UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാതന്ത്ര്യം എന്തെന്ന് ഞാന്‍ അറിയുന്നുണ്ട്- ഇസ്രായേലില്‍ നിന്നൊരു കുറിപ്പ്

Avatar

മിഥു ബെന്നി

ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചോ ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നങ്ങളെ കുറിച്ചോ അല്ല, മറിച്ച് ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഇസ്രായേലില്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. 

 

ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം, “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്ന് കേട്ടാണല്ലോ ഭാരത സ്ത്രീയുടെ വളര്‍ച്ച. അതിനുതകും വിധം ഒരു കുടുംബ പശ്ചാത്തലം കൂടി ഉണ്ടായാല്‍ സ്വാതന്ത്ര്യം എന്നാല്‍ ഓഗസ്റ്റ്‌ പതിനഞ്ചിന് രാജ്യം നേടിയ എന്തോ വലിയ കാര്യം എന്നതല്ലാതെ മറ്റൊന്നും ആകില്ല. 

 

എന്നാല്‍, ജോലിക്കായി ഇസ്രായേലില്‍ വന്നിറങ്ങുമ്പോള്‍ സ്ത്രീ പുരുഷ സമത്വമോ, സ്ത്രീ സ്വാതന്ത്ര്യമോ ചിന്തകളില്‍ പോലും ഇല്ലായിരുന്നു. എന്നാല്‍ ഇവിടുത്തെ സ്ത്രീകള്‍ എന്നെ അമ്പരപ്പിക്കുകയായിരുന്നു. സ്ത്രീ മേല്‍ക്കോയ്മ ഉള്ള രാജ്യത്തില്‍ അവര്‍ അഹങ്കരിക്കുകയല്ല, അഭിമാനത്തോടെ ജീവിക്കുകയാണ്. കാര്യപ്രാപ്തിയുള്ള സ്ത്രീ എന്നല്ലാതെ ആരും അവരെ തന്‍റെടി എന്നോ പുരുഷനെ അനുസരിക്കാത്തവള്‍ എന്നോ പറയാറില്ല. “നീയൊരു പെണ്ണല്ലേ, അങ്ങോട്ട്‌ മാറി നില്‍ക്കൂ” എന്ന് പറഞ്ഞ് ഒരിടത്തും അവള്‍ മാറ്റിനിര്‍ത്തപ്പെടുന്നില്ല. “വല്ലവന്റെയും വീട്ടില്‍ പോയി ജീവിക്കാന്‍ ഉള്ളതാണ് ” എന്ന് പറഞ്ഞല്ല ഇവിടെ മാതാപിതാക്കള്‍ ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്നത്. തങ്ങള്‍ക്കു ലഭിക്കുന്ന ബഹുമാനം അവര്‍ പുരുഷന് തിരികെയും കൊടുക്കുന്നു. സുബോധമുള്ള ഒരു പുരുഷനും ഇവിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല.

 

 

രാജ്യത്തിന്‍റെ നിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നത് കൊണ്ട് ഏതു പാതിരാത്രിയിലും ഭയം കൂടാതെ യാത്ര ചെയ്യാം. അറിയാതെ പോലും തന്റെ കൈ ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന് തോന്നിയാല്‍ പുരുഷന്‍ അപ്പോള്‍ തന്നെ ക്ഷമ ചോദിക്കുന്നത് കാണാം. 

 

വല്ലവന്റെ വീട്ടിലേക്കു പോകാന്‍ ഉള്ളവള്‍ ആയോ, ഒരു ഭാര്യ ആയി തീരുക എന്ന ലക്ഷ്യബോധം ഉള്ളവള്‍ ആയോ അല്ല ഇവിടെ ഓരോ പെണ്‍കുഞ്ഞും വളരുന്നത്‌. സ്വന്തം കാലില്‍ നിന്ന് ആത്മാഭിമാനത്തോടെ ജീവിക്കാനും സ്വന്തം ഇഷ്ട, അനിഷ്ടങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള അഭിമാനിയായ ഒരു സ്ത്രീയായാണ് അവള്‍ വളരുന്നത്‌.

 

ശരീരത്തെ പിന്തുടര്‍ന്ന് തുളച്ചു കയറുന്ന നോട്ടമോ അറപ്പുളവാക്കുന്ന വാക്കുകളോ കേള്‍ക്കാതെ, സ്ത്രീ ആയതില്‍ അഭിമാനത്തോടെ നടന്നു പോകാന്‍ ഒരു രാജ്യം തരുന്ന സ്വാതന്ത്ര്യം; അത് സ്ത്രീക്ക് മാത്രം മനസ്സിലാകുന്നതാണ്. അത് ഒരു സ്ത്രീക്ക് ഇസ്രായേല്‍ നല്‍കുന്നുണ്ട് എന്നാണ് എന്‍റെ അനുഭവം. 

 

(മിഥു ഇസ്രായേലില്‍ ജോലി ചെയ്യുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍