UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നൊന്നരയല്ല, ഒരറുപത്താറു കരിനിയമം

Avatar

വിശാഖ് ശങ്കര്‍

യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ കാലാകാലങ്ങളായി നടന്നുവരുന്ന സമരത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് കാണാവുന്ന ഒരു കൗതുകകരമായ കാര്യം അതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കില്‍ വന്നിട്ടുള്ള മാറ്റമാണ്. പത്രങ്ങളും വാരികകളും മാസികകളും ലഘുലേഖകളും ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ ജിഹ്വകളായി വര്‍ത്തിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അന്നാവട്ടെ അത്തരം പ്രസിദ്ധീകരണങ്ങളെ കോപ്പികളും അച്ചുകൂടവും ഉള്‍പ്പെടെ ഭരണകൂടം കണ്ടുകെട്ടുന്നതും പത്രാധിപരും പ്രസാധകരും തടവിലാക്കപ്പെടുന്നതും ഒരു പതിവ് കഥയും.

മലയാള മാധ്യമചരിത്രം
മലയാളത്തിന്റെ മാധ്യമചരിത്രം തുടങ്ങുന്നത് 1847-ല്‍ തലശ്ശേരി കേന്ദ്രമാക്കി ബാസല്‍ മിഷന്‍ പുറത്തിറക്കിയ രാജ്യസമാചാരമെന്ന വാര്‍ത്താപത്രത്തിലൂടെയാണ്. ഇതേ തുടര്‍ന്ന് ആ വര്‍ഷം തന്നെ തലശ്ശേരിയില്‍ നിന്ന് പശ്ചിമോദയവും അടുത്ത വര്‍ഷം കോട്ടയത്തു നിന്ന് ജ്ഞാനനിക്ഷേപവും പ്രസിദ്ധീകരണം ആരംഭിച്ചു. കോട്ടയത്തുനിന്ന് തന്നെ നസ്രാണി ദീപിക ദ്വൈവാരികയായി പുറത്തിറങ്ങാന്‍ തുടങ്ങുന്നത് 1887-ലാണ്. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദിനപത്രമായ മലയാള മനോരമ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തുടങ്ങുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു; അതും കോട്ടയം കേന്ദ്രമാക്കി തന്നെ. ഇന്ന് ദീപിക ദിനപത്രമായി മാറിയ നസ്രാണിദീപികയെപ്പോലെ മലയാള മനോരമയും വാരികയായാണ് പ്രസിദ്ധീകരണം തുടങ്ങിയത്. നസ്രാണിദീപിക നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1927-ലാണ് ദിനപത്രമായി മാറിയതെങ്കില്‍ മലയാള മനോരമ ദിനപത്രമായത് 1928-ലായിരുന്നു.

രാജ്യസമാചാരം പോലെയുള്ള ആദ്യകാല പ്രസിദ്ധീകരണങ്ങള്‍ മതപ്രചരണമായിരുന്നു ലക്ഷ്യം വച്ചിരുന്നത് എന്നതുകൊണ്ട് അവയ്‌ക്കെതിരേ അധികാരപക്ഷത്തുനിന്ന് വലിയ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. വിശ്വാസത്തെയും മതത്തെയും വിട്ട് ഭരണകൂടത്തെ, രാഷ്ട്രീയത്തെ, കീഴാചാരങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതോടെയാണ് മലയാള മാധ്യമ ചരിത്രത്തിലെ കണ്ടുകെട്ടല്‍ ഘട്ടം തുടങ്ങുന്നത്. ഇത് കേരളത്തില്‍ അന്ന് നിലനിന്ന അധികാരവ്യവസ്ഥയുടെ ചില സവിശേഷ സ്വഭാവങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നുണ്ട്.

അന്നത്തെ ഹിന്ദുത്വ അധികാരഘടനയെ സംബന്ധിച്ചിടത്തോളം ഇതരമതങ്ങളും വിശ്വാസങ്ങളും ഒരു പ്രശ്‌നമായിരുന്നില്ല: അവ ഹൈന്ദവ കീഴാചാരങ്ങളെ നേരിട്ട് ചോദ്യം ചെയ്യാത്തിടത്തോളം കാലമെങ്കിലും. ഹിന്ദുത്വം ഒരു മതമെന്നതിലുപരി അധികാര ഘടനയാണ് എന്ന് ദീപക്ക് ശങ്കരനാരായണനെപ്പോലെയുള്ളവര്‍ സൈബര്‍ ലോകത്ത് നടത്തിയ നിരീക്ഷണങ്ങളുടെ സാംഗത്യം ഈ ചരിത്രവസ്തുതയും തെളിയിക്കുന്നു. വ്യാപകമായ കണ്ടുകെട്ടലുകളിലേയ്ക്കും, നാടുകടത്തലുകളിലേയ്ക്കും പിന്നീട് വികസിക്കുന്ന നമ്മുടെ മാധ്യമ ചരിത്രം അതെക്കുറിച്ച് സംസാരിക്കും.

 

 

കണ്ടുകെട്ടല്‍ ചരിത്രം
വക്കം മൗലവി 1905-ല്‍ തുടങ്ങിയ സ്വദേശാഭിമാനി പത്രം തൊട്ട് മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ നമ്മുടെ പത്രരംഗത്തെ ഇന്നത്തെ പ്രമുഖര്‍ വരെ മലയാള അച്ചടി മാധ്യമം കടന്നുവന്ന നിരോധനങ്ങളുടെയും, കണ്ടുകെട്ടലുകളുടെയും നാടുകടത്തലുകളുടെയും ചരിത്രത്തിനു ഏറിയും കുറഞ്ഞും ഇരകളായിട്ടുള്ളവയാണ്. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദേശാധിപത്യത്തിനെതിരേ യുദ്ധം ചെയ്ത രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ സാരത്ഥ്യം ഏറ്റെടുക്കുന്നത് 1906-ലാണ്. തുടര്‍ന്ന് അദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായി അറിയപ്പെട്ടു എന്നത് ചരിത്രം. എന്നാല്‍ കേവലം നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് ഭരണകൂടത്താല്‍ കണ്ടുകെട്ടപ്പെടാനായിരുന്നു സ്വദേശാഭിമാനിയുടെ വിധി. പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള നാടുകടത്തപ്പെടുകയും ചെയ്തു.

തിരുവിതാംകൂര്‍ ദിവാന്റെയും, ഭരണകൂടത്തിന്റെയും ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ നിരന്തരം എഴുതിയിരുന്ന കേസരി ബാലകൃഷ്ണപിള്ള ജീവിച്ചിരുന്നതും എഴുതിയതും അതേ നൂറ്റാണ്ടില്‍ തന്നെ. സമദര്‍ശിനിയുടെ പത്രാധിപരായിരുന്ന അദ്ദേഹം പിന്നീട് പ്രബോധകന്‍ എന്ന പേരില്‍ സ്വന്തമായി ഒരു പ്രസിദ്ധീകരണം തുടങ്ങി. അത് അധികാരികളാല്‍ നിരോധിക്കപ്പെട്ടുവെങ്കിലും ബാലകൃഷ്ണപിള്ള പരാജയം സമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം കേസരി എന്ന പേരില്‍ മറ്റൊരു പ്രസിദ്ധീകരണം തുടങ്ങി അതിലൂടെ തന്റെ സമരം തുടര്‍ന്നു. ഒടുവില്‍ അതും നിരോധിക്കപ്പെട്ടു.

കേരളം സാക്ഷരവല്‍ക്കരിക്കപ്പെടുന്ന പ്രക്രിയയുടെ തുടക്കത്തില്‍ 1890-കളില്‍ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരമ ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങള്‍, സാമൂഹിക അസമത്വങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരേ ദളിതരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പുരോഗമന ആശയങ്ങളുടെ ഭാഗത്ത് നിലയുറപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത് എന്നത് ഇന്നത്തെ അതിന്റെ പുതുതലമുറ വായനക്കാര്‍ക്ക് അവിശ്വസനീയമായി തോന്നാം. എന്നാല്‍ മനോരമ ദിനപത്രത്തിന്റെ ആദ്യ എഡിറ്റോറിയല്‍ പുലയരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു എന്നത് ഒരു ചരിത്രവസ്തുതയാണ്. മനോരമയും 1938-ല്‍ കണ്ടുകെട്ടപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപകമാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ആശയപ്രചരണത്തിനായി, അച്ചുകൂടം എന്ന അറിവ് മൂലധനമാക്കിയ സാംസ്‌കാരിക ഉപകരണത്തിന്റെ പ്രയോഗസാധ്യതകളെ വലിയ അളവില്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ അത്തരം പ്രസിദ്ധീകരണങ്ങളുടെ അടച്ചു സീല്‍വയ്ക്കലും കോപ്പികളുടെ കണ്ടുകെട്ടലും പേരെടുത്ത് പരാമര്‍ശിക്കാനാവാത്ത വണ്ണം വ്യാപകവും. അറുപതുകളില്‍ തുടങ്ങുന്ന നക്‌സല്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും അച്ചുകൂടവും അതിന്റെ കണ്ടുകെട്ടലും നിരന്തരം ആവര്‍ത്തിയ്ക്കുന്ന ഒരു ബിംബമാണ്.

അച്ചടിമാധ്യമം എന്ന അച്ചുകൂടം ആയുധമാക്കുന്ന സാംസ്‌കാരിക ഉപകരണത്തിന് ഇന്നത്തെപ്പോലെ വ്യവസ്ഥയുമായി ബന്ധപ്പെട്ട, സാമ്പ്രദായികമായ ഒരു ഉള്ളടക്കമായിരുന്നില്ല അതിന്റെ ആദ്യകാല ചരിത്രത്തിലെങ്കിലും ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ആ കൂട്ടത്തില്‍ മുഖ്യധാരയെവിട്ട് പ്രാന്തങ്ങളിലൂടെ, ഭരണകൂടകല്പിതമായ ഒരു അധോലോകത്തിലൂടെ മാത്രം പ്രചരിച്ചിരുന്ന മുമ്പ് പറഞ്ഞതരം എഴുത്തിനെയും പ്രസിദ്ധീകരണങ്ങളെയും മാധ്യമചരിത്രം എന്ന ഉപശീര്‍ഷകത്തില്‍ ഉള്‍ക്കൊള്ളിച്ചത്. അത്തരം പ്രസിദ്ധീകരണങ്ങളും അവയുടെ കണ്ടുകെട്ടലും ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ പറഞ്ഞുവന്നത് അന്ന് അത്തരം ‘അധോലോക’ മാധ്യമ പ്രവര്‍ത്തനത്തിനും മുഖ്യധാരയ്ക്കും ഇടയില്‍ സംവാദാത്മകമായെങ്കിലും നിലനില്ക്കാവുന്ന, ചുരുങ്ങിയത് ഭരണകൂടത്തിന്റെ അപ്രീതിയുടേതെങ്കിലുമായ ഒരു പൊതുപ്രതലം ഉണ്ടായിരുന്നു എന്നാണ്.

 

 

സ്വാതന്ത്ര്യാനന്തര പത്രപ്രവര്‍ത്തനം
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അച്ചടിമാധ്യമങ്ങള്‍ ക്രമേണെ മറ്റൊരു ഭരണകൂട ഉപകരണമായി മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. 1938-ല്‍ കണ്ടുകെട്ടപ്പെട്ട മനോരമ പിന്നെ തിരിച്ചെത്തുന്നത് 1947-ലാണ്. ഇന്ന് ഏറ്റവും അധികം വരിക്കാര്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന മനോരമയുടെ പിന്നിടുള്ള പത്രപ്രവര്‍ത്തനവും, അടിയന്തിരാവസ്ഥ ഉള്‍പ്പെടെയുള്ള ജനാധിപത്യത്തിന്റെ ദുരവസ്ഥകളില്‍ അതെടുത്ത നിലപാടുകളും അച്ചടി മാധ്യമങ്ങളുടെ നിലപാട് തറയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളെ സംബന്ധിച്ചിടത്തോളം സാമാന്യവല്‍ക്കരിക്കാവുന്നത്ര പ്രകടമായ ഒരു തെളിവാണ് .

ആഗോളവല്ക്കരിക്കപ്പെട്ട കോര്‍പ്പറേറ്റ് മൂലധനചന്തയുമായി എളുപ്പം ഇഴുകി ചേര്‍ന്ന ദൃശ്യമാധ്യമങ്ങളാവട്ടെ അധികാരവുമായി പ്രത്യക്ഷമായി കലഹിച്ചും പരോക്ഷമായി സന്ധി ചെയ്തും ഭരണകൂടത്തിനും മുകളിലെ ഭരണകൂടമായ കോര്‍പ്പറേറ്റ് വിപണിയുടെ ഉപകരണവും, ആയുധം തന്നെയുമായി മാറി. മാധ്യമ പ്രജാപതികള്‍ക്ക് മുന്നില്‍ വിനീത വിധേയരായി ഇരിക്കുന്ന ഭരണകര്‍ത്താക്കളും, ഭരണ, പ്രതിപക്ഷ നേതാക്കളും കൂടി അവരെ നമ്മുടെ ഭരണഘടനയുടെ മറ്റൊരു വ്യാജതൂണാക്കി മാറ്റി. നാല് പൊയ്ക്കാലുകളില്‍ നില്ക്കുന്ന ഒരു ഭരണഘടന!

സര്‍ക്കാരുകളെയും രാഷ്ട്രീയസംഘടനകളെയും, എക്‌സിക്യൂട്ടിവിനെയും ജുഡീഷ്യറിയെപ്പോലും പിടിച്ചുലയ്ക്കുന്ന സ്റ്റിങ്ങ് ഓപ്പറേഷനുകളും എക്‌സ്‌ക്ലുസീവുകളും തീ പിടിപ്പിക്കുന്ന സായാഹ്ന ചര്‍ച്ചകളുമായി അവര്‍ കളം നിറഞ്ഞാടുമ്പോഴും ഒരു ഭരണകൂടവും അവര്‍ക്കെതിരെ കണ്ടുകെട്ടലിന്റെയും നാടുകടത്തലിന്റെയും ഉമ്മാക്കികളുമായി ഇറങ്ങുന്നില്ല. അതിനര്‍ത്ഥം നമ്മുടെ ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയ ഉന്നത ജനാധിപത്യമൂല്യങ്ങളുമായി സമരസപ്പെട്ടു എന്നാവുമോ?

വല്ലാത്ത നിഷ്‌കളങ്കതയില്ലാതെ അത്തരം ഒരു ശുഭാപ്തിവിശ്വാസം സാധ്യമല്ലെന്ന് തോന്നുന്നു. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന ഒരു ഭരണകൂടത്തിന് അവര്‍ തന്നെ നയിക്കുന്ന മാധ്യമലോകവുമായി ഇടയേണ്ട കാര്യമില്ല എന്നതാണ് വസ്തുത. അവരുടെ മുന്‍കൂര്‍ നിജപ്പെടുത്തിയ അജണ്ടകള്‍ക്കും കിടമല്‍സരങ്ങള്‍ക്കും ഇടയില്‍ വീണുകിട്ടുന്നവയാണ് നമ്മുടെ സായാഹ്നലഹരികളായ പല ചാനല്‍ ബൈറ്റുകളും. സാധാരണക്കാരന്റെ ധാര്‍മ്മികരോഷത്തിന് താല്കാലികമായ ചില സേഫ്റ്റി വാല്‍വുകള്‍ പ്രദാനം ചെയ്യുക എന്നതിലപ്പുറം ഇവയൊന്നും തങ്ങള്‍ക്ക് സ്ഥായിയായ ഒരു ഭീഷണിയും ഉയര്‍ത്തുകയില്ലെന്ന് അധികാരിവര്‍ഗ്ഗത്തിനറിയാം. വേണ്ടത്, അതിനെ ഉപയോഗിക്കുക എന്നതാണ്. അതില്‍ അവര്‍ സവിശേഷ ശ്രദ്ധ കൊടുക്കുന്നുമുണ്ട്.

 

മാധ്യമലോകത്തെ കോര്‍പ്പറേറ്റ് നിയന്ത്രണങ്ങള്‍
ആള്‍ദൈവങ്ങളെ ഉപയോഗിച്ചുള്ള ആത്മീയ വ്യാപാരരംഗത്തേയ്ക്ക് നിരവധി കോര്‍പ്പറേറ്റ് കുത്തക സ്ഥാപനങ്ങളെ സംഭാവന ചെയ്ത ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നിലനില്ക്കുന്ന അത്തരം വമ്പന്‍ ആള്‍ദൈവങ്ങളെ തൊടാന്‍ ഏത് മാധ്യമവും, ഭരണകൂടവും, നീതിന്യായ സംവിധാനവും ഒന്നറയ്ക്കും. ഗെയില്‍ ട്രെഡ്വെല്‍ എഴുതിയ ‘വിശുദ്ധ നരകം’ എന്ന പുസ്തകം ഉണ്ടാക്കിയ വിവാദങ്ങളുടെ കാര്യത്തില്‍ അത് നാം കണ്ടതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യം തന്ത്രപൂര്‍വ്വം അവഗണിച്ച ആ വാര്‍ത്ത സൈബര്‍ ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചതോടെ അവര്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നു. അതില്‍ തന്നെ ട്രേഡ്വെല്ലുമായി അവരുടെ നാട്ടില്‍ പോയി അഭിമുഖം നടത്തി സംപ്രേക്ഷണം ചെയ്യുക വഴി കൈരളി ടിവി ഒരു പടി കടന്ന് പ്രവര്‍ത്തിയ്ക്കുകയും ആ അഭിമുഖത്തിന് സ്വാഭാവികമായും അന്ന് മുന്തിയ റേറ്റിങ്ങ് ലഭിക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ വില പരസ്യ വരുമാനത്തില്‍ വന്ന വന്‍ ഇടിവിലൂടെ അവര്‍ക്ക് ഉടന്‍ നല്‍കേണ്ടി വന്നു എന്നാണ് പിന്നാമ്പുറ വാര്‍ത്ത. ഇത്തരം അബദ്ധങ്ങള്‍ ഇനി ആവര്‍ത്തിക്കേണ്ടതില്ല എന്ന് കൈരളിയുടെ മാനേജ്‌മെന്റ് തീരുമാനിച്ചു എന്നുവരെ വര്‍ത്തമാനങ്ങള്‍ അനൗദ്യോദികമായി പ്രചരിക്കുന്നുണ്ട്. അത് എന്തുതന്നെയായാലും ട്രെഡ്വെല്‍ അഭിമുഖത്തിന്റെ പേരില്‍ കൈരളിക്ക് ഒരു പ്രത്യാഘാതവും നേരിടേണ്ടിവന്നിട്ടില്ല എന്ന് വിശ്വസിക്കുക പ്രയാസം.

ശക്തമായ തൊഴിലാളി നിയമങ്ങളും, പ്രബലമായ തൊഴിലാളി സംഘടനാ പാരമ്പര്യവുമുള്ള കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്ഥാപനമായ കല്യാണ്‍ സാരീസാണ് അസംഘടിത മേഖലാ തൊഴിലാളിയൂണിയനില്‍ ചേര്‍ന്നു എന്ന കാരണത്താല്‍ അവരുടെ ചില വനിതാ തൊഴിലാളികളെ പ്രതികാരനടപടിയെന്ന നിലയില്‍ സ്ഥലം മാറ്റിയത്. എഴായിരവും എണ്ണായിരവും മാത്രം പ്രതിമാസ വേതനത്തില്‍, പൊതിച്ചോറുകെട്ടി, സ്ഥാപനത്തിന്റെ വാഹനത്തില്‍ വന്നുപോകാം, ഉള്ള ഏഴായിരം വീട്ടിലെത്തുമല്ലോ എന്ന പ്രതീക്ഷയില്‍ എട്ടുമണിക്കൂര്‍ ഇരിക്കാതെ ജോലിചെയ്യുന്ന തൊഴിലാളികളുടെ ഗതികേടിനോടാണ് കോര്‍പ്പറേറ്റ് മൂലധനാധിപത്യം വിദൂര നഗരങ്ങളിലേയ്ക്ക് സ്ഥലം മാറ്റി പക തീര്‍ക്കുന്നത്. അതിനോട് പ്രതിഷേധിക്കുന്നവരോട് നാട്ടില്‍ ഒരിടത്തും പണി കിട്ടാത്ത അവസ്ഥയാക്കും എന്നാണ് ഭീഷണി. പ്രകടമായ ഈ മനുഷ്യാവകാശലംഘനത്തെ, തൊഴില്‍ നിയമ ലംഘനത്തെ ഒരു മുഖ്യധാരാ മാധ്യമവും വാര്‍ത്തയാക്കുന്നില്ല. ഒന്‍പത് മണി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നില്ല. എന്തുകൊണ്ട്?

 

മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണ ശുദ്ധീകരണശാല ഉളവാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തി കാക്കഞ്ചേരിക്കാര്‍ നടത്തിവരുന്ന സമരം മറ്റൊരു സമകാലിക ഉദാഹരണം. ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ചോ, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചോ ഒരു പഠനവും നടത്താതെ പണിപൂര്‍ത്തിയാവുന്ന ഫാക്ടറി ആ മണ്ണിലും , ജലശ്രോതസ്സുകളിലും, അന്തരീക്ഷത്തിലും ഉളവാക്കാവുന്ന പ്രത്യാഘാതങ്ങളാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് കാരണം. എന്നാല്‍ മാസങ്ങളായി തുടരുന്ന ഈ സമരത്തെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ തമസ്‌കരിക്കുകയാണ്. അവരുടെ ഭയം അശാസ്ത്രീയവും, നിലനില്‍ക്കാത്തതും, ദുരുപദിഷ്ടവുമാണെങ്കില്‍ പോലും മാസങ്ങളായി തുടരുന്ന ഒരു ജനകീയ സമരം എന്ന നിലയില്‍ അത് വാര്‍ത്തയാവേണ്ടതാണ്. വിഷയങ്ങള്‍ കിട്ടാതെ ഉള്ളതിനെ തന്നെ ചര്‍വ്വിതചര്‍വ്വണം നടത്തുന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ഈ സമരത്തിന്റെ ചര്‍ച്ചാ സാദ്ധ്യതകള്‍ കണ്ണില്‍ പെടുന്നില്ലെങ്കില്‍ അതിന്റെ പേരാണ് സിലക്ടീവ് അമ്‌നേഷ്യ. അതാണ് കോര്‍പ്പറേറ്റുകള്‍ക്ക് മീതേ മാധ്യമങ്ങളും പറക്കില്ല എന്ന പുതുചൊല്ലിന്റെ കാതല്‍.

 

നവമാധ്യമങ്ങള്‍ 

അധികാരവും അതിനോട് ബന്ധപ്പെട്ട് നില്ക്കുന്ന വിവിധ ഹെഗമണിക് യൂണിറ്റുകളും ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി സംഘടിത കോര്‍പ്പറേറ്റ് ശക്തികളുടെ നിയന്ത്രണത്തിനു പുറത്ത് നില്ക്കുന്ന ജൈവമസ്തിഷ്‌കങ്ങളും അവരുടെ നാവായ സൈബര്‍ മാധ്യമലോകവുമാണ്. വിപണി സ്വയം കുഴിച്ച കുഴിയെന്നോ, വ്യവസ്ഥയുടെ ജൈവസ്വഭാവം വെളിവാക്കുന്ന അതിജീവനക്ഷമതയെന്നോ ഒക്കെ വ്യാഖ്യാനിക്കാവുന്ന ഒരു പുതിയ മാധ്യമലോകം. തികച്ചും അയഥാസ്ഥിതികമായ ബദല്‍ സാംസ്‌കാരിക ചിന്താധാരകള്‍ക്ക് മേല്‍ക്കയ്യുള്ള ഈ സ്ഥലത്തിന്റെ വ്യാപനം അനുദിനം വേഗമാര്‍ജ്ജിക്കുകയാണ് . ഇവിടെ എഴുതുന്നവര്‍ പലരും അത് ചെയ്യുന്നത് കൂലിയ്ക്കല്ല. അതുകൊണ്ട് തന്നെ ആരുടെയും അജണ്ടയ്‌ക്കൊത്ത് പേനയുന്തേണ്ട കാര്യവും അവര്‍ക്കില്ല. അപരിമിതമായ ബൌദ്ധിക ആവിഷ്‌കാര സാധ്യതകളുടെ ഈ സ്വതന്ത്രലോകത്ത് ആശയങ്ങള്‍ക്കല്ലാതെ വ്യക്തികള്‍ക്കോ അവരുടെ സാംസ്‌കാരിക, രാഷ്ട്രിയ, സാമൂഹ്യ പെരുമകള്‍ക്കോ യാതൊരു സ്ഥാനവുമില്ല. ഒരു സാഹിത്യകാരനും, ബുദ്ധിജീവിയും, കലാകാരനും, ചിന്തകനും അയാളുടെ ഖ്യാതിയുടെ പേരില്‍ ഇവിടെ വിമര്‍ശനാതീതനാകുന്നില്ല. ഒരു ഇന്ററാക്റ്റീവ് മാധ്യമമെന്ന നിലയില്‍ മുന്നോട്ട് വയ്ക്കുന്ന ഏതൊരു ആശയവും അഭിപ്രായവും നിരീക്ഷണവും ഇവിടെ ചോദ്യം ചെയ്യപ്പെടും. അതിനെ അതിജീവിക്കുവാനുള്ള സാംസ്‌കാരികസത്തയും ആര്‍ജ്ജവവും ഉള്ളവര്‍ മാത്രമേ ഇവിടെ അംഗീകരിക്കപ്പെടു.

അധികാരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ അപകടമാണ്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ അധികാരം നിലനില്ക്കുന്നത് പൊതുബോധത്തെ സാംസ്‌കാരികമായി മാനിപ്പുലേറ്റ് ചെയ്യുവാനുള്ള സാധ്യതകളെ അവലംബിച്ചാണ്. അതിനവര്‍ ഉപയോഗിക്കുന്നത് അക്കാദമിക്ക് തലത്തിലും മാധ്യമലോകത്തും തങ്ങള്‍ക്കുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണാധികാരങ്ങളും. എന്നാല്‍ നവമാധ്യമങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക വ്യവഹാരങ്ങളില്‍ സജീവപങ്കാളിത്തം വഹിക്കുന്നവരില്‍ ഏറിയ പങ്കും അക്കാദമിക്ക് സ്ഥാനമോഹികളോ സാഹിത്യ യശോകാംക്ഷികളൊ അല്ല. അതുകൊണ്ട് തന്നെ അവര്‍ അധികാരത്തിന്റെ നിയന്ത്രണപരിധിയ്ക്ക് പുറത്തും.

 

അധികാരം എന്ന മൂലധനമുപയോഗിച്ച് മുഖ്യധാര തമസ്‌കരിക്കുന്ന വാര്‍ത്തകളും, വീക്ഷണങ്ങളും, വിമര്‍ശനങ്ങളും ഇന്ന് പുറത്ത് വരുന്നു. കല്യാണ്‍ സാരീസില്‍ നടക്കുന്ന, കാക്കാഞ്ചേരിക്കാര്‍ നടത്തുന്ന സമരങ്ങള്‍ പൊതുജന സമക്ഷം എത്തിയത് സൈബര്‍ മാധ്യമങ്ങളിലൂടെയാണ്. ഇത് എത്ര കാലം തുടരുമെന്ന് അറിയില്ല. ജന്മനാ മൂലധനാധിപത്യത്തെ ചെറുക്കാന്‍ പോന്ന കവച, കുണ്ഡലങ്ങളുമായി പിറന്നതാണ് സൈബര്‍ മീഡിയ എന്ന തരം കണ്ണടയ്ക്കലുമില്ല. എങ്കിലും നിലവില്‍ അതിന് അത്തരം സാധ്യതകളുണ്ട്. അവഗണിക്കാനാവാത്തവണ്ണം വ്യാപിക്കുന്നു ഒരു ബദല്‍ മാധ്യമമെന്ന നിലയിലുള്ള സൈബര്‍ ലോകത്തിന്റെ വ്യാപ്തി. അപ്പൊള്‍ പിന്നെ എന്താണ് ഒരു വഴി? പഴയ കണ്ടുകെട്ടലും തടവിലാക്കലും തന്നെ. അതിനായി രൂപകല്പന ചെയ്യപ്പെട്ടതാണ് 66 എ എന്ന ഐ ടി ആക്റ്റ്.

പുതിയ നിയമം
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ നമ്മുടെ ഭരണഘടനയുടെ ഭാഗമാണ്. അവ സംബന്ധിച്ച നിയമങ്ങള്‍ അവയുടെ ദുരുപയോഗത്തെയും അഭിസംബോധന ചെയ്യുന്നുണ്ട് താനും. എന്നാല്‍ ഐടി ആക്റ്റ് ഒരു പുതിയ നിയമമാണ്. ഇന്ത്യയില്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് വരുന്നത് 2000-ലാണ്. അത് നിരവധി ഭേദഗതികളൊടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കുന്നത് 2008-ലും അതില്‍ പ്രസിഡന്റ് ഒപ്പു വെക്കുന്നത് 2009 ഫെബ്രുവരി അഞ്ചിനുമാണ്. ഏത് മാധ്യമവും ദുരുപയോഗം ചെയ്യപ്പെടാം എന്നതുകൊണ്ടും, ഒരു വാര്‍ത്താ വിനിമയ മാര്‍ഗ്ഗം എന്ന നിലയില്‍ സൈബര്‍ ലോകത്ത് അത്തരം ദുരുപയോഗ സാധ്യതകള്‍ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നത്ര വ്യാപകമായതുകൊണ്ടും അതിന്മേല്‍ നിയമപരമായ നിയന്ത്രണങ്ങളും, നിബന്ധനകളും ഉണ്ടാകുന്നതിനെ അന്ധമായി എതിര്‍ക്കുക നീതിയുക്തമായിരിക്കും എന്ന് തോന്നുന്നില്ല. എന്നാല്‍ നമ്മുടെ ഈ ഐ ടി ആക്ട് ഭരണഘടന അനുവദിച്ചിട്ടുള്ള പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടത്തിന് കുതിര കയറുവാനുള്ള നിരവധി പഴുതുകള്‍ പ്രയോഗതലത്തില്‍ തുറന്നിടുന്നു എന്നതാണ് അതിനെ ഒരു കരിനിയമമാക്കുന്നത്.

 

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ‘ഒഫന്‍സീവ്’ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാക്കുന്ന ഈ നിയമത്തിലെ ഒഫന്‍സീവിന്റെ അര്‍ത്ഥമെന്താണ്? അപമാനകരം, പ്രകോപനപരം എന്നിങ്ങനെയാണ് അതിന്റെ മലയാള അര്‍ത്ഥം. ഏത് തരം വിമര്‍ശനവും ഒരാള്‍ക്ക് അപമാനകരമായും, പ്രകോപനപരമായും തോന്നാം. അയാള്‍ക്ക് ഈ നിയമപ്രകാരം കേസും കൊടുക്കാം. അത് സ്വീകരിക്കുന്നത് പോലീസ് അധികാരികളുടെ വിവേചനാധികാരത്തിന് വിടുന്നു, ഈ അഴകൊഴമ്പന്‍ നിയമം. അതിന്റെ പ്രായോഗിക വിവക്ഷയാകട്ടെ അധികാരമുള്ള ഒരാള്‍ക്കെതിരെയും ഒന്നും പറയാനാവില്ല എന്നതും. പറഞ്ഞാല്‍ തൂക്കിലേറ്റുമെന്നല്ല, കോടതി നടപടികള്‍ക്ക് വിധേയമാകേണ്ടിവരും. അതായത് ഏത് തരം വിമര്‍ശനവും, അത് സൈബര്‍ മാധ്യമത്തിലൂടെ ആണ് നടത്തുന്നതെങ്കില്‍ അധികാരികളുടെ വിവേചനാധികാരം ഉപയോഗിച്ച് കുറ്റകരമായി വ്യാഖ്യാനിക്കപ്പെടാം എന്ന്.

 

 

അപരന് ക്ഷതമോ, മാനഹാനിയോ, മനശല്യമോ, അസൗകര്യമോ, അപകടമോ ഉണ്ടാക്കുന്ന, അപമാനകരവും, കുറ്റകരമായ പ്രകോപനം ജനിപ്പിക്കുന്നതും, സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ തെറ്റാണെന്നറിഞ്ഞുകോണ്ട് സൈബര്‍ മാധ്യമം വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഈ നിയമം പറയുന്നു. വസ്തുനിഷ്ഠത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ നിയമപ്രകാരം ആര്‍ക്കും ആര്‍ക്കെതിരെയും കേസെടുക്കാം. മനുഷ്യര്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന, കലാപങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന തരം വാര്‍ത്തകളും വിവരങ്ങളും മന:പൂര്‍വ്വം വസ്തുതാവിരുദ്ധമായി പടച്ചുണ്ടാക്കി പ്രചരിപ്പിക്കുന്നത് കുറ്റകരം തന്നെയാണ്. എന്നാല്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു തിരുത്ത് കൊടുത്ത് പരിഹരിക്കാവുന്നത്ര ലളിതമായ ഈ തെറ്റ് സൈബര്‍ ലോകത്ത് സംഭവിച്ചാല്‍ അത് അറസ്റ്റിലേയ്ക്കും നിയമനടപടികളിലേയ്ക്കും നീങ്ങും! ഒരാള്‍ ഒരു കാര്യം പറയുന്നത്, പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണോ അല്ലയോ എന്ന് ആര് തീരുമാനിക്കും? വാര്‍ത്തകളും, വിവരങ്ങളും, കണക്കുകളും, വിശകലനങ്ങളും ഒക്കെ ശരിയാണെന്ന്, കൃത്യമാണെന്ന് ഉറപ്പ് വരുത്തിയല്ലാതെ പൊതുസ്ഥലത്ത് അവതരിപ്പിക്കരുത് എന്നത് വ്യക്തിയുടെ ആയാലും, സ്ഥാപനങ്ങളുടെ ആയാലും ബൗദ്ധിക സത്യസന്ധതയുടെ ഭാഗമാണ്. പക്ഷേ ഇത് എല്ലാവര്‍ക്കും ബാധകമാണെന്ന് മാത്രം. നിയമങ്ങള്‍ വിവേചനങ്ങളെ സ്ഥാപനവല്‍ക്കരിക്കുന്നവ ആകരുത്.

 

ഇന്ത്യന്‍ ഭരണഘടനാ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 19-ന്റെ നഗ്‌നമായ ലംഘനമാണ് ഈ ഐ ടി നിയമമെന്ന് പല നിയമവിദഗ്ദ്ധരും ഇതിനോടകം ചൂണ്ടികാണിച്ചുകഴിഞ്ഞതാണ്. ഇതിലെ വിവേചനവും പ്രകടമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മറുനാടന്‍ മലയാളി, ഈവാര്‍ത്ത തുടങ്ങിയ സൈബര്‍ പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പ് തലവന്മാര്‍ക്കെതിരേ ഉണ്ടായ നിയമ നടപടി ഇതിന് തെളിവാണ്. കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ വിവാദമായ വിദേശയാത്രകളുടെ എണ്ണമാണിവിടെ പ്രശ്‌നം. എണ്ണത്തില്‍ പിശക് ഈ മാധ്യമങ്ങള്‍ക്ക് സംഭവിച്ചു എന്ന് സമ്മതിച്ചാലും ഇതേ പിശക് വാര്‍ത്ത പ്രസിദ്ധീകരിച്ച മറ്റ് സൈബര്‍ ഇതര മാധ്യമങ്ങള്‍ക്കെതിരേ നടപടി ഉണ്ടായില്ല. ചമ്മണി കേസും കൊടുത്തില്ല. ഇത് തെളിയിക്കുന്നത് 66എ എന്ന കരിനിയമത്തിന്റെ രണ്ട് ഉള്ളടക്കങ്ങളാണ്. ഒന്ന്, സൈബര്‍ മാധ്യമലോകം മുന്നോട്ട് വയ്ക്കുന്ന മനുഷ്യപക്ഷ, സാംസ്‌കാരിക സ്വാതന്ത്ര്യത്തോടുള്ള കോര്‍പ്പറേറ്റ് ഭരണകൂട അസഹിഷ്ണുത. രണ്ട്, ഒരേ ഉള്ളടക്കം പേറുന്ന രണ്ട് മാധ്യമങ്ങളില്‍ ഒന്നായ സൈബര്‍ മാധ്യമത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കണമെങ്കില്‍ ഇതര മാധ്യമത്തില്‍ അവര്‍ക്കുള്ള മൂലധനബന്ധിയായ നിയന്ത്രണങ്ങളിലും അവയിലെ മാനിപ്പുലേഷന്‍ സാദ്ധ്യതകളിലും ഉള്ള വിശ്വാസം. ഒന്ന് പ്രത്യക്ഷമാണെങ്കില്‍ മറ്റേത് പരോക്ഷമാണെന്ന് മാത്രം.

ഐ ടി ആക്ടിന്റെ ദുരുപയോഗ ചരിത്രം
ഐ ടി ആക്റ്റിന്റെ 66എ വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയില്‍ പ്രസിഡന്റിന്റെ ഒപ്പുവീഴുന്നത് 2009-ലാണ്. അതിന് ശേഷമുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഈ നിയമത്തിന്റെ ദുരുപയോഗങ്ങളിലെ, സാമാന്യയുക്തിയ്ക്ക് പോലും നിരക്കാത്ത വണ്ണം പ്രകടമായ അഭിപ്രായസ്വാതന്ത്ര്യ നിഷേധങ്ങളുടെ ഹൃസ്വ ചരിത്രം പരിശോധിച്ചാല്‍ ഈ നിയമത്തിന്റെ ഡ്രാക്കോണിയന്‍ സ്വഭാവം വ്യക്തമാകും. തന്റെ വെബ്സൈറ്റിലൂടെ മനോജ് ഓസ്വാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്‍സിപി നേതാവ് ശരദ് യാദവിനുണ്ടാക്കിയ ‘അസൗകര്യങ്ങള്‍’ കാരണം അദ്ദേഹത്തിനെതിരെ ഉണ്ടായ നടപടി, മമതാ ബാനര്‍ജിയ്ക്ക് ‘മന:ശല്യം’ ഉണ്ടാക്കിയ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ആയിരുന്ന അംബികേഷ് മഹാപത്രയുടെ അറസ്റ്റ്, ചിദംബരത്തിന്റെ മകനെതിരേ ‘അപഖ്യാതി’ജനകമായ ട്വീറ്റ് നടത്തിയതിന്റെ പേരില്‍ രവി ശ്രീനിവാസന് നേരിടേണ്ടിവന്ന നിയമ നടപടി, ട്രെയ്ഡ് യൂണിയന്‍ നേതാവ് കൂടിയായ ഒരു രാഷ്ട്രീയക്കാരനെതിരെ ‘അപഖ്യാതി’പരത്തുന്ന പരാമര്‍ശങ്ങള്‍ ഓര്‍ക്കൂട്ടിലും ഫേസ് ബുക്കിലും നടത്തിയതിന്റെ പേരില്‍ രണ്ട് എയര്‍ ഇന്ത്യാ ജീവനക്കാര്‍ പന്ത്രണ്ട് ദിവസം ജയിലിലായ സംഭവം ഒക്കെ ഈ പഞ്ചവത്സര ചരിത്രത്തിലെ യുക്തിഭംഗം കൊണ്ടും, അസംബന്ധ സ്വഭാവം കൊണ്ടും തിളങ്ങിനില്ക്കുന്ന അദ്ധ്യായങ്ങളാണ്!

 

ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്യപ്പെട്ട ബന്ദിനെ വിമര്‍ശിച്ച് ഫേസ് ബുക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് ഷഹീന്‍ ധാദ, രേണു എന്നീ രണ്ട് പെണ്‍കുട്ടികളെ ഐ ടി നിയമപ്രകാരം പതിനാലു ദിവസം ജുഡീഷ്യല്‍ കസറ്റഡിയില്‍ വിട്ടുകൊണ്ടുള്ള വിധി ഉണ്ടായത് വിദൂരമായ ഒരു ഭൂതകാലത്തല്ല. മലയാളം സൈബര്‍ ലോകത്തിന്റെ കാര്യം എടുത്താല്‍ ഈ അടുത്ത കാലത്താണ് തോമസ് ഐസക് എം എല്‍ എയുടെ പി എ ആയ കെ ജി ബിജു തന്റെ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍ സൈബര്‍ കേസിന്റെ ഇരയായത്. കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ പരാതിപ്രകാരം മറുനാടന്‍ മലയാളി എന്ന സൈബര്‍ പ്രസിദ്ധീകരണത്തിന്റെ മാനേജിങ്ങ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ്ക്കും, ഇപത്രത്തിന്റെ എംഡി അല്‍ അമീനും എതിരേ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് നേരത്തേ പരാമര്‍ശിച്ചതാണല്ലോ. മലയാള്‍.എമ്മില്‍ ജോലിചെയ്യുമ്പോള്‍ സെബിന്‍ ജേക്കബെന്ന മാധ്യമ പ്രവര്‍ത്തകനെതിരേ കേസ് കൊടുത്തത് മുഖ്യധാരാ മാധ്യമമായ മാതൃഭൂമി തന്നെയായിരുന്നു. പെട്ടെന്ന് ഓര്‍മ്മ വന്ന ചില ഉദാഹരണങ്ങള്‍ എന്ന നിലയ്ക്കല്ലാതെ സൈബര്‍ നിയമത്തിന്റെ ദുരുപയോഗത്തെ കേസുകള്‍ ഒന്നൊന്നായി എടുത്തുപറഞ്ഞ് പൂര്‍ണ്ണമായി സമര്‍ത്ഥിക്കുവാനാണെങ്കില്‍ അതിനുമാത്രം പല താളുകള്‍ വേണ്ടിവരും.

 

ഇവയൊന്നും ഉണ്ടായത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് കലാപമുണ്ടാക്കിയതിനോ, വസ്തുതാവിരുദ്ധമായി വ്യക്തിഹത്യ നടത്തിയതിനോ അല്ല. ഷഹീന്‍ ധാ ചെയ്ത കുറ്റം, വലിച്ചു നീട്ടിയാല്‍ പോലും ബന്ദ് ആചരിക്കാന്‍ തക്കവണ്ണം മുഴുവന്‍ സമൂഹത്തിനും വൈകാരികപ്രസക്തമാകുന്ന ഒരു മരണമായിരുന്നുവോ താക്കറെയുടേത് എന്ന ചോദ്യത്തിനപ്പുറമല്ല. ഹിന്ദുത്വവാദം, മണ്ണിന്റെ മക്കള്‍ വാദം, മറാത്താവാദം തുടങ്ങിയ മതേതരവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ ആശയങ്ങളുടെ പ്രചാരകന്‍ എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ താക്കറെയുടെ വ്യക്തിത്വത്തെ വിശകലനം ചെയ്യുക എന്ന, ഇന്നത്തെ അവസ്ഥയില്‍ കുറ്റമാകാവുന്ന ഒരു കൃത്യം പോലും ആ പെണ്‍കുട്ടികള്‍ ചെയ്തിട്ടില്ല. ബിജു ചെയ്ത കുറ്റം വിചാരണ അവസാനിപ്പിക്കാന്‍ ഭരണകൂടം അപേക്ഷ നല്കുകയും കോടതി നിരസിക്കുകയും ചെയ്ത ഒരു കേസിന്റെ മൂല്യത്തെ സംബന്ധിച്ച് തന്റെ അഭിപ്രായം തനിക്ക് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു എന്നതാണ്. മറുനാടന്‍ മലയാളിയും, ഇപത്രവും ചെയ്തത് ടോണി ചമ്മണി എന്ന മേയര്‍ നടത്തിയ വിദേശ യാത്രകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വസ്തുതാപരമായി പിഴവ് വരുത്തി എന്നതും.

 

 

രണ്ട് നിയമം
വാര്‍ത്താവിനിമയ ഉപാധി എന്ന നിലയിലായാലും, ആവിഷ്‌കാരമാധ്യമം എന്ന നിലയിലായാലും മനുഷ്യര്‍ക്ക് മുമ്പില്‍ സൈബര്‍ മാധ്യമങ്ങളും, മറ്റ് വ്യവസ്ഥാപിത മാധ്യമരൂപങ്ങളും തുറന്നിടുന്നത് ഒരേ വാതിലാണ്; പക്ഷേ അവയ്ക്ക് രണ്ട് നിയമങ്ങളാണ്. നിലനില്ക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ആഹ്വാനം ചെയ്ത് നടപ്പിലാക്കുന്ന ബന്ദുകള്‍ക്കും ഹര്‍ത്താലുകള്‍ക്കും എതിരേ ഉള്ള വിമര്‍ശനങ്ങള്‍ നമ്മുടെ അച്ചടി, ടിവി, സിനിമാ മാധ്യമങ്ങളിലൂടെ നിരവധിതവണ വന്നതാണ്. അതിനെതിരേ ഒന്നും ഇല്ലാത്ത നിയമ നടപടിയാണ് ഷഹീന്‍ ധായുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരേ ഉണ്ടായത്! പാമോയില്‍ കേസില്‍ എന്നല്ല, സരിത കേസുള്‍പ്പെടെയുള്ള നിരവധി അഴിമതി കേസുകളിലും, ആരോപണങ്ങളിലും ഉമ്മന്‍ ചാണ്ടിയും പങ്കാളിയാണെന്നതില്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും സംശയമുണ്ടാവില്ല എന്ന് ദൃശ്യമാധ്യമങ്ങളിലെ ഒന്‍പത് മണി ചര്‍ച്ചകളില്‍ വന്നിരുന്ന് പലതവണ തുറന്നടിച്ച മുഖ്യധാരാ ‘രാഷ്ട്രീയ വിമര്‍ശകര്‍’ ചെയ്തത് കുറ്റകൃത്യമല്ല. ബിജു ഇതേ കാര്യം ഫേസ് ബുക്കില്‍ സമര്‍ത്ഥിച്ചത് കുറ്റം! മുഖ്യധാര മാധ്യമങ്ങളിലെ ആക്ഷേപഹാസ്യ പരിപാടികളില്‍ രഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ അവര്‍ക്ക് ആക്ഷേപാര്‍ഹരെന്ന് തോന്നുന്ന ആരെയും ആക്ഷേപിക്കാം. സൈബര്‍ ലോകത്ത് കാരിക്കേച്ചര്‍ വരെ കുറ്റകൃത്യം. മുഖ്യധാരാ അച്ചടി, ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വസ്തുതാപരമായ പിഴവുകള്‍ക്ക് തിരുത്ത് നല്‍കിയാല്‍ മതിയാവും. എന്നാല്‍ സൈബര്‍ മാധ്യമങ്ങള്‍ അത് തിരുത്തിയാലും തെറ്റ് തെറ്റുതന്നെ!

ഇവിടെ പ്രകടമാകുന്ന ഒരേയൊരു കാര്യം ഫാസിസ്റ്റുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ സ്വതന്ത്ര, സാംസ്‌കാരിക വിനിമയങ്ങളോട് അധികാരത്തിന് ഏറിവരുന്ന അസഹിഷ്ണുതയാണ്. മറ്റൊന്ന് മാധ്യമം ഉള്‍പ്പെടെയുള്ള ഭരണഘടനയുടെ തൂണുകളില്‍ ഒക്കെ വ്യാപിക്കുന്ന ഒരു സ്വാധീനം എന്ന നിലയില്‍ സാമുദായികവും, മതപരവും, ദേശീയവുമായ അധികാരസ്ഥാപനങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് മേല്‍ സാദ്ധ്യമാക്കികഴിഞ്ഞ മേല്‍ക്കോയ്മയാണ്. കോര്‍പ്പറേറ്റുവല്‍ക്കരണത്തിനോ, വിലക്കയറ്റത്തിനോ, അവ ഉല്പാദിപ്പിക്കുന്ന ദൈനംദിന നീതി നിഷേധങ്ങള്‍ക്കോ എതിരേ പ്രഖ്യാപിക്കപ്പെട്ട ഒരു ഹര്‍ത്താലിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഷാഹിന്‍ ധാ എന്ന പെണ്‍കുട്ടിയുടെ ആത്മാവിഷ്‌കാരം നിയമത്തിനു മുന്നില്‍ പതിനാലുദിവസം കസ്റ്റഡിയില്‍ കഴിയേണ്ട കുറ്റകൃത്യമാവില്ലായിരുന്നു. പോലീസും ഭരണകൂടവും അത് അഭിപ്രായസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കുമായിരുന്നു! ജനകീയമായ അധികാരത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം ജനങ്ങളാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഭരണകൂടത്തിന് ഭീഷണിയാവില്ലല്ലോ, അതൊരു തമാശയല്ലേ!

ഇരട്ടത്താപ്പുകള്‍ തുലയ്ക്കുന്ന സ്വാതന്ത്ര്യം
വിശ്വാസവും മതവുമായുള്ള ബന്ധം പുതുതായി സിദ്ധാന്തവല്‍ക്കരിക്കപ്പെടെണ്ട ഒന്നല്ല; മതവും അധികാരവുമായുള്ളതും. മതത്തിന് അധികാരത്തിന് മേല്‍ കൈവരുന്ന മേല്‍ക്കോയ്മ പക്ഷേ ഇനിയും വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. മതമെന്ന വാക്കിന് ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ എന്ന പോലെ അഭിപ്രായം എന്നും അര്‍ത്ഥമുണ്ട്. മതേതരത്വം എന്ന സംജ്ഞയെ അവിടെനിന്നും വ്യാഖ്യാനിക്കേണ്ടതുണ്ട്. മതരാഷ്ട്രീയം ഇതര മതങ്ങളുടെ, അഭിപ്രായങ്ങളുടെ സാധുതയെ അവരവരുടെ പാഠത്തിന്റെ അനിഷേധ്യമായ ആധികാരതയെ മുന്‍നിര്‍ത്തി റദ്ദ് ചെയ്യുകയാണ്. ഇത് തന്നെയാണ് മതേതര അധികാര മേല്‍ക്കോയ്മകളും വേറൊരു തലത്തില്‍ ചെയ്യുന്നത്; അധികാര ബാഹ്യമായ മതങ്ങളെ, അതായത് അഭിപ്രായങ്ങളെ കുറ്റകരമാക്കുക. ഹിന്ദുത്വത്തില്‍ വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും മോക്ഷം സാദ്ധ്യമാണ്. കാരണം ഭക്തി തന്നെ വിശ്വാസരൂപത്തിലും അവിശ്വാസ രൂപത്തിലുമുണ്ട്. പ്രഹ്ലാദനെപ്പോലെ ഹിരണ്യകശിപുവിനും പരമപദം പ്രാപ്തമാക്കുന്ന ഒരു വ്യവസ്ഥയാണത്. ആകെയുള്ളൊരു പ്രശ്‌നം കീഴാചാരങ്ങളെ, അതായത് അധികാരഘടനയെ ചോദ്യം ചെയ്താല്‍ ഇഹലോകവാസം അത്ര സുഖകരമായിരിക്കില്ല എന്നത് മാത്രമാണ്.

മതരാഷ്ട്രവാദം ഫലത്തില്‍ റദ്ദ് ചെയ്യുന്നതും മതേതരയുക്തിയുടെ സംവാദ സാദ്ധ്യതകളെയാണ്. ഭരണകൂടാനന്തര മനുഷ്യവ്യഹാരങ്ങളിലെല്ലാം രാഷ്ട്രീയമുണ്ട്. സ്വാഭാവികമായും മതത്തിലും മതസ്വത്വബന്ധിയായ പോരാട്ടങ്ങളിലും രാഷ്ട്രീയമുണ്ട്. എന്നാല്‍ അതല്ല മതരാഷ്ട്രീയം എന്നത്. മതരാഷ്ട്രീയം ആത്മീയവും ഭൗതീകവുമായ അധികാരങ്ങളുടെ ഒരു സമ്മേളനമാണ്. ഒരു നിര്‍മ്മിതിയായ അതിന് സ്വാഭാവികമായും ഇതര മതങ്ങളെ അഭിപ്രായമെന്ന നിലയില്‍ പോലും വച്ച് പൊറുപ്പിക്കാനാവില്ല. അവിടെ അധികാരം ആദ്യം ഉറപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണമാവും. അതിന്റെ പ്രയോഗരൂപങ്ങള്‍ക്ക് ഇന്ന മതമെന്ന നിഷ്‌കര്‍ഷയൊന്നും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ആ അധികാരത്തിന്, അത് ഉല്പാദിപ്പിക്കുന ലളിതവല്‍ക്കരണങ്ങളുടെ യുക്തിയ്ക്ക് മതേതരമായി വിശ്വാസത്തിന്റെ പിന്തുണയും ലഭിക്കും. ഷാര്‍ളി എബ്ദോയെ ആക്രമിച്ച തീവ്രവാദികള്‍ ബി എസ് പി പോലെയുള്ള ദളിത് സംഘടനകളുടെ നേതാക്കളാല്‍ വരെ പുരസ്‌കാരിതരാവുന്നത് അങ്ങിനെയാണ്.

മതേതര യുക്തിയെ അപരഹിംസയായി, മതേതരഹിംസയായി വ്യാഖ്യാനിക്കുന്ന ഇത്തരം ഇരട്ടത്താപ്പുകള്‍ കാണാതെ പോകുന്നത് മതേതരമായി നിര്‍മ്മിക്കപ്പെട്ട ഒരു സാംസ്‌കാരിക ഹെഗമണിയുടെ അടിത്തറയില്‍ ഇന്നും ബാക്കിയാവുന്ന അവശിഷ്ടങ്ങള്‍ ചവിട്ടിനില്ക്കാന്‍ കൊടുക്കുന്ന ഇടത്തില്‍ നിന്നാണ് അവര്‍ ഇത്തരം ഒരു സംവാദ സ്ഥലം തന്നെ സാധ്യമാക്കുന്നത് എന്ന സത്യമാണ്. മതേതരമല്ലാത്ത അധികാര ഘടനകള്‍ ഏക മതത്തെ, ഏക അഭിപ്രായത്തെ അടിസ്ഥാനമാക്കുന്ന നിര്‍മ്മിതികള്‍ ആയിരുന്നു. അവ ഹിംസിക്കുന്നത് പോരാട്ടങ്ങളുടെ സാംസ്‌കാരിക സാധ്യതകളെ മുഴുവന്‍ ആയിരുന്നു.

പണിപ്പെട്ടുണ്ടാക്കുന്ന വിലങ്ങ്
മതരാഷ്ട്രങ്ങളുടെ കാര്യമെടുക്കുക. അവയ്ക്ക് വ്യതിരിക്തമായ വിശ്വാസങ്ങള്‍ക്കും, ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറം പൊതുവായ ഒന്നുണ്ട്. അത് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ മതരാഷ്ട്രീയ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന വിലക്കാണ്. ബ്ലാസ്‌ഫെമി എന്ന ദൈവനിന്ദാനിയമം അത് നിലനിക്കുന്ന ഇടങ്ങളില്‍ തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായത്തെയല്ല, അസ്തിത്വത്തെ തന്നെയാണ്. അവള്‍/അവന്‍ നിലനില്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എമ്പരിക്കലായ ഭൗതീകയുക്തികളുടെ നീന്തല്‍ സാധ്യതകളല്ല, മതകീയ യുക്തികളുടെ ചുഴികളാണ്. അവിടെ നിലനില്‍പ്പിന് കീഴടങ്ങല്‍ എന്ന ഒറ്റ അര്‍ത്ഥമേയുള്ളു.

നമ്മള്‍ പറഞ്ഞുവന്നത് മാധ്യമസ്വാതന്ത്ര്യത്തെയും അതില്‍ ഭരണകൂടം ചെലുത്തുന്ന നിയന്ത്രണങ്ങളെയും കുറിച്ചാണ്. അത് അനിയന്ത്രിതമായ അളവിലേക്ക് വളര്‍ന്നതാണ് മതരാഷ്ട്രീയ ഭരണഘടനകളിലെ യാഥാര്‍ഥ്യം. മതേതരത്വം അസംബന്ധമാണെന്ന് കടുംവെട്ട് വെട്ടുന്ന സൈദ്ധാന്തികര്‍ മതരാഷ്ട്രീയത്തിലെ ഈ പ്രശ്‌നങ്ങളെ കൂടി അഭിസംബോധന ചെയ്യണം. ചുരുങ്ങിയ പക്ഷം ഇന്ത്യയുടെ മതേതര ഭരണഘടന ഇവര്‍ പറയുന്നതുപോലെ മതകീയമായി വ്യാഖ്യാനിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴെങ്കിലും. ഇത് ജാതിയവും മതപരവും വംശീയവുമായ അധികാര സമവാക്യങ്ങളെ തുണയ്ക്കുന്ന ഒന്നാവാം. അപ്പോഴും ഈ തരം സംവര്‍ഗ്ഗങ്ങളില്‍ ഇന്നും നിലനില്ക്കുന്ന അധികാരബന്ധിയായ അനീതികള്‍ക്ക് ഉത്തരമല്ല. ഉത്തരങ്ങളുണ്ടാവുന്നത് ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ നിന്നാണ്. ആ സ്വാതന്ത്ര്യത്തിനു മേലാണ് നാം ഇന്ന് പണിപ്പെട്ട് ഉണ്ടാക്കുന്ന വിലങ്ങ്.

 

കൈവിലങ്ങ് അതുണ്ടാക്കുന്ന കൊല്ലന്റെ ബൗദ്ധികസ്വത്തല്ല. അതുകൊണ്ട് അതില്‍ സൃഷ്ടിപരമായ ഉടമസ്ഥാവകാശ നിയമവും ബാധകമല്ല. അത് ആത്യന്തികമായി അധികാരത്തിന്റെ ഒരു മര്‍ദ്ദക ഉപകരണം തന്നെയാണ്. വിലങ്ങായി തീരുന്ന അഭിപ്രായ, ആവിഷ്‌കാര നിയന്ത്രണങ്ങളുടെ വര്‍ത്തമാനം തന്നെ അതാണ്; ഭാവിയും അങ്ങനെയേ ആവു. സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് സംവാദങ്ങളുടെതായ ഒരു തുറന്ന സ്ഥലം ഒസ്യത്തായുണ്ട്. ഇടുങ്ങിയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി അതിനെയും വിറ്റ് തീര്‍ത്താല്‍ പിന്നെ അനീതികള്‍ക്കെതിരേ ശബ്ദിക്കാന്‍ ഇടമോ, മാധ്യമമോ ഉണ്ടാവില്ല എന്നതാണ് പ്രശ്‌നം; അനീതിയുടെ സ്ഥാപനവല്‍ക്കരണമാണ് പ്രശ്‌നം.

അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരികമായ പരിണാമത്തിന്റെ ചലനശാസ്ത്രമാണ്. അതുകൊണ്ട് തന്നെ അതിനെ നമുക്ക് കേവലമായ ശരീരം ബലി നല്കിയും ബാക്കി വയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ സമകാലിക ചാവേറുകള്‍ ഉടലിനെയും, ആയുസ്സിനെയും ബലി നല്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനല്ല, അതിന് അവര്‍ ഉണ്ടാക്കാനാഗ്രഹിക്കുന്ന കൈവിലങ്ങുകള്‍ക്കായാണ്. അണിയേണ്ട വിലങ്ങുകള്‍ നാം ഇത്ര പണിപ്പെട്ട് സ്വയം ആഭരണങ്ങള്‍ ആക്കിയാല്‍ പിന്നെ അതിനെതിരെ എങ്ങനെ സാധ്യമാകും സാംസ്‌കാരിക പ്രതിരോധങ്ങള്‍ പോലും!

 

(വിശാഖ് ശങ്കര്‍- എഴുത്തുകാരന്‍)

 

അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: എവിടംവരെ പിന്‍വലിക്കും നിഷേധങ്ങളെ നമ്മള്‍?

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍