UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഖ്യാത എഴുത്തുകാരന്‍ ഉംബര്‍ട്ടോ എക്കോ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഇറ്റാലിയന്‍ എഴുത്തുകാരനും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ അന്തരിച്ചു. 84 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം മരിച്ചതെന്ന് വീട്ടുകാര്‍ അറിയിച്ചു. അദ്ദേഹം അര്‍ബുദ രോഗബാധിതനായിരുന്നു.

ദ നെയിം ഓഫ് ദ റോസ് എന്ന നോവല്‍ അതി പ്രശസ്തി നേടിയിരുന്നു. 14-ാം നൂറ്റാണ്ടിലെ സന്യാസി മഠം പശ്ചാത്തലമാക്കി എഴുതിയ ഈ നിഗൂഢ നോവലായിരുന്നു ഇത്. അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായി മാറിയ ഈ നോവല്‍ അദ്ദേഹത്തെ ആദ്യ നോവല്‍ കൂടിയായിരുന്നു. നാല്‍പതില്‍ അധികം ഭാഷകളില്‍ ഈ നോവല്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 48-ാം വയസ്സിലാണ് അദ്ദേഹം ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 1986-ല്‍ ഈ നോവല്‍ സിനിമയായിരുന്നു. ഷീന്‍ കോണെറിയും ക്രിസ്ത്യന്‍ സ്ലേറ്ററുമാണ് അഭിനയിച്ചിരുന്നത്.

അതിനുമുമ്പ് മധ്യകാല പഠനങ്ങളിലും ചിഹ്നശാസ്ത്രത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും താനൊരു തത്വചിന്തകനാണെന്നും ആഴ്ചയവസാനങ്ങളില്‍ മാത്രമേ നോവലുകള്‍ എഴുതാറുള്ളൂവെന്നും പറഞ്ഞിരുന്നു.

ഫൂക്കോയുടെ പെന്‍ഡുലം എന്ന കൃതിയും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഇയര്‍ സീറോയാണ് അവസാനത്തെ കൃതി. ദ ഐലന്റ് ഓഫ് ദ ഡേ ബിഫോര്‍, ബൗഡോലിനോ, ദ മിസ്റ്റീരിയസ് ഫ്‌ളെയിം ഓഫ് ക്യൂന്‍ ലോവാന, ദ പ്രേഗ് സെമത്തേരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളും അദ്ദേഹം രചിച്ചിരുന്നു.

ബാലസാഹിത്യവും രചിച്ചിരുന്ന അദ്ദേഹം സാഹിത്യ വിമര്‍ശനവും നടത്തിയിരുന്നു. 1980-കളില്‍ സാന്‍ മറിനോ സര്‍വകലാശാലയില്‍ കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സ്ഥാപിച്ചത് എക്കോയായിരുന്നു.

ബോലോഗ്ന സര്‍വകലാശാലയിലെ ഹയര്‍ സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസിലെ പ്രൊഫസര്‍ എമിറൈറ്റസും ചെയര്‍മാനുമായിരുന്നു അദ്ദേഹം.

1932 ജനുവരി അഞ്ചിന് വടക്കന്‍ ഇറ്റലിയിലെ അലെസ്സാന്‍ഡ്രിയയിലാണ് അദ്ദേഹം ജനിച്ചത്.

ഗബ്രിയേല്‍ ഗാര്‍ഗസ്യ മാര്‍ക്കേസിനെ പോലെ കേരളത്തില്‍ വായിക്കപ്പെട്ട യൂറോപ്യന്‍ എഴുത്തുകാരില്‍ പ്രധാനിയാണ് ഉംബര്‍ട്ടോ എക്കോ. ഉത്തരാധുനിക ശൈലിയില്‍ എഴുതി മലയാളിയെ വായനയുടെ അഗാധ തലത്തിലേക്കെത്തിച്ച പണ്ഡിതന്‍ കൂടിയായിരുന്നു ഉംബര്‍ട്ടോ. എഴുപതുകളിലെ വായനയില്‍ വിടര്‍ന്ന അസ്തിത്വവാദ സമീപനങ്ങളുടെ തുടര്‍ച്ചയായാണ് ഉംബര്‍ട്ടോ എക്കോയുടെ കൃതികള്‍ വായിക്കപ്പെടുന്നത്.

കാഫ്ക, കാമു തുടങ്ങിയ യൂറോപ്യന്‍ എഴുത്തുകാരുടെ തലമുറയില്‍ നിന്ന് വ്യത്യസ്തമായ ഒറ്റപ്പെട്ട എഴുത്തായിരുന്നു ഉംബര്‍ട്ടോയെ ശ്രദ്ധേയനാക്കിയത്. തത്വശാസ്ത്ര പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ക്ലാസിക്കല്‍ സാഹിത്യ പാരമ്പര്യത്തില്‍ അഗാധമായ താല്‍പര്യം ഉംബര്‍ട്ടോ പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ പാരമ്പര്യ കലകളുടെ സൗന്ദര്യ ശാസ്ത്രത്തില്‍ ആകൃഷ്ടനായ ഉംബര്‍ട്ടോ ധ്വനി സിദ്ധാന്തത്തിലാണ് അദ്ദേഹം പാണ്ഡിത്യം നേടിയത്.

തൊണ്ണൂറുകള്‍ മുതലാണ് ഉംബര്‍ട്ടോ എക്കോ മലയാളത്തില്‍ വ്യാപകമായി വായിക്കപ്പെട്ടത്.

ചിഹ്ന വിജ്ഞാനം എന്ന ശാഖയിലായിരുന്നു ഉംബര്‍ട്ടോയുടെ മികവ്. ഫ്രഞ്ച് പണ്ഡിതനായ റൊളാങ് പാര്‍ത്തസിന്റെ വഴിയിലൂടെയാണ് എക്കോ ഈ വൈജ്ഞാനിക ശാഖയെ മുന്നോട്ടു നയിച്ചത്. മലയാളിയുടെ സിനിമാ പഠന താല്‍പര്യവും ഉംബര്‍ട്ടോയുടെ സാഹിത്യത്തെ കൃതികളെ കേരളത്തില്‍ കൂടുതല്‍ ജനപ്രിയമാക്കി.

ദ നെയിം ഓഫ് റോസ്, കുറ്റാന്വേഷണ ശൈലിയില്‍ രചിക്കപ്പെട്ട കൃതിയാണെങ്കിലും ചിഹ്ന വിജ്ഞാനമാണ് കൂടുതല്‍ ഉപയോഗിക്കപ്പെട്ടത്. തത്വശാസ്ത്രങ്ങളുടെ ലളിതാവിഷ്‌കാരമായിരുന്നു ഉംബോര്‍ട്ടോ രചനകളുടെ മുഖമുദ്ര. കാന്റ് ആന്റ് പ്ലാറ്റിപ്പസ് എന്ന കൃതി ഈ ലളിത വല്‍ക്കരണത്തിന്റെ പ്രകടോദാഹരണമാണ്. ട്രാവല്‍ ഹൈപ്പര്‍ റിയാലിറ്റി എന്ന കൃതിയും കേരളത്തില്‍ വ്യാപകമായി വായിക്കപ്പെട്ടു.

മാര്‍ട്ടിന്‍ ഹൈഡഗര്‍ എന്ന ജര്‍മ്മന്‍ തത്വചിന്തകന്റെ വിമര്‍ശനങ്ങളെ ഖണ്ഡിച്ചാണ് ഉംബര്‍ട്ടോ എക്കോ തന്റെ രചനകളെ ജനപ്രിയമാക്കിയത്. രൂപകങ്ങളിലേക്ക് പോകുംതോറും യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതാകുമെന്ന് എക്കോ രചനകളിലൂടെ തെളിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍