UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്കോ ഇനി ഇല്ല; ശൂന്യതയെന്ന പ്രഹേളിക ബാക്കിയാകുന്നു

Avatar

ബൈസ്റ്റാന്‍ഡര്‍ ബൈസ്റ്റാന്‍ഡര്‍

ഡാന്‍ ബ്രൌണിന്‍റെ ‘ഡാവിഞ്ചി കോഡ്’, പാവപ്പെട്ടവന്റെ ‘ഫൂക്കോയുടെ പെന്‍ഡുലം’ ആണെന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. (Poor man’s Foucault’s Pendulum). ഇത്രയും സ്നോബ്ബിഷായ താരതമ്യങ്ങള്‍ അധികമുണ്ടാകില്ല. പാവപ്പെട്ടവന് ബുദ്ധിയോ ചിന്താശക്തിയോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നുള്ള എലീറ്റിസ്റ്റ് നിഗമനം. പക്ഷേ ആരും എവിടെയും ഡാന്‍ ബ്രൌണിനെ പാവപ്പെട്ടവരുടെ ഉംബര്‍ട്ടോ എക്കോ എന്ന് വിശേഷിപ്പിച്ച് കണ്ടിട്ടില്ല. ഒരു കാരണവശാലും സാധ്യമല്ലാത്ത ഒരു താരതമ്യമാകും അത്. (ഇവിടെ ഞാന്‍ എലീറ്റിസ്റ്റ് ആകുന്നു). എക്കോ, നമ്മുടെ കാലഘട്ടം കണ്ട ഏറ്റവും ധിഷണാശാലിയായ എഴുത്തുകാരില്‍ ഒരാളാണ്. വായനയെ കുഴപ്പിക്കുന്ന ബൗദ്ധികാനുഭവമാക്കി മാറ്റുന്നതുവഴി പ്രപഞ്ച സമസ്യകളുടെ ഒരു ഒഴിയാഭാരം നമുക്ക് തരുന്ന എഴുത്തുകാരന്‍. എക്കോ ഇന്നലെ മരിച്ചു.

 

ഒരുകാലത്തും ഒന്നിനോടും ആരാധന തോന്നിയിട്ടില്ലാത്ത എനിക്ക് എന്തുകൊണ്ടോ വ്യക്തിപരമായ ഒരു ശൂന്യത തോന്നുന്ന മരണ വാര്‍ത്തയാണ് എക്കോയുടേത്. കുറെനാളായി ഞാനീ തടിയന്‍ സായിപ്പിന്റെ കടുത്ത ആരാധകനായിരുന്നു. Name of the Rose നോവലും Jean-Jacques Annaud സംവിധാനം ചെയ്ത സിനിമാ വേര്‍ഷനും (DVD), ഫൂക്കോയുടെ പെന്‍ഡുലം, പ്രാഗ് സിമിത്തേരി എന്നീ പുസ്തകങ്ങളോടൊപ്പം കടുത്ത വിലകൊടുത്ത്  (അന്ന് വാങ്ങുമ്പോള്‍ എതാണ്ട് 2000-ത്തിനടുപ്പിച്ച് വിലയുണ്ടായിരുന്നു എന്നാണു ഓര്‍മ്മ) വാങ്ങിയ ഒരു വല്ലാത്ത പുസ്തകവും എന്റെ കയ്യിലുണ്ട്. The Infinity of Lists. പലകൃതികളിലും പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ എഴുതിയിട്ടുള്ള പല പട്ടികകളേയും (ഹോമറിന്റെ കപ്പലുകളുടെ ലിസ്റ്റ് പോലെ) വിശദമാക്കുന്ന ഒരു ഡ്രൈ പുസ്തകം. ഒന്നാന്തരം കളര്‍പ്ലേറ്റുകളാല്‍ സമൃദ്ധമായ ഒരു ടെക്സ്റ്റ്‌.

 

വേറൊന്ന്‌ എന്റെ കളക്ഷനിലുള്ളത്  ‘തലേ ദിവസത്തെ ദ്വീപ്‌’ (The Island of the day before) എന്ന മറ്റൊരു വൈതരണിയാണ്. രേഖാംശരേഖയുടെ (Longitude) രഹസ്യമെന്തെന്ന (?!) അന്വേഷണകാലത്ത് International date line-ല്‍ ഉറച്ചുപോയ ഒരു ആളില്ലാ കപ്പലില്‍ എങ്ങുനിന്നോ എത്തിച്ചേരുന്ന ഒരു കക്ഷിയാണ് നായകന്‍. ആകെ കുഴപ്പിക്കുന്ന മറ്റൊരു പുസ്തകം.

 

 

ഒരല്‍പ്പം പൊങ്ങച്ചം പറയട്ടെ. ഓണ്‍ലൈനിലെ മലയാളി സുഹൃത്തുക്കളില്‍ ചിലര്‍ക്കെങ്കിലും ആദ്യമായി എക്കോയുടെ Ur Fascism (നിത്യ ഫാസിസം) എന്ന തകര്‍പ്പന്‍ ലേഖനം പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. (https://www.facebook.com/abystander2011/posts/1408653356089104)

 

എക്കോയുടെ ‘On Literature’ വായിച്ചിരിക്കേണ്ട പുസ്തകമാണ്. സാഹിത്യത്തിന്റെ നിത്യതയെക്കുറിച്ച് നമ്മള്‍ കൂടുതല്‍ തെളിച്ചമുള്ളവരാകും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ ഒരു ലിറ്റററി ടെക്സ്റ്റ്‌ എന്ന രീതിയില്‍ വായിച്ചെടുക്കുന്ന ഒരു കിടിലന്‍ ലേഖനം ഇതിലുണ്ട്. It is difficult to imagine that a few fine pages can single-handedly change the world. After all, Dante’s entire oeuvre was not enough to restore a Holy Roman Empire to the Italian city-staes- എന്ന് തുടങ്ങുന്നു സ്റ്റഡി.

 

പാരീസ് റിവ്യൂവില്‍ വന്ന എക്കോയുടെ അഭിമുഖം ഗംഭീരമാണ് (രണ്ടെണ്ണം). ഡാവിഞ്ചി കോഡ് വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്: Yes, I am guilty of that too എന്നാണ് ആശാന്റെ മറുപടി. മാത്രമല്ല ഡാന്‍ ബ്രൌണ്‍ തന്റെ തന്നെ ഒരു കഥാപാത്രമാണെന്നും അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നതായി താന്‍ കരുതുന്നില്ല എന്നും പറഞ്ഞ് വീണ്ടും ചില സമസ്യകള്‍ നമുക്ക് തരുന്നുണ്ട് എക്കോ. (http://www.theparisreview.org/interviews/5856/the-art-of-fiction-no-197-umberto-eco ) .

 

എക്കോ ഇനി ഇല്ല. ശൂന്യതയെന്ന പ്രഹേളിക ബാക്കിയാകുന്നു. ഗുഡ്‌ബൈ സര്‍, ഗുഡ്‌ബൈ. 

 

(ബൈസ്റ്റാന്‍ഡര്‍ ബൈസ്റ്റാന്‍ഡര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രസിദ്ധീകരിച്ചത്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍