UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ ലിബറലുകളെ സൂക്ഷിക്കുക, അവര്‍ പാവപ്പെട്ട മുസ്ലിങ്ങളെയും രാജ്യവിരോധികളാക്കും

അഴിമുഖം പ്രതിനിധി

ഇസ്ലാം തീവ്രവാദത്തിനു കാരണം ഹിന്ദു തീവ്രവാദമാണെന്ന് പ്രചരിപ്പിച്ച് ഇസ്ലാം തീവ്രവാദത്തിന് പരോക്ഷമായെങ്കിലും നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അതിനെ വളര്‍ത്തുകയാണ് അവിശ്വാസികളെന്ന ലേബലുകള്‍ പേറുന്ന ലിബറുകള്‍ ചെയ്യുന്നതെന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഇസ്ലാമോഫോബിയ വളര്‍ത്തി ഹിന്ദുക്കളെ ഒറ്റക്കെട്ടാക്കാന്‍ ബിജെപിയെ സഹായിച്ചതും ലിബറലുകളാണെന്നും സനല്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ പാവപ്പെട്ട മുസ്ലിങ്ങളെ മുഴുവന്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയും പ്രശ്‌നത്തിലാക്കുകയും ചെയ്യുക വഴി അവരില്‍ ഇന്ത്യ എന്നാല്‍ തങ്ങളുടെ ശത്രുരാജ്യമാണെന്ന തോന്നല്‍ ഉണര്‍ത്തിയെടുക്കുകയണ് അവര്‍ക്കു വേണ്ടതെന്നും സനല്‍കുമാര്‍ തന്റെ ഫെയ്‌സബുക്കില്‍ കുറിക്കുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ഫെയ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

ഇസ്ലാം മതനേതാക്കള്‍ ഒന്നടങ്കം ഐഎസിനേയും തീവ്രവാദത്തെയും തള്ളിപ്പറയുകയും ഐഎസ് ഇസ്ലാമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാമില്‍ (എന്നല്ല ഒരു മതത്തിലും) ഒരു വിശ്വാസവുമില്ലാത്ത ലിബറലുകള്‍ ഐഎസിനെതിരെയുള്ള പ്രചാരണം ഇസ്ലാമോഫോബിയ പരത്തലാണെന്ന് പറയുന്നു. അത് നമ്മളല്ല എന്ന് തീവ്രവാദികളോടുള്ള അനുഭാവത്തെ റദ്ദുചെയ്യാന്‍ മതം തന്നെ ശ്രമിക്കുമ്പോള്‍ അത് നിങ്ങളെ ഉദ്ദേശിച്ചു തന്നെ നിങ്ങള്‍ തന്നെ എന്ന് പിരികയറ്റുന്ന ലിബറലുകള്‍ ചെയ്യുന്നത് മതത്തിലെ മിതവാദികളെക്കൂടി ഉദ്ദ്വീപിപ്പിച്ച് തീവ്രവാദികളാക്കുന്ന പരിപാടിയാണ്. ഇസ്ലാം തീവ്രവാദത്തിനു കാരണം ഹിന്ദു തീവ്രവാദമാണെന്ന് പ്രചരിപ്പിച്ച് ഇസ്ലാം തീവ്രവാദത്തിന് പരോക്ഷമായെങ്കിലും നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അതിനെ വളര്‍ത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ചത് ഇവരാണ്. അത് വളരുന്നു എന്ന് കാട്ടി ഇസ്ലാമോഫോബിയ വളര്‍ത്തി ഹിന്ദുക്കളെ ഒറ്റക്കെട്ടാക്കാന്‍ ബിജെപിയെ സഹായിച്ചതിലും അങ്ങനെ ഇവര്‍ക്ക് പങ്കുണ്ട്. ഇന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യഭരിക്കുന്ന നിലയില്‍ ആ ഹൈന്ദവപാര്‍ട്ടിയെ എത്തിച്ചതില്‍ ഇവര്‍ പരോക്ഷമായി നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഇസ്ലാമിസ്റ്റുകള്‍ പോലും ഈ അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ് അസദുദീന്‍ ഒവൈസിയെപ്പോലെ തീവ്രമായി മതരാഷ്ട്രീയം സംസാരിക്കുന്നവര്‍ പോലും ഈ തിയറിയെ തള്ളിപ്പറയാന്‍ തുടങ്ങിയതും ഇസ്ലാം നേരിടുന്ന ഒരു വിപത്താണ് ഐഎസ് എന്ന് ഉറക്കെ പറയാന്‍ തയാറായതും. പക്ഷെ നമ്മുടെ ലിബറലുകള്‍ വിട്ടുകൊടുക്കുന്ന ലക്ഷണമില്ല. ഐഎസ് എന്നത് അമേരിക്കയുടേയും ഇസ്രായേലിന്റെയും സന്തതിയാണെന്ന തിയറിയില്‍ അത് ഇന്ത്യ സൃഷ്ടിച്ച പുകമറകൂടിയാണെന്ന തിയറികൂടി ഇവര്‍ താമസിയാതെ എഴുതിച്ചേര്‍ക്കും. അങ്ങനെ ഇവിടുത്തെ പാവപ്പെട്ട മുസ്ലിങ്ങളെ മുഴുവന്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയും പ്രശ്‌നത്തിലാക്കുകയും ചെയ്യും. ഇന്ത്യ എന്നാല്‍ തങ്ങളുടെ ശത്രുരാജ്യമാണെന്ന തോന്നല്‍ അവരില്‍ ഉണര്‍ത്തണം, അതാണവര്‍ക്കു വേണ്ടതെന്ന് തോന്നും. മതത്തിന്റെ പേരില്‍ കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായാലേ ജാതി, പട്ടിണി, അഴിമതി, അസമത്വം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഇങ്ങനെ എണ്ണമില്ലാത്ത വിഷയങ്ങള്‍ക്കെല്ലാമുപരിയായ രാഷ്ട്രീയവിഷയമായി മതത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നവര്‍ക്കറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍