UPDATES

സയന്‍സ്/ടെക്നോളജി

പിഎസ്എല്‍വി നമ്മള്‍ തെളിയിച്ചു; പക്ഷേ ക്രയോജനിക്സില്‍ 15 വര്‍ഷം പിന്നിലാണ്- നമ്പി നാരായണന്‍/അഭിമുഖം

Avatar

ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി വിക്ഷേപണം വിജയകരമായതോടെ ഐ എസ് ആര്‍ ഒ ചരിത്ര നേട്ടത്തിനുടമയായിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടേതുള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി-34 ബഹിരാകാശത്തെത്തിച്ചത്. യുഎസ്, കാനഡ, ജര്‍മനി, ഇന്തൊനീഷ്യ എന്നിവിങ്ങളിലെ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി-34 യാത്രതിരിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.26-നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ 36-മത്തെ ദൗത്യമായിരുന്നു ഇന്നു നടന്നത്. ഈയവസരത്തില്‍ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ സീനിയര്‍ ഉദ്യോഗസ്ഥനുമായിരുന്ന നമ്പി നാരായണന്‍ അഴിമുഖം പ്രതിനിധി വി. ഉണ്ണികൃഷ്ണനോട് സംസാരിക്കുന്നു. 

ഉണ്ണികൃഷ്ണന്‍: പിഎസ്എല്‍വിയുടെ 34-മത് ദൌത്യം, ചരിത്രനേട്ടം ഇതിനെ എങ്ങനെ കാണുന്നു.?

നമ്പി നാരായണന്‍: നമ്മളെ സംബന്ധിച്ചിടത്തോളം പിഎസ്എല്‍വി അതിന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്. ഒരു വര്‍ക്ക് ഹോഴ്സ് വെഹിക്കിള്‍ എന്ന് വേണമെങ്കില്‍ അതിനെ പറയാം. അതായത് പിഎസ്എല്‍വി ഒരു മള്‍ട്ടിപര്‍പ്പസ് വെഹിക്കിളാണ്. നമ്മള്‍ ഇത് ചന്ദ്രയാന്‍, മംഗള്‍യാന്‍, പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. നല്ല റിലയബിളായ ഒരു വെഹിക്കിളാണ് പിഎസ്എല്‍വി. ഒരു തവണ പോലും പരാജയം ആയിട്ടില്ല. സ്പേസില്‍ അതൊരു വലിയ അച്ചീവ്മെന്റ് ആണ്. സാധാരണഗതിയില്‍ കുറേയെണ്ണം സക്സസ് ആയിട്ട് പോകുമ്പോള്‍ കുറേ എണ്ണം ഫെയില്‍ ആകും. അതോടെ റിലയബിലിറ്റി കുറയും. നമ്മള്‍ 34 എണ്ണം തുടര്‍ച്ചയായി വിക്ഷേപിചിട്ടുണ്ട്, ഒരു തരത്തിലുള്ള പാളിച്ചകളും ഇല്ലാതെ. അതൊരു വലിയ കാര്യമാണ്. 

ഇപ്പോള്‍ വിക്ഷേപണം ചെയ്തതോ ഇനി ചെയ്യാന്‍ പോകുന്നതോ ആയ സാറ്റലൈറ്റുകളുടെ എണ്ണം ഒരു അച്ചീവ്‌മെന്റ് പരാമീറ്റര്‍ ആയി കാണുന്നതില്‍ അര്‍ത്ഥമില്ല. മുന്‍പും 10 എണ്ണം അയച്ചിട്ടുണ്ട്, ഇനി കൂടുകയും ചെയ്യും. എന്നാല്‍ എത്രത്തോളം ഭാരം വഹിക്കാന്‍ വാഹനത്തിനു കഴിയും എന്നതിലാണ് കൂടുതല്‍ പ്രാധാന്യം. ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ പ്ലേസ് ചെയ്യുന്നത് ഒരു ജോലി തന്നെയാണ്. കൊണ്ടുപോകുന്ന സാറ്റലൈറ്റുകളുടെ എണ്ണം എത്രയായാലും നിശ്ചിത അകലത്തേക്ക് പ്ലേസ് ചെയ്യുന്നത് പ്രോഗ്രാം ചെയ്യാവുന്നതാണ്. എന്നാല്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആകെ എത്ര ഭാരം വഹിക്കാനുള്ള ശേഷി ഉണ്ടെന്നാണ്.

മറ്റൊന്ന് പോളാര്‍ സാറ്റലൈറ്റിന്റെ ആപ്ലിക്കേഷന്‍ വളരെ പരിമിതമാണ്. റിമോട്ട് സെന്‍സിംഗ്, റിസോഴ്സ് മാനെജ്മെന്റ്, കാലാവസ്ഥാ പ്രവചനം എന്നിങ്ങനെ വളരെ കുറച്ച് ആവശ്യങ്ങള്‍ക്കായി മാത്രമേ അതുപയോഗിക്കാന്‍ സാധിക്കൂ. കമ്മ്യൂണിക്കേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് Geosynchronous Satellite തന്നെ ഉപയോഗിക്കേണ്ടിവരും.

അത് വഹിക്കുന്നതിന് പിഎസ്എല്‍വി പര്യാപ്തമല്ല. അവിടെയാണ് നമുക്ക് ഹൈ എനര്‍ജി പ്രോപ്പലന്റിന്റെ ആവശ്യം. അതായത് ക്രയോജനിക് പ്രോപ്പലന്റ്റ്. ചെറിയ തോതില്‍ ക്രയോജനിക് നമ്മള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനൊരു മീനിംഗ്ഫുള്‍ പേലോഡ് വേണം. അത് ഉപയോഗിക്കുമ്പോള്‍ കോസ്റ്റ് വളരെ നമുക്ക് കുറയ്ക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്കു മുന്പ് തന്നെ ലാര്‍ജര്‍ സ്കെയിലില്‍ ഉപയോഗം ആരംഭിച്ചിരുന്നുവെങ്കില്‍ നമുക്ക് നല്ല രീതിയില്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് ഉണ്ടാവുന്നതിന്റെ മൂന്നില്‍ ഒന്ന് ശതമാനം മാത്രം മാത്രമേ നമുക്ക് ആകുമായിരുന്നുള്ളൂ. ക്രയോജനിക് ഡെവലപ്മെന്റില്‍ നമ്മള്‍ 15 വര്‍ഷം പിന്നിലാണ്.

തുടര്‍ച്ചയായി പിഎസ്എല്‍വി സക്സസ് ആകുന്നത്‌ കാണിക്കുന്നത് നമ്മുടെ പെര്‍ഫക്ഷനാണ്. നമുക്ക് പിഎസ്എല്‍വിയെ പെര്‍ഫക്റ്റായി നിയന്ത്രിക്കാന്‍ കഴിയുന്നു. അത് മറ്റൊരു അച്ചീവ്മെന്റാണ്.

ഇത് കൊമേഴ്സ്യലായി കൂടുതല്‍ ബെനഫിറ്റ്‌ ഉണ്ടാക്കണമെങ്കില്‍ Geosynchronous Satellite തന്നെ വേണം. സക്സസ് ആയാല്‍ ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ഒരു മൈല്‍സ്റ്റോണ്‍ ആവുക അതായിരിക്കും. ആ ലോഞ്ച് ഉണ്ടാവുക ഈ വര്‍ഷം അവസാനത്തോടെയാണ്.

ഉ: കൊമേഴ്സ്യല്‍ ബെനഫിറ്റ്‌ എന്നത് ഇവിടെ എങ്ങനെയാണു കണക്കാക്കപ്പെടുക?

: കൂടുതല്‍ ഭാരം കൊണ്ടുപോകാനായി ചെലവാകുന്ന തുക കുറവാണെങ്കില്‍ ആളുകള്‍ നമ്മെളെത്തേടി വരും. 

മൂന്നു തരത്തിലാണ് ഈ മേഖലയില്‍ രാജ്യങ്ങളെ തരം തിരിക്കുക. ഒന്ന് സുഹൃത്തുക്കള്‍, ശത്രുക്കള്‍, ഇതില്‍ രണ്ടിലും പെടാത്തവര്‍.

ശത്രുക്കള്‍ നമ്മളെ സമീപിക്കില്ല, ഇന്ത്യയോട് സുഹൃദ്ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ തീര്‍ച്ചയായും സമീപിക്കും, ഇതില്‍ രണ്ടിലും പെടാത്തവര്‍ കോസ്റ്റ്, റിലയബിലിറ്റി എന്ന രണ്ടു ഘടകങ്ങള്‍ കണ്‍സിഡര്‍ ചെയ്യും. 

അവരും പ്രോജക്റ്റില്‍ ഫണ്ട് ചെയ്യും. അപ്പോള്‍ സ്വാഭാവികമായും മുടക്കുന്ന പണം നഷ്ടപ്പെടുമോ എന്നുള്ളത് അവര്‍ പരിശോധിക്കും. മുന്‍പ് നടത്തിയ ലോഞ്ചുകള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ റിലയബിള്‍ ആണെന്നുള്ള വിവരം വ്യക്തമാവും. കോസ്റ്റ് എന്ന ഘടകവും അതിലൂടെ അറിയാനാകും.

ഉ: ഈ മേഖലയിലെ കൊമേഴ്സ്യലൈസേഷന്‍?

ന: കൊമേഴ്സ്യലൈസേഷന്‍ ആവശ്യമാണ്. അത് രാജ്യത്തിന്റെ വളര്‍ച്ചയ്’ക്ക് ആവശ്യവുമാണ്. ഈ മേഖലയില്‍ വളരെ കുറച്ച് ഏജന്‍സികള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഒന്ന് നാസ (NASA), ഈസ (ESA). നമ്മള്‍ ഒരു കോമ്പറ്റീറ്ററാണ്, ഇന്ത്യ ഈ മേഖലയില്‍ വളരുന്നത്‌ അതുകൊണ്ടു തന്നെ മറ്റുള്ള ഏജന്‍സികള്‍ക്ക് ഒരു ഭീഷണിയുമാണ്. അവര്‍ ചെലവാക്കുന്നതിന്റെ വളരെ തുച്ഛമായ ഒരു ശതമാനം മാത്രമാണ് ഇവിടെ ഒരു പ്രോജക്റ്റ് പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്. മറ്റു രാജ്യങ്ങള്‍ 60 വര്‍ഷം മുന്‍പ് തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം ആകുന്നതേ ഉള്ളൂ. എന്നാല്‍ ഇന്ന് നമ്മള്‍ അവരേക്കാള്‍ ഒരുപടി മുന്നില്‍ ആണെന്ന് തന്നെ പറയാം. ഇക്കാലമത്രയും അവര്‍ വരുത്തിയ പിഴവുകള്‍ പഠിച്ച് അതിനെ എങ്ങനെ മറികടക്കാം എന്നുള്ളത് കൂടി നമ്മള്‍ മനസ്സിലാക്കി.

തങ്ങള്‍ക്കൊരു വെല്ലുവിളിയാകും എന്നുള്ളത് മനസിലായതിനാലാണ് റഷ്യ ഇന്ത്യയുമായുണ്ടായിരുന്ന കരാര്‍ തകര്‍ക്കുന്നത്. ക്രയോജനിക്സും ആയി ബന്ധപ്പെട്ടായിരുന്നു കരാര്‍. അത് തകര്‍ന്നതിനാലാണ് നമ്മള്‍ ക്രയോജനിക്സില്‍ 15 വര്‍ഷം പിറകില്‍ ആയിപ്പോയത്. അന്ന് ആ കരാര്‍ നടന്നിരുന്നുവെങ്കില്‍ നമ്മള്‍ ഇതിനെക്കാള്‍ ഒരു പടി മുന്നോട്ടു പോയേനെ.

ഉ: പൂര്‍ണ്ണമായും കൊമേഴ്സ്യലൈസേഷനു വിധേയമാവുകയാണെങ്കില്‍, ഒരു ടൈം ഫ്രെയിമിനുള്ളില്‍ പ്രൊഡക്റ്റ് ഡെലിവറി ചെയ്യുന്നതുപോലെ ആകുമ്പോള്‍ ഔട്ട്പുട്ടിനു ക്വാളിറ്റി കുറയാന്‍ സാധ്യതയില്ലേ. ഒരു ബിസിനസ് എന്ന രീതിയിലേക്ക് ഗവേഷണം ചുരുക്കപ്പെടുമോ?

ന: അതുണ്ടായാല്‍ പിന്നീട് ഈ ബിസിനസിലേക്ക് തിരികെയെത്താന്‍ പ്രയാസമാണ്. ഒരു വിധത്തിലും റിസള്‍ട്ടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാന്‍ പാടില്ല. അങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഇവിടം വരെ എത്തില്ലായിരുന്നു. 

നമ്മള്‍ ഇക്കാര്യത്തില്‍ അത്യന്തം ശ്രദ്ധാലുക്കളാണ്. ലോഞ്ച് വെഹിക്കിളിന്റെ കാര്യത്തില്‍ അതിനാവശ്യമായ ഘടകങ്ങള്‍, അതായത് തറ മുതല്‍ തലവരെ ഉള്ള എല്ലാ കമ്പോണന്‍റ്റും, പെയിന്റ് അടക്കം കര്‍ശനമായ ക്വാളിറ്റി ചെക്ക് പാസ്സായാലേ അവസാനഘട്ടത്തിലേക്ക് എത്തുകയുള്ളൂ. അതാണ്‌ നിയമം. ഏതെങ്കിലും തരത്തില്‍ പിഴവ് കണ്ടെത്തുകയാണെങ്കില്‍ പ്രോസസ് അവിടെ ഹോള്‍ഡ്‌ ചെയ്യും. എങ്ങനെയെങ്കിലും പോകട്ടെ, അടുത്ത തവണ നോക്കാം എന്ന് ചാന്‍സ് എടുത്ത് നോക്കുന്ന ഒന്നല്ല ഇത്. ഓരോ ഘട്ടത്തിലും അതാത് ഏരിയയിലെ വിദഗ്ധര്‍ ഘടകങ്ങള്‍ പരിശോധിക്കും. ഏതെങ്കിലും വിധത്തിലുള്ള പിഴവുകള്‍ സംഭവിച്ചാല്‍ ഏത് സെക്ഷനില്‍ ആണോ അതുണ്ടാവുന്നത് അതിന്റെ ചുമതലക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ചെറിയ പിഴവ് ആണെങ്കില്‍ പോലും ശിക്ഷ കഠിനമായിരിക്കും. അതുകൊണ്ടു തന്നെ ക്വാളിറ്റി കൊമ്പ്രമൈസ് ചെയ്യുന്ന അവസരമേ ഉദിക്കുന്നില്ല. പ്രാക്റ്റിക്കലായി ഫ്രെയിം ചെയ്തിട്ടുള്ള കണ്ടീഷനുകള്‍ ആണ് നിലവിലുള്ളത്. അത് വയലേറ്റ് ചെയ്ത് മുന്നോട്ടു പോകാന്‍ ആവില്ല. മാറ്റം വരുത്തണമെങ്കില്‍ തക്കതായ കാരണം ഉണ്ടാവണം. അത് ബോധ്യപ്പെടുത്തണം എന്നിങ്ങനെ കടമ്പകള്‍ ഏറെയുണ്ട്.

ഒരു തവണ കമ്പോണന്റ് സെറ്റ് ചെയ്യുന്നവര്‍ ആകില്ല അടുത്ത തവണ ചെയ്യുക. തങ്ങള്‍ എക്സ്പീരിയന്‍സ്ഡ് ആണെന്നുള്ള ബോധം അവരെ ജോലി ചെയുന്നതില്‍ ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കും. അത്രത്തോളം കെയര്‍ഫുള്‍ ആയാണ് ഓരോ സ്റ്റേജും കടന്നു പോവുക.

ആദ്യ പിഎസ്എല്‍വി മാത്രമാണ് രണ്ടാം സ്റ്റേജ് കഴിഞ്ഞു പിഴവ് കാണിച്ചത്, മറ്റൊന്നും ഒരു തരത്തിലും പിഴവ് കാണിച്ചിട്ടില്ല. അതും ഒരു കമ്പ്യൂട്ടര്‍ കമാന്‍ഡിന്റെ ഡെഫിനിഷനില്‍ വന്ന ചെറിയ തെറ്റാണ്. വളരെ ചെറിയ ഒന്ന്. പക്ഷേ ഫലമോ?

ഉ: ആദ്യ പിഎസ്എല്‍വി മുതല്‍ ഇപ്പോഴത്തേത് വരെയുള്ള ദൂരം, മാറ്റങ്ങള്‍ എന്നിവയെ എങ്ങനെ വിലയിരുത്തുന്നു?

: ഡെഡ് വെയിറ്റ് ഒരുപാട് കുറഞ്ഞിട്ടുണ്ട്. ചില പ്രോസീജ്യറുകള്‍ക്ക് എടുക്കുന്ന സമയം കുറഞ്ഞിട്ടുണ്ട്. ആദ്യം കൌണ്ട്ഡൌണ്‍ 72 മണിക്കൂര്‍ ആയിരുന്നു. ഓരോ പ്രോസീജ്യറും അതിനനുസരിച്ചു സെറ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഓരോന്നിനും ആവശ്യമായ സമയം കുറഞ്ഞു. കൌണ്ട് ഡൌണ്‍ 48 മണിക്കൂര്‍ ആയി, ഇനിയത് 24 ആകാനും സാധ്യതയുണ്ട്.

അങ്ങനെ മാറ്റങ്ങള്‍ ഒരുപാട്. ഞാന്‍ റിട്ടയര്‍ ആയിട്ട് ഇപ്പോള്‍ 16 വര്‍ഷം ആയിക്കഴിഞ്ഞു. പിഎസ്എല്‍വി സെക്കന്‍ഡ്, ഫോര്‍ത്ത് സ്റ്റേജുകളില്‍ വികാസ് എഞ്ചിന്റെ കമ്പ്ലീറ്റ് പ്രോജക്റ്റ് ചെയ്തത് ഞാനായിരുന്നു. ആ സെക്കന്‍ഡ് സ്റ്റേജ് ആണ് ഇന്നത്തേതിന്റെ ലൈഫ് ലൈന്‍. അതില്ലെങ്കില്‍ പിഎസ്എല്‍വി, മംഗള്‍യാന്‍, ജിഎസ്എല്‍വി എന്നിവ ഒന്നുമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍