UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

വിദേശം

മുസ്ലീങ്ങള്‍ എന്തുകൊണ്ട് അള്ളായോട് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി നന്ദി പറയണം

രാഷ്ട്രീയ,സാമൂഹ്യ  മര്യാദകളുടെ എല്ലാ മാനദണ്ഡങ്ങളും ഡൊണാള്‍ഡ് ട്രംപ് അടുത്തിടെയായി ലംഘിച്ചിരിക്കുന്നു. അയാളുടെ വികാരം ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ക്ക് ലോകത്തെങ്ങും പ്രതിധ്വനികളുണ്ടാകുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുതല്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ വരെ. ട്രംപും അയാളുടെ ആക്രോശം മുഴക്കുന്ന അനുയായികളും സമൂഹങ്ങള്‍ക്കുള്ളിലും അവ തമ്മില്‍തമ്മിലും വൃത്തികെട്ട സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഇതിനിടയ്ക്ക്, അയാള്‍ സമ്മതിക്കില്ലെന്ന് മാത്രമല്ല വലിയ വായില്‍ നിഷേധിക്കുകകൂടി ചെയ്യുന്ന ഒരു പ്രതിഭാസം നിരാകരിക്കാനാകാത്ത വിധം ഉണ്ടെന്ന് തെളിയിച്ചു: ഇസ്ലാമോഫോബിയ/ഇസ്ലാംപേടി എന്ന, കുറച്ച് കൊലപാതകികളുടെയും മതതീവ്രവാദികളുടെയും കുറ്റകൃത്യങ്ങള്‍ക്ക്, ഒരു പുരാതന മതത്തെ കുറ്റപ്പെടുത്തുകയും മറ്റുള്ളവരുടെ കണ്ണില്‍ 150 കോടി വരുന്ന, വൈവിധ്യമാര്‍ന്ന ഒരു ജനസമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്ന ഒരു മുന്‍വിധി.

ഈ അസഹിഷ്ണുത ഒരു തടയുമില്ലാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളരുകയായിരുന്നു. തത്വാധിഷ്ഠിതമായ രാഷ്ട്രീയ പ്രതിഷേധം നേരിടുന്നതിന് മുമ്പായി ഉദാരമെന്ന് അഭിമാനിക്കുന്ന ന്യൂയോര്‍കില്‍ വരെ ‘Ground Zero Mosque’-നെ ചൊല്ലി അത് അതിന്റെ ഭയാനകമായ തല നീട്ടിയിരുന്നു. അതിനെതിരെ മുഖ്യധാര മാധ്യമങ്ങളില്‍ ഇടക്കൊക്കെ വന്ന പ്രതിരോധം-ബില്ല മഹേറിന് ബെന്‍ അഫ്ലെക്കിന്റെ മറുപടി, ഒരു Fox News അവതാരകന് റെസ അസ്ലാന്‍ കുറച്ച് സമയത്തിനുള്ളില്‍ നല്കിയ അല്പം അറിവ്- പ്രചാരം നേടിയത്, അവ അത്രയും വിരളമായതുകൊണ്ടാണ്.

വൈരുദ്ധ്യമെന്താണെന്ന് വെച്ചാല്‍ അറിഞ്ഞോ അറിയാതെയോ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവര്‍ തന്നെ- ഇസ്ലാമിനെ ഒരു നിഷേധാത്മക, വിനാശ മരണ സംഘമായി വിശേഷിപ്പിക്കുന്ന ആയാണ്‍ ഹിര്‍ശി അലിയെ പോലുള്ളവര്‍- അങ്ങനെയൊന്നുണ്ടെന്നത് ശക്തമായി നിഷേധിക്കും. പ്രത്യക്ഷമായിതന്നെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പടിഞ്ഞാറന്‍ മൂല്യബോധവുമായി  പൊരുത്തപ്പെടാത്ത ഇസ്ലാമിനെ പരിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളെ അന്യായമായി ആക്രമിക്കുകയാണെന്ന് അവര്‍ അവകാശപ്പെടുന്നു.

പക്ഷേ ഇസ്ലാമിന്റെ മാര്‍ടിന്‍ ലൂതറാകാന്‍ കച്ചകെട്ടിറങ്ങിയവരുടെ വാകകമടിയില്‍ ചില പൊരുത്തക്കേടുകളുണ്ട്. വ്യത്യസ്തവും വ്യാപകവുമായ രീതികളില്‍ പ്രയോഗിക്കപ്പെടുന്ന ഒരു മതമായ ഇസ്ലാമിനെ ‘പരിഷ്കരിക്കുക’ എന്നു പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്  അവരൊരിക്കലും വ്യക്തമാക്കുന്നില്ല. കമ്മ്യൂണിസം പോലെ പ്രമാണങ്ങളില്‍ അധിഷ്ഠിതമായ ഒരു ഉപാസനാസംഘമാണ് ഇസ്ലാമെന്ന് അവര്‍ കരുതുന്നു: തങ്ങള്‍ നിശ്ചയിക്കുന്ന രീതികള്‍ നടപ്പാക്കിയാല്‍,മുന്‍ ലെനിനിസ്റ്റുകള്‍ കരുതിയിരുന്നപോലെ  ശരിയായ പാര്‍ടി ലൈന്‍ കര്‍ശനമായി പാലിച്ചാല്‍, 150 കോടി മുസ്ലീങ്ങളെ അടക്കിനിര്‍ത്താം എന്നവര്‍ പ്രതീക്ഷിക്കുന്നു.

സങ്കീര്‍ണമായ രാഷ്ട്രീയ വിഷയങ്ങളെയും ഇസ്ലാംപേടിക്കാര്‍ കൂട്ടിക്കുഴച്ച്–ജാവയിലെ സൌദി പ്രായോജിത വഹാബിസം, കശ്മീരില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പരാജയം, ഫ്രാന്‍സിലെ വംശീയ വിവേചനം—ഒരൊറ്റ വിടുവായന്‍ ചോദ്യമാക്കി മാറ്റുന്നു: അടിസ്ഥാനപരമായിതന്നെ അക്രമാസക്തവും അസഹിഷ്ണുത നിറഞ്ഞതുമായ ഇസ്ലാമിന് ആധുനികലോകത്ത് ഒത്തുപോകാനാകുമോ?

ഈ പാതി ആരോപണം പറഞ്ഞുവെക്കാന്‍ ശ്രമിക്കുന്നത്, മതേതര സാമ്രാജ്യത്വ ശക്തികളും, നിരീശ്വരവാദികളായ ഏകാധിപതികളും തമ്മിലുള്ള യുദ്ധങ്ങളടക്കം ഭീകരമായ യുദ്ധങ്ങള്‍ നടന്ന ഈ ആധുനിക ലോകം 7-ആം നൂറ്റാണ്ടിലെ മതവുമായി ഒരു കൂട്ടിമുട്ടുന്നതുവരെ മഹത്തായ എന്തോ ആയിരുന്നു എന്നാണ്. 19-ആം നൂറ്റാണ്ടില്‍ റഷ്യന്‍ വിപ്ലവകാരികള്‍ തുടങ്ങിവെച്ചതുമുതല്‍ എല്ലാത്തരം വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉപയോഗിച്ച ഒരു അടവായ ഭീകരവാദവും, ഇസ്ലാമും ഒന്നാണെന്ന് സ്ഥാപിക്കാനും ഇസ്ലാംപേടിക്കാര്‍ ശ്രമിക്കുന്നുണ്ട്. കൊലപാതക സംഘങ്ങളായ അല്‍-ക്വെയ്ദയും ഇസ്ലാമിക് സ്റ്റേറ്റുമെല്ലാം അവരുടെ പ്രചോദന ശക്തിയായി പറയുന്നതു ഇസ്ലാമിനെയാണെന്ന് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാടുന്നു.

പക്ഷേ മതതീവ്രവാദികളുടെ പ്രഖ്യാപനങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ട്, ഇസ്ലാമിന്റെ എന്നാരോപിക്കുന്ന വിഷലിപ്തമായ കേന്ദ്രത്തെ തിരിച്ചറിയാനുള്ള ശ്രമം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജാക്കോബിയന്‍മാര്‍ ഭീകരതയുടെ ആധിപത്യം സ്ഥാപിച്ചതുമുതല്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ പേരില്‍ ഏറെ രക്തം ഒഴുകിയിട്ടുണ്ട്. ജനാധിപത്യവും മനുഷ്യാവകാശങ്ങളും തങ്ങളുടെ പ്രേരകശക്തികളായി ഉയര്‍ത്തിക്കാട്ടിയവര്‍ ഈയിടെ പശ്ചിമേഷ്യയില്‍ വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കിയത്. അത് നമ്മളിലെ ജനാധിപത്യ വിശ്വാസികളെ, അടിസ്ഥാനപരമായി ഒരു കൊലപാതക വിശ്വാസത്തിലെ  നിന്ദിക്കപ്പെട്ട വഞ്ചകരായി മാറ്റുമോ?

പക്ഷേ ഇസ്ലാംപേടിക്കാര്‍ക്ക് ബൌദ്ധിക കൃത്യതയുടേയോ, ചരിത്ര വ്യക്തതയുടെയോ ആവശ്യമില്ല. ധനികരുടെ മനോവിഭ്രാന്തികളും അസമത്വം നിറഞ്ഞ സമൂഹങ്ങളില്‍ പിന്തള്ളപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുമോയെന്ന സാധാരണക്കാരുടെ നിരാശയും ലക്ഷ്യമില്ലാത്ത ക്ഷോഭവുമാണ് അവരുടെ ഊര്‍ജം.

തങ്ങളുടെ ജീവതത്തെ നിശ്ചയിക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ശക്തികളും അതാര്യമാകുന്ന ഒരു ലോകത്ത് ഭീതിതരായാണ് വലിയ വിഭാഗം ആളുകള്‍ കഴിയുന്നത്. അവര്‍ക്ക് എളുപ്പത്തില്‍ ശത്രുക്കളെ കണ്ടെത്തും—സോഷ്യലിസ്റ്റുകള്‍, ഉദാരവാദികള്‍, വൈറ്റ് ഹൌസിലെ അന്യജീവി, മുസ്ലീമുകള്‍– എന്നിട്ടവരെയൊക്കെ തങ്ങളുടെ ദുരിതങ്ങള്‍ക്ക് കാരണക്കാരായി കുറ്റപ്പെടുത്തും.

ആധുനിക ലോകത്തെ സെമിറ്റിക് വിരോധത്തിന്റെയും ക്ഷുദ്രമായ വാചകക്കസര്‍ത്തിന്റെയും കെട്ടുപിണഞ്ഞ ചരിത്രം ഈ പ്രതിഭാസത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് തരേണ്ടതായിരുന്നു. ജൂതന്മാരെയും ജൂതമതത്തെയും കുറിച്ചുള്ള വോള്‍ട്ടയറുടെ രോഷം  നിറഞ്ഞ തള്ളിപ്പറച്ചിലുകള്‍കൊണ്ടാണ്  അതാരംഭിക്കുന്നത്. 19-ആം  നൂറ്റാണ്ടിന്റെ ഒടുവിലാകുമ്പോള്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലുമുള്ള  ഇടത്തരവും താഴെതട്ടിലുള്ളവരുമായ  മധ്യവര്‍ഗക്കാരിലെ രാഷ്ട്രീയ സാമ്പത്തിക ദുരിതങ്ങള്‍ക്കിടയില്‍ ജൂതവിരോധം ഒരു പതിവായിമാറിയിരുന്നു. 

ആധുനികലോകം ഭൂരിഭാഗം പേര്‍ക്കും നല്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ചതുപ്പിലാണ് സെമിറ്റിക് വിരോധം പോലെ ഇസ്ലാംപേടിയും പെരുകുന്നത്. ഇപ്പോള്‍ ട്രംപില്‍ കാണുന്നപോലെ ശേഷിയും പിന്‍ബലവുമുള്ള കുബുദ്ധികളുടെ കയ്യില്‍ അത് അപകടകരമായ ഒരായുധമായി മാറും.

ഈ അപരഭീതിയുടെ ലോകവീക്ഷണത്തില്‍ ഒരു യുക്തിയുമില്ലെന്നും, കാര്യകാരണ ബന്ധങ്ങളില്ലെന്നും ട്രംപിന്റെ വിഷലിപ്തവും, നിയന്ത്രണരഹിതവുമായ   അസംബന്ധങ്ങള്‍ തെളിയിക്കുന്നു. അവ കുറച്ച് മാസങ്ങള്‍ക്കൂടി രാഷ്ട്രീയ സംസ്കാരത്തെ കേടുവരുത്തിക്കൊണ്ടിരിക്കും. അക്കാലമൊക്കെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ്ലീങ്ങളും മുസ്ലീമിനെപ്പോലെ ‘തോന്നുന്ന’ മറ്റ് നിരവധിപേരും  ചൂളുകയും വിറയ്ക്കുകയും ഒളിക്കുകയും ചെയ്യും.

പക്ഷേ അയാളും കൂടെയുള്ള അത്യാവേശക്കാരുടെ കൂട്ടവും ഇസ്ലാംപേടി നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണെന്ന് തെളിയിച്ചിരിക്കുന്നു: നമ്മുടെ കാലത്തെ ഏറ്റവും പതുങ്ങിയിരിക്കുന്ന അപകടവും കലുഷിതവുമായ മുന്‍വിധിയാണെന്ന് സ്ഥാപിച്ചിരിക്കുന്നു. മറ്റൊന്നിന്നുമല്ലെങ്കിലും, ഈ നിര്‍ണായകമായ വെളിച്ചംവീശലിന്, നാം ദൈവത്തോട് അല്ലെങ്കില്‍ അള്ളായോട് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി  നന്ദി പറയണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍