UPDATES

ന്യൂസ് അപ്ഡേറ്റ്സ്

66എ റദ്ദാക്കല്‍ ; ഭരണകൂടത്തിന്റെ അട്ടിമറിക്ക് കോടതിയുടെ മറുപടി-അഡ്വ. ഹരീഷ് വാസുദേവന്‍

Avatar

അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

ഐ ടി നിയമത്തിന്റെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ലഭിച്ച ഒരു വലിയ സമാശ്വാസമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെ തികച്ചും വിവേചന രഹിതമായി അറസ്റ്റു ചെയ്യാന്‍ നിയമപാലകര്‍ക്ക് അനുവാദം നല്‍കിയിരുന്ന ഈ നിയമത്തിനൊപ്പം കേരള പൊലീസ് നിയമത്തിലെ സമാനമായ 118ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പിനപ്പുറം എന്തൊക്കെ ശേഷിക്കുന്നുണ്ട്? ഐ ടി നിയമത്തിന്റെ നിലവിലെ പോരായ്മകള്‍ എന്തെല്ലാം? നിയമജ്ഞരും ഈ നിയമം ചുമത്തപ്പെട്ട വ്യക്തികളും സാമൂഹ്യ നിരീക്ഷകരും ഉള്‍പ്പെടുന്ന ഒരു ചര്‍ച്ചക്ക് അഴിമുഖം തുടക്കമിടുന്നു:


ഭരണഘടന ഒരു പൗരനു നല്‍കിയ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്തുകയല്ലാതെ അത് അട്ടിമറിക്കാന്‍ ഭരണഘടനയ്ക്കു കീഴെയുള്ള ഒരു സര്‍ക്കാരിനാകുമോ എന്ന ചോദ്യത്തിനാണ് 66എ വകുപ്പ് പിന്‍വലിച്ചതിലൂടെ സുപ്രീം കോടതി മറുപടി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ റൂളുകളുടെ അടിസ്ഥാന തത്വങ്ങള്‍ക്കെല്ലാം എതിരായിരുന്നു 66എ. സിവില്‍ ബാധ്യതയും ക്രിമിനല്‍ ബാധ്യതയും തമ്മിലുള്ള അതിര്‍വരമ്പുകളെ പോലും അതു ലംഘിച്ചു. സിവില്‍ ബാധ്യതയില്‍ എന്റെ അധികാര പരിധിയിലുള്ള ഒരിടത്ത് എന്റെ അറിവോ സമ്മതമോ ഇല്ലാതെ നടക്കുന്ന കാര്യത്തിനും എനിക്ക് ബാധ്യത ഉണ്ട്. പക്ഷേ ക്രിമിനല്‍ ബാധ്യത ബാധകമാകണമെങ്കില്‍ ആ പ്രവൃത്തിയില്‍ എന്റെ മാനസികമോ ശാരീരികമോ ആയ പങ്കാളിത്തം വേണം. അതേ സമയം ഒരു വ്യക്തി ഒരു വിവരം സ്വീകരിക്കുകയോ അയക്കുകയോ ചെയ്തു എന്നതു കൊണ്ടു മാത്രം അയാള്‍ കുറ്റക്കാരനാകുന്ന സ്ഥിതി ആയിരുന്നു 66എയിലൂടെ ഉണ്ടായത്. അറിവോ പങ്കാളിത്തമോ ഇല്ലാത്ത കാര്യത്തിനു പോലും ആളുകള്‍ ജയിലില്‍ പോകേണ്ട അവസ്ഥ ഇതിലൂടെ ഉണ്ടാകുമായിരുന്നു. അതു കൊണ്ടാണ് ഒരു കാര്യം വായിച്ചതു കൊണ്ടോ പങ്കു വച്ചതു കൊണ്ടോ ഒരാള്‍ കുറ്റക്കാരനാവില്ല എന്നും ആ കുറ്റകൃത്യത്തില്‍ അയാള്‍ കുറ്റകൃത്യത്തിന്റെ ഉദ്ദേശത്തില്‍ അയാള്‍ക്ക് പങ്കുണ്ടായിരിക്കണം എന്നും കോടതി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

സൈബര്‍ ലോകത്ത് കറങ്ങി നടക്കുന്ന പല കാര്യങ്ങളും പലപ്പോഴും തമാശയ്ക്കാണ് ആളുകള്‍ ഷെയര്‍ ചെയ്യുന്നത്. അത് ശരിയാണോ എന്നറിയാന്‍ ഷെയര്‍ ചെയ്യുന്ന ആളുകള്‍ പോലുമുണ്ട്. കുറ്റകൃത്യം നടത്തുക എന്ന ഉദ്ദേശ്യമൊന്നുമില്ലാതെ, തികഞ്ഞ ലാഘവത്തോടെ ചെയ്യുന്നതാണത്. അത്തരം സംഗതികള്‍ ചെയ്യാനുള്ള സാധ്യത ഇനിയും കൂടുതലാണ്. അതൊരു വലിയ സ്വാധീനം ഉണ്ടാക്കാന്‍ പോന്നതല്ല. അവരുടെ ആ പ്രവൃത്തി ക്രമസമാധാനത്തിനോ സമൂഹത്തിനോ യാതൊരു ദോഷവും ഉണ്ടാക്കാന്‍ സാധ്യതയുമില്ല. സാമൂഹിക സമാധാനം തകര്‍ക്കുന്ന തരത്തില്‍ എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ അതിനെ നേരിടാന്‍ നിലവില്‍ മറ്റു വകുപ്പുകളുണ്ട്. പരമാവധി ഉണ്ടാവുക മാനനഷ്ടം ആയിരിക്കും. 

മാനനഷ്ടം സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. ഐ പി സിയിലെ വകുപ്പുകളില്‍ പൊലീസിനു നേരിട്ട് കേസ് എടുക്കാന്‍ സാധിക്കാത്ത വകുപ്പാണ് മാനനഷ്ടം സംബന്ധിച്ച 500ആം വകുപ്പ്. ഈ കേസില്‍ ഹര്‍ജി നല്‍കേണ്ടത് പൊലീസ് സ്‌റ്റേഷനിലല്ല, കോടതിയിലാണ്. അത് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഹരജിക്കാരന്റേതാണ്. അത് നല്‍കിക്കഴിഞ്ഞ ശേഷമേ ചെയ്ത ആള്‍ക്ക് നോട്ടീസ് പോലും കൊടുക്കൂ. പ്രാഥമിക വാദം പൂര്‍ത്തിയായ ശേഷമേ കുറ്റക്കാരന്‍ എന്നു പറയുന്ന ആള്‍ക്ക് രംഗപ്രവേശം ചെയ്യേണ്ടതുള്ളൂ. തീര്‍ന്നില്ല, മാനനഷ്ടത്തിനിരയായ വ്യക്തി തന്നെ കോടതിയെ സമീപിക്കണമെന്ന വ്യവസ്ഥയുമുണ്ട്. മാനനഷ്ടക്കേസ് ആര്‍ക്കും ആര്‍ക്കെതിരെയും നല്‍കാം എന്നതിനാലാണ് അത് ഐ പി സി ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇത്രയും സംരക്ഷണം ഡിഫമേഷനു നല്‍കിയിരിക്കുന്നതിനെ ലംഘിക്കുകയായിരുന്നു 66എ. ബാല്‍ താക്കറെയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട പോസ്റ്റിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളില്‍ 66എയുടെ ഇടപെടല്‍ എത്രമാത്രം അനാവശ്യമായിരുന്നു എന്ന് ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടി വരുന്നത്. എന്തായാലും സമാനമായി ജനാധിപത്യ വിരുദ്ധമായിരുന്ന കേരള പൊലീസ് നിയമത്തിലെ 118ഡി വകുപ്പ് ഇതോടൊപ്പം റദ്ദാക്കിയതും ഏറെ ഗുണകരമാണ്. നോട്ടീസ് കൈവശം വച്ചുവെന്നതിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസുകളിലും യു എ പി എ ചുമത്തിയിട്ടുള്ള കേസുകളിലും കോടതിയുടെ ഇക്കാര്യത്തിലുള്ള നിരീക്ഷണം ഭാവിയില്‍ ഗുണകരമാകുമെന്നു പ്രതീക്ഷിക്കാം.

*Views are Personal

(ഹൈക്കോടതിയില്‍ അഡ്വക്കേറ്റും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍