UPDATES

ന്യൂസ് അപ്ഡേറ്റ്സ്

66 എ; എന്തും പറയാവുന്ന അവസ്ഥ അരാജകത്വത്തിലേക്ക് വഴിതെളിക്കും

Avatar

അഡ്വ. ഷണ്‍മുഖം

ഐ ടി നിയമത്തിന്റെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ലഭിച്ച ഒരു വലിയ സമാശ്വാസമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെ തികച്ചും വിവേചന രഹിതമായി അറസ്റ്റു ചെയ്യാന്‍ നിയമപാലകര്‍ക്ക് അനുവാദം നല്‍കിയിരുന്ന ഈ നിയമത്തിനൊപ്പം കേരള പൊലീസ് നിയമത്തിലെ സമാനമായ 118ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പിനപ്പുറം എന്തൊക്കെ ശേഷിക്കുന്നുണ്ട്? ഐ ടി നിയമത്തിന്റെ നിലവിലെ പോരായ്മകള്‍ എന്തെല്ലാം? നിയമജ്ഞരും ഈ നിയമം ചുമത്തപ്പെട്ട വ്യക്തികളും സാമൂഹ്യ നിരീക്ഷകരും ഉള്‍പ്പെടുന്ന ഒരു ചര്‍ച്ച തുടരുന്നു. 

ഐടി ആക്ട് 66 എ റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധി ഇന്ത്യന്‍ സമൂഹത്തില്‍ ഒരു പുതിയ ചര്‍ച്ചയ്ക്കു വഴി തെളിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്ന് ഒരു വിഭാഗം 66എ യെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ കീറിമുറിച്ചു പരിശോധിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇതൊരു സമ്പൂര്‍ണ്ണ നിയമ നിരോധനമല്ലെന്നാണ്. പൗരന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ ചെറുക്കാനുള്ള ഒരു ചെറിയ നടപടിയായിട്ടെ ഇതിനെ കാണാനാവു എന്ന് അവര്‍ വിലയിരുത്തുന്നു.

66 എ ആക്ടിനെ ഒരു കരിനിയമം ആക്കി തീര്‍ത്തത് ഉദ്യോഗസ്ഥരുടെ നിലപാടുകളും അതിന്റെ ദുരുപയോഗവുമാണ്. ഐടി ആക്ട് മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയിലെ ഭൂരിഭാഗം നിയമങ്ങളും ബ്രിട്ടന്റെ നിയമഘടനയാണ് മാതൃക ആക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കുറെയേറെ വൈരുധ്യങ്ങള്‍ അതില്‍ കാണാവുന്നതാണ്. ഇന്ത്യന്‍ ഐടി ആക്ട് യുണൈറ്റ്ഡ് നേഷന്‍സ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് നിയമത്തിന്റെ മാതൃകയിലാണ് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടു നിയമങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഐടി ആക്ട് 66എ ഡ്രാഫ്റ്റിംഗ് നിലവാരം കുറഞ്ഞ രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നു കാണാം. ഐടി ആക്ട് 69എയും ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് നിലകൊള്ളുന്നത്. അല്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പുതിയ വാതായാനങ്ങള്‍ ഒന്നും ഈ വിധിയിലുടെ കോടതി തുറന്നു തന്നിട്ടില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാനുള്ള പഴുതുകള്‍ ഒഴിവാക്കുക എന്നതായിരുന്നു ഈ വകുപ്പിന്റെ ലക്ഷ്യം. പക്ഷെ വിധിയില്‍ പറഞ്ഞതിന്‍ പ്രകാരം ഈ നിയമത്തിലെ പദപ്രയോഗങ്ങള്‍ പലതും പല രീതിയില്‍ വ്യഖ്യാനിക്കാവുന്നതാണ്. അത് എങ്ങനെ അല്ലെങ്കില്‍ അതിന്റെ അതിരെന്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ പരാതി നല്‍കുന്ന വ്യക്തിക്കോ അനുകൂലമായി ഈ നിയമത്തെ എളുപ്പം വളച്ചൊടിക്കാന്‍ സാധ്യമായിരുന്നു എന്നതാണ് ഐടി ആക്ട് 66എ എന്ന വകുപ്പിനെ കരിനിയമം ആക്കിതീര്‍ത്തത്. നിയമവ്യവസ്ഥ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിധി വിട്ടുള്ള വിവേചനാധികാരം കൊടുക്കാതിരുന്നെങ്കില്‍ ഈ നിയമം ഒരിക്കലും അഭിപ്രായസ്വതന്ത്ര്യത്തിനു വിലങ്ങുതടി ആവില്ലായിരുന്നു. ഐടി ആക്ടിലെ മറ്റെല്ലാ നിയമങ്ങളും ഇപ്പോഴും നിലവിലുണ്ട്. ആര്‍ക്കും എന്തും ആരെയും പറയാനും തേജോവധം ചെയ്യാനും ഉള്ള അധികാരം അരാജകത്വത്തിലേക്ക് വഴിതെളിക്കും. ഈ നിയമം ഉണ്ടായിരുന്ന കാലത്ത് തന്നെ ഇതിനെ ശരിയായി ഉപയോഗിക്കാത്തത് കാരണം അല്ലെങ്കില്‍ പക്ഷഭേദം കാരണം പല അനിഷ്ടസംഭവങ്ങളും നടന്നിട്ടുണ്ട്. പലതും പൊതുസമൂഹത്തില്‍ ചര്‍ച്ച ആയില്ലെന്നുമാത്രം. 

സോഷ്യല്‍ മീഡിയയുടെ ലോകത്ത് വ്യക്തി ഒരു മാധ്യമം ആവുകയാണ്. അവിടെ അവനെന്തും പറയാം. അവന് മറ്റുള്ളവനെ കുറിച്ച് എന്തും പറയാം; അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ തന്നെ പറ്റി പറയുമ്പോള്‍ അവന്‍ നിയമം തേടി പോകുന്നു.

*Views are Personal

(അഭിഭാഷകനും എറണാകുളം NUALS ല്‍ വിസിറ്റിംഗ് പ്രൊഫസറും ഗ്രന്ഥകര്‍ത്താവുമാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍