UPDATES

വിദേശം

വംശഹത്യക്ക് ഇസ്രയേലിന് കൂട്ടുകിട്ടുമ്പോള്‍

Avatar

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെയും അതിനോട് ആഗോള സമൂഹം കൈക്കൊള്ളുന്ന നിലപാടുകളെയും കുറിച്ച് വിലയിരുത്തുകയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റെര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിന് കീഴിലുള്ള പശ്ചിമേഷ്യന്‍ പഠന വിഭാഗം ചെയര്‍ പേഴ്സണ്‍ ബിജുലാല്‍ എം വി.

പലസ്തീനിയന്‍ ജനത നേരിടുന്ന ഏകപക്ഷീയമായ അക്രമത്തെച്ചൊല്ലിയുള്ള പരസ്പര വിരുദ്ധങ്ങളായ കാഴ്ചപ്പാടുകളാണ് കഴിഞ്ഞ ഒരു മാസമായി അന്താരാഷ്ട്ര മാധ്യമ, നയതന്ത്ര, വൈജ്ഞാനിക മേഖലകളില്‍ സജീവമായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടാം തീയതി നടന്ന മൂന്ന് ഇസ്രയേലി കുടിയേറ്റ പൗരന്മാരുടെ തിരോധാനവും മരണവുമായി ബന്ധപ്പെടുത്തി മാത്രമാണ്, പലസ്തീന്‍ ജനതയുടെ നേര്‍ക്കുള്ള ഇപ്പോഴത്തെ അനിയന്ത്രിതവും അസ:ന്തുലിതവുമായ സായുധ അക്രമത്തിനെമിക്കവരും നോക്കിക്കാണുന്നത്. 

പലസ്തീനിയന്‍ പ്രദേശങ്ങളില്‍, വിശേഷിച്ചും ഗാസയില്‍ നാളിതുവരെ നൂറില്‍പരം ആളുകള്‍ മരിച്ചതായാണ് മാധ്യമങ്ങളിലെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. പലസ്തീന്‍ ജനതയുടെ ഭീതിജനകമായ നിലനില്‍പ്പും, പിഞ്ചുകുഞ്ഞുങ്ങളും അംഗഭംഗം സംഭവിച്ച ആളുകളും ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ സൂക്ഷ്മ ആക്രമണങ്ങളും, പലസ്തീന്‍- ഇസ്രയേലി സായുധ സംഘര്‍ഷ ശ്രേണിയിലെ ഏറ്റവും പുതിയ കണ്ണിയായി കാണുവാനാണ് ആഗോളതലത്തിലെ നയതന്ത്ര, മാധ്യമ വൃത്തങ്ങള്‍ താത്പര്യപ്പെടുന്നത്. നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അധികാരത്തില്‍ എത്തുകയും രാഷ്ട്രീയപ്രാധാന്യത്തില്‍ യാസിര്‍ അറാഫത്തിന്റെ ‘ഫത്ത’യോടൊപ്പം  നില്‍ക്കുകയും ചെയ്യുന്ന ഹമാസിന്റെ ഇസ്രയേല്‍ വിരുദ്ധ സായുധ രാഷ്ട്രീയ രീതിയാണ് പലസ്തീന്‍ പ്രദേശത്തെ ജനങ്ങളുടെ  വലിയ തോതിലുള്ള ജീവനാശത്തിനും ജീവിതസാഹചര്യത്തിന്റെ തകര്‍ച്ചയ്ക്കും കാരണമായതെന്നാണ് അന്താരാഷ്ട്രരംഗത്ത് മുഴങ്ങിക്കേള്‍ക്കുന്ന പ്രധാന വിശദീകരണം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയിലെ പലസ്തീനിയന്‍ പ്രതിനിധി മുതല്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവുവരെ നേരിയ സ്വരഭേദത്തോടുകൂടി ആവര്‍ത്തിക്കുന്ന ഓരോ വിശദീകരണവും, ഒരു ജനതയുടെ ദുരന്തത്തിന് ഇടയാക്കിയ ചരിത്രത്തേയും വര്‍ത്തമാനത്തേയും സംബന്ധിച്ച വികലമായ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാനുള്ള വിശകലന അടവുകള്‍  മാത്രമാണെന്ന് ഈ മേഖലയുടെ ചരിത്രം അല്‍പ്പമെങ്കിലും ഗൗരവത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് മനസിലാവും. പലസ്തീന്റെ സമീപരാജ്യങ്ങളായ ജോര്‍ദ്ദാനും സിറിയയും ഈജിപ്തുമൊഴികെ പലസ്തീനിയന്‍ രാജ്യസ്ഥാപനത്തിന് രാഷ്ട്രീയവും സാമ്പത്തികവും ധാര്‍മ്മികവുമായ പിന്തുണ നല്‍കിവന്ന ഭൂരിപക്ഷം അറബ് രാജ്യങ്ങളും ഈ നരഹത്യയുടെ കാരണം, യുദ്ധം നിതാന്തമായ രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയ തീവ്രദേശീയ വലതുപക്ഷ ഇസ്രയേലിന്റെ നടപടിയായി വിലയിരുത്താത്തത് ഏറെ ശ്രദ്ധേയമാണ്.    

പലസ്തീന്‍ പ്രശ്നം ലോക മന:സാക്ഷിക്കുമുന്നില്‍ നീറിപ്പുകയാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. കൊളോണിയല്‍ ഗൂഢാലോചനയും സയണിസ്റ്റ് തീവ്രവാദവും ഐക്യരാഷ്ട്ര സംഘടനയടക്കമുള്ള സംഘടനകളുടെ നിഷ്‌ക്രിയത്വവും നിമിത്തം പലസ്തീന്‍ ജനത ഇന്ന് രാജ്യമില്ലാത്ത ജനവിഭാഗമാണ്. അല്ലെങ്കില്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാണ്. ഇതുവരെ ഉണ്ടായിട്ടുള്ള പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഓരോ അദ്ധ്യായവും പലസ്തീന്‍കാരെ കൂടുതല്‍ ഭൂമി നഷ്ടത്തിലേക്കും കൂടുതല്‍ അനാഥത്വത്തിലേക്കും കൂടുതല്‍ കൂടുതല്‍ ദുരിതങ്ങളിലേക്കും മാത്രമേ നയിച്ചിട്ടുള്ളൂ. ആദ്യഘട്ടങ്ങളില്‍ കൂടെയുണ്ടായിരുന്ന സഹോദര അറബ് രാജ്യങ്ങള്‍ പല കാരണങ്ങളെ മുന്‍നിര്‍ത്തി – പലപ്പോഴും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ – പിന്‍വാങ്ങിയപ്പോഴും യാസര്‍ അറാഫത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ വിമോചന സംഘടന (പി എല്‍ ഒ) രൂപീകരിച്ച് ശക്തമായ ചെറുത്തുനില്‍പ്പുമായി മുന്നോട്ടുപോയ പലസ്തീന്‍ ജനത കഴിഞ്ഞ കുറേ കാലങ്ങളായി അങ്ങേയറ്റം ദുര്‍ബലരാണ്. ഒരു താരതമ്യം പോലുമില്ലാത്തവണ്ണം.  

പീഢിതന്റെ നിലവിളികള്‍ അമര്‍ത്തുകയും പീഢകന്റെ നുണ പ്രചരണം ആസൂത്രിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് ഗാസ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നു നാം കാണുന്നത്. ഗാസ ബീച്ചില്‍ ഇസ്രയേല്‍ സേന നാല് കുട്ടികളെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയായ ഐമന്‍ മൊഹല്‍ദിന്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ ഗാസയില്‍നിന്ന് പുറത്താക്കി. എന്‍.ബി.സി. നടത്തിയ നീക്കം ഈ സന്ദര്‍ഭത്തിലാണ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നത്. ഇതുവരെ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന വസ്തുത മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ നിരായുധരും നിസ്സഹായരുമായ ആളുകളെ കൊല ചെയ്ത് ഭീതി സൃഷ്ടിക്കുന്ന യുദ്ധ കുറ്റവാളിയാണ് ഇസ്രയേല്‍ എന്ന വാദം അംഗീകരിക്കേണ്ടതായി വരും.  പാശ്ചാത്യ മാദ്ധ്യമ, സിനിമ, അക്കാദമിക് ലോകത്തെ പലസ്തീന്‍ വിരുദ്ധത വളരെ വ്യക്തമായിരിക്കത്തന്നെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ ഇപ്പോഴത്തെ ആസൂത്രിത വംശഹത്യ സ്വഭാവമുള്ള അക്രമണത്തെ ഇസ്രയേലിന്റെ തിരിച്ചടിക്കാനുള്ള അവകാശത്തിന്റെ പ്രതിഫലനമായി വിലയിരുത്തുന്നത്. പരമ്പരാഗതമായി പലസ്തീനൊപ്പം നിന്ന രാജ്യങ്ങളില്‍ ചിലതെങ്കിലും മുന്‍പ് സൂചിപ്പിച്ചതുപോലെ ഹമാസിന്റെ ഉത്തരവാദിത്തം അക്രമണത്തിന് കാരണമായെന്ന നിലപാട് പ്രത്യക്ഷമായോ അല്ലാതെയോ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കായി സംഘടിക്കപ്പെട്ട തെരുവു പ്രതിരോധങ്ങള്‍ പോലീസ് അടിച്ചമര്‍ത്തിയതും ശ്രദ്ധേയമാണ്.

ഇസ്രയേലിന്റെയും ഈജിപ്റ്റിന്റെയും സംയുക്ത താത്പര്യം വഴി വീണ്ടുമൊരിക്കല്‍ക്കൂടി ഗാസ ലോകത്തുനിന്ന് ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്നത് ശ്രദ്ധേയമാണ്. ആശയപരവും അല്ലാതെയുമുള്ള വൈരം മറന്ന് സംയുക്ത ഭരണത്തിലേക്ക് പോകാന്‍ തീരുമാനിച്ച ഫത്തേയും ഹമാസും, രാഷ്ട്രീയപരമായി പാലസ്തീന് താത്ക്കാലികമെങ്കിലും മേല്‍ക്കൈ നല്‍കുന്ന സമയമാണ് അക്രമണം നടക്കുന്നതെന്നത് തികച്ചും യാദൃച്ഛികമെന്ന് കരുതാനാവില്ല.

ഒറ്റ നോട്ടത്തില്‍ തന്നെ ഗൗരവമായ പൊരുത്തക്കേടുകള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട് ഇസ്രയേലിന്‍റെ വാദങ്ങളില്‍. കൊല്ലപ്പെട്ട ഇസ്രയേലി യുവാക്കളുടെ  മാതാപിതാക്കള്‍ തന്നെ ഈ സംഭവം കൈകാര്യം ചെയ്ത ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സിയുടെ രീതികളില്‍ സംശയം രേഖപ്പെടുത്തുകയുണ്ടായി. യുവാക്കള്‍ മരിച്ച വിവരം ബോധപൂര്‍വ്വം മറച്ചു വയ്ക്കുകയും, ആ സമയമത്രയും പലസ്തീന്‍ വിരുദ്ധ ദേശീയവികാരം ഉണ്ടാക്കാനായി ഉപയോഗിക്കുകയുമായിരുന്നു എന്നത് സുവ്യക്തമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

അറാഫത്തിനെ കൊന്നതാര്?
പ്രശ്നം ജൂത രാഷ്ട്രത്തെ അംഗീകരിക്കാത്തതെന്ന് നെതന്യാഹൂ – അഭിമുഖം
സൌദി-അമേരിക്കന്‍ ബന്ധം തകര്‍ച്ചയിലേക്കോ?
ഇറാനെതിരെ സദ്ദാമിന്റെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അമേരിക്ക – റിപ്പോര്‍ട്ട്
ഗാസയില്‍ നിന്നൊരു അറബ് ‘സ്റ്റാര്‍ സിംഗര്‍’

താരതമ്യേന അശക്തവും സഹ്യകക്ഷി ബലമില്ലാത്തതുമായ പലസ്തീനിയന്‍ പ്രദേശങ്ങളെ സൈനിക നിയന്ത്രണത്തിലാക്കി, 1967മുതല്‍1990-കള്‍ വരെയുള്ള അധിനിവേശ സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ഇസ്രയേലിന്റെ നീക്കം. പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ശ്രമങ്ങളെ ഭീകരവാദമാക്കി കാണിക്കുന്ന പ്രാദേശിക-അന്തര്‍ദ്ദേശീയ പ്രചരണ യന്ത്രം സജീവമാക്കി, ലോകമെമ്പാടുമുള്ള വലതുപക്ഷ ഇടങ്ങള്‍ ഈ വംശഹത്യയെ ന്യായീകരിക്കുകയുമാണ്. ഭീകരവാദ-ക്രമസമാധാന പ്രശ്‌നമായി പലസ്തീന്‍ ജനതയുടെ പ്രതിരോധത്തെ ചിത്രീകരിക്കുന്നവര്‍ (വിവിധ സര്‍ക്കാരുകള്‍ മുതല്‍ പാട്ടുകാരി മഡോണ വരെ) കുടിയേറ്റ ഭീകരതയെ നയമായി നടപ്പിലാക്കുന്ന ഇസ്രയേലിന് രാഷ്ട്രീയവും, ‘സാംസ്‌കാരികവുമായ’ പിന്തുണയാണ് നല്കുന്നത്. ബദല്‍ മാദ്ധ്യമങ്ങളില്‍ സജീവമായ യുദ്ധക്കുറ്റങ്ങളുടെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിരീക്ഷണങ്ങള്‍ ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു കാര്യങ്ങളാണ് ഇവിടെ ഉയര്‍ന്നു വരുന്നത്. (1) ആക്രമണത്തിന്റെ ഉദ്ദേശ്യം സുവ്യക്തമായി അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാമോ (2) ഉപയോഗിക്കുന്ന അക്രമണ രീതികളും സാമഗ്രികളും പ്രശ്‌നത്തിന്റെ ഗൗരവത്തിന് അനിവാര്യമാണോ?

ഈ രണ്ടു കാര്യത്തിലും സ്വതന്ത്രചിന്ത കൈക്കൊള്ളുന്നവര്‍ക്ക് വ്യക്തമാകുന്നത് അക്രമണം നടത്തിയെടുക്കാനുള്ള ഇസ്രയേലിന്റെ  തിടുക്കവും, അതിനോടു ചേര്‍ന്നു ഔദ്യോഗിക അന്താരാഷ്ട്ര ഘടകങ്ങളുടെ മൗനാനുവാദവുമാണ്. അതല്ലെങ്കില്‍, പലസ്തീനെ അക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ തടയാന്‍ അമേരിക്കയ്ക്ക് പോലും ആവില്ല എന്ന യാഥാര്‍ത്ഥ്യമാണ്. ആണവശേഷിയുള്ള ഈ പ്രാദേശിക ശക്തി, ദുര്‍ബലരും ഏറിയ പങ്കും സമാധാനപരമായി പ്രതിഷേധിക്കുന്നവരുമായ പലസ്തീനികളെ അക്രമിക്കുന്നതു വഴി എന്താണ് ഉദ്ദേശിക്കുന്നത്. പരമ്പരാഗത അറബ് വൈരികള്‍ തളരുകയും അറബ് ഐക്യപ്രതിരോധം അസ്തമിക്കുകയും ചെയ്ത വേളയില്‍ മേഖലയിലെ ശക്തമായ വലതുപക്ഷ സ്വാധീനം വിശദീകരിക്കുമ്പോളാണ് ഈ സംശയങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍