UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടല്‍ക്കൊല കേസ്: പ്രതിക്ക് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതിയുടെ അനുമതി

അഴിമുഖം പ്രതിനിധി

കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികനെ സ്വരാജ്യത്തേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുവദിച്ചു. കേസിലെ രണ്ട് പ്രതികളിലൊരാളായ സാല്‍വത്തോര്‍ ഗിറോണിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. ഗിറോണിന്റെ അപേക്ഷയെ മാനുഷിക പരിഗണന നല്‍കി കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു.

ഗിറോണിനെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മധ്യസ്ഥ കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് തെറ്റാണെന്നും കോടതി വിധിയെ ഇറ്റലി വളച്ചൊടിച്ചതാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഗിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിഞ്ഞിരുന്നത്. സുപ്രീംകോടതി നിശ്ചയിക്കുന്ന ജാമ്യ വ്യവസ്ഥകള്‍ ഗീറോണ്‍ പാലിക്കണമെന്നും അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ മാസിമിലിയാനോ ലത്തോറെ 2014-ല്‍ ചികിത്സാര്‍ത്ഥം ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ വരെ നാട്ടില്‍ തങ്ങാന്‍ സുപ്രീംകോടതി അടുത്തിടെ ഇയാള്‍ക്ക് അനുമതി നീട്ടി നല്‍കുകയും ചെയ്തു.

2012-ല്‍ കേരളത്തിന്റെ തീരത്തു വച്ചാണ് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കൊലപ്പെടുത്തിയത്. എണ്ണ ടാങ്കറിന് കാവല്‍ നില്‍ക്കുകയായിരുന്ന ഇവര്‍ കടല്‍ക്കൊള്ളക്കാരാണെന്ന് കരുതി വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഇറ്റലിയുടെ വാദം.

ഇന്ത്യയും ഇറ്റലിയും തമ്മിലെ നയതന്ത്ര ബന്ധപ്പെട്ട സാരമായി ബാധിച്ച ഒന്നായിരുന്നു കടല്‍ക്കൊലപാതകവും നാവികരുടെ അറസ്റ്റും. കൂടാതെ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആക്രമിക്കുന്നതിനും ഈ വിഷയം ഉപയോഗിച്ചിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്നതിന് നാവികരെ നാട്ടിലേക്ക് പോകാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസിലും ഇറ്റാലിയന്‍ നാവികരുടെ തടവ് ഉപയോഗിക്കപ്പെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോണിയ ഗാന്ധിയുടെ പേര് അഗസ്റ്റ കേസില്‍ ഉള്‍പ്പെടുത്തി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതുണ്ടായാല്‍ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ മൃദു സമീപനം സ്വീകരിക്കാമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനമെന്നാണ് വെളിപ്പെടുത്തല്‍.

കടല്‍ക്കൊല കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍