UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈവത്തിന് (സുപ്രീം കോടതിക്ക്) നന്ദി; ഫേസ്ബുക്ക് പോസ്റ്റ് ഇനി നമ്മളെ ജയിലിലേക്കയക്കില്ല

Avatar

ടീം അഴിമുഖം

ഫേസ്ബുക്ക് നിങ്ങളെ ഇനി ജയിലില്‍ എത്തിക്കില്ല. ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് രോഹിന്റണ്‍ ഫാലി നരിമാനും ഉള്‍പ്പെടുന്ന സുപ്രീം കോടതി ബഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയുടെ ഏറ്റവും ലളിതമായ അര്‍ത്ഥം ഇതാണ്: ‘ഐടി ചട്ടത്തില്‍ 66എ വകുപ്പ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നു’.

ചിന്തയിലും ആവിഷ്‌കാരത്തിലും വിശ്വാസത്തിലുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്നുണ്ട്. ഒരു ജനാധിപത്യത്തില്‍ ഇത്തരം മുല്യങ്ങള്‍ പരിപാലിക്കപ്പെടേണ്ടത് ഭരണഘടന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ്. നിയമത്തിലെ 66എ വകുപ്പ് പൂര്‍ണമായും അവ്യക്തമാണ് എന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

‘സംവാദം അല്ലെങ്കില്‍ വിവരങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നതിലൂടെ ഉണ്ടാവുന്ന അസ്വാരസ്യവും പൊതുനിയമവാഴ്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ല. 66എ വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍, പൊതുജനത്തിന്റെ അറിയാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്,’ എന്ന് വിധിന്യായത്തില്‍ പറയുന്നു.

ഈ വകുപ്പ് ഭരണഘടന വിഭാവന ചെയ്യുന്ന അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തെ ‘വ്യക്തമായി ബാധിക്കുന്നതാണ്’ വകുപ്പെന്നും, തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് നരിമാന്‍ കൂട്ടിച്ചേര്‍ത്തു. നിയമം നടത്തുന്ന ഏജന്‍സിക്കും കുറ്റാരോപിതനും ചെയ്ത കുറ്റം എന്താണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതിനാല്‍, വകുപ്പിലുള്ള ‘അലട്ടുന്നത്’ ‘അസൗകര്യമായത്’ ‘മൊത്തത്തില്‍ കുറ്റകരമായത്’ തുടങ്ങിയ പ്രയോഗങ്ങള്‍ അവ്യക്തമാണെന്ന്, വകുപ്പ് ‘ഭരണഘടനവിരുദ്ധമായതിന്റെ’ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

66എ വകുപ്പ് റദ്ദാക്കുകയും അത് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന പരമോന്നത നീതിപീഡത്തിന്റെ വിധി, രാജ്യത്ത് നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെ ശോചനീയ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എത്ര വലിയ വെല്ലുവിളികളെ നേരിടുന്നതിനും പെട്ടെന്നുള്ള ആവേശത്തില്‍ നിന്നും ഉണ്ടാവുന്ന നിയമങ്ങള്‍ നമ്മെ സഹായിക്കില്ല. 2000ലെ വിവരസാങ്കേതിക നിയമത്തിലെ 66എ വകുപ്പ് എത്രത്തോളം മോശമാണെന്നറിയുന്നതിന്, 2012ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജ്യത്ത് വലിയ വിവാദം ഇളക്കിവിട്ട ഷാഹീന്‍ ദാദയുടെ പിതാവ് മുഹമ്മദ് ഫറൂഖ് ദാദയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

‘അതിന്റെ പേരില്‍ (പോസ്റ്റിന്റെ പേരില്‍) ഞാന്‍ ഒരിക്കലും അവളെ തല്ലിയിട്ടില്ല. അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാല്‍ അവളെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വിധിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇതിന്റെ എല്ലാ അംഗീകാരവും എന്റെ മകള്‍ക്കുള്ളതാണ്,’ എന്ന് ദാദ പറയുന്നു.

2012 നവംബര്‍ 12ന് ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാര ദിവസം ഹര്‍ത്താലില്‍ മഹാരാഷ്ട്ര അപ്രതീക്ഷിതമായി നിശ്ചലമായതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഷഹീന്‍ ദേശീയ ശ്രദ്ധ കേന്ദ്രമായി മാറി. ആ പോസ്റ്റ് ലൈക്ക് ചെയ്ത ഷഹീന്റെ സുഹൃത്ത് രേണു ശ്രീനിവാസനും ശ്രദ്ധിക്കപ്പെട്ടു.

‘സാമൂഹിക മാധ്യമങ്ങളിലൂടെ എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഞാന്‍ തുടരുക തന്നെ ചെയ്യും,’ എന്ന് രേണു പറയുന്നു.

രണ്ട് സുഹൃത്തുക്കളുടെ നിരുപദ്രവമായ സാമൂഹിക മാധ്യമ പ്രവര്‍ത്തനം അക്രമങ്ങളിലേക്കും പിന്നീട് നിയമവിരുദ്ധമായി ഇവരെ പോലീസ് പത്ത് ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിലും കലാശിച്ചു. പിന്നീട്, ഇവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഉത്തരവ് നല്‍കി.

പെണ്‍കുട്ടികള്‍ക്കെതിരെ അതിവേഗം നടപടിയെടുത്ത പോലീസിന്, ഫാല്‍ഗറില്‍ ആ കുടുംബം നടത്തുന്ന അസ്ഥിരോഗ ആശുപത്രി ശിവ സൈനീകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം അടിച്ചു തകര്‍ത്തത് തടയാന്‍ സാധിച്ചില്ല. മഹാരാഷ്ട്ര പോലീസിന്റെ പ്രവൃത്തിയില്‍ അപ്രീതി രേഖപ്പെടുത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, പോലീസിന്റെ നടപടി ‘ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്’ എന്ന് വിശേഷിപ്പിച്ചു.

പോലീസിന്റെ അനിയന്ത്രിതമായ ഇടപെടലിലേക്കും നിയമത്തിന്റെ ദുരുപയോഗത്തിലേക്കും നയിക്കുന്ന തരത്തില്‍ അവ്യക്തമാണ് 66എ വകുപ്പ് എന്നതായിരുന്നു പരാതിക്കാരില്‍ ഭൂരിപക്ഷത്തിന്റെയും വാദം. ഇന്റര്‍നെറ്റ് വഴിയുള്ള അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും നിയന്ത്രിക്കുന്നതിന് നിയമം അനിവാര്യമാണ് എന്നായിരുന്നു കോണ്‍ഗ്രസ് നയിച്ച മുന്‍ സര്‍ക്കാരിന്റെ നിലപാട്. പുതിയ ബിജെപി സര്‍ക്കാരും കോടതിയില്‍ നിയമത്തെ ന്യായീകരിച്ചു.

എന്നാല്‍ ‘അലട്ടുന്നത്,’ അസൗകര്യമായത്,’ ‘മൊത്തത്തില്‍ കുറ്റകരമായത്’ തുടങ്ങിയ പ്രയോഗങ്ങളുടെ പേരില്‍ ജയില്‍ പോകേണ്ടി വരുന്നത് കുറഞ്ഞപക്ഷം അമ്പരിപ്പിക്കുന്നതാണെന്നെങ്കിലും പറയേണ്ടി വരും. ഒരാളെ എന്താണ് അലട്ടുക എന്ന് കണ്ടുപിടിക്കാന്‍ യുക്തമായ ഒരു അളവുകോലില്ല. ആരെയും എന്തും അലട്ടാം എന്നിരിക്കെ മൊബൈലിലോ ഫേസ്ബുക്കിലോ വന്നു വീഴുന്ന ഒരു സന്ദേശം ഒരാളെ അലട്ടുന്നു എന്ന ഒറ്റക്കാരണത്താല്‍ മറ്റൊരാള്‍ ജയിലില്‍ പോകേണ്ടി വരുന്നത് സ്വാഭാവിക നീതിയുടെ തത്വസംഹിതയെയും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. ‘ഒരാള്‍ക്ക് അനിഷ്ടകരമായി തോന്നുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് അനിഷ്ടകരമായി തോന്നണമെന്നില്ല,’ എന്ന് കോടതി ശരിയായി നിരീക്ഷിക്കുന്നുണ്ട്.

അങ്ങനെ വരുമ്പോള്‍ ഇന്റര്‍നെറ്റിലൂടെ അനിഷ്ടം സൃഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടുന്ന നിയമത്തിലെ 66എ വകുപ്പ് എങ്ങനെയാണ് വിദഗ്ധരുടെയും പാര്‍ലമെന്റിന്റെയും സൂക്ഷ്മ പരിശോധന വിജയകരമായി അതിജീവിച്ചത്? 26/11 വിഷലിപ്തമാക്കിയ ഒരു മാസത്തിന് ശേഷം ചര്‍ച്ച പോലുമില്ലാതെ ബില്ല് പാസാക്കിയതിലൂടെ അതിന്റെ കടമ പാര്‍ലമെന്റ് പാലിച്ചില്ല എന്നതാണ് പ്രശ്‌നത്തിന്റെ ഒരു വശം.

പക്ഷെ പ്രശ്‌നത്തിന്റെ ഏറ്റവും ദാരുണമായ വശം നിയമം ദുരുപയോഗം ചെയ്യില്ല എന്ന ഉത്തമ വിശ്വാസമാണ്. ഒരു സാധാരണ പോലീസുകാരന് നല്‍കുന്ന അധികാരപരിധികളെ കുറിച്ച് കമ്മിറ്റി അംഗങ്ങള്‍ ബോധവാന്മാരല്ലെന്ന് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഒരു സര്‍ക്കാരിതര നിയമനിര്‍മ്മാതാവ് സൂചിപ്പിച്ചിരുന്നു. അതുപോലെ തന്നെ കൂട്ടിലടക്കപ്പെട്ട ഒരു ആഭ്യന്തര സെക്രട്ടറിയെ എത്രത്തോളം ശാക്തീകരിക്കുന്നു എന്നതിനെ കുറിച്ചും അവര്‍ക്ക് ധാരണയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇതിന് ദുഃഖകരമായ വേറൊരു വശം കൂടിയുണ്ട്. ഇന്ത്യ അതിന്റെ ഏറ്റവും ലോലമായ പരിമിതികളിലേക്ക് തള്ളിമാറ്റപ്പെട്ടിരിക്കുന്നു. മറ്റ് രാജ്യങ്ങളില്‍, നിയമം നടപ്പാക്കുന്നവര്‍ക്കിടിയില്‍ സാമാന്യബോധത്തിന് തുടക്കമാവാന്‍ നിയമനിര്‍മ്മാണം സഹായിക്കുമെന്ന് നിയമനിര്‍മ്മാതാക്കള്‍ക്ക് സങ്കല്‍പിക്കാം. അല്‍പം പക്ഷാപാതരാഹിത്യമെങ്കിലും അവര്‍ക്ക് പ്രതീക്ഷിക്കാം. ‘ഉചിതമായത്’ തുടങ്ങിയ പ്രയോഗങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാനും സാധിക്കും. പക്ഷെ ഇന്ത്യയിലെ നിയമനിര്‍മ്മാതാക്കള്‍ക്ക് അത് സാധ്യമല്ല. ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയത് പോലെ നിയമം പൂര്‍ണമായും അവ്യക്തമാണ്: ‘ഏത് വിഷയത്തെയും കുറിച്ചുള്ള എന്ത് അഭിപ്രായവും അതിന്റെ പരിധിയില്‍ വരാവുന്ന വിധത്തില്‍ വിശാലമായാണ് 66എ വകുപ്പിന് രൂപം നല്‍കിയിരിക്കുന്നത്.’

ഒരു ജനാധിപത്യം പുഷ്ടിപ്പെടണമെങ്കില്‍ അഭിപ്രായസ്വാതന്ത്ര്യം കോട്ടം തട്ടാതെ നിലനില്‍ക്കണം. ഇപ്പോള്‍ തന്നെ നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനായി മുന്‍സര്‍ക്കാര്‍ രൂപകല്‍പന ചെയ്ത ഒരു ചതിയില്‍ നിന്നും സുപ്രീം കോടതി വിധി നമ്മെ രക്ഷിച്ചിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍