UPDATES

ഇന്ത്യ

ഇന്ത്യന്‍ വംശജരായ ഇസ്രയേലി പൗരന്മാര്‍ക്ക് ഒസിഐ കാര്‍ഡുകള്‍

ഇസ്രായേലി സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും പൗരത്വകാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം

ഇന്ത്യന്‍ വംശജരായ ഇസ്രായേലി പൗരന്മാര്‍ക്ക് വിദേശ ഇന്ത്യന്‍ പൗരത്വ(ഒസിഐ) കാര്‍ഡുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജരായ ഇസ്രായേലി പൗരന്മാരുടെ ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇസ്രായേലി സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും പൗരത്വകാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം.

ഇസ്രായേലി പൗരന്മാര്‍ക്ക് ഒസിഐ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുള്ള പരാതി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് നാലായിരത്തോളം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. എന്നാല്‍ ബന്ധങ്ങള്‍ ഹൃദയങ്ങള്‍ തമ്മിലാവുമ്പോള്‍ രേഖകള്‍ അപ്രസക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത സൈനിക സേവനം നടത്തിയവര്‍ക്കും ഒസിഐ കാര്‍ഡുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. എന്നാല്‍ ഇന്ത്യയിലെ ചില ആഭ്യന്തര നിയമങ്ങള്‍ മൂലം വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡുകള്‍ ഒസിഐ ആക്കി മാറ്റാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം വിദേശ രാജ്യങ്ങളില്‍ സൈനിക സേവനം നടത്തിയവര്‍ക്ക് ഒസിഐ കാര്‍ഡുകള്‍ക്ക് അര്‍ഹത ലഭിക്കില്ല. എന്നാല്‍ ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളില്‍ സൈനിക സേവനം നിര്‍ബന്ധിതമാണ്. ഒസിഐ കാര്‍ഡുകള്‍ ലഭ്യമാക്കണമെന്ന് ഇസ്രായേലില്‍ ജീവിക്കുന്ന ജൂതന്മാരായ ഇന്ത്യന്‍ വംശജരുടെ ദീര്‍ഘകാല ആവശ്യമാണ്.

മോദി ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് 80,000 വരുന്ന ഇന്ത്യന്‍ വംശജരായ ജൂതന്മാര്‍ക്ക് പ്രയോജനം ചെയ്യും. ന്യൂഡല്‍ഹിയും ടെല്‍ അവീവും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മോദി വാഗ്ദാനം നല്‍കി. ജൂത സമൂഹം വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകളെ മോദി പ്രകീര്‍ത്തിച്ചു. പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ടിതമാണ് ഇന്ത്യ-ഇസ്രായേല്‍ ബന്ധമെന്നും മോദി ഓര്‍മ്മിപ്പിച്ചു.

പ്രതിരോധ മേഖലയിലുള്‍പ്പെടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വാതില്‍ തുറന്നു കൊടുത്തുകൊണ്ട് സാമ്പത്തിക മേഖലയെ പരിഷ്‌കരിക്കാന്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായി. ഇസ്രായേല്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ എത്തി അവരുടെ ഭാഗ്യം പരീക്ഷിക്കാവുന്നതാണെന്നും മോദി ചൂണ്ടിക്കാണ്ടി. നിര്‍ണായക മേഖലകളില്‍ നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാവുന്നതാണെന്നും അത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചരക്ക്, സേവന നികുതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഏകോപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി ചടങ്ങില്‍ സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍