UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സത്യം മറച്ചുവച്ച് ചാരക്കേസ് സിബി മാത്യൂസ് അട്ടിമറിച്ചു; നമ്പി നാരായണന്‍

സിബി മാത്യൂസ് അറിഞ്ഞ സത്യം പുറത്തുവിടണം

നിര്‍ണായക വിവരങ്ങള്‍ രഹസ്യമാക്കിവച്ച് ചാരക്കേസ് അട്ടിമറിച്ച സിബി മാത്യൂസിനെതിരേ നടപടിയെടുക്കണമെന്ന് നമ്പി നാരായണന്‍. കേസിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറച്ചുവച്ചത് കേസ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നായിരുന്നു മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും കേസില്‍ കുറ്റാരോപിതനുമായ നമ്പി നാരായണന്‍ പ്രതികരിച്ചത്. സിബി മാത്യൂസ് എഴുതിയ നിര്‍ഭയ എന്ന പുസ്തകത്തില്‍ അദ്ദേഹം ചാരക്കേസുമായി ബന്ധപ്പെട്ടു നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നമ്പി നാരായണന്റെ പ്രതികരണം.

ചാരക്കേസ് അന്വേഷണകാലത്ത് വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇവിഎസ് നമ്പൂതിരി നടത്തിയ വെളിപ്പെടുത്തലുകള്‍ രഹസ്യമാക്കിവച്ചുവെന്നും ആ വിവരങ്ങള്‍ കേസ് ഡയറയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കേസ് സുപ്രിം കോടതി എഴുതി തള്ളില്ലായിരുന്നുവെന്നുമാണ് പുസ്തകത്തില്‍ സിബി മാത്യൂസ് പറയുന്നത്. ഈ പരാമര്‍ശത്തിലാണ് നമ്പി നാരായണന്റെ പ്രതികരണം. ഇവിഎസ് നനമ്പൂതിരി വെളിപ്പെടുത്തിയ സത്യം സിബി മാത്യൂസ് പുറത്തുവിടണം. ആ സത്യം ലോകം തിരിച്ചറിയണം. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച കേസ് അട്ടിമറിച്ചതിന് സിബി മാത്യൂസിനെതിരേ നടപടിയെടുക്കണമെന്നും നമ്പി നാരായണന്‍ പറയുന്നതായി മാതൃഭൂമിയിലെ വാര്‍ത്തയില്‍ പറയുന്നു.

ഇവിഎസ് നമ്പൂതിരിയുടെ ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണു സിബി മാത്യൂസ് പറയുന്നത്. ജീവനുഭീഷണിയുണ്ടായിരുന്നെങ്കില്‍ ഇവിഎസ് നമ്പൂതിരിക്ക് സംരക്ഷണം നല്‍കണമായിരുന്നു. പകരം അദ്ദേഹത്തെ രക്ഷിക്കാനായി ഒരു വലിയ കേസ് അട്ടിമറിച്ചതിന് സിബി മാത്യൂസ് മാപ്പു പറയണം. കേസ് ഡയറിയില്‍ ഉള്‍പ്പെടുത്താത്ത വിവരം എത്ര മാരകമാണെങ്കിലും വെളിപ്പെടുത്തണം. തനിക്കെതിരേയുള്ള പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് തക്ക സമയത്ത് മറുപടി നല്‍കും; നമ്പി നാരായണന്‍ പറയുന്നു. എന്നാല്‍ കേസ് അന്വേഷണത്തിനിടയില്‍ ഒരു ശാസ്ത്രജ്ഞനോടും വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നില്ലെന്നാണ് സിബി മാത്യൂസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍