UPDATES

വീഡിയോ

പലസ്തീന്‍കാരെ ഇസ്രയേലി സൈന്യം പിന്നില്‍ നിന്ന് വെടിവച്ചുകൊല്ലുന്നു (വീഡിയോ)

നിരായുധരായ പലസ്തീന്‍കാരെ ഇത്തരത്തില്‍ വെടിവച്ച് കൊല്ലുന്നത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് ഇസ്രയേലിലെ പലസ്തീന്‍ ലീഗല്‍ റൈറ്റ്‌സ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു.

പലസ്തീന്‍യുവാക്കളെ ഇസ്രയേലി സൈന്യം പിന്നില്‍ നിന്ന് വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ ആണ് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ കാണുന്നത്. പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും സ്‌നിപ്പേഴ്‌സ് എന്നറിയപ്പെടുന്ന ഇസ്രയേല്‍ ആര്‍മിയുടെ ഒളിപ്പോര്‍ വിഭാഗം വെടിവച്ച് വീഴ്ത്തുന്നുണ്ട്. ഗാസ മുനമ്പില്‍ നിന്നുള്ള വീഡിയോകളാണിവ.

ഒരു വീഡിയോയില്‍ 19കാരനായ അബ്ദേല്‍ ഫത്തേ അബ്ദേല്‍നബിയെ അതിര്‍ത്തിയില്‍ നിന്ന് പിന്തിരിഞ്ഞോടുമ്പോള്‍ ഇസ്രയേലി സ്‌നിപ്പര്‍മാര്‍ വെടിവച്ച് വീഴ്ത്തുന്നത് കാണാം. അബ്ദേല്‍ നബി പിന്നീട് മരിച്ചതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലസ്തീന്‍കാരുടെ പ്രതിഷേധത്തെ നേരിടുന്നതിനായി നൂറിലധികം സ്‌നിപ്പര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റൊരു വീഡിയോയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നയാള്‍ കാലിന് വെടിയേല്‍ക്കുന്നത് കാണാം. മൂന്നാമത്തെ വീഡിയോയില്‍ അതിര്‍ത്തിയില്‍ പലസ്തീന്‍ പതാക വീശി നില്‍ക്കുന്ന പെണ്‍കുട്ടിയ്ക്ക് വെടിയേല്‍ക്കുന്നതായി കാണാം. പെണ്‍കുട്ടി കൊല്ലപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.

വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ വെടിവയ്പില്‍ 17 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരായുധരായ പലസ്തീന്‍കാരെ ഇത്തരത്തില്‍ വെടിവച്ച് കൊല്ലുന്നത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് ഇസ്രയേലിലെ പലസ്തീന്‍ ലീഗല്‍ റൈറ്റ്‌സ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു. പലസ്തീന്‍കാര്‍ ലാന്‍ഡ് ഡേ ആയി കാണുന്ന മാര്‍ച്ച് 30 മുതല്‍ മേയ് 15ലെ നക്ബ ഡേ വരെയാണ് പ്രതിഷേധ പരിപാടികള്‍. 1976 മാര്‍ച്ച് 30ന് പലസ്തീന്‍ ഭൂമി ഇസ്രയേല്‍ കയ്യേറുന്നതിനെതിരെ പ്രതിഷേധിച്ച ഏഴ് നിരായുധരായ പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം വെടി വച്ച് കൊന്നിരുന്നു. 1948 മേയ് 14നാണ് ഐക്യ പലസ്തീനെ വിഭജിച്ച് ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍