാങ് വെയ്ക്സിന്‍ പറഞ്ഞു. മറ്റ് ഇസ്ളാമിക സംഘങ്ങളെ അമുസ്ലീങ്ങളായി കരുതുകയും അത് അവരെ ആക്രമിക്കുന്നതിന് കാരണമാക്കുകയും ചെയ്യുന്ന രീതിയാണിത്. എന്നാല്‍ അല്‍-ക്വെയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ പ്രധാന തക്ഫിര്‍ സംഘങ്ങളെപ്പോലെയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധിപത്യത്തിനെതിരെയോ, ഇസ്ലാമിക് നിയമത്തില്‍ അധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാനോ അല്ല, മറിച്ച് പ്രാദേശികമായി ഭൌതിക നേട്ടങ്ങള്‍ ഉണ്ടാക്കാനും മറ്റ് സംഘങ്ങളുമായി ആചാരപരമായ കാര്യങ്ങളില്‍ തര്‍ക്കിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. “മിക്കവരും ഉപരിപ്ലവമായാണ് സമ്പ്രദായങ്ങളെ പിന്തുടരുന്നത്,” ഷാങ് പറഞ്ഞു, ഇത് ഭരണകൂടത്തെ എതിര്‍ക്കുന്നതിലേക്കല്ല, യാഥാസ്ഥിതികത്വത്തിലേക്കാണ് നയിക്കുന്നത്.
പക്ഷേ യാഥാസ്ഥിതികത്വം ഉയിഗൂറുകള്‍ക്ക് ഇനിയൊരു വഴിയല്ല, കാരണം, ഇസ്ലാമിലുള്ള ഗൌരവമായ ഏത് താത്പര്യവും അധികൃതര്‍ ഭീഷണി സാധ്യതയായാണ് കണക്കാക്കുന്നത്. ഉയ്ഗുറുകള്‍ക്ക് മേലുള്ള സാമൂഹ്യ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൂട്ടുകയാണ്. താടി വെക്കാനോ പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാനോ പാടില്ല, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മതസ്ഥാപനങ്ങളില്‍ പോകാന്‍ പാടില്ല. മതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അവരുടെ കുട്ടികളെ പ്രത്യേക വിദ്യാലയങ്ങളില്‍ ‘തെറ്റ് തിരുത്തല്‍ പഠനത്തിന്’ പറഞ്ഞുവിടും. ക്സിന്‍ജിയാങ്ങിലെ താമസക്കാരുടെ പാസ്പോര്‍ടുകള്‍ പോലും പിടിച്ചുവെച്ചിരിക്കുന്നു. വൈരുദ്ധ്യമെന്ന് പറയാവുന്ന സംഗതി, ഇതൊക്കെയാണ് മത തീവ്രവാദത്തെ ഇവിടെയുള്ള ചെറുപ്പക്കാര്‍ക്ക് ആകര്‍ഷകമാക്കുന്നത് എന്നതാണ്. ഉയിഗൂര്‍ തീവ്രവാദി സംഘങ്ങള്‍ സിറിയയില്‍ ഗണ്യമായ രീതിയില്‍ പോരാട്ടത്തിലുണ്ട്. ചൈനീസ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളും വിശുദ്ധയുദ്ധവും അവരുടെ ഭാഗമാണ്. ക്സിന്‍ജിയാങ്ങിന് പുറത്തുപോകുന്ന ഉയിഗൂറുകള്‍ പലപ്പോഴും ഇസ്ലാമും സര്‍ക്കാരും തമ്മില്‍ സമാധാനപരമായ ബന്ധം സാധ്യമാണെന്ന് കണ്ടു മാറാറുണ്ടെന്ന് ഹുയി പ്രദേശവാസികള്‍ പറയുന്നു.
മാന്‍ഡാരിനെ ഒരു അവിശുദ്ധ ഭാഷയായി കണ്ടിരുന്ന ഉയ്ഗുറുകള്‍, പ്രധാനമായ് ചൈനീസ് സംസാരിക്കുന്ന ഹുയി മുസ്ലീങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നതോടെ അവരുടെ മനസ് മാറ്റാറുണ്ട്. “പക്ഷേ ഇപ്പോള്‍ ആ ജാലകം ക്സിന്‍ജിയാങ്ങിലെ ആളുകള്‍ക്ക് അടഞ്ഞിരിക്കുകയാണ്, കാരണം അവര്‍ക്ക് പുറത്തു പോകാനാകില്ല. സര്‍ക്കാര്‍ തങ്ങളെ എതിരായി മാത്രം കാണുന്ന ഒരു ലോകത്ത് മാത്രമാണ് അവര്‍ ജീവിക്കുന്നതു,” യുസുപോവ് പറഞ്ഞു.
“സര്‍ക്കാര്‍ ചീത്തയാണെന്ന് അവര്‍ നിഗമനത്തിലെത്തുന്നു, ഹാന്‍ മോശമാണെന്നും- ഇതെല്ലാം തങ്ങള്‍ക്കെതിരാണെന്ന്, അവര്‍ പറയുന്നു- അവര്‍ ചെറുക്കുന്നു.”