UPDATES

പ്രവാസം

ഖത്തര്‍ ഉപരോധം; ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കും

മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്

ഭീകരവാദത്തിനു പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തിന്റെ പുറത്ത് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ റദ്ദ് ചെയ്യുകയും കര-കടല്‍-വ്യോമാതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്ത സൗദി അറേബ്യ, ബഹറിന്‍, ഈജിപ്ത്, യുഎഇ,യമന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ശക്തരായ നാലുപേര്‍ എടുത്തിരിക്കുന്ന തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുകയെന്നു ലോകനിരീക്ഷകര്‍ പറയുന്നു. മിഡില്‍ ഈസ്റ്റിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പുറത്തേക്ക് ഖത്തറും അതിനെതിരേ വന്നിരിക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും തമ്മിലുള്ള പോര് ബാധിക്കപ്പെട്ടും.

ഗള്‍ഫ് രാജ്യങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എങ്ങനെ ബാധിക്കുമെന്നതാണ് മറ്റൊരു വിഷയം. മലയാളികളടക്കം ലക്ഷകണക്കിന് ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്. അതുകൂടാതെ ന്യൂഡല്‍ഹിയും ഖത്തറും തമ്മില്‍ വാണിജ്യവ്യാപാരബന്ധങ്ങളും ശക്തമാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധി ഇന്ത്യ ജാഗ്രതയോടെയാണു വീക്ഷിക്കുന്നത്.

ഖത്തറുമായുള്ള വ്യോമാഗതാഗതബന്ധം സൗദിയും കൂട്ടറും അവസാനിപ്പിച്ചതു മറ്റുപലരെയും ബുദ്ധിമുട്ടിലാക്കുമെങ്കിലും ഇന്ത്യക്ക് ഇക്കാര്യത്തില്‍ വലിയ ആശങ്ക വേണ്ട. പേര്‍ഷ്യന്‍ ഗള്‍ഫ് റൂട്ടിലൂടെയുള്ള ഇന്ത്യ-ഖത്തര്‍ വ്യോമസഞ്ചാരത്തിനു പുതിയ പ്രതിസന്ധി അത്രകണ്ട് തടസം ഉണ്ടാക്കില്ല. സൗദിക്കും കൂട്ടര്‍ക്കും പേര്‍ഷ്യന്‍ ഗള്‍ഫ് റൂട്ടില്‍ വലിയ സ്വാധീനമില്ലെന്നതും ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാല്‍ ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇ, സൗദി, ബഹറിന്‍ എന്നിവിടങ്ങളിലേക്കു പോകാന്‍ ബുദ്ധിമുട്ടാകും. ഈ രാജ്യങ്ങളെല്ലാം തന്നെ ദോഹയുമായുള്ള ബന്ധം റദ്ദ് ചെയ്തിരിക്കുകയാണ്. മലയാളികളടക്കം ലക്ഷകണക്കിന് പേര്‍ ഖത്തറില്‍ താമസിക്കുകയും വ്യാപരം നടത്തുകയും ചെയ്യുന്നുണ്ടെന്നതിനാല്‍ ഈ പ്രതിസന്ധി വളരെ വലിയ ബുദ്ധിമുട്ടുകള്‍ തന്നെ ഉണ്ടാക്കും. പ്രത്യേകിച്ച് കയറ്റുമതി വ്യാപാരികള്‍ക്ക്. ഇവര്‍ക്ക് മറ്റു മാര്‍ഗങ്ങളില്‍ നിന്നുവേണം സൗദിയടക്കമുള്ള രാജ്യങ്ങളിലുള്ള വ്യാപരബന്ധം നിലനിര്‍ത്താന്‍.

ഇന്ത്യക്കും ഖത്തറിനും ഇടയില്‍ ശക്തമായ വ്യാപാര-വാണിജ്യബന്ധം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ കയറ്റുമതി വ്യാപാരികള്‍ ദോഹയില്‍ നിന്നും ശതകോടികളുടെ വ്യാപരമാണ് നടത്തുന്നത്. 2014-15 കാലത്ത് മൊത്തം 1.05 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപരമാണ് ഇന്ത്യക്കാര്‍ നടത്തിയത്. അങ്ങോട്ടുമിങ്ങോട്ടുമുള്ള കണക്ക് 15.67 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്.

ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ 2014 ല്‍ നേടിയ റോഡ് പ്രൊജക്ടില്‍ നിന്നും സ്വന്തമാക്കിയത് 2.1 ബില്യണ്‍ ഖത്തറി റിയാല്‍ ആയിരുന്നു. ദോഹ മെട്രോ പ്രൊജക്ടിന്റെ ഡിസൈനും കണ്‍സ്ട്രക്ഷനും ചെയ്യാന്‍ ഖത്തര്‍ റയില്‍വേ കോര്‍പ്പേറഷന്‍ ഇവര്‍ക്ക് തന്നെ 740 മില്യണ്‍ ഡോളറിന്റെ കരാര്‍ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഈ വ്യാപരബന്ധത്തില്‍ വിള്ളല്‍ വീഴാതെ നോക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.

മേഖലയുടെ നേതൃത്വം വഹിക്കുന്ന സൗദിയോട് അടക്കം മറ്റു രാജ്യങ്ങളോടും ബന്ധം തുടര്‍ന്നുപോകാന്‍ തന്നെയാണു ന്യൂഡല്‍ഹി ആഗ്രഹിക്കുന്നതെങ്കിലും ഇപ്പോഴത്തെ പ്രശനത്തില്‍ ഒരു പക്ഷം പിടിക്കാന്‍ തയ്യാറാകില്ല. ദോഹ മുസ്ലിംബ്രദര്‍ഹുഡിനും ഐഎസിനും അല്‍ഖ്വയ്ദയ്ക്കും അടക്കം പിന്തുണ കൊടുക്കുന്നു എന്ന ആരോപണമാണ് സൗദിയും കൂട്ടരും ഉയര്‍ത്തുന്നതെങ്കിലും ഈ ജിയോപൊളിറ്റിക്‌സില്‍ ഒരു പക്ഷം പിടിക്കാതെ, സൂക്ഷമായ നിരീക്ഷണത്തോടെ മാറിനില്‍ക്കാനായിരിക്കും ഇന്ത്യ തയ്യാറാവുക.

മറ്റൊരു പ്രധാന ആശങ്ക ഖത്തര്‍ നിന്നുള്ള വാതക വിതരണത്തിന്റെ കാര്യത്തിലാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വാതക ശേഖരമുള്ള രാജ്യമാണ് ഖത്തര്‍. എന്നാല്‍ ഈ കാര്യത്തില്‍ പേടിക്കേണ്ടതായി യാതൊന്നും പുതിയ സാഹചര്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. ഖത്തറില്‍ നിന്നുള്ള വാതക വിതരണത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി കാര്യമായൊരു ആഘാതം ഉണ്ടാക്കില്ലെന്നാണ് പെട്രോനെറ്റ് എല്‍എന്‍ജി പറയുന്നത്. കടലില്‍ നിന്നും ഖത്തര്‍ നേരിട്ട് നമുക്ക് വിതരണം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഈ കാര്യത്തില്‍ ഇന്ത്യയെ ബാധിക്കില്ല; പെട്രോനെറ്റ് ഫിനാന്‍സ് ഹെഡ് ആര്‍ കെ ഗാര്‍ഗ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒരുവര്‍ഷം ഖത്തറില്‍ നിന്നും പെട്രോനെറ്റ് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജി 8.5 മില്യണ്‍ ടണ്ണാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍