UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിബുദ്ധി കൊള്ളാം; പക്ഷേ മുഖ്യമന്ത്രീ, നിങ്ങള്‍ പറയുന്നത് കള്ളമാണ്

Avatar

കെ എ ആന്റണി

വെള്ളം തൊടാതെ ചാരായം വിഴുങ്ങുന്നവരെ കണ്ടിട്ടുണ്ട്. അവരില്‍ പലരും ഇന്നില്ല. കൂമ്പുവാടി മരിച്ചു പോയി. ചാരായം പോലെ തന്നെയാണ് കളവും. അതുവെള്ളം കൂട്ടാതെ ചവച്ചരച്ച് കഴിക്കാം എന്നാണ് പ്രമാണം. ഇത്തരക്കാര്‍ കൂമ്പുവാടി മരിച്ചതായി അറിവില്ല. അതുകൊണ്ട് തന്നെ അവരുടെ കുലം പെരുകിക്കൊണ്ടു തന്നെയിരിക്കും.

ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ നടത്തുന്ന ചെറുത്തു നില്‍പ് മനസിലാക്കാം. സരിത പറയുന്നതില്‍ സത്യമെത്രയുണ്ടെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരന്റെ രാജി വച്ചതില്‍ തനിക്ക് പങ്കില്ലെന്ന വൈകിപ്പോയ ഈ പ്രസ്താവന കേരള ജനത വെള്ളം കൂട്ടാതെ വിഴുങ്ങുമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ അത് ബുദ്ധിയല്ലെന്ന് പറയേണ്ടി വരും. അതിബുദ്ധിയും വൈകിയെത്തുന്ന പുതിയ തന്ത്രങ്ങളും ചിലപ്പോള്‍ ചക്രം ചവിട്ടുകയും വിനാശത്തിന് ഉപകരിക്കുകയും മാത്രമേ ചെയ്യുവെന്ന് ഓര്‍ത്താല്‍ നന്ന്.

അല്ലെങ്കിലും ചിലര്‍ ഇങ്ങനെയൊക്കെയാണ്. നേരം പുലരും മുമ്പ് രാത്രി പറഞ്ഞത് അത്രയും മാറ്റി പറയും. ഇതുതന്നെയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയും ചാരക്കേസുമായി ബന്ധപ്പെട്ട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അക്കാലത്ത് അദ്ദേഹം പറഞ്ഞതത്രയും കേട്ടവര്‍ക്ക് നന്നായി അറിയാം. ചാരക്കേസ് ഏറ്റുപിടിച്ച് വമ്പിച്ച പ്രക്ഷോഭവുമായി കേരള പര്യടനം നടത്തിയ ഉമ്മന്‍ചാണ്ടിയുടെ അന്നത്തെ വാക്കുകള്‍ ജനങ്ങളും പത്രക്കാരും മറക്കാനിടയില്ല. ഇനി ആരൊക്കെ മറന്നാലും അതു കേട്ടവരുടെ കൂട്ടത്തില്‍ പലരും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. പഴയ പത്രത്താളുകളും ഏഷ്യാനെറ്റിന്റെ ശേഖരവും പരിശോധിച്ചാല്‍ ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാകും. കണ്ണാടി കാണ്‍മോളവും എന്ന് പറഞ്ഞ അവസ്ഥയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറാകണം എന്നില്ല. കാരണം അടുത്ത കാലത്ത് അദ്ദേഹം പറഞ്ഞത് ഞാന്‍ പത്രം വായിക്കാറില്ല, ടിവി കാണാറില്ല എന്നാണ്. ഇനിയിപ്പോള്‍ കരുണാകരന്റെ നേര്‍പുത്രന്‍ കെ മുരളീധരന് വേണമെങ്കില്‍ പറയാം ഈ നേതാവ് അന്ന് എന്തൊക്കെയാണ് വിളിച്ചു പറഞ്ഞതെന്ന്. പക്ഷേ അതിലെ സാധ്യതകള്‍ മങ്ങിത്തുടങ്ങിയെന്നു വേണം പറയാന്‍. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് താഴേക്ക് ഇറങ്ങി വന്ന് ഡി ഐ സി (കെ) എന്ന പേരില്‍ അച്ഛന്റെ പേരില്‍ പാര്‍ട്ടി ഉണ്ടാക്കിയ മുരളിക്ക് അറിയാം പിന്നീട് തറവാട്ടിലേക്ക് തിരിച്ചെത്താന്‍ പെടേണ്ടി വന്ന പെടാപ്പാട്. അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വിളിച്ചതിന്റെ പ്രത്യാഘാതം മുരളിയുടെ ഞരമ്പുകളില്‍ ഇപ്പോഴും ഒരു നടുക്കമുളവാക്കി നിലനില്‍ക്കുന്നുണ്ടാകണം. അതുകൊണ്ട് തന്നെയാകണം പഴയ ചാരക്കേസില്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തന്നെ ബലിയാടാക്കിയ പൊലീസുകാര്‍ക്ക് എതിരെ കേസുമായി പോയപ്പോള്‍ ചെറുതായും അനുകൂലമായും ഒന്ന് ചിലമ്പുക മാത്രം ചെയ്തത്. എന്നിട്ടും നമ്പി നാരായണനെ തുടര്‍ന്ന് അങ്ങോട്ട് പിന്തുണയ്ക്കാന്‍ മുരളി തയ്യാറായില്ല.

ഇനിയിപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി മുരളിയോടൊന്ന് സംശയ നിവര്‍ത്തി വരുത്താന്‍ പോകേണ്ടതില്ല. സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളേയുള്ളൂ. അന്തരിച്ച ശ്രീമാന്‍ എ സി ജോസ് ഒരു പക്ഷേ പേരു വച്ച് എഴുതിയ വീക്ഷണം എഡിറ്റോറിയല്‍ ഒരിക്കല്‍ കൂടെ വായിക്കണം. എന്നിട്ടു പറയണം ലീഡറെ പിന്നില്‍ നിന്നും കുത്തിയവര്‍ ആരൊക്കെ ആയിരുന്നുവെന്ന്.

കളവു പറയല്‍ ശീലമാക്കുന്നത് ഒരു കോണ്‍ഗ്രസ് ശീലമാണെന്ന് പറയാതിരിക്കാന്‍ ആകില്ല. കോണ്‍ഗ്രസുകാരെ അടുത്ത് അറിയുന്ന ആരും സമ്മതിക്കുന്ന കാര്യമാണിത്. ഗാന്ധിജിയെ കോണ്‍ഗ്രസുകാര്‍ നോട്ടിന്റേയും നോട്ടുമാലയുടേയും രൂപത്തിലേ ഇപ്പഴും കാണുന്നുള്ളൂ എന്നത് തന്നെയാണ് പ്രശ്‌നം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളും നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടത്തലും ഒക്കെ ഓസില്‍ കിട്ടിയാല്‍ ആദ്യം അട്ടത്തും പിന്നീട് ആക്രിക്കടയിലുമാക്കുന്ന ആ ഏര്‍പ്പാട് ഇന്നും തലമുറ തലമുറ കൈമാറി തുടരുന്നു. ആ ദീപശിഖ ജ്വലിപ്പിച്ചു പിടിക്കാന്‍ പുറത്തു ഖദറും അകത്തും ആര്‍ത്തിയുമായി എത്തുന്ന നീലരക്തജീവികളെ കുറിച്ച് പണ്ട് കുഞ്ഞപ്പ പട്ടാനൂര്‍ എഴുതിയ കവിത വെറുതെ ആകുന്നില്ല.

എന്തൊക്കെ പറഞ്ഞാലും മനസ്സിലും പ്രവര്‍ത്തിയിലും അല്‍പം ശുദ്ധിയും വെടിപ്പുമുള്ള ഒരാളായാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ജനം ഇതുവരെ കണ്ടിരുന്നത്. സരിത എന്തൊക്കെയോ മാജിക്കുകള്‍ കാണിക്കുന്നത് കണ്ട് അങ്ങനെ ഒരു ഗാന്ധിയന്‍ വിരണ്ടു പോകേണ്ടതുണ്ടോ എന്ന സംശയം അടുത്ത കാലത്തായി കേരള ജനതയെ വല്ലാതെ പിടികൂടിയിട്ടുണ്ട്. നിലനില്‍പ്പിന്റെ രാഷ്ട്രീയം എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് നേരില്‍ കാണുന്നത് പോലെയാണ് നമ്മുടെ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്നവരുടേയും വാക്കും പ്രവര്‍ത്തിയും. ഇക്കൂട്ടത്തില്‍പ്പെട്ട ഒന്നായി തന്നെയവേണം ഉമ്മന്‍ചാണ്ടി ഇന്നിപ്പോള്‍ നടത്തിയ ചാരക്കേസുമായി ബന്ധപ്പെട്ട തുറന്നു പറച്ചിലിനെ കാണാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍