UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശീയ ജിപിഎസിനോട് ഇന്ത്യ ഒരു ചുവടു കൂടി അടുത്തു

അഴിമുഖം പ്രതിനിധി

ഐ എസ് ആര്‍ ഒയുടെ ആറാമത് ഗതിനിര്‍ണയ ഉപഗ്രഹമായ ഐ ആര്‍ എന്‍ എസ് എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന് സമാനമായി ഇന്ത്യ വികസിപ്പിക്കുന്ന ഗതിനിര്‍ണയ സംവിധാനത്തിന്റെ ഭാഗമാണ് ഇന്ന് വിക്ഷേപിച്ച ഐ ആര്‍ എന്‍ എസ് എസ് 1 എഫ്. പി എസ് എല്‍ വി സി32 ആണ് ഐ ആര്‍ എന്‍ എസ് എസ് 1 എഫിനെ ബഹിരാകാശത്ത് എത്തിച്ചത്.

നാവിഗേഷന്‍ സംവിധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യ വിക്ഷേപിച്ച ആറാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളാണ് ഈ ശ്രേണിയിലുള്ളത്. ഏഴാമത്തെ ഉപഗ്രഹം അടുത്ത മാസം വിക്ഷേപിക്കും.

നാല് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ തന്നെ ഇന്ത്യ ഈ രംഗത്ത് നിര്‍ണായകമായ കുതിച്ചു ചാട്ടം നടത്തിയിരുന്നു. 18 മണിക്കൂര്‍ നാവിഗേഷന്‍ വിവരങ്ങള്‍ നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ ആറാമത്തെ ഉപഗ്ര വിക്ഷേപണത്തിലൂടെ 24 മണിക്കൂറായി ശേഷി വര്‍ദ്ധിപ്പിക്കുകയം കൃത്യത 20 മീറ്ററായി മെച്ചപ്പെടുത്തുകയും ചെയ്തു. 44.4 മീറ്റര്‍ ഉയരമുള്ള ഐ ആര്‍ എന്‍ എസ് എസ് 1 എഫിന് 1,425 കിലോഗ്രാം ഭാരവും 12 വര്‍ഷത്തെ ആയുസ്സുമുണ്ട്.

അമ്പത്തിനാലര മണിക്കൂര്‍ നേരത്തെ കൗണ്ട് ഡൗണ്‍ പ്രവര്‍ത്തനത്തിനുശേഷമാണ് പി എസ് എല്‍ വി സി32 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. വിക്ഷേപണ പാതയില്‍ വരുന്ന ബഹിരാകാശ മാലിന്യങ്ങളെ ഒഴിവാക്കാന്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും ഏതാനും മിനുട്ടുകള്‍ വൈകിയാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് വൈകുന്നേരം നാലുമണിക്കാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

1400 കോടി രൂപയാണ് പദ്ധതി ചെലവ്. പി എസ് എല്‍ വിയുടെ 34-ാമത്തെ ദൗത്യമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍