അഴിമുഖം പ്രതിനിധി
ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ യുദ്ധ മേഖലയാണ് സിയാച്ചിന്‍. ഉയരം, തണുപ്പ് അങ്ങനെ എല്ലാ പ്രകൃതി സാഹചര്യങ്ങളും പ്രതികൂലമായ ഇടം. താപനില പൂജ്യത്തിനും വളരെ താഴെ. അവിടെ മഞ്ഞുമലയിടിഞ്ഞ് വീണ് പത്തോളം സൈനികര്‍ മരിച്ചിട്ട് ഏറെ നാളുകളായിട്ടില്ല.
തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ഈ തണുപ്പില്‍ നിന്നും സൈനികരെ രക്ഷിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വസ്തു കൂടിയാണിത്. സിലിക്ക എയ്‌റോജെല്‍ അഥവാ ബ്ലൂ എയര്‍ എന്നാണ് ഈ വസ്തുവിന് അവര്‍ പേരിട്ടിക്കുന്നത്.
മികച്ച താപ പ്രതിരോധ ശേഷിയുള്ള ബ്ലൂ എയര്‍ സൈനികരുടെ യൂണിഫോമില്‍ നിറച്ചാല്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ബഹിരാകാശത്തും ഭൂമിയിലും ഈ വസ്തു ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്.
തണുത്ത് ഉറഞ്ഞ പുകയെന്നും (ഫ്രോസണ്‍ സ്‌മോക്ക്) പേരുള്ള ഭാരരഹിത വസ്തുവിനെ റോക്കറ്റ് എഞ്ചിനെ ഇന്‍സുലേറ്റ് ചെയ്യുന്നതിനും ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ഏറ്റവും ഭാരം കുറഞ്ഞ വസ്തുവാണിതെന്ന് വി എസ് എസ് സി അധികൃതര്‍ പറയുന്നു. തദ്ദേശീയമായി നിര്‍മ്മിക്കപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ എയ്‌റോജെല്‍ ഉപയോഗിക്കും. കെട്ടിടങ്ങളുടെ ജനലുകളില്‍ പെയിന്റ് ചെയ്താല്‍ മുറിയെ തണുപ്പിക്കാന്‍ ഇതിനു കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.